ചരിത്രത്തെ വെട്ടിമാറ്റാൻ പറ്റുമോ?
text_fieldsവാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമടക്കം മലബാർ സമരത്തിെൻറ മുന്നണിപ്പോരാളികളും പ്രവർത്തകരുമായ 387 ആളുകളുടെ പേരുകൾ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയിൽനിന്ന് വെട്ടിമാറ്റാൻ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച് (ഐ.സി.എച്ച്.ആർ) ശിപാർശ നൽകിയത് വലിയ സംവാദങ്ങൾക്ക് കാരണമായിരിക്കുകയാണല്ലോ. ഇന്ത്യാചരിത്രത്തിലെ ഏറ്റവും ആവേശോജ്ജ്വലമായ ജനകീയ സമരത്തിെൻറ പേരാണ് മലബാർ സമരം. തദ്ദേശീയ ജന്മിമാരും വിദേശീയ അധിനിവേശ ശക്തികളും ചേർന്ന് തങ്ങളുടെ ജീവിതം വീർപ്പുമുട്ടിച്ചപ്പോൾ മലബാർ പ്രദേശത്തെ കീഴാള ജനതയായ മാപ്പിളമാർ നടത്തിയ ഐതിഹാസികമായ പോരാട്ടമാണത്. ആ പോരാട്ടത്തിെൻറ ഓർമകൾക്ക് 100 വർഷം തികയുന്ന സന്ദർഭത്തിലാണ് അതിൽ പങ്കാളികളായ പോരാളികളുടെ പേരുകൾ ഔദ്യോഗിക പട്ടികയിൽനിന്ന് വെട്ടിമാറ്റാൻ തീരുമാനമാവുന്നത്. പുതിയ എന്തെങ്കിലും ചരിത്രഗവേഷണ കണ്ടുപിടിത്തങ്ങളെ തുടർന്നല്ല ഈ നീക്കം. മറിച്ച്, സംഘ്പരിവാരത്തിെൻറ കാലങ്ങളായുള്ള ഒരു രാഷ്ട്രീയ ആവശ്യത്തെ നിവർത്തിച്ചുകൊടുക്കുന്നതു മാത്രമാണ്. വിദ്യാഭ്യാസം, ചരിത്രം, കല തുടങ്ങി എല്ലാ മേഖലകളിലും കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വവത്കരണ ശ്രമങ്ങളുടെ ഭാഗം മാത്രമാണത്.
വലതുപക്ഷ ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ഭരണകൂടം രാജ്യം ഭരിക്കുമ്പോൾ ഇങ്ങനെ സംഭവിക്കുക സ്വാഭാവികം മാത്രമാണ്. മലബാർ സമരത്തിെൻറ ആശയശക്തി മലബാറിലെ മുസ്ലിം പണ്ഡിതന്മാരായിരുന്നു. അതിെൻറ മുന്നണിപ്പോരാളികൾ പ്രധാനമായും മുസ്ലിം ബഹുജനങ്ങളായിരുന്നു. ജന്മിത്തത്തിെൻറ ക്രൂരതകൾക്കിരയായിക്കൊണ്ടിരുന്ന പിന്നാക്ക ഹിന്ദുക്കളും സാമ്രാജ്യത്വ-ജന്മി വിരുദ്ധരായ മുന്നാക്ക ജാതിക്കാരായ ഹിന്ദുക്കളും ആ സമരത്തിെൻറ ഭാഗമായിരുന്നു. ഹിന്ദു നേതാക്കളും മുസ്ലിം നേതാക്കളും ഒരുമിച്ച് പള്ളികളിൽ പോയി പ്രഭാഷണം നടത്തി ജനങ്ങളെ സംഘടിപ്പിച്ചതിെൻറ ഉദാഹരണങ്ങൾ നമുക്ക് ആ ചരിത്രത്തിൽ വായിച്ചെടുക്കാൻ പറ്റും. ഹിന്ദു-മുസ്ലിം ഐക്യം, ജന്മിത്ത വിരുദ്ധത തുടങ്ങിയ ഘടകങ്ങൾ സംഘ്പരിവാറിനെ അലോസരപ്പെടുത്തുന്നുണ്ടാവണം. അങ്ങനെയൊരു സമരം ഔദ്യോഗിക ചരിത്രത്തിെൻറ ഭാഗമാവുന്നത് അവർ ഇഷ്ടപ്പെടില്ല എന്നത് സ്വാഭാവികം. മലബാർ സമരത്തിെൻറ നൂറാം വാർഷികത്തിൽ ആ മഹാസമരത്തിെൻറ ഓർമകൾക്കുമേൽ കരിനിഴൽ വീഴ്ത്താം എന്നും അവർ ആലോചിക്കുന്നുണ്ടാവണം.
