ബൈ ബൈ, ബീബി
text_fieldsആശയപ്പൊരുത്തമുള്ളവർ തെരഞ്ഞെടുപ്പിൽ കൊമ്പുകോർത്താൽ എന്താണ് സംഭവിക്കുക? രക് തത്തിന് രക്തത്തെ തിരിച്ചറിയാത്തവിധം പോരിനിറങ്ങിയാൽ പിന്നെ തമ്മിൽ തല്ലി മരിക്കുക തന്നെ. രാഷ്ട്രീയ ഗോദയിലും അതാണ് സംഭവിക്കുകയെന്നതിന് ചരിത്രംതന്നെ സാക്ഷി. ആ ചരിത്രമാണിപ്പോൾ ജൂത രാഷ്ട്രത്തിലും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു അവിടെ പാർലമെൻറ് തെരഞ്ഞെടുപ്പ്. മത്സരരംഗത്തുള്ള രണ്ട് കക്ഷികൾക്കും പറയാനുള്ളത് ഒരേ കാര്യങ്ങൾ; ഇരുവിഭാഗത്തിെൻറയും പൊതുശത്രുവും ഒന്ന്. ഭൂമിയിൽ സ്വന്തമായൊരു ഇടം നിഷേധിക്കപ്പെട്ട ഫലസ്തീനികളാണത്.
ഗസ്സയിലെ ഫലസ്തീനികളെ ബോംബിട്ട് ശിലായുഗത്തിലെത്തിക്കുമെന്നാണ് പ്രധാനമന്ത്രി സ്ഥാനാർഥികളിൽ ഒരാൾക്ക് ജനങ്ങൾക്കു മുന്നിൽ വെക്കാനുള്ള വാഗ്ദാനം. അവിടം കൊണ്ടവസാനിപ്പിക്കില്ലെന്നും വെസ്റ്റ്ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ പ്രദേശങ്ങൾ സ്വന്തമാക്കുമെന്നും ജൂലാൻകുന്നുകൾകൂടി തങ്ങളുടേതാക്കുമെന്നും രണ്ടാമെത്തയാൾ. അതായത് ആര് ജയിച്ചാലും ഫലസ്തീനികൾക്ക് അടി ഉറപ്പ്; ഗസ്സയിലേക്ക് തുടർന്നും മിസൈലുകൾ വർഷിച്ചുകൊണ്ടിരിക്കും എന്നർഥം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ, ഗസ്സക്കാരെ തുരത്തുമെന്ന് പറഞ്ഞ ബെന്നി ഗാൻസിെൻറ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്കും പ്രതിയോഗി ബിന്യമിൻ നെതന്യാഹുവിെൻറ ലിക്കുഡ് പാർട്ടിക്കും തുല്യ സീറ്റ് - 120 അംഗ പാർലമെൻറിൽ 30 സീറ്റ് വീതം.
ഗാൻസിനെപ്പോലെയല്ല, നെതന്യാഹു എന്ന ബീബി. നാലു പതിറ്റാണ്ടിെൻറ രാഷ്ട്രീയ അനുഭവ പരിജ്ഞാനം. ഒരു പതിറ്റാണ്ടായി രാജ്യത്തിെൻറ പ്രധാനമന്ത്രി. സ്വന്തമായി സർക്കാർ രൂപവത്കരിക്കാൻ കഴിയില്ലെന്ന് നേരേത്ത അറിയാവുന്ന ബീബി, സഖ്യകക്ഷികളെ തയാറാക്കിവെച്ചിരുന്നു. അങ്ങനെ ചെറുകക്ഷികളുടെ സഹായത്തോടെ കേവല ഭൂരിപക്ഷം നേടി പ്രധാനമന്ത്രി കസേരയിൽ അഞ്ചാമൂഴം ഉറപ്പിക്കാമെന്നായിരുന്നു കരുതിയത്. അതിനടുത്തെത്തുകയും ചെയ്തതാണ്. അതിനിടയിലാണ് ഒട്ടും നിനച്ചിരിക്കാതെ സംഭവിച്ച ‘കൊട്ടാര വിപ്ലവ’ത്തിൽ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞത്. സ്വന്തക്കാരനായി കൂടെയുണ്ടായിരുന്ന ലിബർമാൻ പാലം വലിച്ചതാണ്. അതോടെ മാജിക് നമ്പർ പോയി. പാർലെമൻറിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഇസ്രായേലികൾക്ക് ഈ വർഷംതന്നെ ഒരിക്കൽകൂടി സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടി വരും.
