ബ്രിക്സ്: അംഗബലം കൂടിയാൽ പ്രസക്തി കൂടുമോ?
text_fieldsകഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ബ്രിക്സ് ഉച്ചകോടി സമാപിച്ചത് അല്പം നാടകീയമായ പ്രഖ്യാപനത്തോടെയാണ്. നിലവിലെ അംഗരാജ്യങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവക്കു പുറമെ സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഈജിപ്ത്, ഇറാൻ, ഇത്യോപ്യ, അർജന്റീന എന്നീ രാജ്യങ്ങളെക്കൂടി അടുത്ത ജനുവരി മുതൽ അംഗങ്ങളായി ചേർക്കുന്നു എന്നായിരുന്നു പ്രഖ്യാപനം. നിലവിലുള്ളതിനേക്കാൾ കൂടുതൽ അംഗങ്ങളെ പുതുതായി ചേർത്ത് അംഗസംഖ്യ ഇരട്ടിയിലധികമാക്കാനുള്ള തീരുമാനം ഒരു രാഷ്ട്രസഖ്യത്തിന്റെ ചരിത്രത്തിൽ അസാധാരണമാണ്.
2009ൽ രൂപവത്കരിക്കുകയും 2010ൽ ദക്ഷിണാഫ്രിക്കകൂടി ചേർന്നതോടെ പഞ്ചരാഷ്ട്ര സഖ്യമാവുകയും ചെയ്ത ബ്രിക്സിൽ ചേരാൻ 40 രാജ്യങ്ങൾ താല്പര്യം കാണിക്കുകയും 22 രാജ്യങ്ങളെങ്കിലും അത് ഔപചാരികമായി രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നുവത്രെ. പുതിയ അംഗങ്ങൾകൂടി ചേർത്താൽ ലോക ജനസംഖ്യയുടെ 40 ശതമാനവും ലോക ജി.ഡി.പിയുടെ 30 ശതമാനവും ബ്രിക്സിന്റെതാവും. വികസിത-സമ്പന്ന രാഷ്ട്രങ്ങൾ മാത്രം അംഗങ്ങളായ ജി-ഏഴ് രാജ്യങ്ങളുടെ ജനസംഖ്യ 10 ശതമാനമാണ്. അവയുടെ മൊത്തം ജി.ഡി.പി വിഹിതം ബ്രിക്സിന്റേതിന് സമാനമാണ്. അപ്പോൾ ബ്രിക്സിന്റെ പ്രാമുഖ്യം കൂട്ടുന്ന ഒരു ഘടകം ലോകത്തെ പ്രമുഖ എണ്ണ ഉൽപാദക രാജ്യങ്ങളിൽ നാലെണ്ണം അതിൽ പെടുകയും അതുവഴി ആഗോള എണ്ണ ഉൽപാദനത്തിന്റെ 40 ശതമാനത്തോളം ബ്രിക്സ് രാജ്യങ്ങളിൽനിന്നാവുകയും ചെയ്യും എന്നതാണ്.
അൽപം അയഞ്ഞ ഘടനയുള്ള ബ്രിക്സിന്റെ മുഖ്യലക്ഷ്യങ്ങൾ വ്യാപാര സഹകരണവും വികസനവും ത്വരിതമാക്കലും അംഗരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെ പരസ്പരം പോഷിപ്പിക്കലുമാണ്. അതെന്തായാലും ആഗോളതലത്തിൽ അമേരിക്കൻ-യൂറോപ്യൻ നേതൃത്വമുള്ള ജി-ഏഴ് സഖ്യത്തിന് ഒരു എതിർശബ്ദം എന്ന ഭാവം ബ്രിക്സിന് തുടക്കം മുതലേ ഉണ്ടായിരുന്നു. ഇടക്കാലത്തെ ചില നിലപാടുകൾ ഉദാഹരണമായി പറയാം. കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച തീരുമാനങ്ങൾ, ഐക്യരാഷ്ട്ര സഭയുടെ ഘടനപരിഷ്കാരങ്ങൾ, പാശ്ചാത്യ ചേരി ഇറാൻ, റഷ്യ, വെനിസ്വേല എന്നീ രാജ്യങ്ങൾക്കുമേൽ നടപ്പാക്കിയ ഉപരോധങ്ങളിലെ നിസ്സഹകരണം എന്നിവ അവയിൽപെടും.
