Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമതേതരത്വത്തെ...

മതേതരത്വത്തെ ആയുധമാക്കി മതാന്ധത!

text_fields
bookmark_border
secularism
cancel


ഇന്ത്യൻ ഭരണഘടനയുടെ മൗലിക സ്വഭാവം വ്യക്തമാക്കുന്ന ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ സംജ്ഞകളെ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പെടെയുള്ളവരുടെ ഹരജി പരിഗണിക്കെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നടത്തിയ നിരീക്ഷണം നിലവിലെ സാഹചര്യത്തിൽ ഏറെ പ്രസക്തവും സുപ്രധാനവുമാണ്. 1976ൽ അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി കൊണ്ടുവന്ന 42ാം ഭരണഘടന ഭേദഗതിയിലൂടെയാണ് സെക്യുലരിസം, സോഷ്യലിസം എന്നീ പദപ്രയോഗങ്ങൾ ആമുഖത്തിൽ ഇടംപിടിച്ചതെന്നും അതിന് മുമ്പ് കേവലം ജനാധിപത്യം എന്നേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് തീവ്ര ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യുന്ന ഹരജിക്കാരുടെ വാദം.

എന്നാൽ, മതേതരത്വം എക്കാലത്തും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഭരണഘടനയുടെ പ്രധാന സവിശേഷതകളിലൊന്നാണ് മതേതരത്വമെന്നും തുല്യതക്കുള്ള അവകാശവും സാഹോദര്യവും ഭരണഘടനയിൽ പറഞ്ഞത് നോക്കിയാൽ ഇത് വ്യക്തമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒട്ടേറെ വിധികളിൽ സുപ്രീംകോടതി തന്നെ മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.

ഉത്തർപ്രദേശിലെ 2004ലെ ബോർഡ് ഓഫ് മദ്റസ എജുക്കേഷൻ ആക്ട് റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈകോടതി വിധിക്കെതിരെ ജംഇയ്യതുൽ ഉലമായെ ഹിന്ദ് സമർപ്പിച്ച അപ്പീൽ ഹരജിയിൽ വാദം കേൾക്കെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്​ നടത്തിയ പ്രസ്താവനയാകട്ടെ, മതേതരത്വത്തിന്റെ സങ്കുചിത വ്യാഖ്യാനത്തെ നിരാകരിക്കുന്നതാണ്. മതന്യൂനപക്ഷങ്ങൾ നടത്തുന്ന മതസ്ഥാപനങ്ങളിൽ മതപരമായ നിർദേശങ്ങൾ നൽകുന്നു എന്നത് കൊണ്ടുമാത്രം അത് മതേതരത്വത്തിന്റെ ലംഘനമാവില്ലെന്നാണ് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്. യു.പിയിലെ മദ്റസകൾ അടച്ചുപൂട്ടി അവയിലെ വിദ്യാർഥികളെ സ്കൂളുകളിലേക്ക് മാറ്റാൻ ​ഹൈകോടതി ഉത്തരവിട്ടത് 2004ലെ നിയമം മതേതര തത്ത്വങ്ങളുടെ ലംഘനമാണെന്ന് വിധിച്ചുകൊണ്ടായിരുന്നു.

അ​തേസമയം, ഹിന്ദു ധർമ സ്ഥാപന നിയമം നിലനിൽക്കുന്നുവെന്ന കാര്യം സുപ്രീംകോടതി ഓർമിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രമുതൽ തമിഴ്നാടുവരെയുള്ള സംസ്ഥാനങ്ങളിൽ ഈ നിയമങ്ങളുണ്ട്. മുസ്‍ലിം മാനേജ്മെന്റുകൾ നടത്തുന്ന മതസ്ഥാപനങ്ങൾ മാത്രം മതേതരത്വത്തിന് നിരക്കുന്നതല്ലെന്ന ഹിന്ദുത്വ സർക്കാറുകളുടെ ഇരട്ടത്താപ്പിനെ ശരിവെക്കുന്ന ഹൈകോടതിവിധിക്കാണ് സുപ്രീംകോടതി തടയിട്ടതെന്നോർക്കണം.

