ജയിച്ചിട്ടും തോറ്റ് തെരേസ മേയ്
text_fieldsജൂൺ മേയുടെ അവസാനമായില്ല. ജൂൺ തെരഞ്ഞെടുപ്പോടെ തെരേസ മേയ്ക്ക് പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. പക്ഷേ, അവർ പരാജയപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷമുണ്ടായിരുന്ന അവസ്ഥയിൽ പാർലമെൻറ് പിരിച്ചുവിട്ട് കൂടുതൽ ഭൂരിപക്ഷം കിട്ടാൻ തെരഞ്ഞെടുപ്പ് നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നതും നഷ്ടപ്പെട്ടു. അവരുടെ കൺസർവേറ്റിവ് പാർട്ടിക്ക് കേവലഭൂരിപക്ഷം പോലും നേടാനായില്ല. 17 സീറ്റിെൻറ ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് മുമ്പുണ്ടായിരുന്നതിലും ഒരു ഡസൻ സീറ്റിന് അവർ പിറകോട്ട് പോവുകയാണ് ചെയ്തിരിക്കുന്നത്. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ മറ്റുള്ളവരെക്കൂടി ചേർത്തുവേണം ഇനി മന്ത്രിസഭയുണ്ടാക്കാൻ.
അതേസമയം, ലേബർപാർട്ടിക്കും അതിെൻറ നേതാവ് െജറമി കോർബിനും വൻനേട്ടമാണ് തെരഞ്ഞെടുപ്പിലൂടെ കിട്ടിയിരിക്കുന്നത്. ലേബറിൽ അന്തശ്ഛിദ്രങ്ങളും കോർബിനെതിരായ ഉപജാപങ്ങളുമെല്ലാം ഉണ്ടായിട്ടും രണ്ടര ഡസൻ കൂടുതൽ സീറ്റുകൾ സമ്മതിദായകർ ആ പാർട്ടിക്ക് നൽകി. യൂറോപ്യൻ യൂനിയനിൽനിന്നുള്ള വിടുതൽ (ബ്രെക്സിറ്റ്) സംബന്ധിച്ച കൂടിയാലോചനകൾ നടക്കാനിരിക്കെ, കൂടുതൽ ശക്തമായ അവസ്ഥയിൽ വേണം വിലേപശലെന്നു കരുതിയാണ് തെരേസ മേയ് ഇങ്ങനെയൊരു നടപടിയിലേക്ക് നീങ്ങിയത്. പക്ഷേ, കണക്കുകൂട്ടലെല്ലാം തെറ്റി. ഒരു സീറ്റ് കുറഞ്ഞാൽപോലും പരാജയമായിരിക്കുമെന്ന് പറഞ്ഞിരുന്ന മേയ് ഇപ്പോൾ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടിയുടെ (ഡി.യു.പി) പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ലേബർ എന്ന ഇടതുപാർട്ടിയെപ്പറ്റി പറഞ്ഞ് ഭയപ്പെടുത്തുന്ന ശീലം പണ്ടുമുതലേ ബ്രിട്ടീഷ് യാഥാസ്ഥിതിക സമൂഹത്തിൽ പതിവുള്ളതാണ്. ഇത്തവണയും കൺസർവേറ്റിവ് പാർട്ടിയുടെ പ്രചാരണങ്ങൾ ഏറെയും നിഷേധാത്മകമായിരുന്നു-തങ്ങളെ ജയിപ്പിച്ചില്ലെങ്കിൽ ലേബറും െജറമി കോർബിനും ഭരണം പിടിച്ചുകളയും എന്നായിരുന്നു പേടിപ്പെടുത്തൽ. ഫലം തൂക്കുസഭയാണെന്നറിഞ്ഞപ്പോൾ കൺസർവേറ്റിവിന് പിന്തുണ നൽകാൻ ഡി.യു.പിയെ പ്രേരിപ്പിച്ചതും ഇൗ കോർബിൻ വിരോധമാണ്. ടോണി ബ്ലെയർ എന്ന യുദ്ധക്കൊതിയനായിരുന്നു ബ്രിട്ടീഷ് ജനതക്ക് ലേബർ പാർട്ടി നൽകിയ ഒടുവിലത്തെ ഭരണാധികാരി എന്നതും തെരേസ മേയ്ക്ക് അനുകൂലമാകേണ്ടതായിരുന്നു. പക്ഷേ, മറ്റു പലേടത്തുമെന്നപോലെ ബ്രിട്ടനിലും ജനങ്ങളുടെ മനസ്സറിയുന്നവരെ അവർ കൂടുതലായി വരിക്കുന്നതാണ് ഇത്തവണ കണ്ടത്.