ഇതോടൊപ്പം എല്ലാ ആഗോള വിഷയങ്ങളിലും അംഗരാജ്യങ്ങൾക്കിടയിൽ ഏകനയം ഉണ്ടായിരുന്നുമില്ല. തിളച്ചുമറിഞ്ഞ യുക്രെയ്ൻ യുദ്ധ വിഷയത്തിൽ റഷ്യക്കെതിരായ യു.എൻ. പ്രമേയങ്ങളിൽനിന്ന് ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ വിട്ടുനിൽക്കുകമാത്രമാണ് ചെയ്തത്. മറ്റു രാജ്യങ്ങൾ ആരും റഷ്യൻ നിലപാടിനെ പിന്തുണച്ചിരുന്നുമില്ല. ഇന്ത്യയും ചൈനയും തമ്മിലെ അതിർത്തി തർക്കങ്ങൾ പരസ്പരബന്ധങ്ങളിലെ ഊഷ്മളതയെ ബാധിച്ചുവെന്നതും നേരാണ്. എങ്കിലും റഷ്യ-ചൈന സഹകരണത്തിന് ഇതര രാഷ്ട്രങ്ങളുടെ ഊന്നു ലഭിക്കുന്ന ഒരു വേദിയായി ബ്രിക്സിനു പ്രസക്തി കൈവരുകയും ചെയ്തിരിക്കുന്നു. ചില നിലപാടുകളിൽ സമാനതകൾ ഉണ്ടെന്നല്ലാതെ ഉറച്ച സമീപനങ്ങളിലൂടെയോ നാറ്റോയെപ്പോലെ സൈനികമായോ ഏതെങ്കിലും രാഷ്ട്രചേരിയെ നേരിടുന്ന ചരിത്രം ഇതുവരെ ബ്രിക്സിനില്ല. എന്നാൽ, സാമ്പത്തിക മേഖലയിൽ ബ്രിക്സ് രൂപം നൽകിയ ന്യൂ ഡെവലപ്മെന്റ് ബാങ്ക് (എൻ.ഡി.ബി) ഇതിനകം 33 ബില്യൺ വികസനവായ്പ നൽകി, എളിയ തോതിൽ പാശ്ചാത്യ ശക്തികൾക്ക് മേധാവിത്വമുള്ള ലോക ബാങ്ക്, ഐ.എം.എഫ് സാമ്പത്തിക സ്ഥാപനങ്ങൾക്ക് ബദലാവാനുള്ള ശ്രമത്തിലാണെന്ന് പറയാം.
പരസ്പരമുള്ള പണമിടപാടുകൾ ഡോളറിനുപകരം പ്രാദേശിക നാണയത്തിൽ ആകണമെന്ന് ബ്രിക്സിൽ അഭിപ്രായൈക്യം ഉണ്ടായിരുന്നെങ്കിലും എൻ.ഡി.ബി. നൽകിയ 33 ബില്യൺ ഡോളർ മൂല്യമുള്ള 100ഓളം പദ്ധതി കടങ്ങളിൽ മൂന്നിൽ രണ്ടും ഡോളറിൽതന്നെയായിരുന്നു. ബ്രിക്സിന്റെ പരിമിതികളുടെ ഒരുദാഹരണമാണിത്. എങ്കിലും എണ്ണ-സമ്പന്ന രാജ്യങ്ങളുടെ പ്രവേശം കൂടുതൽ പണം ലഭ്യമാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്. മാത്രമല്ല, റഷ്യൻ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും റഷ്യയും തമ്മിൽ രൂപ-റൂബിൾ മാധ്യമമായി നടത്തിയ ഊർജ ഇടപാടുകൾ അന്താരാഷ്ട്രതലത്തിൽ ഡോളർ-മുക്ത ക്രയവിക്രയത്തിന്റെ നവീന മാതൃക പരീക്ഷിക്കാൻ തുണയാകും. എന്നാൽ, യു.എൻ വേദിയിൽ പല വിഷയങ്ങളിലും ബ്രിക്സ് അംഗരാഷ്ട്രങ്ങൾ വ്യത്യസ്ത രീതിയിലാണ് വോട്ട് ചെയ്തുവരുന്നത്. ആഗോള ശാക്തികസന്തുലനത്തിൽ അമേരിക്കക്കു ബദലാകാനും ആഗോള സാമ്പത്തിക വ്യവസ്ഥയിൽ കൂടുതൽ ആധിപത്യം നേടാനുമുള്ള ചൈനയുടെ മേധാവിത്വത്വര പൂർണമായ ഐക്യത്തിന് തടസ്സമാവാൻ ഇടയുണ്ട്.
