കണ്ടെത്തണം ഭീഷണി ബോംബുകളുടെ പണിശാല
text_fieldsകടുത്ത ആശങ്കയുടെ മുൾമുനയിലാണ് ഇന്ത്യയിലെ വിമാനയാത്രികരും വിമാനക്കമ്പനികളും. വിവിധ റൂട്ടുകളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി കഴിഞ്ഞ പത്തു ദിവസം കൊണ്ട് അറുനൂറ് കോടിയിലേറെ രൂപയുടെ ബിസിനസ്സും വിലയിടാനാവാത്ത മനസ്സമാധാനവുമാണ് കവർന്നെടുത്തിരിക്കുന്നത്. കേരളത്തിൽ നിന്നുള്ളവയുൾപ്പെടെ ഇരുനൂറിലേറെ വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചിറക്കുകയോ റദ്ദാക്കുകയോ ചെയ്തു; ഇന്നലെ മാത്രം 85 ഇന്ത്യൻ വിമാനങ്ങളെ ബോംബ് ഭീഷണി ബാധിച്ചു.
കർണാടകയിലെ ബലഗാവി വിമാനത്താവളത്തിൽ ബോംബ് വെച്ചതായ സന്ദേശവും ഇതിനിടെ ഉയർന്നിരുന്നു. ഭാഗ്യത്തിന് ഭീഷണികളെല്ലാം വ്യാജമായിരുന്നു. പക്ഷേ, അത് ഭീഷണിയുടെയും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങളുടെയും ഗൗരവം കുറക്കുന്നില്ല. ഭീഷണി ഉറപ്പാക്കാതെ വിമാനങ്ങൾ നിലത്തിറക്കുകയോ വഴിതിരിച്ചുവിടുകയോ വേണ്ടതില്ലെന്ന ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റിയുടെ പ്രോട്ടോകോൾ പ്രയോഗത്തിൽ വന്നെങ്കിലും ഭീഷണി നിഴലിൽ ഒരു യാത്രക്ക് ടിക്കറ്റെടുക്കുകയെന്ന സാഹസത്തിന് മുതിരാൻ യാത്രക്കാർ, വിശിഷ്യാ വിദേശ സഞ്ചാരികൾ മടിച്ചേക്കുമെന്നതും കാണാതിരിക്കാനാവില്ല.
വിമാനങ്ങൾക്ക് ബോംബ് ഭീഷണി ഉയരുന്നത് പുതിയ കാര്യമല്ല. നാട്ടിലെ സ്വൈരവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന വിവിധ ഭീകരവാദ കൂട്ടായ്മകളും വ്യക്തികളുമെല്ലാം കാലങ്ങൾക്കുമുമ്പ് തന്നെ ഇപ്പണി ചെയ്യാറുണ്ട്. എന്നാൽ, കഴിഞ്ഞ പത്തു ദിവസമായി മുഴങ്ങുന്ന ഭീഷണിയുടെ പാറ്റേൺ മുമ്പ് കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ഉത്തരവാദികളെന്ന് സംശയിക്കുന്ന ചുരുക്കം ചിലരിലേക്ക് എത്തിച്ചേരുകയും ചെയ്തുവെന്നതൊഴിച്ചാൽ അന്വേഷണ ഏജൻസികളും ഇരുട്ടിൽത്തപ്പുകയാണ്.
സമൂഹ മാധ്യമങ്ങളിലൂടെ, മുഖ്യമായും എക്സിലൂടെ (പഴയ ട്വിറ്റർ) യാണ് ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ബംഗളൂരു-ഡൽഹി അകാസ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഒക്ടോബർ 16ന് എക്സിലൂടെ വന്ന ഭീഷണി സന്ദേശത്തിന്റെ ഉറവിടം തേടി ഡൽഹി പൊലീസ് സമൂഹമാധ്യമ കമ്പനിക്ക് കത്തെഴുതിയിട്ട് നാളിതുവരെ അത് കണ്ടെത്താനായിട്ടില്ല. ഐ.പി വിലാസം കണ്ടെത്താതിരിക്കാൻ വി.പി.എൻ പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ചാണ് ഭീഷണി അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നത്. ഭീഷണി സന്ദേശമയച്ച സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം വ്യാജമാണെന്ന് ഉറപ്പിച്ചതിനെത്തുടർന്ന് വ്യാജ ഐ.ഡികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നതാരെന്ന് കണ്ടെത്താൻ സമൂഹമാധ്യമ കമ്പനികളെ സമീപിച്ചെങ്കിലും അവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആക്ഷേപം കേന്ദ്രസർക്കാറിനുണ്ട്. വ്യാജ സന്ദേശം പരത്തുന്ന അക്കൗണ്ടുകളെ കണ്ടെത്തി നിയന്ത്രിക്കാത്ത പക്ഷം കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നതായി കണക്കാക്കുമെന്ന മുന്നറിയിപ്പും കേന്ദ്ര ഐ.ടി മന്ത്രാലയം നൽകി.
