വിഭജനരാഷ്ട്രീയത്തിെൻറ അതിർത്തി യുദ്ധങ്ങൾ
text_fieldsഒരിഞ്ചു ഭൂമിയും അപഹരിക്കാൻ അപരനെ അനുവദിക്കുകയില്ലെന്നും അതിനു മുതിർന്നാൽ അപായപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുക, അതിർത്തികളിൽ ആളെക്കൂട്ടി അയൽക്കാർക്കെതിരെ കലാപത്തിനു കോപ്പുകൂട്ടുക, ഇരുഭാഗത്തും സായുധസജ്ജരായ പൊലീസിനെ അണിനിരത്തുക, ഇരുഭരണാധികാരികളും സമൂഹമധ്യത്തിലും സമൂഹമാധ്യമങ്ങളിലും പരസ്പരം പോർവിളി മുഴക്കുക, ആറ് അസം പൊലീസുകാരുടെ ജീവനഷ്ടത്തിനും നൂറോളം പേരുടെ പരിക്കിനുമിടയാക്കിയ രക്തരൂഷിത സംഘർഷമായി ഇതു വളരുക...ജമ്മു-കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയിലോ ചൈനയുമായി അതിരു പങ്കിടുന്ന അരുണാചൽപ്രദേശിലോ അല്ല ഇൗ കൈയാങ്കളിയും കലാപവും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രമുഖമായ അസമും അതിനോടു തൊട്ടുകിടക്കുന്ന കൊച്ചുസംസ്ഥാനമായ മിസോറമുമാണ് ഇപ്പോൾ അതിരടയാളങ്ങളുടെയും അതിനെ ആധാരമാക്കിയ വംശീയതയുടെയും പേരിൽ സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുന്നത്. അതിർത്തി ലംഘനം, അനധികൃതനിർമാണം, കുടിയേറ്റം, നുഴഞ്ഞുകയറ്റം, സേനാവിന്യാസം തുടങ്ങി രണ്ടു രാജ്യങ്ങൾ തമ്മിൽ കണ്ടുവരാറുള്ള അതിർത്തിസംഘർഷത്തിെൻറ എല്ലാ ചേരുവകളുമുണ്ട് കഴിഞ്ഞ ഒരു വർഷമായ രൂക്ഷത പ്രാപിച്ച അസം-മിസോറം തർക്കത്തിന്. മിസോറമിലേക്ക് യാത്ര ചെയ്യരുതെന്നും പോകുന്നവർ സ്വയംരക്ഷ നോക്കിക്കൊള്ളണമെന്നും അസം ഗവൺമെൻറ് ജാഗ്രതനിർദേശം നൽകിയിരിക്കുന്നു. അതിരുകാക്കാൻ 4000 കമാൻഡോകളെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ പ്രഖ്യാപിച്ചിരിക്കുന്നു. മറുഭാഗത്ത്, അസം പൊലീസ് സംസ്ഥാനത്തേക്ക് കടന്നുകയറിയാൽ മറ്റൊരു അക്രമാസക്ത പ്രതികരണം കാണേണ്ടി വരുമെന്ന് മിസോറം ഭരണകക്ഷി എം.പി കെ. വൻലാൽവേന ഭീഷണി മുഴക്കുന്നു. മിസോറം സർക്കാർ അസം മുഖ്യമന്ത്രിയെ കൊലക്കേസിൽ പ്രതിചേർക്കുന്നു. പകരം മിസോ എം.പിക്കെതിരെ അസം സർക്കാർ കേസെടുക്കുന്നു. ഇങ്ങനെ കൊണ്ടും കൊടുത്തും അന്യോന്യം കൊമ്പുകോർക്കുകയാണ് രണ്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ.
കക്ഷിരാഷ്ട്രീയഭിന്നതയൊന്നും ഇൗ രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ഇല്ല. അസമിൽ ബി.ജെ.പി നേരിട്ടു ഭരിക്കുേമ്പാൾ മിസോറമിൽ സംഘ്പരിവാറിെൻറ വിശ്വസ്ത സഹയാത്രികൻ സോറംതംഗയാണ് മുഖ്യമന്ത്രി. വടക്കുകിഴക്ക് ഇന്ത്യ കാവിവത്കരിക്കാൻ ബി.ജെ.പി നിയോഗിച്ച ശർമ തന്നെയാണ് നോർത്ത് ഇൗസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന് രൂപംകൊടുത്ത് സോറംതംഗയുടെ മിസോ നാഷനൽ ഫ്രണ്ടിെൻറ സഖ്യകക്ഷി ഗവൺമെൻറിന് കളമൊരുക്കിയത്. എന്നാൽ, ഇൗ സഖ്യമൊന്നും മണ്ണിനും ഏതാനും വെള്ളച്ചാട്ടങ്ങൾക്കും വേണ്ടിയുള്ള അവകാശവാദത്തിൽ ഇരുകൂട്ടരെയും വിട്ടുവീഴ്ചക്ക് പ്രേരിപ്പിച്ചിട്ടില്ല. കോളനി വാഴ്ചക്കാലത്തെ സംസ്ഥാനവിഭജനത്തിൽ കൃത്യതപ്പെടുത്തിയിട്ടില്ലാത്ത അതിരുകളുടെ പേരിലാണ് ഇരുനാട്ടുകാരും തമ്മിൽ പോരുമുറുകുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
