മുസ്ലിം വിവാഹനിയമം റദ്ദാക്കി അസം
text_fields‘അസം മുസ്ലിം വിവാഹ-വിവാഹമോചന രജിസ്ട്രേഷൻ ആക്ട് 1935’ പിൻവലിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച അസം മന്ത്രിസഭ തീരുമാനിച്ചതോടെ ഉത്തരാഖണ്ഡിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനം കൂടി ഏകീകൃത സിവിൽ കോഡിലേക്കുള്ള വഴി തുറക്കുകയാണ്. ഇത് ഏക സിവിൽ കോഡിലേക്കുള്ള ആദ്യ പടിയാണെന്ന് കാബിനറ്റ് മന്ത്രി ജയന്ത മല്ല ബറുവയും മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമയും വ്യക്തമാക്കുകയും ചെയ്തു. ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കിയത്. എന്നാൽ, അസം സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത് സംസ്ഥാനത്തെ മുസ്ലിംകൾക്ക് സവിശേഷമായ വിവാഹ-വിവാഹമോചന നിയമംതന്നെ റദ്ദാക്കുകയാണ്.
ഇനി മുതൽ മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് 1954ലെ ‘പ്രത്യേക വിവാഹനിയമം’ അനുസരിച്ചായിരിക്കും. നിലവിൽ മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ സംസ്ഥാനത്ത് മൊത്തം 94 മുസ്ലിം വിവാഹ രജിസ്ട്രാർമാരുണ്ട്. അവരുടെ പ്രവർത്തനം ഇതോടെ നിർത്തലാക്കുകയും സർക്കാർ രജിസ്ട്രാഫിസുകൾവഴി വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്യും. ജോലിയില്ലാതാവുന്ന മുസ്ലിം വിവാഹ രജിസ്ട്രാർമാർക്ക് ഒറ്റത്തവണ നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ വീതം നൽകും. അവരുടെ കൈയിലുള്ള വിവാഹരേഖകൾ കസ്റ്റഡിയിലെടുക്കാനും തീരുമാനമുണ്ട്.
ഇനി ഏക സിവിൽ നിയമം വരുമ്പോൾ മുസ്ലിംകളുടേതല്ലാത്ത വ്യക്തിനിയമങ്ങൾ ദുർബലപ്പെടുത്തുമോ എന്നത് കാണാനിരിക്കുന്നു. 1955ലെ ഹിന്ദു വിവാഹ നിയമം ഇപ്പോഴും പ്രാബല്യത്തിലിരിക്കെ കൂടുതൽ പ്രസക്തമാണ് ഇക്കാര്യം. ഗോത്രവർഗക്കാർക്ക് അവരുടെ പരമ്പരാഗത നിയമങ്ങൾ തുടരാം എന്ന് സർക്കാർ പറഞ്ഞിരിക്കുന്നു.
മുസ്ലിം വിവാഹ നിയമം റദ്ദാക്കാൻ അസമിലെ ബി.ജെ.പി ഭരണകൂടം പല ന്യായങ്ങളും പറയുന്നുണ്ട്. ഒന്ന്, പ്രസ്തുത നിയമമനുസരിച്ച് വരന് 21ഉം വധുവിന് 18ഉം വയസ്സ് തികഞ്ഞില്ലെങ്കിൽപോലും വിവാഹം രജിസ്റ്റർചെയ്തു കൊടുക്കാൻ അവകാശമുണ്ട്. ഇതുവഴി ഉണ്ടാവുന്ന ശൈശവ വിവാഹങ്ങൾ പുതിയ നടപടിയിലൂടെ തടയാം. രണ്ട് , നിലവിലെ നിയമത്തിൽ വിവാഹ രജിസ്ട്രേഷൻ നിർബന്ധമല്ല, ഐച്ഛികമാണ്. ഇനി മുതൽ രേഖപ്പെടുത്താത്ത വിവാഹങ്ങൾ തടയാം. ഇതിനു പുറമെ നിലവിലെ നിയമം കൊളോണിയൽ കാലത്തുണ്ടാക്കിയതാണെന്ന തൊടുന്യായവും സർക്കാർ പറയുന്നുണ്ട്. മുസ്ലിം വിവാഹമോ, വിവാഹബന്ധങ്ങളോ ബ്രിട്ടീഷ് ഭരണത്തിലും സ്വതന്ത്ര ഭാരതത്തിലും വ്യത്യസ്തമാവുന്നില്ലെങ്കിലും എന്തിനും വിദേശ വാഴ്ചയെ പഴിചാരി രക്ഷപ്പെടാനുള്ള മാർഗം കണ്ടെത്തുകമാത്രമാണിതിലൂടെ.
