വിദേശ സംഭാവന വിലക്കിെൻറ പിന്നിൽ
text_fieldsമാധ്യമം എഡിറ്റോറിയൽ കേൾക്കാം
വിവിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ 2020 പ്രതിപക്ഷത്തിെൻറ ശക്തമായ എതിർപ്പ് അവഗണിച്ചും പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിടണമെന്ന ആവശ്യം നിരാകരിച്ചും മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് മോദി സർക്കാർ ലോക്സഭയിൽ പാസാക്കിയെടുത്തിരിക്കുന്നു. സംഘ്പരിവാർ അജണ്ട ഒന്നൊന്നായി നടപ്പാക്കാൻ നരേന്ദ്ര മോദി സർക്കാറിെൻറ രണ്ടാമൂഴം നിർവിഘ്നം ദുരുപേയാഗപ്പെടുത്തുന്ന പ്രക്രിയയുടെ ഭാഗമാണ്, മതന്യൂനപക്ഷ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നാനാവിധ സേവനപ്രവർത്തനങ്ങൾക്ക് നിയമാനുസൃതം ലഭിച്ചുകൊണ്ടിരിക്കുന്ന വിദേശ സംഭാവനകൾ പൂർണമായി വിലക്കുകയോ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമാക്കുകയോ ചെയ്യുന്ന പുതിയ നിയമനിർമാണം. വിദേശ സംഭാവന സ്വീകരിക്കുന്ന ഏതു സ്ഥാപനത്തിനും സന്നദ്ധ സംഘടനക്കും സ്േറ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡൽഹി ശാഖകളിലൊന്നിൽ അക്കൗണ്ട് വേണമെന്നാണ് ബില്ലിലെ ഒരു പ്രധാന വ്യവസ്ഥ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സംഘടനകളെയും വിലക്കാനോ പരമാവധി ബുദ്ധിമുട്ടിക്കാനോ ഉദ്ദേശിച്ചാണ് ഈ വ്യവസ്ഥയെന്ന് വ്യക്തം. മതന്യൂനപക്ഷസംഘടനകൾ താരതമ്യേന സജീവവും വ്യവസ്ഥാപിതവുമായി പ്രവർത്തിക്കുന്ന പ്രദേശങ്ങെളയാണ് ഭേദഗതി ലക്ഷ്യംവെക്കുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ ഭാരവാഹികളുടെ ആധാർ നമ്പറോടു കൂടിയ രജിസ്ട്രേഷൻ അപേക്ഷകളേ പരിഗണിക്കപ്പെടൂ എന്നും വ്യവസ്ഥയുണ്ട്.
ഫണ്ട് വിനിയോഗം സംബന്ധിച്ച പരാതികൾ പരിശോധിച്ച് സംഘടനകൾക്കുമേൽ വിനിയോഗ വിലക്ക് ഏർപ്പെടുത്താൻ നിയമം സർക്കാറിന് അധികാരം നൽകുന്നു. നിയമലംഘനം തെളിയിക്കപ്പെട്ടാലേ നിലവിലെ നിയമപ്രകാരം വിലക്ക് പാടുള്ളൂ. മേലിൽ സംഘ്പരിവാറിെൻറ ഏതെങ്കിലും വ്യക്തിയോ കൂട്ടായ്മയോ മുസ്ലിം, ക്രൈസ്തവ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തെപ്പറ്റി അടിസ്ഥാനരഹിതമായ പരാതികൾ ഉന്നയിച്ചാൽപോലും വിലക്കാനുള്ള വാതിലാണ് ഇതുവഴി തുറന്നിരിക്കുന്നത്. നിലവിലെ ചട്ടപ്രകാരം നിയമാനുസൃത സംഭാവനകൾ, എഫ്.സി.ആർ.എ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട മറ്റു സ്ഥാപനങ്ങൾക്കു സേവന പ്രവർത്തനങ്ങൾക്കായി നൽകാൻ തടസ്സമില്ല. പുതിയ ഭേദഗതി അതും വിലക്കുന്നു. സംഭാവന നേരിൽ കൈപ്പറ്റിയവർക്കു മാത്രമേ അത് വിനിയോഗിക്കാൻ അനുവാദമുണ്ടാവൂ. ഈ ചട്ടങ്ങളിലേതെങ്കിലും ലംഘിച്ചാൽ 360 ദിവസം വരെ ലംഘകരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാം. അപേക്ഷകർ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വർഗീയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും മതപരിവർത്തന നടപടികളിൽ ഏർപ്പെട്ടിട്ടില്ലെന്നും പണം വകമാറി ചെലവഴിച്ചിട്ടില്ലെന്നും ബോധ്യപ്പെട്ടാൽ മാത്രമേ രജിസ്ട്രേഷൻ പുതുക്കുകയുള്ളൂ എന്ന ഭേദഗതി മോദി സർക്കാറിെൻറ ചെമ്പ് പുറത്താക്കുന്നു.
