കേസ് തോറ്റു; വാദം ജയിച്ചു
text_fieldsസ്വാതന്ത്ര്യദിനത്തലേന്ന് സുപ്രീംകോടതി നൽകിയ ഒരു വിധിതീർപ്പ് അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും ജുഡീഷ്യറിയുടെ പ്രവർത്തനശൈലിയെക്കുറിച്ചും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു. രണ്ടു ട്വീറ്റുകളിലൂടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയുടെ അന്തസ്സിടിച്ചു എന്നും അത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്നും മൂന്നംഗ ബെഞ്ച് കണ്ടെത്തി.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ആഡംബര ബൈക്കിലിരിക്കുന്ന പടത്തോടൊപ്പം, ബി.ജെ.പി നേതാവിെൻറ ബൈക്ക് ചീഫ് ജസ്റ്റിസ് ഓടിക്കുന്നു, ഹെൽമറ്റും മാസ്ക്കും ധരിച്ചില്ല, പൗരന്മാരുടെ നീതിക്കായുള്ള അവകാശം നിഷേധിച്ച് സുപ്രീംകോടതിയെ ലോക്ഡൗണിൽ ആക്കിയിരിക്കുേമ്പാഴാണിങ്ങനെ എന്നെല്ലാമാണ് പ്രശാന്ത് ഭൂഷൺ ജൂൺ 29ന് ട്വീറ്റ് ചെയ്തത്.
ജൂൺ 27ന് മറ്റൊരു ട്വീറ്റും ഉണ്ടായിരുന്നു. ഭാവിയിൽ ചരിത്രകാരന്മാർ, ഇക്കഴിഞ്ഞ ആദ്യ വർഷങ്ങളിൽ ഇന്ത്യയിൽ ജനാധിപത്യം അടിയന്തരാവസ്ഥ ഇല്ലാഞ്ഞിട്ടുപോലും നശിപ്പിക്കപ്പെട്ടതെങ്ങനെയെന്ന് പരിശോധിക്കുേമ്പാൾ സുപ്രീംകോടതിക്കും അതിലെ നാലു മുൻ ചീഫ് ജസ്റ്റിസുമാർക്കുമുള്ള പങ്ക് അടയാളപ്പെടുത്തും എന്നാണ് അതിൽ കുറിച്ചത്. ഈ ട്വീറ്റുകൾ ക്രിമിനൽ കോടതിയലക്ഷ്യം ഉൾക്കൊള്ളുന്നു എന്ന് വിധിച്ച ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച്, ശിക്ഷ എന്തെന്ന് വിധിക്കാനിരിക്കുന്നു.
വിധിതീർപ്പും ശിക്ഷയും വഴി ജുഡീഷ്യറിയുടെ അന്തസ്സ് ഉയരുമെങ്കിൽ അതിനെ ന്യായീകരിക്കാം. എന്നാൽ, ഫലം മറിച്ചായിരിക്കുമെന്ന് ജുഡീഷ്യറിയുടെ പ്രാധാന്യത്തെ ആദരപൂർവം നോക്കിക്കാണുന്ന നിയമജ്ഞർതന്നെ അഭിപ്രായപ്പെടുന്നു. അഭിപ്രായപ്രകടനത്തോടുള്ള അസഹിഷ്ണുത ഭരണഘടനയോടുള്ള അലക്ഷ്യമാണെന്നുവരെ വിമർശിച്ചവരും അക്കൂട്ടത്തിലുണ്ട്.
