കസാനിൽ പുതിയൊരു ‘ബ്രിക്സ്’
text_fieldsആഗോള രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ അമേരിക്കക്കും ഐക്യരാഷ്ട്രസഭക്കും ലോകബാങ്കിനുമെല്ലാം കൈവന്നിട്ടുള്ള മേൽക്കൈ ചെറിയ രീതിയിലെങ്കിലും ചോദ്യം ചെയ്യപ്പെടാനും ഈ കൂട്ടായ്മ കാരണമായിരിക്കുന്നു
റഷ്യയിലെ കസാനിൽ കഴിഞ്ഞദിവസം സമാപിച്ച 16ാമത് ‘ബ്രിക്സ്’ ഉച്ചകോടി പതിവിൽനിന്ന് വ്യത്യസ്തമായി വലിയ വിജയമായി എന്നുതന്നെ വിലയിരുത്താം. 2022ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം, റഷ്യയിൽ നടന്ന ഏറ്റവും വലിയ സമ്മേളനം കൂടിയായിരുന്നു ഈ ഉച്ചകോടി. യുദ്ധത്തോടെ, മേഖലയിൽ റഷ്യ ഒറ്റപ്പെട്ടുവെന്ന പാശ്ചാത്യശക്തികളുടെ വാദത്തെ ദുർബലമാക്കാൻ ഈ സമ്മേളനത്തിലൂടെ റഷ്യക്കും പ്രസിഡന്റ് വ്ലാദിമിർ പുടിനും സാധിച്ചത് അവരുടെ നയതന്ത്ര വിജയമാണ്. അതിനപ്പുറം, ‘ബ്രിക്സ്’ കേന്ദ്രീകരിച്ച് ‘ദക്ഷിണഭൂപട’ത്തിൽ പുതിയൊരു ശക്തി രൂപപ്പെട്ടുകഴിഞ്ഞുവെന്നതിന്റെ പ്രഖ്യാപനംകൂടിയായി കസാൻ ഉച്ചകോടി. ‘ആഗോള വികസനത്തിനും സുരക്ഷക്കുമായി ബഹുമുഖ വാദങ്ങൾ ശക്തമാക്കുന്നു’വെന്ന ഉച്ചകോടിയുടെ പ്രമേയം വലിയൊരർഥത്തിൽ സാർഥകമാക്കാനും സംഘാടകർക്ക് സാധിച്ചു. ഒമ്പത് അംഗരാജ്യങ്ങളുടെയും നേതാക്കൾ സമ്മേളനത്തിൽ സജീവമായി പങ്കുകൊണ്ടതും ഇന്ത്യയും ചൈനയുമടക്കമുള്ള പ്രബലകക്ഷികൾ ഉഭയകക്ഷി ചർച്ചകളിലൂടെ കാലങ്ങളായി നിലനിൽക്കുന്ന വിഷയങ്ങളിൽപോലും പരിഹാരത്തിനുള്ള വഴിതുറന്നതും ചെറിയ കാര്യമല്ല; അംഗരാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും ധാരണയും രൂപപ്പെടുത്തുന്നതിൽ സമ്മേളനം വലിയൊരളവ് വിജയിച്ചു. അതിനപ്പുറം, ഉച്ചകോടിയോടനുബന്ധിച്ച്, അംഗരാഷ്ട്രങ്ങൾക്കുപുറമെ, 30 രാജ്യങ്ങളുടെ നേതാക്കളും കസാനിലെത്തിയതും അക്ഷരാർഥത്തിൽ അമേരിക്കയെയും യൂറോപ്യൻ ശക്തികളെയും ഞെട്ടിച്ചുകളഞ്ഞു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമെല്ലാം സമ്മേളനത്തിൽ സംബന്ധിച്ചത് ആഗോള രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങളുടെ സൂചനയായി കാണുന്നവരുണ്ട്. അതിനെ സാധൂകരിക്കുംവിധം, ഗസ്സക്കും ലബനാനും ഐക്യദാർഢ്യ പ്രഖ്യാപനങ്ങളും ഉച്ചകോടിയിൽ മുഴങ്ങിക്കേൾക്കുകയും ചെയ്തു. ചുരുക്കത്തിൽ, റഷ്യയും ചൈനയുമെല്ലാം മുന്നോട്ടുവെക്കുന്ന മൗലിക നിലപാടുകളിൽ ചില വൈരുധ്യങ്ങളുണ്ടെങ്കിലും കസാനിൽനിന്നുള്ള സന്ദേശം പൊതുവിൽ പ്രതീക്ഷാനിർഭരമാണ്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ 2006ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ജി-8 ഉച്ചകോടിയോട് അനുബന്ധിച്ച് ചേർന്ന അനൗദ്യോഗിക യോഗത്തിലാണ് പുതിയൊരു രാഷ്ട്രകൂട്ടായ്മയെക്കുറിച്ച ആലോചന ഉരുത്തിരിഞ്ഞത്. പ്രസ്തുത രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അതേവർഷം, യു.എൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് മറ്റൊരു കൂടിക്കാഴ്ചകൂടി നടത്തിയതോടെ ഒരു സംഘടന എന്ന നിലയിലേക്ക് ആലോചനകൾ വളർന്നു. 