അസം: ഹിന്ദുത്വയുടെ പുതിയ പരീക്ഷണശാല
text_fieldsമുസ്ലിം വിവാഹം, വിവാഹമോചനം എന്നീ വിഷയങ്ങളിൽ സവിശേഷമായൊരു ബിൽ കഴിഞ്ഞദിവസം അസം നിയമസഭ പാസാക്കിയതോടെ, ഏക സിവിൽ കോഡ് ചർച്ചകൾ പിന്നെയും ചൂടുപിടിക്കുകയാണ്. ഹിന്ദുത്വ അജണ്ടകൾ ഓരോന്നും കൃത്യമായി നടപ്പാക്കിയ നരേന്ദ്ര മോദി സർക്കാർ മൂന്നാമൂഴത്തിൽ ഏക സിവിൽ കോഡും യാഥാർഥ്യമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സംഘ്പരിവാർ ഘടകകക്ഷികളുടെ സഹായത്തോടെ മാത്രം ഭരണം നിലനിർത്താനാകൂ എന്ന സാഹചര്യത്തിൽ തൽക്കാലം അജണ്ടകൾ പൊതുമിനിമം പരിപാടികളിലേക്ക് ചുരുക്കാൻ നിർബന്ധിതരായി.
അപ്പോഴും, ഏക സിവിൽ കോഡ് നടപ്പാക്കുമെന്നുതന്നെയാണ് മോദിയും കൂട്ടരും പ്രഖ്യാപിച്ചത്. സമാന്തരമായി, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡിന്റെ ചെറു പതിപ്പുകൾക്കും ശ്രമിച്ചുകൊണ്ടിരുന്നു. ആ ഗണത്തിലൊന്നാണ് അസമിലെ പുതിയ നിയമം. സംസ്ഥാനത്തെ മുസ്ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും സർക്കാറിനു കീഴിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്ന ബില്ലാണ് (അസം കംപൽസറി രജിസ്ട്രേഷൻ ഓഫ് മുസ്ലിം മാര്യേജസ് ആൻഡ് ഡിവോഴ്സസ് ബിൽ) പ്രതിപക്ഷ എതിർപ്പിനിടെ സർക്കാർ പാസാക്കിയത്.
18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം തടയുക, വിവാഹത്തിൽ ഇരുകക്ഷികളുടെയും സമ്മതം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമംകൊണ്ടുവരുന്നതെന്നാണ് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ നിയമസഭയിൽ പറഞ്ഞത്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ വർഷം മാത്രം ബാലവിവാഹത്തിന്റെ പേരിൽ 4000ലധികം കേസെടുത്തുവെന്നും ഇത്തരം പ്രവണതകൾ തടയുന്ന കർശനനടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. കേൾക്കുമ്പോൾ, പുരോഗമനപരമെന്ന് തോന്നാമെങ്കിലും, അതിൽ പതുങ്ങിയിരിക്കുന്ന അപകടങ്ങൾ അത്ര ചെറുതല്ല.
1935ലെ അസം മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കിയാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവന്നിരിക്കുന്നത്. പഴയ നിയമമനുസരിച്ചുതന്നെ, നിലവിൽ സംസ്ഥാനത്തെ മുസ്ലിംകൾക്ക് വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. അതുപക്ഷേ, നിർദിഷ്ട ഖാദിമാർ മുഖേനയാണെന്നു മാത്രം. 1935ൽ, നിയമം പ്രാബല്യത്തിൽ വരുമ്പോൾ രജിസ്ട്രേഷൻ നിർബന്ധമായിരുന്നില്ല.
2008ൽ, നിയമത്തിൽ ഭേദഗതികൊണ്ടുവന്നു. ഇത്തരത്തിൽ, വിവാഹ പ്രായം നിജപ്പെടുത്തൽ, വിവാഹ മോചിതകളുടെ ജീവനാംശം സംബന്ധിച്ച് വ്യക്തത വരുത്തൽ തുടങ്ങി പഴയ നിയമത്തിൽ തന്നെ ഇനിയും ഭേദഗതി ആകാമെന്നിരിക്കെ, അതെല്ലാം പാടെ തള്ളി ‘പ്രത്യേക വിവാഹ നിയമ’ത്തിന്റെ മാതൃകയിൽ പുതിയൊരു നിയമംകൊണ്ടുവരുമ്പോൾ ഉദ്ദേശ്യം വ്യക്തം. മുസ്ലിം വ്യക്തി നിയമം പ്രായോഗികമായും സൗകര്യപ്രദമായും നടപ്പാക്കാനായി ഉത്തരവാദിത്തം ഏൽപിക്കപ്പെട്ട ഖാദിമാരുടെയും സമുദായ നേതൃത്വത്തിന്റെയും കർതൃത്വം റദ്ദ് ചെയ്യുന്നതാണ് പുതിയ നിയമ നിർമാണം. ചർച്ചക്ക് സമാപനം കുറിച്ച് ഹിമന്ദ നടത്തിയ പ്രസംഗത്തിൽ, അടുത്ത ലക്ഷ്യം മുസ്ലിംകളിലെ ബഹുഭാര്യത്വം അവസാനിപ്പിക്കുകയാണെന്ന പരാമർശം കൂടി ഇതിനോട് ചേർത്തുവായിക്കുമ്പോൾ ചിത്രം വ്യക്തമാകും. ഇതിനുപുറമെ, വെള്ളിയാഴ്ച പ്രാർഥനക്ക് നിയമസഭ സാമാജികർക്ക് രണ്ടു മണിക്കൂർ ഒഴിവ് അനുവദിച്ചിരുന്ന നിയമവും റദ്ദാക്കിയിരിക്കുന്നു. സഭ സമ്മേളിക്കുമ്പോൾ മുസ്ലിം എം.എൽ.എമാർക്ക് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്നാണ് ഹിമന്ദയുടെ വാദം.
