മാധ്യമങ്ങൾക്കുമേൽ ബി.ജെ.പിയുടെ വാൾ
text_fieldsവ്യാജവാർത്തകളുടെ പേരുപറഞ്ഞ് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിൽനിന്നു പ്രതിഷേധത്തെ തുടർന്നു കേന്ദ്രസർക്കാർ തൽക്കാലം പിൻവാങ്ങി. എന്നാൽ, മാരണനിയമം എപ്പോഴും വന്നു പതിക്കാമെന്ന മട്ടിലുള്ള വാളായി മാധ്യമങ്ങളുടെ തലക്കു മുകളിൽ തൂങ്ങിക്കിടപ്പുണ്ടെന്നതാണ് സത്യം. വാർത്തകളിലെ നേരും പതിരും വേർതിരിക്കാനുള്ള സദുദ്ദേശ്യമായി ബി.ജെ.പി സർക്കാർ ഉയർത്തിക്കാട്ടുന്ന നിയന്ത്രണനിയമം ജനാധിപത്യത്തിെൻറ നാലാം തൂണിനെ വരുതിയിൽനിർത്താനുള്ള നാണംകെട്ട നീക്കമാണെന്ന എഡിറ്റേഴ്സ് ഗിൽഡ് അടക്കമുള്ള മാധ്യമലോകത്തെ കൂട്ടായ്മകളുടെ ആശങ്കകൾ അസ്ഥാനത്തല്ല എന്നുതന്നെയാണ് കേന്ദ്രസർക്കാറിെൻറയും അതിനു നേതൃത്വം നൽകുന്ന ബി.ജെ.പിയുടെയും വിവേചന നിലപാടുകളിൽനിന്നു വ്യക്തമാകുന്നത്.
‘അച്ചടി, ഇലക്ട്രോണിക് അടക്കമുള്ള വിവിധ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷനുള്ള മാർഗനിർദേശങ്ങൾ ഭേദഗതി ചെയ്തതായി തിങ്കളാഴ്ച കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം സർക്കുലർ ഇറക്കുകയായിരുന്നു. അതനുസരിച്ച്, വ്യാജവാർത്ത സംബന്ധിച്ച പരാതി ലഭിച്ചാൽ പരിശോധിക്കാൻ അച്ചടി മാധ്യമങ്ങളുടേത് പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ(പി.സി.െഎ)ക്കും ഇലക്ട്രോണിക് മാധ്യമങ്ങളുടേത് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും (എൻ.ബി.എ) കൈമാറും. 15 ദിവസത്തിനകം അവർ റിപ്പോർട്ട് നൽകണം. അതുവരെ പരാതിയുയർന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ സസ്പെൻഡ് ചെയ്യും. വ്യാജമാണ് വാർത്തയെന്ന് ഇൗ സർക്കാർ അധീന സംവിധാനങ്ങൾ ഉറപ്പിച്ചുകഴിഞ്ഞാൽ മാധ്യമപ്രവർത്തക അക്രഡിറ്റേഷൻ ആറുമാസത്തേക്ക് റദ്ദാക്കും. രണ്ടാമതും ആവർത്തിച്ചാൽ ഒരു വർഷത്തേക്കാകും സസ്െപൻഷൻ. മൂന്നാമതും വ്യാജവാർത്ത തെളിയിക്കപ്പെട്ടാൽ അക്രഡിറ്റേഷൻ പൂർണമായി റദ്ദാക്കും. തിങ്കളാഴ്ച വിജ്ഞാപനം പുറത്തിറങ്ങിയതോടെ വിവാദങ്ങളും തുടങ്ങി. വാർത്തപ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ഇതുസംബന്ധിച്ച് ട്വിറ്ററിലൂടെ മാധ്യമപ്രവർത്തകരുമായും സ്ഥാപനങ്ങളുമായും വിഷയത്തിൽ ചർച്ച തുടങ്ങിയതായി അറിയിച്ചു മുന്നോട്ടുപോകുന്നതിനിടെയാണ് വാർത്തപ്രക്ഷേപണ മന്ത്രാലയത്തിെൻറ സർക്കുലർ പിൻവലിച്ചതായി പ്രധാനമന്ത്രിയുടെ ഒാഫിസ് ചൊവ്വാഴ്ച അറിയിച്ചത്. വ്യാജവാർത്തയുമായി ബന്ധപ്പെട്ട പരാതി പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യയാകും കൈകാര്യം ചെയ്യുകയെന്നും അറിയിപ്പിൽ പറയുന്നു.
