Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബജറ്റിലെ കണക്കുകൾ...

ബജറ്റിലെ കണക്കുകൾ വെറും കടലാസ്​ പുലികൾ

text_fields
bookmark_border
ബജറ്റിലെ കണക്കുകൾ വെറും കടലാസ്​ പുലികൾ
cancel


സാമൂഹികനീതി ശാക്തീകരണത്തെ സംബന്ധിച്ചും വിദ്യാഭ്യാസം, സ്ത്രീ, ശിശുക്ഷേമവുമായി ബന്ധപ്പെട്ടും കഴിഞ്ഞ ദിവസം പാർലമെൻറിനു മുന്നിലെത്തിയ സ്​റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടുകൾ ഭരണകൂടങ്ങൾ ദുർബല ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പുലർത്തുന്ന അലംഭാവത്തിെൻറ സാക്ഷ്യപത്രങ്ങളാണ്.

ബജറ്റ് അവതരണങ്ങളിൽ കേൾക്കുന്ന ജനക്ഷേമത്തിനും ദാരിദ്ര്യനിർമാർജനത്തിനും നീക്കിവെക്കുന്ന 'ലക്ഷം കോടി' പദ്ധതികൾ പ്രോപഗണ്ടാ ടൂളുകളാ​െണന്നും യഥാർഥത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നവയല്ലെന്നും കൃത്യമായി വരച്ചുവെക്കുന്നുണ്ട് രണ്ടു റിപ്പോർട്ടുകളും.

ആ സമിതികളുടെ നിർദേശങ്ങളും അവർ പ്രസിദ്ധീകരിച്ച കണക്കുകളും മതിയാകും അധികാരികൾ ജനങ്ങളെ 'ഭംഗിയായി' വഞ്ചിക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാൻ. ഒരു വിശദീകരണവും ആവശ്യമില്ലാത്ത അവയിലെ പ്രധാന കണ്ടെത്തലുകളിൽ ചിലത് താഴെ നൽകുന്നു( മുഴുവനുമെഴുതാൻ ഈ കോളം മതിയാകുകയില്ല).

'പട്ടികജാതിയിലെ നാലു കോടി വിദ്യാർഥികളെ ലക്ഷ്യമിട്ട പോസ്​റ്റ്​ മെട്രിക് സ്കോളർഷിപ്​ പദ്ധതിയിൽനിന്ന് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പ്രയോജനം ലഭിച്ചത് കേവലം 28 ശതമാനം (ഒരു കോടി പതിമൂന്ന് ലക്ഷം) പേർക്ക്. അവർക്കായി ചെലവഴിച്ചത്​ 8939.47 കോടി രൂപയും. ഫലപ്രാപ്തി സംശയമാണ്.' '2017-2021 കാലയളവിൽ പട്ടികജാതി ക്ഷേമത്തിന് അനുവദിച്ച രണ്ടര ലക്ഷം കോടിയിൽ 50,000 കോടി രൂപയും ലാപ്​സാക്കി.

അതിന് നേതൃത്വം വഹിച്ചത് എട്ടു പ്രധാന മന്ത്രാലയങ്ങളും -കൃഷി, വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ മന്ത്രാലയങ്ങളുൾപ്പെടെ. മാത്രമല്ല, വിവിധ മന്ത്രാലയങ്ങളിലെ പത്തു വകുപ്പുകൾ ചെലവഴിച്ച 1.33 ലക്ഷം കോടി രൂപ (ബാക്കിയുള്ള രണ്ടു ലക്ഷം കോടിയിൽ നിന്ന്) പട്ടികജാതിക്കാർക്ക് നേരിട്ട് പ്രയോജനം ചെയ്തിട്ടില്ല.' ഗുണഭോക്താക്കളുടെ ​േഡറ്റാബേസുകൾ പരിപാലിക്കാൻ സംവിധാനമില്ല, ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള വിതരണം പ്രതീക്ഷിച്ച ഫലങ്ങൾ കൈവരിക്കാൻ പ്രാപ്തമല്ല. അർഹർക്ക് ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാൻ അവ കാരണമാകുന്നു.

പട്ടികജാതി വിഭാഗങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക പദ്ധതികൾ ഫലപ്രദമായി നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള സംവിധാനങ്ങളുമില്ല. 18 സംസ്ഥാനങ്ങളിലായി 194 ജില്ലകളിൽനിന്ന് തോട്ടിപ്പണി നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ കാര്യമായി 49 ജില്ലകളിൽ മാത്രമേ നടക്കുന്നുള്ളൂ എന്നത് ഇതിെൻറ തെളിവാണ്.

ദലിതുകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ക്ഷേമപദ്ധതികൾ അട്ടിമറിക്കപ്പെട്ടതുപോലെ ന്യൂനപക്ഷ ക്ഷേമപദ്ധതികളും അട്ടിമറിച്ചു. 2020-21 ബജറ്റിൽ 5029 കോടിയിൽനിന്ന് 4005 കോടി രൂപയായി കുറച്ചിട്ടും ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വരുത്തിയ അലംഭാവത്തിൽ സമിതിതന്നെ ആശ്ചര്യപ്പെട്ടുപോയി. ഡിജിറ്റൽ പാസ്​വേഡുകൾ ചോർത്തി ഫണ്ടുകൾ വ്യാജ പേരിൽ തട്ടുന്നു, സുരക്ഷിതമല്ലാത്ത പോർട്ടലുകളുപയോഗിച്ച് ​േഡറ്റ ചോർത്തുകയും പദ്ധതി തുകകൾ ദുരുപയോഗിക്കുകയും ചെയ്യുന്നു, ബാങ്ക് അക്കൗണ്ടുകളില്ലാത്തതിെൻറ പേരിൽ അർഹരായവരെ തഴയുന്നു, നിഷ്ക്രിയ അക്കൗണ്ടുകളുടെ പേരുപറഞ്ഞ് ബാങ്കുകൾ സ്കോളർഷിപ്​ പണം പിഴയായി പിടിക്കുന്നു തുടങ്ങി സർക്കാർ സംവിധാനങ്ങളുടെ വഞ്ചനകളും ചൂഷണങ്ങളും റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നു.

ആറ് സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്​ വ്യാജവിദ്യാർഥികൾക്ക് നൽകിയ കേസുകളുടെ അന്വേഷണം കാര്യക്ഷമമാക്കാനും ​േഡറ്റയും പാസ്​വേഡുകളും സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള സംവിധാനമെങ്കിലും ഒരുക്കാനും ആവശ്യപ്പെടുന്നു ബി.ജെ.പി അംഗം രമാദേവി അധ്യക്ഷയായ കമ്മിറ്റി. ഇൗ ശിപാർശ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖവില​ക്കെടുക്കാൻ ഒരു സാധ്യതയുമില്ല. കാരണം, ന്യൂനപക്ഷ ക്ഷേമത്തിൽ തെ​െല്ലങ്കിലും ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ന്യൂനപക്ഷ മന്ത്രാലയത്തിൽ കെടുകാര്യസ്ഥതയും അഴിമതിയും ഇങ്ങനെ കൊടുകുത്തി വാഴുകയില്ല.

ബി.ജെ.പി എം.പി വിനയ് സഹസ്രബുദ്ധ അധ്യക്ഷനായ വിദ്യാഭ്യാസം, യൂത്ത്, സ്ത്രീ, ശിശുവികസന സമിതി സമർപ്പിച്ച റിപ്പോർട്ടും നേരത്തേ സൂചിപ്പിച്ചതിൽനിന്ന് ഒട്ടുമേ ഭിന്നമല്ല. 'പോഷൻ അഭിയാൻ', 'ബേഠി ബചാവോ ബേഠി പഠാവോ', 'പ്രധാനമന്ത്രി മാതൃ വന്ദന യോജന' തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിലേക്ക് യഥാവിധി എത്തുന്നി​ല്ല. മാത്രമല്ല, ബജറ്റിൽ അനുവദിച്ച തുകകളിൽ പകുതിയും ചെലവഴിക്കുന്നുമി​െല്ലന്നാണ് സമിതി കണ്ടെത്തൽ.

കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ തുടങ്ങിയ 'പോഷൻ അഭിയാന്' 2019-20 കാലയളവിൽ അനുവദിച്ച തുകയിൽ 1500 കോടിയും െചലവഴിക്കാതെ പിടിച്ചുവെച്ചു. പെൺകുട്ടികളുടെ ശാക്തീകരണത്തിനുവേണ്ടിയുള്ള 'ബേഠി ബചാവോ' പദ്ധതിക്ക് വകയിരുത്തിയ 280 കോടിയിൽ194 കോടിയും വിനിയോഗിക്കാതെ സർക്കാർ 'സംരക്ഷിച്ചെ'ന്ന് റിപ്പോർട്ട് പരിഹസിക്കുന്നു.

ദാരിദ്ര്യനിർമാർജനത്തിന്, വിശേഷിച്ച് ദലിത്-സ്​ത്രീ-ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നിർവഹണത്തിനുവേണ്ടിയുള്ള പദ്ധതികൾ പത്തോളം മന്ത്രാലയങ്ങൾ കുറ്റകരമായ അലസതയോടെ കൈകാര്യം ചെയ്തുവെന്നതു തന്നെ കേന്ദ്രസർക്കാർ മറുപടി പറയേണ്ട ഗുരുതര വീഴ്ചയാണ്.

ഭരണവ്യവസ്ഥ നിക്ഷിപ്​ത താൽപര്യങ്ങളുടെ കൂടാരമാ​െണന്ന്​ ഇതു തെളിയിക്കുന്നു. ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും വികസനത്തെയും വളർച്ചയേയും അവർക്കവകാശപ്പെട്ട ഫണ്ടുകൾ ലാപ്സാക്കുന്നതിലൂടെ ബോധപൂർവം തകർക്കുകയാണ്. രാജ്യത്ത് സജീവമായ ചർച്ചയാകേണ്ട രണ്ടു റിപ്പോർട്ടുകളും മോദി മാധ്യമങ്ങൾക്ക് ദൃശ്യമല്ല എന്നതാണ് രാജ്യം നേരിടുന്ന ഭീതിദമായ പതിതാവസ്ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialUnion Budget 2021
News Summary - Budget figures are just paper tigers
Next Story