ജഡ്ജിമാർക്കോ ജുഡീഷ്യറിക്കോ അപ്രമാദിത്വമില്ല. അവർക്കു പറ്റുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കാനും വിമർശിക്കാനും രാജ്യത്തിെൻറ പരമാധികാരികളായ ജനങ്ങൾക്ക് അവകാശമുണ്ട്. ഈ കേസ് കോടതി കൈകാര്യംചെയ്ത രീതിവരെ വിമർശനവിധേയമാകുന്നുണ്ട്. അനുചിതമായ തിടുക്കവും നടപടിക്രമങ്ങളിലെ അസാധാരണത്വവും സ്വാഭാവികനീതിയുടെ നിഷേധവും മുൻഗണനയിലെ അട്ടിമറിയുമെല്ലാം ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചുരുക്കത്തിൽ, പ്രശാന്ത് ഭൂഷൺ എന്തെല്ലാം ദോഷങ്ങൾ ട്വീറ്റുകളിലൂടെ സൂചിപ്പിച്ചോ അതെല്ലാം സ്ഥിരീകരിക്കുന്ന വിധിയായിപ്പോയി ഇത് എന്നാണ് പൊതുവെ ഉയർന്നിട്ടുള്ള വിമർശനം. 'ആദരം പിടിച്ചുവാങ്ങേണ്ട ഒന്നല്ല, മറിച്ച് സ്വന്തം വിധിതീർപ്പുകളുടെ മികവുവഴി ആർജിക്കേണ്ടതാണ്' എന്ന് ചീഫ് ജസ്റ്റിസ് ഗജേന്ദ്ര ഗഡ്കർ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ.
സദുദ്ദേശ്യത്തോടെയുള്ള വിമർശനത്തെപ്പോലും പൊറുപ്പിക്കാത്ത കോടതിയലക്ഷ്യ നിയമംതന്നെ കാലഹരണപ്പെട്ടതാണ് എന്ന് നിയമലോകം പറയുന്നു. ഇന്ത്യ മാതൃകയായി സ്വീകരിച്ചിരുന്ന ബ്രിട്ടനിൽ ആ നിയമം ഇല്ലാതായിക്കഴിഞ്ഞു. സർവാംഗീകൃത മാനദണ്ഡങ്ങളുടെ അഭാവത്തിൽ കോടതിയലക്ഷ്യം അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനുനേെരയുള്ള നിത്യഭീഷണിയാണ്. ഇപ്പോഴത്തെ വിധിയെക്കുറിച്ച മുഖ്യവിമർശനവും അത് നിർമാണാത്മക വിയോജിപ്പുകളെയും പൊതുചർച്ചകളെയും നിരുത്സാഹപ്പെടുത്തും എന്നതാണ്.
ഭരണഘടനയുടെ 19 (1) (എ) വകുപ്പിെൻറ നിരാകാരമെന്ന നിലക്ക് കോടതിയലക്ഷ്യ നിയമംതെന്ന അസ്വീകാര്യമാണെന്ന് പരിഷ്കൃത നിയമവേദികൾ വാദിക്കുന്നു. ഇപ്പോഴത്തെ കേസിെൻറ നടപടിക്രമങ്ങൾപോലും അന്യൂനമാണോ? മഹക് മേഹശ്വരി എന്നൊരു വ്യക്തി പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യഹരജി സമർപ്പിക്കുന്നു. അറ്റോണി ജനറലിെൻറ അറിവോ സമ്മതമോ വേണമെന്ന കീഴ്വഴക്കം ലംഘിച്ചിട്ടും, അത് സ്വീകരിക്കപ്പെടുന്നു.
ചീഫ് ജസ്റ്റിസിനു കിട്ടേണ്ട ഹരജി ഭരണവിഭാഗത്തിൽ ജസ്റ്റിസ് അരുൺ മിശ്രക്കു കിട്ടുന്നു. ഹരജി കോടതിയുടെ സ്വമേധയാ കേസായി മാറുന്നു. അസാമാന്യമായ തിടുക്കത്തോടെ അത് വിചാരണക്കെടുക്കുന്നു -അരുൺ മിശ്രയുടെ ബെഞ്ചിൽതന്നെ. മിശ്രക്ക് തന്നോട് മുൻവിരോധമുണ്ടെന്ന ഭൂഷണിെൻറ വാദം പരിഗണിക്കപ്പെടുന്നില്ല. ഇത്തരത്തിൽ തെൻറ നിലപാട് വിശദീകരിച്ചുകൊണ്ട് ഭൂഷണിെൻറ ജൂലൈ 25ന് ചീഫ് ജസ്റ്റിസിനെഴുതിയ കത്തും പരിഗണിക്കപ്പെടുന്നില്ല.
