ഈ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ
text_fieldsസംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം നിലവിൽ വന്നതിെൻറ 82ാം വാർഷികദി നമായിരുന്നു ഇന്നലെ. എന്നാൽ, ആ ദിനത്തിൽ കേരളമുണർന്നത് നടുക്കമുളവാ ക്കുന്ന ദുരന്ത വാർത്തയിലേക്കാണ്. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സിയുടെ വോൾവോ ബസ് തമിഴ്നാട്ടിലെ തിരുപ്പൂരി നടുത്ത അവിനാശിയിൽ വൻ അപകടത്തിൽ പെടുകയും 19 ജീവനുകൾ പൊലിയുകയ ും ചെയ്തിരിക്കുന്നു. മരണമടഞ്ഞവരിലേറെയും പുതിയ ലോകത്തെ സ്വപ്നം കാണുന്ന ചെറുപ്പക്കാരാണ്. ബസ് ജീവനക്കാരാകട്ടെ, ജീവകാരുണ്യത്തിലും സ്നേഹപൂർവമായ പെരുമാറ്റത്തിലും യാത്രക്കാരുടെ ഒാർമകളിൽ തിളങ്ങി നിൽക്കുന്നവരും. കണ്ണുകളിൽ ഉറക്കം തൂങ്ങിയപ്പോൾ ലോറി ഡ്രൈവർ കാണിച്ച വൈമുഖ്യത്തിന് നൽകേണ്ടി വന്ന വില പത്തൊമ്പത് കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്; ആർക്കും ഒരിക്കലുംതിരിച്ചുകൊടുക്കാനാവാത്ത വില. അനാസ്ഥകളുടെയും അശ്രദ്ധയുടെ വില അപരിമേയമാെണന്ന് പഠിപ്പിക്കാൻ ഇനിയുമെത്ര കുരുതികൾ റോഡുകളിൽ ഹോമിക്കപ്പെടണം. തകർന്ന മനുഷ്യരുടെ നിലക്കാത്ത നിലവിളികൾ ഇനിയുമെത്ര ആവർത്തിച്ചുയരണം!
കെ.എസ്.ആർ.ടി.സിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് അവിനാശിയിൽ സംഭവിച്ചിരിക്കുന്നത്. എറണാകുളത്തുനിന്ന് ടൈലുമായി പോയ കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് ബസിെൻറ നടുഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ദീർഘമായ ഡ്രൈവിങ്ങിൽ, വിശേഷിച്ച് രാത്രി സമയത്ത് മതിയായ വിശ്രമമെടുക്കണമെന്ന അടിസ്ഥാനപാഠം അവഗണിച്ചതാണ് ഇത്രയും ഭീകരമായ അപകടത്തിലേക്ക് വഴിനടത്തിയത്. ഡ്രൈവർ ഉറക്കത്തിലേക്ക് വഴുതി വീണതോടെ നിയന്ത്രണംപോയ കണ്ടെയ്നർ ലോറി ഡിവൈഡറിൽ കയറി ടയറുകൾ പൊട്ടി ബസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്നാണ് മന്ത്രി സുനിൽ കുമാറും പാലക്കാട് ആർ.ടി.ഒ ശിവകുമാറും മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയത്. സമീപകാലത്ത് കേരളത്തെ നടുക്കിയ എല്ലാ അപകടങ്ങളുടെയും വില്ലൻ വാഹനമോടിച്ചവരുടെ ഉറക്കമായിരുന്നു. വിശേഷിച്ച് പുലർകാലയാമങ്ങളിൽ. രണ്ടു മണി മുതൽ അഞ്ചുവരെയുള്ള സമയങ്ങളിലാണ് അതത്രയും സംഭവിച്ചത്. രാത്രികാല അപകടത്തിലെ 80 ശതമാനവും സംഭവിക്കുന്നതും ആ സമയത്താണത്രെ.
കണ്ടെയ്നറുകൾ പോലെയുള്ള അന്തർസംസ്ഥാന ഹെവിവാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ മതിയായ വിശ്രമമെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്. രാത്രികാലങ്ങളിലെ വാഹന പരിശോധനകൾ ശക്തിപ്പെടുത്തുകയും ഡ്രൈവർമാർ മതിയായ വിശ്രമമെടുത്തിട്ടുണ്ടോ എന്ന് കർശനമായി ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. വിശ്രമമില്ലാതെ 150 കിലോമീറ്ററിൽ അധികം വാഹനമോടിക്കുന്നത് വിലക്കാൻ സാധിക്കണം. ഡ്രൈവർമാരെ നിശ്ചയിക്കുന്ന കമ്പനികൾക്കും റോഡ് അപകടങ്ങളില്ലാതാക്കാൻ ഉത്തരവാദിത്തങ്ങളുണ്ട്. കർശനമായ ഗതാഗതനയങ്ങൾ പാലിക്കാൻ ട്രാൻസ്പോർട്ടിങ് കമ്പനികൾ നിഷ്കർഷ പുലർത്തിയാൽ മാത്രമേ ഇത്തരം ഹൃദയഭേദകമായ ദുരന്തങ്ങളിൽ നിന്ന് മുക്തമാകൂ. എന്നാൽ, പല കമ്പനികളും ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന സമയത്തിനനുസരിച്ചാണ് ഡ്രൈവർമാർക്ക് ശമ്പളം നിശ്ചയിക്കുന്നതുപോലും. അതുകൊണ്ടുതന്നെ, നിർണിതസമയത്തിനു മുമ്പ് ചരക്കെത്തിക്കാനുള്ള വ്യഗ്രതയിൽ വിശ്രമം ഒഴിവാക്കാനും അമിതവേഗതയെടുക്കാനും നിർബന്ധിതരാകുന്നു ഡ്രൈവർമാർ. അശ്രദ്ധയും വിശ്രമരഹിതമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണെമങ്കിൽ കമ്പനികളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ അപകടകരമായ ഇത്തരം പ്രവണതകളെ ഒരു പരിധിവരെ നിയന്ത്രിക്കാനാകൂ.