2009ൽ, റഷ്യയിൽ ആദ്യത്തെ ഔപചാരിക ഉച്ചകോടിയും നടന്നു. അവിടെവെച്ച്, ദക്ഷിണാഫ്രിക്കയും കൂട്ടായ്മയുടെ ഭാഗമായതോടെയാണ് അഞ്ച് രാജ്യങ്ങളുടെയും ഇംഗ്ലീഷ് പേരിലെ ആദ്യക്ഷരങ്ങൾ ചേർത്ത് ‘ബ്രിക്സ്’ എന്ന സംഘടന ഇന്ന് കാണുംവിധം യാഥാർഥ്യമായത്. പത്ത് വർഷത്തോളം വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിച്ച ഈ രാജ്യങ്ങൾക്കിടയിൽ ചില വിഷയങ്ങളിൽ അഭിപ്രായഭിന്നതകളും രൂപപ്പെട്ടിരുന്നുവെന്നതും കാണാതിരുന്നുകൂടാ. എങ്കിലും, നിലനിൽക്കുന്ന ആഗോള രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ അമേരിക്കക്കും യൂറോപ്യൻ യൂനിയനും നാറ്റോക്കും ഐക്യരാഷ്ട്രസഭക്കും ലോകബാങ്കിനുമെല്ലാം കൈവന്നിട്ടുള്ള മേൽക്കൈ ചെറിയ രീതിയിലെങ്കിലും ചോദ്യം ചെയ്യപ്പെടാനും ഈ കൂട്ടായ്മക്ക് കഴിഞ്ഞു. അംഗരാഷ്ട്രങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും അവർ വെച്ചുപുലർത്തുന്ന ചില പ്രതിലോമ രാഷ്ട്രീയ സമീപനങ്ങളും നിലനിൽക്കെത്തന്നെയാണിത് സാധ്യമായത്. കഴിഞ്ഞവർഷം, കൂട്ടായ്മ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും തുടക്കമായി. ഇതിന്റെ ഭാഗമായാണ് അർജന്റീന, ഇത്യോപ്യ, ഈജിപ്ത്, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ ‘ബ്രിക്സ്’ അംഗത്വത്തിലേക്ക് ക്ഷണിച്ചത്. ഇതിൽ അർജന്റീന മാത്രമാണ് അത് നിരസിച്ചത്. സൗദി അറേബ്യ ക്ഷണം സ്വീകരിച്ചുവെങ്കിലും ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചില്ല. ഇപ്പോൾ, തുർക്കിയ അടക്കമുള്ള രാജ്യങ്ങൾ ‘ബ്രിക്സു’മായി ചേർന്നു പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിരിക്കുന്നു. യൂറോപ്യൻ യൂനിയൻ അംഗത്വത്തിനായുള്ള അവരുടെ കാത്തിരിപ്പിൽ നിരാശ പടരുമ്പോഴാണ്, ‘ഗ്ലോബൽ സൗത്ത്’ കേന്ദ്രീകരിച്ച് രൂപപ്പെടുന്ന പുതിയ ശാക്തിക ചേരിയുടെ ഭാഗമാകാൻ തുർക്കിയയും മറ്റും ആഗ്രഹിക്കുന്നത്. അത് കണ്ടറിഞ്ഞാണ്, ബ്രിക്സ് നേതൃത്വം പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കക്കും ഇസ്രായേലിനുമെതിരായ നിലപാട് സ്വീകരിക്കുന്നതും. അതെന്തായാലും, നിലവിൽ ലോക ജനസംഖ്യയുടെ പകുതി ജനതയെയും ഈ സഖ്യം പ്രതിനിധാനം ചെയ്യുന്നുണ്ട്. ആഗോള ജി.ഡി.പിയുടെ മൂന്നിലൊന്നും ‘ബ്രിക്സി’ന്റെ സംഭാവനയാണ്. മറ്റൊരർഥത്തിൽ, ലോകത്തിന്റെ സാമ്പത്തിക വ്യവഹാരങ്ങളെ നിയന്ത്രിക്കാൻ ഈ സംഘടനക്ക് ശേഷിയുണ്ട്. ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയവക്കുപകരം, ബ്രിക്സിന്റെ മേൽനോട്ടത്തിൽ സമാനമായൊരു ബാങ്കിങ് സംവിധാനം എന്ന ആശയം പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ്. വരും വർഷങ്ങളിൽ അതും യാഥാർഥ്യമാകുമെന്നുതന്നെയാണ് കരുതേണ്ടത്.
ഇന്ത്യയെ സംബന്ധിച്ച് അതിനിർണായകമായിരുന്നു ഈ ഉച്ചകോടി. അത് കൃത്യമായി ഉപയോഗപ്പെടുത്തി എന്നുതന്നെ വിലയിരുത്താം. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിൽ ആശാവഹമായ ചില നീക്കങ്ങളുണ്ടായതാണ്. ഇന്ത്യ- ചൈന ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽനിന്ന് വ്യക്തമാകുന്നത്. അതിർത്തിത്തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ തുടരാൻ തീരുമാനമായിരിക്കുന്നു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ സൈനിക പട്രോളിങ് പുനരാരംഭിക്കാനും സൈനിക പിന്മാറ്റത്തിനുമുള്ള കരാർ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും തുടർ ചർച്ചകളുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അഞ്ച് വർഷത്തിനുശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. പരസ്പരം തുടരുന്ന വൈരം ഇരുകക്ഷികൾക്കും ഗുണകരമാവില്ല എന്ന തിരിച്ചറിവിൽ നടക്കുന്ന ഈ നീക്കങ്ങളത്രയും പ്രതീക്ഷാനിർഭരമാണ്; പുതിയ ഭൗമരാഷ്ട്രീയത്തിൽ അത് നിർണായകവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.