തെരഞ്ഞെടുപ്പുപ്രചാരണത്തിൽ മേയ് വൻ പരാജയമായിരുന്നു. കോർബിൻ വൻ വിജയവും. ഇതിനു കാരണം മൂന്ന് ഭീകരാക്രമണങ്ങൾ സൃഷ്ടിച്ച ഭീതിമാത്രമല്ല. മറിച്ച്, ജനകീയപ്രശ്നങ്ങളിൽ ഇരുവരുമെടുത്ത നിലപാടുകളെ ജനം ശരിയായി വിലയിരുത്തിയതാണ്. ഭീകരതയുടെ കാര്യംതന്നെ എടുക്കുക. പ്രത്യേക വിഭാഗങ്ങളെ സംശയമുനയിൽ നിർത്തുകയും അവർക്കെതിരെ നിയന്ത്രണങ്ങൾ കൊണ്ടുവരുകയും ചെയ്യുകയെന്ന ഒറ്റ ഫോർമുലയാണ് തെരേസ മേയ് മുന്നോട്ടുവെച്ചത്. കോർബിനാകെട്ട ഭീകരരെ ശക്തമായി നേരിടുന്നതിനൊപ്പം ഭീകരരെ സൃഷ്ടിക്കുന്ന നയങ്ങളിൽനിന്ന് പിന്തിരിയണമെന്നും ചൂണ്ടിക്കാട്ടി. യുദ്ധങ്ങളാണ് ഭീകരരെ ഉണ്ടാക്കുന്നത്.
ജനങ്ങൾക്ക്-പ്രത്യേകിച്ച് 20 ലക്ഷം വരുന്ന പുതിയ വോട്ടർമാർക്ക്-നിലപാടിലെ വ്യത്യസ്തത ബോധ്യമായെന്ന് ഫലം കാണിക്കുന്നു. ഭിന്നിപ്പിെൻറ രാഷ്ട്രീയവും നയനിലപാടുകളുമാണ് മേയ് പ്രകടിപ്പിച്ചത്; കോർബിനാകെട്ട ഉൾക്കൊള്ളലിെൻറ നയവും. സാമ്പത്തികരംഗത്തും കോർബിെൻറ നിലപാടുകൾക്കാണ് വ്യക്തതയും വിശ്വസനീയതയും കൂടുതൽ. തെരഞ്ഞെടുപ്പിൽ കണ്ട മറ്റൊരു കാര്യം, ജനങ്ങൾ ചെറുപാർട്ടികളെ കൈവിട്ട് വീണ്ടും വൻ പാർട്ടികളുടെ അടുത്തേക്ക് ചായുന്നു എന്നതാണ്. ഭരണസ്ഥിരതക്കുള്ള മോഹമാകാം ഇതിൽ പ്രതിഫലിക്കുന്നത്.
തെരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ ഇനിയുള്ള കാലത്ത് തെരേസ മേയ് പ്രകടിപ്പിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. വലതുപക്ഷ നിലപാടുകൾ തീവ്രമാകുന്തോറും ജനങ്ങൾ അകന്നുപോകുമെന്ന പാഠം ഇതിലുണ്ട്. ആഭ്യന്തരരംഗത്തെ സാമ്പത്തിക അസമത്വവും വിദേശനയത്തിലെ സാമ്രാജ്യത്വ ചായ്വും ജനങ്ങളെ മടുപ്പിക്കുന്നതായി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സൂചനയുണ്ടായിരുന്നു. അവർക്ക് വേണ്ടത് ജീവിക്കാനുള്ള അടിസ്ഥാന വിഭവങ്ങളും സമാധാനവുമാണ്. അതിനെപ്പറ്റി സംസാരിച്ച കോർബിൻ വോട്ടും സീറ്റും വാരിയപ്പോൾ, ഉരുക്കുവനിതയെന്നും കരുത്തുറ്റ ഭരണാധികാരിയെന്നുമുള്ള പേരിനുപിറകിൽ നിൽപുറപ്പിച്ച് യഥാർഥ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടിയ തെരേസ മേയ് ജയിച്ചിട്ടും തോറ്റത് പാഠം തന്നെയാണ്. ജൂണോടെ മേയ് അവസാനിച്ചിട്ടില്ലായിരിക്കാം. പക്ഷേ, അവർക്ക് കിട്ടിയിരിക്കുന്നത് വിജയമല്ല, മുന്നറിയിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.