ഭൂഷണിനെതിരെ 2009ൽ ഫയൽ ചെയ്തിരുന്ന മറ്റൊരു കോടതിയലക്ഷ്യ ഹരജി തപ്പിയെടുക്കപ്പെടുന്നു. ജഡ്ജിമാർക്കെതിരെ വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നടപടി സ്വീകരിക്കേണ്ടതുണ്ടെങ്കിൽ അതത് ജഡ്ജിമാർ അപകീർത്തിക്കേസ് കൊടുക്കുകയല്ലാതെ ജുഡീഷ്യറി എന്ന സ്ഥാപനത്തെ ഉപയോഗിക്കരുതെന്ന തത്ത്വവും അവഗണിക്കപ്പെടുന്നു.
യുക്തിരാഹിത്യവും വൈരുധ്യവും ഈ വിധിയിലുെണ്ടന്നും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയിലെ നീതിനടത്തിപ്പിനെപ്പറ്റി വാർത്തസമ്മേളനം നടത്തിയ ജഡ്ജിമാരുടെ ചെയ്തിക്കപ്പുറം പ്രശാന്ത് ഭൂഷൺ ചെയ്തിട്ടില്ല. കേസുകൾ ബെഞ്ചുകൾക്കു നൽകുന്നതിലും ബെഞ്ചുകളുടെ ഘടനയിലുമടക്കം ഗുരുതരമായ പാളിച്ചകൾ വരുന്നു എന്ന് അതേ കോടതിയിലെ ജഡ്ജിമാരടക്കമുള്ളവരും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കോടതിയെ നിന്ദിക്കാനായിരുന്നില്ല അതൊന്നും; തെറ്റു ചൂണ്ടിക്കാട്ടാനുള്ള ജനങ്ങളുെട അധികാരവും അവകാശവും പ്രയോഗിക്കുകയായിരുന്നു. കോടതിയെ തെറ്റുതിരുത്താനും അന്തസ്സ് വീണ്ടെടുക്കാനും സഹായിക്കുകയാണ്, അതിനുനേരെ കണ്ണാടിപിടിക്കുന്ന ഭൂഷൺ അടക്കമുള്ള വിമർശകർ ചെയ്യുന്നത്. ന്യായീകരിക്കാനാകാത്ത സ്ഥലംമാറ്റങ്ങൾ, ലൈംഗികാതിക്രമ വിമർശനം നേരിടുന്ന ജഡ്ജിതന്നെ ആ കേസിെൻറ ബെഞ്ചിലിരിക്കുന്നത്, പൗരത്വാവകാശലംഘനങ്ങളെക്കുറിച്ചുള്ള ഹരജികളും ഹേബിയസ് കോർപസ് ഹരജികളും ഉദാസീനമായി കൈകാര്യംചെയ്യുന്നത് -ഇത്തരത്തിൽ അന്തസ്സ് ഉയർത്തുന്നതെന്ന് പറയാനാകാത്ത കാര്യങ്ങളെപ്പറ്റി ഗൗരവപ്പെട്ട പരാതികൾ ജനങ്ങൾക്കുണ്ട്.
കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിക്കുേമ്പാൾ നിലക്കുനിർത്താത്തതിലും പരാതിയുണ്ട്. ഇതെല്ലാം വിശ്വാസ്യത തകർക്കാൻ പോന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നവർ ഗുണകാംക്ഷികളാണ്. മുൻഗണനയെക്കുറിച്ചുള്ളതടക്കം പ്രശാന്ത് ഭൂഷൺ സൂചിപ്പിച്ച വീഴ്ചകൾ തിരുത്തിക്കൊണ്ടായിരുന്നില്ലേ കോടതി സ്വയം തെളിയിക്കേണ്ടിയിരുന്നത്? കോടതിയലക്ഷ്യവിധിയിലൂടെ ഭൂഷൺ കേസ് തോറ്റു; അതുവഴി, അദ്ദേഹത്തിെൻറ വാദം ജയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.