യൂറോപ്പിൽ തീവ്ര വലതുപാർട്ടിക്കാർ കുതിച്ചുയരുന്ന കാലമാണ്. ഇസ്രായേലിൽ അതൊരു പുതിയ കാര്യമല്ല. അങ്ങനെയുള്ളവർക്കു മാത്രമായി പടച്ചുവെച്ച രാഷ്ട്രമാണ് ഇസ്രായേൽ. അവിടെ കുടിയേറ്റ വിരുദ്ധത, വംശീയത തുടങ്ങിയ കാര്യങ്ങളിൽ ആർക്കാണ് തീവ്രത കൂടുതലെന്ന് അറിയാനുള്ള ലിറ്റ്മസ് ടെസ്റ്റ് ആണ് തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിൽ നെതന്യാഹുവും സഖ്യകക്ഷികളും കഷ്ടിച്ചു കടന്നുകൂടി. 65 സീറ്റാണ് ലഭിച്ചത്. ഇതിൽ അഞ്ച് സീറ്റ് ലിബർമാെൻറ ‘ഇസ്രായേൽ ബൈത്ന്യൂ’ പാർട്ടിയുടേതാണ്. വലതുപക്ഷ തീവ്രതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ലിബർമാേൻറത്. ഒപ്പം, കടുത്ത ദേശീയവാദിയുമാണ്. രാജ്യത്തിെൻറ സൈനികശക്തി വർധിപ്പിക്കുന്നതിനായി, മുഴുവൻ ജനങ്ങളുടെയും സേനാ പങ്കാളിത്തമാണ് അദ്ദേഹത്തിെൻറ പ്രധാന ആശയം. അതിനാൽ, ഇത്രയും കാലം ജൂതപുരോഹിത വിദ്യാർഥികൾക്ക് സൈനിക സേവനത്തിൽനിന്ന് ലഭിച്ചിരുന്ന ഇളവ് എടുത്തുകളയാൻ വാദിച്ചു.
പണ്ട്, ജൂത രാഷ്ട്ര സ്വത്വം അരക്കിട്ടുറപ്പിക്കാനാണ് പുരോഹിത വർഗത്തിന് ഇളവ് നൽകിയത്. ഇപ്പോൾ ഇസ്രായേൽ എല്ലാം തികഞ്ഞ സയണിസ്റ്റ് രാജ്യമാണെന്നതിൽ ആർക്കും സംശയമില്ല. മാത്രവുമല്ല, സർക്കാർ ചെലവിൽ കഴിഞ്ഞുകൂടുന്ന ഈ പുരോഹിത വർഗത്തിെൻറ എണ്ണം പെരുകിക്കൊണ്ടിരിക്കുകയുമാണ്. അതിനാൽ, അവരും സൈന്യത്തിൽ ചേരട്ടെ. ഇതു സംബന്ധിച്ച ഒരു ബില്ലും പാർലമെൻറിൽ കെട്ടിക്കിടക്കുന്നുണ്ട്. പക്ഷേ, ഈ ആശയം സഖ്യത്തിനകത്തെ ഓർത്തഡോക്സുകൾക്ക് പിടിച്ചില്ല. അവർ ലിബർമാനെതിരെ തിരിഞ്ഞു. അതോടെ, സഖ്യത്തിനുള്ളിൽ അടിയായി. ലിബർമാന് ഇടതുകാഴ്ചപ്പാടാണെന്ന് നെതന്യാഹു കളിയാക്കി. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവെച്ചയാളെയാണ് ബീബി ‘ഇടതൻ’ എന്നു വിളിച്ചിരിക്കുന്നത്. തികഞ്ഞ സയണിസ്റ്റ് എന്ന് അഭിമാനിക്കുന്ന ലിബർമാന് ഇതിൽപരമൊരു അപമാനമുണ്ടോ? ഉടൻ വലിച്ചു പിന്തുണ.
