സി.ബി.െഎ എന്ന രാഷ്ട്രീയ ദണ്ഡ്
text_fieldsഒേട്ടറെ തട്ടിപ്പുകൾക്കും അഴിമതികൾക്കുമൊക്കെ െഎക്യകേരളം സാക്ഷ്യംവഹിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പുറത്തുവന്ന സോളാർ തട്ടിപ്പുകേസ് അതിൽനിന്നെല്ലാം പല കാരണങ്ങളാൽ വേറിട്ടുനിൽക്കുന്നു. സംസ്ഥാനത്ത് സൗരോർജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ഒരു സംഘം പിടിക്കപ്പെടുന്നതോടെയാണ് കേസിെൻറ തുടക്കം. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു വനിതയടക്കമുള്ളവർക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള ജനപ്രതിനിധികളുമായും ഭരണപക്ഷത്തെ ചില രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ടായിരുന്നുവെന്ന വിവരം പുറത്തായതോടെയാണ് കേസിെൻറ ഗതിയാകെ മാറിയതും പിന്നീടത് കേരളമാകെ കത്തിപ്പടർന്നതും. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രഖ്യാപിക്കപ്പെട്ട ജുഡീഷ്യൽ അന്വേഷണം പൂർത്തിയായത് നാലു വർഷങ്ങൾക്കുശേഷമാണ്. 'ടീം സോളാർ' എന്ന ഇല്ലാ കമ്പനിയുടെ പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ജനത്തെ വഞ്ചിച്ചവർക്ക് മുഖ്യമന്ത്രിയും സംഘവും ഒത്താശ ചെയ്തുവെന്നും അതിനായി പണവും പെണ്ണിെൻറ മാനവും പ്രതിഫലംപറ്റിയെന്നുമുള്ള അറപ്പുളവാക്കുന്ന വിവരമാണ് ജസ്റ്റിസ് ശിവരാജൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. നാലു വാല്യങ്ങളിലായി 1067 പേജ് വരുന്ന റിപ്പോർട്ടിൽ വിഷയം സമഗ്രമായി അന്വേഷിക്കണമെന്നും നിർദേശിക്കുന്നുണ്ട്. ആ അർഥത്തിൽ, സംസ്ഥാനത്തിെൻറ താൽപര്യം മുൻനിർത്തി അത് സി.ബി.െഎ പോലുള്ള കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ, കഴിഞ്ഞദിവസം പിണറായി സർക്കാർ സോളാർ കേസ് പ്രതി ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്കെതിരെ നൽകിയ ലൈംഗികപീഡനക്കേസുകൾ മാത്രമായി സി.ബി.െഎക്കു വിട്ടത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് ന്യായമായും ചോദിക്കേണ്ടിവരും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതു സർക്കാറിെൻറ നയങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിന് സി.പി.എം ആവിഷ്കരിച്ച ഗൃഹസന്ദർശന പരിപാടിയുടെ ആദ്യനാളിൽതന്നെ, മന്ത്രിസഭയിൽപോലും ചർച്ചചെയ്യാതെ വിഷയം സി.ബി.െഎക്കു വിട്ടത് അത്ര നിഷ്കളങ്കമെന്നു കരുതാൻ വയ്യ.
നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സോളാർ ൈലംഗികപീഡനക്കേസുകളാണ് സി.ബി.െഎക്ക് വിട്ട് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, ഹൈബി ഇൗഡൻ, എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെ ഇരയായ സ്ത്രീ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇരയുടെ ഇതുസംബന്ധിച്ച പരാമർശങ്ങൾ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിലുമുണ്ടായിരുന്നു. അക്കാര്യംകൂടി പരിഗണിച്ചായിരുന്നു നേരേത്ത ഇത് ക്രൈംബ്രാഞ്ചിന് വിട്ടത്. മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവരിരിക്കുന്ന പദവിയുടെ അന്തസ്സ് മറന്ന് പണത്തിനും പെണ്ണുടലിനുംവേണ്ടി ഒരു സംവിധാനത്തെയാകെ ദുരുപയോഗം ചെയ്തുവെന്നാണ് കമീഷെൻറ കണ്ടെത്തലുകളുടെ ആകത്തുക. മറ്റൊരർഥത്തിൽ, അധികാരത്തിെൻറ ഇടനാഴികളിൽ ഇരിപ്പുറപ്പിച്ച് കാലങ്ങളായി സെക്രേട്ടറിയറ്റ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയുടെ നാറിയ കഥകളാണ് ജസ്റ്റിസ് ശിവരാജൻ പുറത്തുകൊണ്ടുവന്നത്. അത്തരം അഴിമതികളും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും തുറന്നുകാണിക്കുകയും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ചെയ്യുകയായിരുന്നു സർക്കാറിെൻറ ഉദ്ദേശ്യമെങ്കിൽ സമഗ്രമായൊരു തുടരന്വേഷണമായിരുന്നു അഭികാമ്യം. 2015ൽ, ജുഡീഷ്യൽ അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ തന്നെയും സോളാർ കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതാണ്. എന്നാൽ, അതെല്ലാം മാറ്റിവെച്ച് റിപ്പോർട്ടിലെ ഒരുഭാഗം മാത്രം സി.ബി.െഎക്കു വിടുന്നത് തികഞ്ഞ അനൗചിത്യമാണ്. വാസ്തവത്തിൽ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെതന്നെ തെളിയിക്കാവുന്നൊരു കേസാണ് കേന്ദ്ര ഏജൻസിയെ ഏൽപിച്ച് ഇടതുപക്ഷവും സി.പി.എമ്മും രാഷ്ട്രീയ ലാഭം കൊയ്യാനൊരുങ്ങുന്നത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയും 'പ്രതി'പ്പട്ടികയിലുള്ളതിനാൽ പിണറായിയുടെ ആവശ്യത്തോട് സി.ബി.െഎ വിമുഖത കാണിക്കുമോ എന്നു മാത്രമേ ഇൗ കേസിെൻറ കാര്യത്തിൽ ഇനിയറിയാനുള്ളൂ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടിതെറ്റിയ യു.ഡി.എഫിനെ പിടിച്ചുകയറ്റാൻ നിയോഗിക്കപ്പെട്ട ഉമ്മൻ ചാണ്ടിയെ ഇൗ നീക്കത്തിലൂടെ ഇടതുസർക്കാർ ലക്ഷ്യമിടുന്നുവെന്ന് വ്യക്തമാണ്. നിയമസഭ തെരഞ്ഞെടുപ്പിെന നേരിടാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കെ, കപ്പിത്താനെതന്നെ മുക്കിക്കളയുന്ന രാഷ്ട്രീയതന്ത്രമാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. ഇത് തികച്ചും രാഷ്ട്രീയലാഭത്തിനുവേണ്ടിയുള്ളതാണെന്ന് ധരിക്കാൻ വേറെയും കാരണങ്ങളുണ്ട്. ഇപ്പോൾ ഇടതുപാളയത്തിലുള്ള ജോസ് കെ. മാണിയടക്കമുള്ളവരുടെ പേരും ലൈംഗികപീഡനം ആരോപിക്കപ്പെടുേമ്പാൾ ഉയർന്നുകേട്ടതാണ്. എന്നാൽ, സി.ബി.െഎ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ സാേങ്കതികത്വം പറഞ്ഞ് ആ പേരുകളെല്ലാം മായ്ച്ചുകളയപ്പെട്ടു. പലഘട്ടത്തിലും 'അനാവശ്യ കേന്ദ്ര ഇടപെടൽ' എന്ന ന്യായം പറഞ്ഞ് സി.ബി.െഎ അന്വേഷണത്തെ പ്രതിരോധിച്ചവർതന്നെയാണ് അതേ ഏജൻസിയെ ഇത്തരത്തിൽ രാഷ്ട്രീയ ദണ്ഡായി ഉപയോഗിക്കുന്നത്. ഇത് എത്രമാത്രം ജനാധിപത്യപരമാണെന്ന് എല്ലാവരും ആലോചിക്കേണ്ടതുണ്ട്. കഴിഞ്ഞ സർക്കാറിെൻറ അവസാന കാലത്ത് ഉമ്മൻ ചാണ്ടിയും ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. ലാവലിൻ കേസിൽ സി.ബി.െഎക്കൊപ്പം പിണറായിക്കെതിരെ ൈഹകോടതിയിൽ ഉപഹരജി നൽകി, അദ്ദേഹത്തിെൻറ കേരള യാത്ര മരവിപ്പിക്കാനാണ് അന്ന് സർക്കാർ ശ്രമിച്ചത്. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിയോഗികളായ സംസ്ഥാനങ്ങൾക്കെതിരെ നടത്തുന്ന നീക്കത്തിെൻറ മറ്റൊരു പതിപ്പുതന്നെയാണ് ഇതും. ആ നീക്കങ്ങളെ ഫാഷിസത്തിെൻറ മുഖമായി സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചവർ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി അതേ തന്ത്രം കടമെടുക്കുന്നത് നീതിയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.