സ്വന്തം വരുതിയിലുള്ളവരെന്നു ഉറപ്പിച്ച മാധ്യമസ്ഥാപനങ്ങളടക്കം കേന്ദ്രത്തിെൻറ മാരണനിയമത്തിനെതിരെ കലാപക്കൊടി ഉയർത്തിയതോടെ സ്മൃതി ഇറാനിയുടെയും വാർത്തപ്രക്ഷേപണ വകുപ്പിെൻറയും മേൽ വിവാദം വെച്ചുകെട്ടി പ്രധാനമന്ത്രി മോദി മാധ്യമ‘രക്ഷകനാ’യി അവതരിക്കുകയായിരുന്നു. എന്നാൽ, സ്മൃതിയുടെ മുൻ സ്വയംകൃതാനർഥങ്ങളെല്ലാം മോദിയുടെ അറിവോടും ആശീർവാദത്തോടും കൂടിയുള്ളതാണെന്നു േബാധ്യമുള്ളവരാരും അതത്ര നിഷ്കളങ്കമായി വിഴുങ്ങാൻ തയാറാവില്ല. പൊതുതെരഞ്ഞെടുപ്പിനു കൊല്ലം ഒന്നുമാത്രം ശേഷിക്കെ, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മോദി^ബി.ജെ.പി വിരുദ്ധദിശയിലേക്ക് കാറ്റു മാറിവീശുന്ന ലക്ഷണങ്ങൾ വെളിച്ചത്തുവരുന്നതിൽ കേന്ദ്രത്തിന് അസ്വസ്ഥതയുണ്ട്. ഭരണത്തിലേറിയ ശേഷം, കാമ്പസുകൾ കലാപം കൂട്ടിത്തുടങ്ങിയതു മുതൽ ജനരോഷം ഇരമ്പുന്ന ഘട്ടം വരു േമ്പാഴെല്ലാം മാധ്യമങ്ങൾക്ക് അച്ചടക്കവും നൈതികതയും പഠിപ്പിക്കാൻ ബി.ജെ.പി മുന്നിട്ടിറങ്ങിയതാണ് മുന്നനുഭവങ്ങൾ. അതിൽ പലതിനും സ്മൃതിയുടെ നേതൃത്വവുമുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ഡിജിറ്റൽ വാർത്തകളെ നിയന്ത്രിക്കാനുള്ള നിയമം വേണമെന്ന് അഭിപ്രായമുയർത്തിവരുകയായിരുന്നു മന്ത്രി. അതിനൊടുവിലാണ് സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ചയും സുപ്രീംകോടതി വിധിക്കെതിരായ ദലിത് കലാപവും ആളിപ്പടരുന്ന ഘട്ടത്തിൽ മാധ്യമങ്ങളെ വശപ്പെടുത്താൻ കേന്ദ്രം മൂക്കുകയറെടുത്തത്. വരുംവരായ്കകളെക്കുറിച്ചറിയാൻ മോദി നടത്തിയ മാരണപരീക്ഷണമായാണ് മാധ്യമലോകം പൊതുവെ ഇതിനെ വിലയിരുത്തുന്നത്. വിവാദ സർക്കുലർ പിൻവലിച്ച ശേഷവും ഗവ. നിയന്ത്രണത്തിലുള്ള പ്രസ് കൗൺസിലിനെ പ്രശ്നത്തിൽ ഇടപെടീക്കാമെന്ന നിലപാടിൽ കേന്ദ്രം നിൽക്കുകയും വ്യാജവാർത്തയുടെ നിർവചനം ആര്, എങ്ങനെ നൽകുമെന്ന ആശയക്കുഴപ്പം തുടരുകയും ചെയ്യുന്നു.
വ്യാജവാർത്തകൾക്കെതിരെ പൊടുന്നനെയുണ്ടായ ഇൗ കുരിശുയുദ്ധത്തിലുമുണ്ട് ദുരൂഹത. ജനങ്ങൾക്കിടയിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച് കലാപത്തിനു ശ്രമിച്ചെന്ന കുറ്റം ചുമത്തി മാർച്ച് 29ന് ‘പോസ്റ്റ് കാർഡ് ന്യൂസ്’ എന്ന ഒാൺലൈൻ പത്രത്തിെൻറ നടത്തിപ്പുകാരൻ മഹേഷ് വിക്രം ഹെഗ്ഡെ എന്നയാളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ൈജന മുനി ബൈക്ക് അപകടത്തിൽെപട്ട വാർത്ത മുസ്ലിം യുവാവ് ജൈന മുനിയെ ആക്രമിച്ചെന്നും സിദ്ധരാമയ്യയുടെ കർണാടകയിൽ ആർക്കും രക്ഷയില്ലെന്നും പറഞ്ഞായിരുന്നു അയാൾ കള്ളവാർത്ത ചമച്ചത്. എന്നാൽ, ഇയാളെ രക്ഷിക്കാൻ ബി.ജെ.പി നേതാക്കൾ കൂട്ടമായെത്തി. കേന്ദ്രമന്ത്രി, പാർട്ടി എം.പി, ദേശീയ സെക്രട്ടറി, മഹിള മോർച്ച നേതാവ് അടക്കമുള്ളവർ അക്കൂട്ടത്തിലുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇത്തരം വ്യാജവാർത്ത നിർമിതിയും പ്രചാരണവുമായി ബി.ജെ.പിയെ സഹായിച്ചുകൊണ്ടിരിക്കുന്ന ഹെഗ്ഡെയുടെ 70,000 ട്വിറ്റർ അനുയായികളിൽ പ്രധാനമന്ത്രിയുമുണ്ട്. കേന്ദ്രമന്ത്രിമാരിലെ പ്രമുഖരാണ് ഇതിനു േവണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത്. ഇങ്ങനെ പലതരത്തിൽ ജനങ്ങൾക്കിടയിൽ വംശീയവിഷം പടർത്തുന്ന മാധ്യമസ്ഥാപനങ്ങൾ കൊണ്ടുനടത്തുന്നതിനിടെയാണ് വ്യാജവാർത്തക്കാർക്കെതിരെ ബി.ജെ.പി വലയുമായി ഇറങ്ങിയിരിക്കുന്നത്. വ്യാജവും സത്യവും തീരുമാനിക്കാനുള്ള അധികാരം സർക്കാർ നിയന്ത്രിതവേദികൾക്കു നൽകുന്നത് ഗവൺമെൻറിെൻറ ഹിതാഹിതങ്ങളെ അതിനൊത്ത് വ്യാഖ്യാനിക്കാൻ വേണ്ടിയാണ് എന്ന ആശങ്ക വെറുതെയല്ല. ബി.ജെ.പിയുടെ ഭരണപരാജയമോരോന്നായി നാൾക്കുനാൾ വെളിപ്പെട്ടുകൊണ്ടിരിക്കെ വിശേഷിച്ചും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.