2021ൽ, ഹിമന്ദ സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അസമിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടർച്ചയായിട്ടാണ് പുതിയ നിയമനിർമാണവും നിരീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത് വംശഹത്യാനന്തരം ആ സംസ്ഥാനത്തെ ഹിന്ദുത്വയുടെ പരീക്ഷണശാലയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. അക്കാലത്ത് അവിടെ നടമാടിയ പല സംഭവവികാസങ്ങളും നയങ്ങളും പിന്നീട് മധ്യപ്രദേശിലും ഉത്തർപ്രദേശിലും ആവർത്തിച്ചു. ബി.ജെ.പിക്ക് ഭരണം ലഭിച്ചപ്പോൾ ഹിജാബ് നിയമം, മതപരിവർത്തന നിരോധന നിയമം തുടങ്ങിയവ നടപ്പാക്കി കർണാടകയിലും പുതിയ പരീക്ഷണങ്ങൾ ആവിഷ്കരിച്ചു. അതേ പരീക്ഷണങ്ങൾ മറ്റൊരു രൂപത്തിൽ അസമിൽ ഹിമന്ദയുടെ നേതൃത്വത്തിൽ അരങ്ങുതകർക്കുകയാണ്. മേൽ സൂചിപ്പിച്ച സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ ചില സവിശേഷതകൾ അസമിനുണ്ട്. അയൽരാജ്യങ്ങളിൽനിന്നുള്ള നുഴഞ്ഞുകയറ്റമെന്ന ആരോപണം സ്വാതന്ത്ര്യാനന്തരഘട്ടം മുതലേ ഉയർന്നുകേൾക്കുന്ന ദേശമാണത്. അതിന്റെ അടിസ്ഥാനത്തിൽ പൗരത്വം പോലും അവിടെ പ്രത്യേകമായി നിർവചിച്ചിട്ടുണ്ട്.
വിഭജനവും തുടർന്നുണ്ടായ പലായനങ്ങളും സൃഷ്ടിച്ച ഈ സങ്കീർണതയെ പരമാവധി മുതലെടുക്കുകയായിരുന്നു എക്കാലത്തും സംഘ്പരിവാർ. സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷത്തെ നുഴഞ്ഞുകയറ്റക്കാരായും അതുവഴി വിദേശികളായും ചിത്രീകരിക്കുകയാണ് അതിലൊന്ന്. അതിന്റെ തുടർച്ചയിലാണ് അസം എൻ.ആർ.സിയെ അവർ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ, അസം ജനസംഖ്യയിൽ മൂന്നിലൊന്നുവരുന്ന മുസ്ലിംകൾ അവിടെ എക്കാലത്തും അസ്തിത്വ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ അരക്ഷിതാവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിനു പകരം, അവരെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന നടപടികളാണ് അസമിൽ നടന്നുകൊണ്ടിരിക്കുന്നത്.
വികസനത്തിന്റെയും മറ്റും പേരുപറഞ്ഞ് അവിടെയുള്ള നിരവധി മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ പൂട്ടിട്ടു; സംസ്ഥാനത്ത് മുസ്ലിം ജനസംഖ്യ ക്രമാതീതമായി ഉയർന്ന് അവർ ഭൂരിപക്ഷമാകുന്നുവെന്ന് ഭരണകൂടം തന്നെ പ്രചരിപ്പിക്കുക; ‘പ്രളയ ജിഹാദ്’ പോലുള്ള രാജ്യം ഇക്കാലമത്രയും കേട്ടിട്ടില്ലാത്ത വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടുക. ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം അസമിൽ സംഭവിച്ച കാര്യങ്ങളാണിത്. വിദ്വേഷത്തിന്റെ ഈ വിഷപ്രയോഗങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിയാണെന്നതാണ് ഏറ്റവും ഭയാനകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.