1875 ൽ ബ്രിട്ടീഷുകാരാണ് അസമിനെ മുറിച്ചു മിസോകൾക്ക് പ്രത്യേകപ്രദേശമുണ്ടാക്കിയത്. പിന്നീട് 1933ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അതിർത്തി പുനർനിർണയിച്ചു. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷം 1972ൽ 1875 ലെ അടയാളങ്ങളിലേക്കുതന്നെ അതിർത്തി മാറ്റിവരച്ചു. എന്നാൽ, 1933 ലെ പുനർനിർണിത രേഖയാണ് പ്രമാണമാക്കേണ്ടത് എന്നാണ് അസമിെൻറ വാദം. അരനൂറ്റാണ്ടിലേറെയായി തുടരുന്ന അവസാന വഴക്കിെൻറ കനലുകൾ അണയാതെ കിടക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷം ഇരുവിഭാഗങ്ങൾക്കിടയിൽ പിന്നെയും തർക്കം ഉടലെടുത്തത്. മിസോറമുകാർ അസമിെൻറ അതിർത്തികടന്ന് അനധികൃത കുടിലുകൾ കെട്ടുന്നുവെന്നാരോപിച്ച് കഴിഞ്ഞ ഒക്ടോബറിൽ ഒരു കുടിയൊഴിപ്പിക്കൽ യജ്ഞം അസം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് അസമിൽനിന്നുള്ള വാഹനങ്ങൾ മിസോ അതിർത്തിയിൽ തടഞ്ഞിട്ടു. അതിനിടെ അതിർത്തിദേശത്തുള്ള ഒരാളെ മിസോ പൊലീസ് പിടികൂടുകയും അയാൾ കസ്റ്റഡിയിൽ മരിക്കുകയും ചെയ്തു. തുടർന്ന് കേന്ദ്ര ഇടപെടലിനെ തുടർന്നാണ് ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്ത് മൂന്നാഴ്ച കഴിഞ്ഞ് അതിർത്തി തുറന്നത്. ഇപ്പോൾ കഴിഞ്ഞ മാസം അസം പൊലീസ് തങ്ങളുടെ സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറി എന്നാരോപിച്ച് മിസോറം അതിർത്തിയിൽ സുശക്തമായ പൊലീസ് ബന്തവസ്സ് സംവിധാനിച്ചു. അതിനു പ്രതികരണമെന്നോണം അസം ഇപ്പുറത്തും സേനാവിന്യാസം നടത്തി. മുൻസംഘർഷങ്ങളെ തുടർന്നു കേന്ദ്രസേന അതിരു കാക്കുന്നിടത്താണ് ഇൗ പോര് മുറുകുന്നതെന്നോർക്കണം. അതിനൊടുവിലാണ് കഴിഞ്ഞ 26ന് ഇരുനൂറോളം അസം പൊലീസ് സേന ലൈലാപൂരിലെ അതിർത്തി കടന്നെത്തി എന്നാരോപിച്ച് മിസോ പൊലീസ് വെടിയുതിർത്തതും ആറു പൊലീസുകാരുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതും. തുടർന്ന് മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഇരുപക്ഷവും ചേരിതിരിഞ്ഞ് 'ഏറ്റുമുട്ടുകയായിരുന്നു'. ഒടുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശാസനക്കു വഴങ്ങി തൽക്കാലം ഇരുഭാഗവും കേസുകൾ പിൻവലിച്ച് ഇണങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് അൽപായുസ്സേ ഉണ്ടാകൂ എന്നു തർക്കത്തിെൻറ നാൾവഴികൾ തെളിയിക്കുന്നു.
ദേശാതിർത്തികൾ തരംപോലെ മാറ്റിവരച്ച് നിക്ഷിപ്ത രാഷ്ട്രീയതാൽപര്യത്തിനുവേണ്ടി അധികാരശക്തികൾ കൊണ്ടുനടത്തുന്ന വിഭജനങ്ങൾ ജനതയെ എവിടെ കൊണ്ടെത്തിക്കും എന്നതിെൻറ മികച്ച ഉദാഹരണമാണ് അസം-മിസോറം അതിർത്തി സംഘർഷം. കോളനിവാഴ്ചക്കാരുടെ അടിമപ്പാളയങ്ങളിലെത്തിപ്പെട്ടവരുടെ പിന്മുറക്കാരെ വംശീയവിവേചനത്തിനും വിദ്വേഷത്തിനുമിരയാക്കി അപരവത്കരിക്കുന്ന അസമിലാണിപ്പോൾ വർഗ, വംശസങ്കുചിതവാദികൾ അന്യോന്യം അതിർത്തിയുടെ പേരിൽ അങ്കം മുറുക്കുന്നത്. ഇങ്ങനെ പഴയ പാപങ്ങൾക്ക് ഇപ്പോഴും പിഴയൊടുക്കേണ്ടി വരുന്ന ദുര്യോഗത്തിലും ജമ്മു- കശ്മീരിനെ വിഭജിച്ചും തമിഴ്നാട്ടിൽ അതിനു വിത്തെറിഞ്ഞുമൊക്കെ വെട്ടിമുറിക്കൽ രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്നവർ നാടിനെ എവിടെയെത്തിക്കും എന്നറിയാൻ പുതിയ സംഘർഷമേഖല തുറക്കുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു നോക്കിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.