തെളിച്ചു പറഞ്ഞാൽ വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കിത്തന്നെയാണ് അസം ഭരണകൂടം മുസ്ലിം വിവാഹ നിയമം റദ്ദാക്കുന്നത് എന്ന് വ്യക്തം. കുറച്ചുകാലമായി മുഖ്യമന്ത്രി ശർമ മുസ്ലിം സമുദായത്തെ ഉന്നംവെച്ചുള്ള പ്രസ്താവനകൾ നടത്തിവരുകയായിരുന്നു. അവർ പ്രത്യേകാവകാശങ്ങൾ അനുഭവിക്കുന്നുവെന്നും അത് അവസാനിപ്പിക്കുകയാണെന്നുമുള്ള പ്രചാരണം പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ശക്തിയുക്തം അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. ഭൂരിപക്ഷ സമൂഹത്തിനുവേണ്ടി ബി.ജെ.പി സർക്കാർ എന്തെല്ലാമൊക്കെയോ ചെയ്തുകൊടുത്തു എന്ന് വരുത്തിത്തീർക്കാനാണ് അവരെ ഒരുനിലയിലും ബാധിക്കാത്ത ഇത്തരമൊരു നിയമം റദ്ദാക്കാൻ ഇത്ര ധിറുതിയിൽ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് മന്ത്രിസഭായോഗത്തിൽ ഇതു പാസാക്കിയതും. അതിനുമാത്രം അടിയന്തരപ്രാധാന്യം എന്താണ് വിഷയത്തിലുള്ളത്? സംസ്ഥാനത്തെ ജനസംഖ്യയുടെ 34 ശതമാനം വരുന്ന മുസ്ലിംകൾക്കിടയിൽ കൂടുതൽ അരക്ഷിതാവസ്ഥ ഉന്നംവെച്ചു കൂടിയുള്ളതാണ് ഈ നിയമപരിഷ്കാരം. അവരുടെ സാംസ്കാരിക തനിമ നിലനിർത്തുന്ന വ്യക്തി-കുടുംബ നിയമങ്ങളും മതചട്ടങ്ങളും ഇനി അനുവദിക്കില്ല എന്ന ഇന്ത്യയുടെ മതേതര-ജനാധിപത്യ വ്യവസ്ഥക്കു കടകവിരുദ്ധമായ നിലപാടാണ് ഹിന്ദുത്വ പ്രസ്ഥാനം എന്നും കൊണ്ടുനടന്നിട്ടുള്ളത്. ഇനിയൊരു ഏക സിവിൽ നിയമം നിലവിൽ വന്നാൽ ഇപ്പോൾ പ്രാബല്യത്തിലുള്ള ഹിന്ദു വിവാഹ നിയമത്തിനു (1955) എന്തു സംഭവിക്കുമെന്ന് അസം ഭരണകൂടത്തിന്റെ വക്താക്കളാരും പറഞ്ഞത് കാണുന്നില്ല.
അല്ലെങ്കിലും ഏക സിവിൽ കോഡ് സംബന്ധമായ ഏതു ചർച്ചയും തുടങ്ങുന്നതും ഒടുങ്ങുന്നതും മുസ്ലിം വിവാഹ-വിവാഹ മോചന-അനന്തരാവകാശ നിയമങ്ങളെ ചുറ്റിപ്പറ്റിയാണല്ലോ. ഇവിടെയും സംഭവിക്കുന്നത് മറ്റൊന്നല്ല. ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് അസമിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ രണ്ടു വഴികളുണ്ടാവും എന്നതാണ് കൗതുകകരം: ഒന്നുകിൽ പ്രത്യേക വിവാഹ നിയമനുസരിച്ച്, അല്ലെങ്കിൽ ഹിന്ദു വിവാഹ നിയമമനുസരിച്ച്. ഹിന്ദുത്വ നേതൃത്വം ഉദ്ഘോഷിക്കുന്ന ഏക സിവിൽ കോഡ് എന്ന മുദ്രാവാക്യപ്രധാനമായ ആവശ്യം ഇപ്പോൾ വിചിത്ര വഴികളിലൂടെയാണ് കടന്നുവരുന്നത്. ഏക സിവിൽനിയമം ഇങ്ങനെ നടപ്പിലാക്കിയാൽ ഗോവയിൽ ഒന്ന്, ഉത്തരാഖണ്ഡിൽ മറ്റൊന്ന്, ഗുജറാത്തിൽ വേറൊന്ന്, അസമിൽ ഇതൊന്നുമല്ലാത്ത ഒന്ന് എന്ന മട്ടിൽ രാജ്യം ഒന്നു രണ്ടു ഡസൻ ‘പൊതു’ സിവിൽ കോഡിന്റെ ‘ഭാരം’ പേറേണ്ട സ്ഥിതിയാവും. മുസ്ലിം വ്യക്തിനിയമം എന്ന ഒന്നില്ലാതാവുമ്പോൾ ഉണ്ടാവുന്നതല്ല ഏക വ്യക്തിനിയമം എന്നും മതപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ ദുഷ്കരമായ തിരസ്കാരത്തിലൂടെ മാത്രം ഉണ്ടാവുന്ന ഒന്നാണ് അതെന്നും അതിന്റെ വക്താക്കൾ എന്നാണാവോ തിരിച്ചറിയുക !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.