അപവാദംകൊണ്ട് തളരില്ല, തകരില്ല കേരളം
text_fieldsആന്ധ്രദേശത്തിന് തെക്കുള്ള നാടുകളെല്ലാം മദിരാശിയാണെന്നും അവിടത്തുകാരെല്ലാം മദ്രാസികളാണെന്നും ധരിച്ചുപോന്നവരായിരുന്നു ഇന്ത്യയുടെ വടക്കും വടക്കു-കിഴക്കുമുള്ള നാട്ടുകാരിൽ ഏറെ പേരും. എന്നാൽ, ഇന്ന് ബംഗാളിലെയും ബിഹാറിലെയും അസമിലെയും ഛത്തിസ്ഗഢിലെയും ഉൾഗ്രാമങ്ങളിലെ അതിസാധാരണക്കാരായ ഗ്രാമീണർക്കുപോലും കേരളം എന്ന നാടിനെക്കുറിച്ചറിയാം. അന്നാടുകളിൽനിന്ന് നൂറുകണക്കിനു തൊഴിലാളികളാണ് ഒാരോ ദിവസവും ആലുവയിലും ചെങ്ങന്നൂരും കോഴിക്കോടുമെല്ലാം ട്രെയിനിറങ്ങുന്നത്. ചൂഷണവും കാർഷിക തകർച്ചയുംമൂലം പട്ടിണിയിലാണ്ടുപോയ നൂറുകണക്കിന് കുടുംബങ്ങൾക്ക് തൊഴിലും മാന്യമായ ജീവിതവും നൽകിയ സുന്ദര ദേശമാണവർക്ക് കേരളം. മലയാളിയേക്കാൾ കേരളത്തിന് വേണ്ടപ്പെട്ടവരായി മാറിയിരിക്കുന്നു ഇവരെല്ലാം. കേരളം ഇന്ന് മലയാളിയുടെ മാത്രമല്ല, ഇന്ത്യയുടെ ഒാരോ കോണിൽനിന്നുള്ള മനുഷ്യരുടെയും മാതൃഭൂമിയാണ്. എന്നിട്ടും കേരളത്തെ ചിലർ ശത്രുരാജ്യമായി കാണുന്നത് കഷ്ടമെന്ന് പറയാതെ വയ്യ.
വർഗീയതയുടെയും വ്യാജവാഗ്ദാനങ്ങളുടെയും പിൻബലത്തിൽ രാജ്യത്തിെൻറ ഏതാണ്ടെല്ലാ മേഖലകളും വിദ്വേഷത്തിെൻറ വിചാരധാരക്കാരുടെ കൈപ്പിടിയിലൊതുങ്ങിയപ്പോഴും ചെറുത്തുനിന്ന കേരളം അവർക്ക് ശത്രുരാജ്യം തന്നെ. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമവും പ്രവാസവും ജനകീയ മുന്നേറ്റങ്ങളും നൽകിയ ഉൗർജത്തിൽ നാം തീർത്ത മാതൃകകളെ തള്ളിപ്പറയലായിരുന്നു അവരുടെ ആദ്യ തന്ത്രം. കേരളത്തെ സോമാലിയയോടുപമിച്ചായിരുന്നു തുടക്കം. തുല്യതയില്ലാത്ത ആക്ഷേപത്തിന് ജനവിധികൊണ്ട് വീണ്ടും മറുപടി നൽകിയതോടെ ശത്രുത പതിന്മടങ്ങായി. രാഷ്ട്രീയ സംഘട്ടനങ്ങൾക്കിടയിലെ കൊലപാതകങ്ങളെ ഏകപക്ഷീയമായി പെരുപ്പിച്ച് കാണിച്ച് രാജ്യമൊട്ടുക്കും പെരുമ്പറ കൊട്ടി പ്രചാരണം നടത്തുകയായിരുന്നു അടുത്തഘട്ടം. വർഗീയതക്കും ജാതീയതക്കും അതിരുവിട്ട അക്രമങ്ങൾക്കും ബാലമരണങ്ങൾക്കും കുപ്രസിദ്ധമായ ഉത്തർപ്രദേശിെൻറ മുഖ്യമന്ത്രിപോലും കേരളത്തെ ഉപദേശിക്കാൻ ഒരുെമ്പട്ടു. എന്നാൽ, മനുഷ്യവികസനത്തിെൻറ സമസ്ത മേഖലകളിലും യു.പിയെക്കാൾ ബഹുദൂരം മുന്നിലാണ് കേരളമെന്ന് ദേശീയ മാധ്യമങ്ങൾ കണക്കുകൾ ചൂണ്ടി എണ്ണിപ്പറഞ്ഞതോടെ ആ നുണവാദങ്ങളും പൊളിഞ്ഞടുങ്ങി.
കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ സുരക്ഷിതരല്ല എന്ന അപകടകരമായ വാദമാണ് നിലവിൽ പറഞ്ഞുപരത്തുന്നത്. മണ്ണിെൻറ മക്കൾ വാദമുയർത്തി മഹാരാഷ്ട്രയിൽനിന്ന് തെക്കെ ഇന്ത്യക്കാരെയും ബിഹാറികളെയും ആട്ടിയോടിച്ചവരുടെ പിന്മുറക്കാരാണ് ഇപ്പോൾ കേരളം മറ്റു നാട്ടുകാർക്ക് സുരക്ഷിതമല്ല എന്ന പ്രചാരണത്തിനു പിന്നിലെന്നും ഒാർക്കണം. ഒരു പതിറ്റാണ്ട് മുമ്പ് വടക്ക്-വടക്കു കിഴക്കൻ കുടിയേറ്റത്തിെൻറ തുടക്കക്കാലങ്ങളിൽ തൊഴിലുടമകളിൽനിന്നും പൊലീസിൽനിന്നും കരാറുകാരിൽനിന്നുമെല്ലാം പല ഇതര സംസ്ഥാന തൊഴിലാളികൾക്കും മോശമായ സമീപനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇവിടത്തെ ജനകീയ-പൗരാവകാശ സമൂഹത്തിെൻറ ജാഗ്രതയിൽ ആ നിലപാടുകൾക്ക് മാറ്റംവന്നു. സംസ്ഥാന സർക്കാർ തന്നെ ഇൗ തൊഴിലാളികളുടെ ക്ഷേമം മുന്നിൽ കണ്ട് ആരോഗ്യ-പാർപ്പിട പദ്ധതികൾപോലും നടപ്പാക്കുന്നുമുണ്ട്. പെരുമ്പാവൂരിെല കണ്ടന്തറയിലും മലപ്പുറത്തെ താനൂരിലുമെല്ലാം ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് സർക്കാർ സ്കൂളുകളിൽ പ്രത്യേക പരിഗണനയും നൽകുന്നുണ്ട്.
ജാതി ഭിന്നതയുടെ പേരിൽ ഒരേ കിണറ്റിൽനിന്ന് കുടിവെള്ളമെടുക്കൽപോലും സുരക്ഷിതമല്ലാത്ത യു.പിയിലെയും രാജസ്ഥാനിലെയും ജനങ്ങൾ അവർ ജനിച്ച നാടിനേക്കാൾ സുരക്ഷിത ബോധത്തോടെ ഇവിടെ അധ്വാനിച്ചും സമ്പാദിച്ചും ജീവിതം നയിക്കുന്നു. ലവ് ജിഹാദ് ഉൾപ്പെടെ അപവാദങ്ങളും അസത്യങ്ങളും പലവുരു ആവർത്തിച്ച് സത്യമെന്ന് വരുത്തിത്തീർത്ത് മനസ്സുകളെ അകറ്റുകയും മനുഷ്യരെ തമ്മിൽ കൊല്ലിക്കുകയും ചെയ്തവർ കേരളത്തോടുള്ള അരിശം തീർക്കാനും അതേ തന്ത്രം പയറ്റുന്നത് അപകടകരമെന്ന് പറയേണ്ടതില്ലല്ലോ. മുസഫർ നഗറും ഗുജറാത്തുമെല്ലാം കേരളത്തിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ പയറ്റുന്ന തന്ത്രങ്ങളെ നിഷ്ഫലമാക്കാൻ ഒാരോ മലയാളിക്കും ബാധ്യതയുണ്ട്. ഇവിടെയുള്ളവരോ എവിടെയുള്ളവരോ ആവെട്ട ഒാരോ പെണ്ണിനും ആണിനും ഭിന്നലിംഗക്കാർക്കും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്ന മണ്ണാണ് കേരളമെന്ന് നാം ജീവിതംകൊണ്ടും നിലപാടു കൊണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.