സോഷ്യലിസം പുറംചട്ടയിൽ മാത്രം
text_fieldsഇന്ത്യൻ ഭരണഘടനയുടെ ആമുഖം ബജറ്റ് രേഖകളുടെ കവറായി നൽകിയും ‘കേരളമെന്ന പേരു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ’ എന്ന വള്ളത്തോൾ കവിത പാടിയും പുതിയ സാമ്പത്തിക വർഷത്തിലെ കേരള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചിരിക്കുന്നു. വലിയ പ്രഖ്യാപനങ്ങളോ അത്ഭുതങ്ങളോ ഇല്ലാത്ത ബജറ്റ് നാടിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുകയും സർക്കാറിന്റെ കൈയിൽ പണമില്ലെന്ന വസ്തുത ആവർത്തിച്ചു വെളിപ്പെടുത്തുകയും ചെയ്യുന്നു. പൊതുവേ നികുതി, നികുതിയേതര വരുമാനം കുറവായതും കേന്ദ്ര സർക്കാറിൽനിന്ന് പകപോക്കലെന്നോണമുള്ള സാമ്പത്തിക ഉപരോധം നേരിടുന്നതുമായ ഒരു സംസ്ഥാനത്തിന്റെ ബജറ്റിൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനുമില്ല.
ഒരു സാമ്പത്തിക വർഷം ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ കണക്ക് എന്നതിനപ്പുറം ബജറ്റ് സംസ്ഥാനത്തിന്റെ ഭാവി സൂചകവും കൂടിയാണ്. അത്തരത്തിൽ, ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് കണക്കുകൾക്കപ്പുറം ഭാവിയെക്കുറിച്ച ശുഭസൂചന നൽകുന്നുണ്ടോയെന്ന കാര്യം സംശയമാണ്. കൈയിൽ കാശില്ലാത്ത ഒരാൾ അത് നാട്ടുകാർ അറിയാതിരിക്കാൻ കാട്ടുന്ന പുറംപൂച്ചിനപ്പുറം കാര്യമായൊന്നും ബജറ്റിൽ കാണിക്കാൻ ധനമന്ത്രിക്ക് കഴിയാതെ പോകുന്നതും ആ ദയനീയ അവസ്ഥ കൊണ്ടാണ്. ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതിനു പിന്നിൽ ഇതുവരെ ഭരിച്ചവരും അവരുടെ നയങ്ങളും വലിയൊരളവിൽ കേന്ദ്രനയങ്ങളും പങ്കുവഹിക്കുന്നുണ്ടെങ്കിലും അതിനെ മറികടക്കാനുതകുന്ന ഭാവന സമ്പന്നമായ നടപടികളൊന്നും തന്നെ കാണുന്നുമില്ല. ഇടതുപക്ഷ സാമ്പത്തിക വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്ന നികുതി പിരിവിൽ കാട്ടുന്ന ഉദാസീനത പരിഹരിക്കാൻ പ്രകടമായ ഒന്നും ബജറ്റിലില്ല എന്നുതന്നെ പറയാം. 14000 കോടിയോളം നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുമ്പും പ്രഖ്യാപിച്ചതാണെങ്കിലും നടത്തിപ്പിലെ താൽപര്യക്കുറവുമൂലം പരാജയപ്പെട്ടതാണ്.