ലോകത്തെ മികവുറ്റ രഹസ്യാന്വേഷണ സംഘങ്ങളിലൊന്നാണ് നമുക്കുള്ളതെന്നാണ് സർക്കാറും അധികാരികളും അവകാശപ്പെടാറ്. സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ മികവുള്ള അന്വേഷണ വിദഗ്ധരും ഒട്ടേറെയുണ്ട്. സമൂഹമാധ്യമ കമ്പനികൾ സഹകരിക്കുന്നില്ല എന്നതോ ഭീതി വിതക്കുന്നവർ വി.പി.എൻ ഉപയോഗിക്കുന്നുവെന്നതോ കുറ്റവാളികളെ കണ്ടെത്തുന്നതിലെ കാലവിളംബത്തിന് ന്യായീകരണമല്ല.
സമൂഹ മാധ്യമങ്ങളിലൂടെ ഏതെങ്കിലും വ്യക്തികൾക്കും ജനവിഭാഗങ്ങൾക്കുമെതിരെ ഭീഷണികളും വിദ്വേഷ പരാമർശങ്ങളും മുഴക്കുന്നവരെ കണ്ടെത്തി വേണ്ടവിധത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ കുറ്റാന്വേഷണ ഏജൻസികൾ കുറച്ചുകാലമായി പുലർത്തിവരുന്ന നിസ്സംഗത ഇത്തരത്തിലെ നികൃഷ്ടകൃത്യങ്ങൾ ചെയ്താലും അശിക്ഷിതരായി നടക്കാമെന്ന പ്രതീതി സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്.
മുൻകാലങ്ങളിലെ ബോംബ് ഭീഷണികളുടെ ഉത്തരവാദികളെ കണ്ടെത്തിയാൽത്തന്നെയും പ്രതികളുടെ മതവും ജാതിയും നോക്കി തരം പോലെ കുറ്റവാളിയായും മനോരോഗിയായും പ്രഖ്യാപിക്കുന്ന പതിവും നമ്മുടെ പൊലീസ് സേനകൾക്കുണ്ടായിരുന്നുവല്ലോ. സർക്കാറിനെ വിമർശിക്കുന്നവരെയും കർഷക സമരത്തെ പിന്തുണക്കുന്നവരെയും നേരിടുന്നതിന് സമൂഹമാധ്യമ കമ്പനികൾക്കുമേൽ ചെലുത്തിയ സമ്മർദത്തിന്റെ ഒരംശം പോലും രാജ്യത്തിന്റെ വിമാന സർവിസുകളെയും ജനജീവിതത്തെത്തന്നെയും ഭീഷണിയിലാഴ്ത്തുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിന് നടത്തിയിട്ടുണ്ടോ എന്ന് അധികാരികൾ സ്വയം ചോദിച്ചുനോക്കേണ്ടതുണ്ട്.
കോവിഡ് മഹാമാരി മൂലമുണ്ടായ ആകാശ യാത്രാ നിരോധനവും അതിന് തുടർച്ചയായ ആഗോള വ്യാപാര-സാമ്പത്തിക മാന്ദ്യവും സൃഷ്ടിച്ച കടുത്ത ആഘാതത്തിൽ നിന്ന് മുക്തമാവുന്നതിനായി മെല്ലെമെല്ലെ ചിറകുവിരിച്ചുവരുന്നതിനിടയിലാണ് ഇന്ത്യൻ വ്യോമയാന മേഖല തുടരെത്തുടരെയുള്ള ബോംബ് ഭീഷണിയുടെ ചുഴിയിൽപ്പെടുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ മനോരോഗികളെന്നോ സൈബർ വികൃതികളെന്നോ ലഘൂകരിച്ച് അവഗണിച്ചുകൂടാ. വ്യോമയാന വ്യവസായ രംഗത്തെ തകർക്കുന്ന ഈ ഭീതിയുടെ വ്യാപാരികളാരാണെന്നും അവരുടെ താൽപര്യങ്ങളെന്തൊക്കെയെന്നും അടിയന്തരമായിത്തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് യാത്ര ചെയ്യാൻ ജനങ്ങളെ നിർബന്ധിതമാക്കുന്ന സാഹചര്യം അത്രമാത്രം ആപത്കരമാണ്, അപമാനകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.