‘കൊട്ടാര വിപ്ലവം’ അരങ്ങേറിയില്ലായിരുന്നുവെങ്കിൽ വരുന്ന തിങ്കളാഴ്ചയിലെ ശുഭമുഹൂർത്തത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടയാളായിരുന്നു നെതന്യാഹു. ഒരു കാലത്ത് തെൻറ വിശ്വസ്തനായിരുന്ന ആൾതന്നെ അതില്ലാതാക്കിയതോടെ ഇനിയൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയല്ലാതെ വേറെ വഴിയില്ല. അവിടെയാണ് പ്രശ്നം. ബീബിക്ക് ഇനിയൊരു കടന്നുകൂടൽ വലിയ വെല്ലുവിളിയാണ്. സഖ്യകക്ഷികളിൽ ഏറ്റവും പ്രബലനായിരുന്ന ലിബർമാൻ കൂടെയില്ല. സീറ്റ് അഞ്ചെണ്ണമേ ഉള്ളൂവെങ്കിലും, സോവിയറ്റ് യൂനിയനിൽനിന്ന് കുടിയേറിയ ജൂതന്മാർക്കിടയിൽ വലിയ സ്വാധീനമാണ് അദ്ദേഹത്തിനും പാർട്ടിക്കും. ആ വോട്ട് ഷെയർ ലിക്കുഡിനും ഉപകാരപ്പെട്ടിട്ടുണ്ട്. അതിനി കിട്ടില്ലെന്ന് നൂറുതരം. എണ്ണിയാലൊതുങ്ങാത്ത അഴിമതി ആരോപണങ്ങൾ ഇപ്പോൾ തലയിലുണ്ട്. ചില കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിൽ ഒന്നു രണ്ടെണ്ണത്തിലെങ്കിലും അഴിയെണ്ണാനുള്ള വകുപ്പുണ്ടെന്നാണ് മാധ്യമ നിരീക്ഷണങ്ങൾ. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബർ 17ന് മുമ്പായി ആ കോടതിവിധികൂടി വന്നാൽ പിന്നെ ഇസ്രായേലികൾക്ക് ബീബിയോട് സലാം പറയാൻ പിന്നെ അധികം താമസമുണ്ടാകില്ല.
1949ൽ തെൽ അവിവിലായിരുന്നു ജനനം. മാതാവ് ജറൂസലമുകാരിയും പിതാവ് വാഴ്സോക്കാരനും. ജറൂസലമിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അമേരിക്കയിൽ ഉപരിപഠനം. 16ാം നൂറ്റാണ്ടിൽ ഐബീരിയൻ ഉപദ്വീപിൽനിന്ന് പോപ്പിെൻറ ഉത്തരവ് പ്രകാരം നാടുകടത്തപ്പെട്ട സഫാർദിയ്യ് ജൂതസമൂഹത്തിെൻറ സന്തതിയാണെന്നാണ് അവകാശവാദം. വെറുതെ പറയുന്നതല്ല; ഡി.എൻ.എ ടെസ്റ്റ് നടത്തി ഉറപ്പിച്ചതാണ്. ആ വംശബോധമാണ് പിന്നീട് വംശീയരാഷ്ട്രീയത്തിെൻറ കളിക്കളത്തിലേക്ക് ചുവടുവെക്കാൻ പ്രേരിപ്പിച്ചത്. പട്ടാളക്കാരനായിട്ടാണ് ഔദ്യോഗിക ജീവിതം ആംഭിച്ചത്. ’84 മുതൽ നാലു വർഷം യു.എന്നിൽ രാജ്യത്തിെൻറ പ്രതിനിധിയുമായി. 1988 മുതൽ രാഷ്ട്രീയത്തിൽ സജീവം. തുടക്കം മുതലേ ലിക്കുഡ് പാർട്ടിയുടെ ഭാഗമാണ്. 1991ൽ പാർട്ടി വക്താവായി. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞടുപ്പിൽ ലിക്കുഡ് എട്ടു നിലയിൽ പൊട്ടിയപ്പോൾ പാർട്ടിയിൽ നേതൃമാറ്റമുണ്ടായി. അങ്ങനെയാണ് പാർട്ടി തലപ്പത്ത് എത്തുന്നത്. അത് ഗുണംചെയ്തു. ’96ൽ ലിക്കുഡ് പ്രസ്ഥാനം തിരിച്ചുവന്നു. നെതന്യാഹു പ്രധാനമന്ത്രിയുമായി. അതിനുശേഷം, 2005 വരെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 2005-09 കാലത്ത് പ്രതിപക്ഷനേതാവായിരുന്നു. തുടർന്നങ്ങോട്ട് പ്രധാനമന്ത്രി കസേര ആർക്കും വിട്ടുകൊടുത്തിട്ടില്ല. സഖ്യം പൊട്ടിയെങ്കിലും ആ പദവി നഷ്ടപ്പെട്ടിട്ടില്ല; കാവൽ പ്രധാനമന്ത്രി. മൂന്നു തവണ വിവാഹിതനായി. മൂന്ന് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.