തുർക്കിയിലെ ഖലീഫയെ ബ്രിട്ടൻ അധികാരഭ്രഷ്ടനാക്കിയതിനെതിരെ നടന്ന സമരം എങ്ങനെ സ്വാതന്ത്ര്യസമരമാവും എന്നൊരു ചോദ്യം സംഘ്പരിവാറുകാർ ഉന്നയിക്കുന്നുണ്ട്. ഖലീഫയെ ബ്രിട്ടൻ അവഹേളിച്ചുവെന്നത് ബ്രിട്ടീഷ് വിരുദ്ധ സമരത്തിെൻറ ഒരു കാരണം മാത്രമായിരുന്നു. 'ഇന്ത്യ' എന്ന ആശയം ഇന്ന് നിലനിൽക്കുന്ന തരത്തിൽ രൂപപ്പെടാത്ത കാലത്ത് ബ്രിട്ടനെതിരെ നടന്ന സമരങ്ങളെല്ലാം സ്വാതന്ത്ര്യസമരത്തിെൻറ പട്ടികയിൽ പരിഗണിക്കുന്നതാണ് നമ്മുടെ ദേശീയ ചരിത്രരീതി. ഝാൻസി റാണി മുതൽ പഴശ്ശി രാജ വരെ, നാം സ്വാതന്ത്ര്യസമര നായകരായി പരിഗണിക്കുന്ന പരശ്ശതം പേർ, ഇന്ന് നാം കാണുന്ന ഇന്ത്യ എന്ന സങ്കൽപത്തെ മുൻനിർത്തിയല്ല ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയത്. മറിച്ച് അവരുടെ നാട്ടുരാജ്യങ്ങളുമായി ബന്ധപ്പെട്ടോ മറ്റു കാരണങ്ങളാലോ ഉള്ള വിയോജിപ്പിെൻറ പേരിലായിരുന്നു. ഝാൻസി എന്ന നാട്ടുരാജ്യത്തെ സംരക്ഷിക്കാൻ പോരാടിയ റാണി ലക്ഷ്മിഭായി എങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര നായികയാവുക എന്ന ചോദ്യം ആരും ചോദിക്കാറില്ലല്ലോ. ചുങ്കം പിരിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടിയ പഴശ്ശി എങ്ങനെയാണ് സ്വാതന്ത്ര്യസമര സേനാനിയാകുന്നത് എന്ന് ഐ.സി.എച്ച്.ആർ സംശയിക്കാത്തതെന്ത്?
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പൊരുതാൻ ഓരോരുത്തർക്കും ഓരോ ന്യായങ്ങളും ആശയപരിസരങ്ങളും ഉണ്ടായിരുന്നു. മതപരമായും ആത്മീയമായും തങ്ങൾ പ്രധാനമായി കാണുന്ന ഖലീഫ എന്ന പദവിയെയും ഖിലാഫത്ത് എന്ന സംവിധാനത്തെയും ബ്രിട്ടൻ അവഹേളിച്ചുവെന്നത് മാപ്പിളമാർക്കിടയിൽ ബ്രിട്ടനെതിരെ രോഷം ഉണർത്തിയിട്ടുണ്ട്. ഇങ്ങനെ പല രീതിയിൽ രൂപപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ വികാരമാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനം എന്ന ആശയമായും ഇന്ത്യ എന്ന യാഥാർഥ്യമായും പിന്നീട് പരിണമിക്കുന്നത്. അങ്ങനെ രൂപപ്പെട്ട ഇന്ത്യയെ, എല്ലാവരും ചേർന്ന് രൂപപ്പെടുത്തിയതാണ് ഇന്ത്യ എന്നു മനസ്സിലാക്കി മുന്നോട്ടുനയിക്കുക എന്നതാണ് അതത് കാലത്തെ ഭരണകൂടത്തിെൻറയും സാംസ്കാരിക സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തം. എന്നാൽ, 'എല്ലാവരും ചേർന്ന ഇന്ത്യ' എന്ന ആശയത്തെതന്നെ അലർജിയോടെ കാണുന്ന ഒരു കൂട്ടർക്ക് ഇത് സാധിക്കുകയില്ല. വർത്തമാനത്തിൽനിന്ന് മുസ്ലിംകളെ കൂട്ടപ്പലായനം ചെയ്യിക്കാൻ പറ്റുമോ എന്ന് ആലോചിക്കുന്നവരാണവർ.
ഭൂതത്തിൽനിന്ന് മുസ്ലിംകളെ, അവരുടെ മുൻകൈയിൽ രൂപപ്പെട്ട ഒരു ഐതിഹാസിക സമരത്തെ മായ്ച്ചുകളയാൻ അവർ ശ്രമിക്കുന്നുവെന്നതിൽ എന്തു കൗതുകം! കേന്ദ്രാധികാരത്തിെൻറ ഹുങ്കിൽ മഹാന്മാരായ ആ പോരാളികളുടെ പേരുകൾ വെട്ടിയൊഴിവാക്കാൻ അവർക്ക് സാധിക്കും. പക്ഷേ, ആ മനുഷ്യർ ചിന്തിയ ചോരയിൽ കുതിർന്നതാണല്ലോ നാം നിൽക്കുന്ന മണ്ണ്. അത് അത്രയെളുപ്പത്തിൽ കുത്തിയൊലിച്ചുപോകില്ല. കാരണം, അവർ വിട്ടേച്ചുപോയ ഓർമകൾ അത്രക്ക് മൂർച്ചയുള്ളതാണ്. ഐ.സി.എച്ച്.ആറിെൻറ നടപടി ഔദ്യോഗിക രേഖയിൽനിന്ന് അവരെ ഒഴിവാക്കാൻ സഹായിച്ചേക്കാം. പക്ഷേ, നമ്മുടെ ഓർമകളിലും ചിന്തകളിലും വാരിയൻകുന്നനും സഹപ്രവർത്തകരും കൂടുതൽ ജ്വലിച്ചുനിൽക്കാൻ മാത്രമേ അത് കാരണമാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.