നിലവിലെ എഫ്.സി.ആർ.എ തന്നെ വേണ്ടതിലധികം കർക്കശവും മിക്ക സ്ഥാപനങ്ങൾക്കും കിട്ടാക്കനിയുമാണ്. വിദേശ സർക്കാറുകളും ചാരിറ്റി സംഘടനകളും, ജീവകാരുണ്യപരമായ ലക്ഷ്യങ്ങൾക്കുവേണ്ടി കാര്യക്ഷമതയും ഉത്തരവാദിത്ത ബോധവും ഉള്ളവയെന്ന് ബോധ്യപ്പെട്ട, യു.എൻ വിലക്കില്ലാത്ത സന്നദ്ധസംഘടനകൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന സഹായങ്ങൾ കർക്കശ അന്വേഷണത്തിന് വിധേയമായി കേന്ദ്രസർക്കാർ നൽകുന്ന അനുമതിയാണ് എഫ്.സി.ആർ.എ. ക്രമക്കേടുകൾ കണ്ടെത്തിയ ആയിരക്കണക്കിൽ സ്ഥാപനങ്ങളുടെ രജിസ്േട്രഷൻ റദ്ദാക്കുകയോ പുതുക്കി നൽകാതിരിക്കുകയോ ചെയ്തിട്ടുണ്ട്. തന്മൂലം വിദ്യാഭ്യാസപരമായി പിന്നാക്കമായ പ്രദേശങ്ങളിലും സമുദായങ്ങളിലും നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ മുടങ്ങുന്നുമുണ്ട്. തിന്നുകയില്ല, തീറ്റിക്കുകയുമില്ല എന്ന പരുവത്തിലാണ് സർക്കാർനടപടികൾ. ഒന്നുകിൽ ഒരുവിധ വിദേശസംഭാവനകളും സ്വീകരിക്കാതെ പൗരന്മാരുടെ പ്രശ്നപരിഹാരവും വികസനവും സർക്കാർ ഏറ്റെടുത്ത് നടപ്പാക്കണം; അല്ലെങ്കിൽ നിയമാനുസൃതമായും സമാധാനപരമായും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഗതകാല സേവനങ്ങൾ കണക്കിലെടുത്ത് സുതാര്യമായ ഉപാധികൾക്ക് വിധേയമായി പുറംസംഭാവനകൾ സ്വീകരിക്കാൻ അനുവാദം നൽകണം. നിലവിലെ എഫ്.സി.ആർ.എ പ്രകാരം തന്നെ സർക്കാറിന് അത് സാധ്യമാണ്. കാര്യത്തിെൻറ മർമം അതല്ല. രാജ്യത്ത് വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതും രാജ്യരക്ഷക്ക് ഭീഷണിയാവുന്നതും മതന്യൂനപക്ഷ സംഘടനകളാണെന്ന് സംഘ്പരിവാർ പ്രചാരണം നടത്തിവരുകയാണ്. കണക്കില്ലാത്ത വിദേശപണം കൊണ്ടുവന്ന് ഭൂരിപക്ഷ സമുദായത്തിലെ പാവെപ്പട്ടവരെ മതപരിവർത്തനം ചെയ്യിക്കുന്നു എന്നും അവരും അവരോട് ചേർന്നുനിൽക്കുന്ന മാധ്യമങ്ങളും ആരോപിക്കുന്നു.
പതിറ്റാണ്ടുകൾക്കു മുമ്പ് തമിഴ്നാട്ടിലെ മീനാക്ഷിപുരത്തെ ദലിതർ പരസ്യമായി ഇസ്ലാമിൽ ചേർന്നത് സ്വദേശത്തു നിന്നോ വിദേശത്തുനിന്നോ ലഭിച്ച സമ്പത്തിെൻറ പുറത്തായിരുന്നില്ല; സവർണരുടെ അവഹേളനവും അവഗണനയും മൂലമായിരുന്നു. അവരെ 'ശുദ്ധി' ചെയ്തെടുക്കാൻ വി.എച്ച്.പി കോടികൾ ഒഴുക്കിയിട്ടും നടക്കാതെപോയതും അതുകൊണ്ടുതന്നെ. സർക്കാറുകളുടെയും ഹിന്ദുത്വസംഘടനകളുടെയും പലവിധ പ്രതികാര നടപടികൾ കാരണമായി മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിലേക്കുള്ള പരിവർത്തനം തടയിടപ്പെട്ടിട്ടുണ്ടെങ്കിലും ബുദ്ധമതത്തിലേക്ക് കൂട്ടത്തോടെയുള്ള മാറ്റം ഇപ്പോഴും അരങ്ങേറുന്നു. ഭരണഘടന അനുശാസിക്കുന്ന മാനവികതയുടെയും സാമൂഹിക നീതിയുടെയും തത്ത്വങ്ങൾ പ്രയോഗവത്കരിക്കുകയാണ് യഥാർഥപ്രതിവിധി എന്ന് അംഗീകരിക്കാതെ സ്വന്തം പരാജയത്തിൽ അയഥാർഥമായ കാരണങ്ങൾ തേടിപ്പോവുന്നതാണ് ഹിന്ദുത്വ സർക്കാറിെൻറ ദൗർബല്യം. അതിലൊന്നാണ് എഫ്.സി.ആർ.എ ഭേദഗതിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.