മതനിരപേക്ഷതയെ താത്ത്വികമായിത്തന്നെ നിരാകരിക്കുകയും ഹിന്ദുമതാധിപത്യ​ സംസ്ഥാപനം ലക്ഷ്യമാക്കുകയും ചെയ്യുന്ന സംഘ്പരിവാറിന്റെ സൃഗാലബുദ്ധിയാണ് പതിറ്റാണ്ടുകാലമായി നിയമനിർമാണത്തിലും ചില കോടതിവിധികളിലും പ്രതിഫലിക്കുന്നതെന്ന് തെളിഞ്ഞുകഴിഞ്ഞതാണ്. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ സെക്കുലർ സോഷ്യലിസ്റ്റ് ഭരണഘടനതന്നെ പൊളിച്ചെഴുതാനുള്ള ദുഷ്ടലക്ഷ്യത്തോടെയാണ് പതിനെട്ടാം ലോക്സഭ ഇലക്ഷനെ തീവ്ര വലതുപക്ഷം നേരിട്ടതെന്ന സത്യം രാജ്യം മനസ്സിലാക്കിയതാണ്.

അതിലേക്കുള്ള പ്രയാണത്തിന് പക്ഷേ, ഇൻഡ്യ മുന്നണിയുടെ പിന്നിൽ അണിനിരന്ന ജനകോടികൾ തടയിട്ടു. എന്നാൽപോലും ഹിന്ദുത്വശക്തികൾ വെറുതെ ഇരിക്കുകയല്ല, അപകടകരമായ ലക്ഷ്യത്തിൽനിന്ന് അവർ പിന്മാറിയിട്ടുമില്ല. ജുഡീഷ്യറിയിൽ കടന്നുകയറി മതന്യൂനപക്ഷങ്ങളുടെ ഭരണഘടനദത്തമായ അവകാശങ്ങൾ കവർന്നെടുക്കാൻ സർവതന്ത്രങ്ങളും പയറ്റുകയാണവർ. 2010ൽ കേരളത്തിൽ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ 1000 കോടിയുടെ ‘അൽ ബറക’ പലിശരഹിത ബാങ്ക് സ്ഥാപിക്കാനൊരുങ്ങിയപ്പോൾ അതിനെതിരായ ഹരജിയിന്മേൽ കേരള ഹൈകോടതി അത് സ്റ്റേ ചെയ്തതും മതേതരത്വത്തിന്റെ പേരിലായിരുന്നുവെന്നോർക്കണം. സുബ്രഹ്മണ്യസ്വാമി ആയിരുന്നു അന്നും മതേതരത്വ വേഷമണിഞ്ഞു വന്ന ആവലാതിക്കാരൻ!

ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഒരു വിഭാഗത്തോടും വിവേചനപരമായി സ്റ്റേറ്റ് പെരുമാറുകയില്ലെന്നും എല്ലാ വിഭാഗം പൗരരോടും സമഭാവനയോടെ വർത്തിക്കുമെന്നതുമാണ് ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്ത. ഇതപ്പാടെ അട്ടിമറിച്ച് മതന്യൂനപക്ഷത്തിന് മതസ്വാതന്ത്ര്യവും വിദ്യാഭ്യാസ പരിരക്ഷയും ഉറപ്പുനൽകുന്ന ഖണ്ഡികകളെ മറികടന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മതവിദ്യാലയങ്ങളെപ്പോലും പിഴുതെറിയാനുള്ള ആസൂത്രിത നീക്കം തൽക്കാലം പരമോന്നത കോടതിയുടെ ഇടപെടൽമൂലം തടസ്സപ്പെട്ടിരിക്കുന്നു.

അത്രക്കാശ്വാസം എന്ന് പറയുമ്പോൾതന്നെ മതനിരപേക്ഷ പാർട്ടികളുടെയും മുന്നണികളുടെയും നിതാന്ത ജാഗ്രത തേടുന്നതാണ് സ്ഥിതിവിശേഷം. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി രാജേന്ദ്രപ്രസാദിനുപോലും പ്രാഥമിക വിദ്യാഭ്യാസം നൽകിയ മദ്റസ പ്രസ്ഥാനത്തെ കാലോചിതമായി പരിഷ്കരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിന് പകരം ഇരുപത് കോടി വരുന്ന ഒരു ജനവിഭാഗത്തെ അവരുടെ വിശ്വാസാചാരങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും നിശ്ശേഷം മാറ്റിയെടുക്കാൻ ജനാധിപത്യ മതനിരപേക്ഷ ഭരണഘടനയെതന്നെ ആയുധമാക്കുന്ന വിരോധാഭാസത്തെ രാജ്യസ്നേഹികൾ തിരിച്ചറിഞ്ഞേ മതിയാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:secularismBigotry
News Summary - Bigotry as a weapon of secularism!
Next Story