റോഡ് സുരക്ഷയിൽ വിവിധ സംസ്ഥാനങ്ങൾക്ക് വിവിധ നയങ്ങളും നിയമങ്ങളുമാണുള്ളത് എന്നത് നിയമ ലംഘകർക്ക് സുരക്ഷയാകുന്നുണ്ട്. പരമാവധി വേഗത, വേഗപ്പൂട്ട് തുടങ്ങി വാഹനങ്ങളുടെ രൂപകൽപന, എമർജൻസി എക്സിറ്റുകളുടെ സ്വഭാവം, ചില്ലു ജനാലകൾ തകർക്കാൻ കഴിയുന്നതാകുക തുടങ്ങി ധാരാളം കാര്യങ്ങളിൽ സംസ്ഥാനചട്ടങ്ങളും നയങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. ദേശീയപാതകളിലും എക്സ്പ്രസ് ഹൈവേകളിലും സംഭവിക്കുന്ന അപകടങ്ങൾ നിയന്ത്രിക്കണമെങ്കിൽ ദേശീയതലത്തിൽ ഏകോപിച്ച നയം അനിവാര്യമാണ്. എല്ലാ സംസ്ഥാനത്തും പ്രാബല്യത്തിലുള്ള ഏകീകൃത നിയമമായിരിക്കണം നടപ്പാക്കേണ്ടത്. അല്ലാത്തപക്ഷം, കേരളത്തിൽ പാലിക്കുന്ന സുരക്ഷ സംവിധാനങ്ങൾ അതിർത്തി കടക്കുന്നതോടെ അസ്തമിക്കും.
ഇന്ത്യയിൽ 400 ലധികം മനുഷ്യരാണ് ദിനംപ്രതി റോഡുകളിൽ പൊലിയുന്നത്. സിറിയയിലും മറ്റും യുദ്ധത്തിൽ കൊല്ലപ്പെടുന്നവരേക്കാൾ കൂടുതൽ പേർ ഇന്ത്യയിലെ റോഡുകളിൽ മരിച്ചുവീഴുന്നത് അത്ര നിസ്സാരകാര്യമല്ല. കേരളത്തിലെ റോഡുകളിൽ കൊല്ലപ്പെടുന്ന കണക്കുകളും ഭീതിപ്പെടുത്തുന്നവയാണ്. ദിനംപ്രതി 12 പേരുടെ ജീവനാണ് സംസ്ഥാനത്ത് കുരുതി കൊടുക്കുന്നത്. 1000 കോടിയിലധികം രൂപ അപകടങ്ങൾ കാരണമായി ചെലവഴിക്കപ്പെടുകയും ചെയ്യുന്നു. ഇത്രയും അപകടങ്ങൾ സംഭവിച്ചിട്ടും റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുകയെന്നത് ഒരു സംസ്കാരമായി വളർത്താൻ ലോകത്തോളം വികസിച്ച മലയാളക്കരക്ക് സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്. നിയമലംഘനങ്ങളിൽ കുറ്റബോധം തോന്നാത്ത മാനസികാവസ്ഥയിലാണ് നാം ജീവിക്കുന്നതെന്നത് എത്ര ലജ്ജാകരം! ഗതാഗതനിയമ സാക്ഷരതയിലല്ല കാര്യമുള്ളത്; ആരും കാണില്ലെങ്കിലും നിയമങ്ങൾ പാലിക്കുന്ന സംസ്കാരമാർജിക്കുന്നതിലാണ്. നിയമലംഘനം നടത്തുന്നത് അമാന്യതയായി വിലയിരുത്തുന്ന ഒരു സാംസ്കാരിക സമൂഹത്തിൽ നിന്നു മാത്രമേ ഇത്തരം വൻദുരന്തങ്ങളെ അകറ്റിനിർത്താനാകൂ. റോഡുകളിൽ ആദ്യമായും അവസാനമായും പരിഗണിക്കുക സുരക്ഷ മാത്രമായിരിക്കുമെന്ന വാക്ക് നൽകാനാകുന്നവർക്കുമാത്രമേ അവിനാശിയിലെ ദുരന്തത്തിൽ ജീവിതം നഷ്ടമായവർക്ക് ആത്മാർഥമായ അന്ത്യോപചാരം അർപ്പിക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.