പൊതുമേഖലയെ കൈയൊഴിഞ്ഞ് സ്വകാര്യമേഖലയെ പരിലാളിക്കുന്ന കേന്ദ്രസർക്കാറിന്റെ ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരായ ജനപക്ഷ ബദൽ സൃഷ്ടിക്കുവാൻ ശ്രമിക്കുമെന്ന് നിരന്തരം ആണയിടുന്ന ഇടതുപക്ഷ സർക്കാർ വിവിധ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യമേഖലയെ പുൽകുന്നരീതിയിൽ നയംമാറ്റുന്നുവെന്നത് ബജറ്റിൽ പ്രകടമാണ്. വിദ്യാഭ്യാസം, വ്യവസായം, ഇക്കോ ടൂറിസമടക്കമുള്ള വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ സ്വകാര്യ നിക്ഷേപം രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ സർക്കാർ തയാറായിരിക്കുന്നു. സ്വകാര്യ സർവകലാശാലകളെയും വിദേശ സർവകലാശാലകളെയും മാടിവിളിക്കുന്നു. സർക്കാർ ആശുപത്രിയിൽ ജനങ്ങളിൽനിന്ന് പണം സ്വീകരിക്കാൻപോലും ബജറ്റ് നിർദേശിക്കുന്നു. ചുരുക്കത്തിൽ സ്ഥിതിസമത്വം ബജറ്റ് രേഖയുടെ പുറംചട്ടയിൽ മാത്രമൊതുങ്ങി. 1067 കോടിയുടെ അധിക വിഭവസമാഹരണത്തിനാണ് നിർദേശം. ഇവ സാധാരണക്കാർക്കാണ് പ്രയാസം സൃഷ്ടിക്കുക എന്നു പ്രത്യേകം പറയേണ്ടതില്ല. മദ്യവില കൂട്ടാനും ഭൂമിയുടെ ന്യായവില വർധിപ്പിക്കാനും ശിപാർശ ചെയ്യുന്ന ബജറ്റിൽ ഫ്ലാറ്റുകൾക്ക് ഭൂനികുതി എന്ന പുതിയ പരിഷ്കാരവുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബജറ്റിലും അല്ലാതെയും ഭൂമിയുടെ ന്യായവില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുവഴി ഭൂമി വിൽപനയാകട്ടെ ക്രമാതീതമായി കുറഞ്ഞു. അതിനാൽതന്നെ ഈ നിർദേശം എത്രമാത്രം ഫലപ്രദമാവുമെന്ന് കണ്ടറിയണം. കോടതികളിലെ ഫീസ് കൂട്ടാനുള്ള തീരുമാനവും വൈദ്യുതി ഉൽപാദകർക്ക് ഡ്യൂട്ടി ഏർപ്പെടുത്താനുള്ള തീരുമാനവും ആത്യന്തികമായി സാധാരണക്കാരെയാണ് ബാധിക്കുക.
സർക്കാർ ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ പങ്കാളിത്ത പെൻഷൻ കാര്യത്തിൽ പുതിയ പദ്ധതിയും കുടിശ്ശികയായ ആറു ഗഡു ഡി.എയിൽ ഒരു ഗഡു ഏപ്രിലിൽ നൽകുമെന്നു പ്രഖ്യാപിച്ചും അവരെ ചേർത്തുപിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഏറെക്കാലമായി കീറാമുട്ടിയായി തുടരുന്ന പങ്കാളിത്ത പെൻഷനിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് മടങ്ങില്ലെന്ന് പറഞ്ഞിട്ടുണ്ട് താനും. പുതിയ നിർദേശം വ്യക്തമാവാനിരിക്കുന്നേയുള്ളൂ. ക്ഷേമപെൻഷനിൽ വർധനയില്ലെന്നു പറഞ്ഞ മന്ത്രി അടുത്തവർഷം മുതൽ കൃത്യമായി നൽകുമെന്ന വാഗ്ദാനം മാത്രമാണ് നൽകിയത്. റബറിന് 10 രൂപ താങ്ങുവില വർധിപ്പിക്കാനും തയാറായി. നാട്ടിലേക്ക് സഹസ്രകോടികളുടെ വരുമാനമെത്തിക്കുന്ന പ്രവാസികളോടുള്ള അവഗണനയുടെ കാര്യത്തിൽ കേന്ദ്ര ബജറ്റിലെന്നപോലെ സംസ്ഥാന ബജറ്റിലും മാറ്റമൊന്നുമില്ല.
സാമ്പത്തിക പ്രതിസന്ധി പറയുമ്പോൾതന്നെ ചെലവ് ചുരുക്കാൻ പ്രത്യേകമായ യാതൊന്നും ബജറ്റിൽ കാണുന്നില്ല. വരവനുസരിച്ച് ചെലവാക്കുക എന്നത് ഒരു സാധാരണ സാമ്പത്തിക ശാസ്ത്രമാണ്. അത് സാധ്യമാവുന്നത് ആർഭാടങ്ങളും ആഡംബരങ്ങളും ധൂർത്തും ഒഴിവാക്കുമ്പോഴാണ്. എന്നാൽ, സർക്കാറിനെതിരായ ഈ ആക്ഷേപങ്ങൾ ശരിയല്ലെന്ന് പറഞ്ഞൊഴിയുകയാണ് ധനമന്ത്രി. എന്നാൽ, നേർക്കുനേർ കണ്ടുകൊണ്ടിരിക്കുന്ന ദുർവ്യയം ഇല്ലെന്ന് പറയാതെ അത് ഒഴിവാക്കാനുള്ള നടപടികൾ ആർജവത്തോടെ സ്വീകരിക്കാൻ സർക്കാർ തയാറാവുകയാണ് വേണ്ടത്. പ്രത്യേകിച്ച് കേന്ദ്ര അവഗണനക്ക് എന്ന് അറുതിയുണ്ടാവുമെന്ന് ഒരുറപ്പുമില്ലാത്ത സാഹചര്യത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.