നിർണായക വിഷയങ്ങളിൽ അമേരിക്കൻ മേധാവിത്വം അവസാനിപ്പിക്കണമെന്ന പൊതുവായ അന്തർധാരയാവാം നാല്പതോളം രാജ്യങ്ങളുടെ അംഗത്വതാല്പര്യത്തിനു മുഖ്യപ്രേരകവും ഇപ്പോൾ നടന്ന അംഗത്വ വിപുലീകരണത്തിലേക്ക് ബ്രിക്സിനെ നയിച്ചതും. തങ്ങളുടെ നിലപാടുകൾക്ക് കൂടുതൽ ദൃശ്യതയും അംഗീകാരവും നേടാൻ അത് ഉതകും എന്ന ബോധ്യവും സ്വാധീനിച്ചിരിക്കും. ആ നിലയിൽ ആറിന് പുറമെ കൂടുതൽ അംഗങ്ങളെ ചേർക്കാനും സാധ്യതയുണ്ട്. ഒരു ചെറു വട്ടമേശക്കു ചുറ്റുമിരുന്നു കണ്ണുരുട്ടുന്നതിനേക്കാൾ പ്രതിഫലനം സൃഷ്ടിക്കാവുന്നതാണ് ആളും അർഥവുമുള്ള കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തമെന്ന തിരിച്ചറിവ് സ്വാഭാവികമാണ്. അങ്ങനെ സംക്ഷേപിച്ചാൽ, രണ്ട് ഘടകങ്ങളാവാം പുതിയ അംഗത്വ അപേക്ഷകരെയും ബ്രിക്സ് രാജ്യങ്ങളെയും സ്വാധീനിച്ചിരിക്കുക. ഒന്ന്, അമേരിക്കൻ ഏകധ്രുവ മേധാവിത്വത്തിനെതിരായ പൊതു വികാരം. രണ്ട്, ദക്ഷിണ അർധഗോള രാജ്യങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന വികസ്വരരാജ്യങ്ങളുടെ ഒരു ചേരിയിലൂടെ ബഹുധ്രുവമായ ഒരു ആഗോള സമവാക്യത്തിനുള്ള അഭിലാഷം. രണ്ടും സഫലമാകണമെങ്കിൽ കൂടുതൽ ലക്ഷ്യബോധത്തോടെ രാഷ്ട്ര നേതൃത്വങ്ങൾ സക്രിയമാവുകയും ആഭ്യന്തരമായി സ്വീകാര്യമായ ജനാധിപത്യ മാതൃക പ്രദർശിപ്പിക്കുകയും ചെയ്യണം. ജനസംഖ്യ കൊണ്ടും സാമ്പത്തിക വ്യവസ്ഥയുടെ വലുപ്പം കൊണ്ടും ബ്രിക്സ് രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യക്കു ഇതിൽ നേതൃപരമായ പങ്കു വഹിക്കാൻ പറ്റും. പക്ഷേ, ആഭ്യന്തര വീഴ്ചകൾ നികത്തി വേണം അതിനുള്ള അർഹത ഉറപ്പിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.