ഫാഷിസ്റ്റ് നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്
text_fieldsനിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് 2010ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കേസിൽ പ്രസിദ്ധ സാമൂഹിക-സാംസ്കാരിക പ്രവർത്തകയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയെയും ജമ്മു-കശ്മീർ യൂനിവേഴ്സിറ്റിയിലെ മുൻ പ്രഫസർ ശൗഖത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലെഫ്. ഗവർണർ വി.കെ. സക്സേന അനുമതി നൽകിയിരിക്കുന്നത് മോദി സർക്കാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധവും നീതിരഹിതവുമായ നടപടികൾക്ക് പുതിയ സാഹചര്യത്തിലും ഒരു മാറ്റവും ഇല്ല എന്ന് വിളംബരം ചെയ്യുന്നതാണ്. വിഭാഗീയത സൃഷ്ടിക്കുന്നതും ദേശീയ ഐക്യത്തിന് ഹാനികരവുമായ പ്രസംഗങ്ങൾ ചെയ്തുവെന്നതാണ് ചുമത്തപ്പെട്ട കുറ്റം.
യു.എ.പി.എ എന്ന കഠോരനിയമത്തിലെ 13ാം വകുപ്പ് ഉപയോഗിച്ചാണ് നടപടി. സർക്കാറിനെതിരായ വിമർശനങ്ങൾ ഒരിക്കലും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ വരുകയില്ലെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വിധി കൽപിച്ചിട്ടും കേട്ട ഭാവം നടിക്കാതെ എതിർശബ്ദങ്ങളെ അടിച്ചൊതുക്കാനും അപൂർവമായി അത്തരം എതിർശബ്ദങ്ങൾ ഉയർത്തുന്നവരെക്കൂടി നിശ്ശബ്ദമാക്കാനുമാണ് യു.എ.പി.എ എന്ന നിയമം ഉപയോഗപ്പെടുത്തുന്നതെന്ന് എടുത്തുപറയേണ്ടതില്ല. സമഗ്രാധിപത്യപരമായ ഇത്തരം നടപടികൾക്കെതിരെയാണ് രാജ്യത്തെ ജനങ്ങൾ ജനാധിപത്യാവകാശം ഉപയോഗപ്പെടുത്തിയതെന്ന കാര്യം പാടേ അവഗണിച്ചുകൊണ്ടാണ് മോദി സർക്കാറിന്റെ പോക്ക്.
കടുത്ത മുൻവിധി തുറന്നുകാട്ടുന്നതും വംശീയ വിവേചനത്തിന്റെ നഗ്നരൂപം വെളിപ്പെടുത്തുന്നതുമായ മറ്റൊരു നടപടിയാണ് ജമ്മു-കശ്മീരിലെ സർക്കാർ നിയമനങ്ങളിൽ വലിയൊരു വിഭാഗത്തിന് വിലക്ക് കൽപിച്ചുകൊണ്ടുള്ള ആഭ്യന്തരമന്ത്രി അമിത്ഷായുടെ പുതിയ നയപ്രഖ്യാപനം. കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട ജമ്മുവിലും കശ്മീരിലും മേലിൽ തീവ്രവാദികളുടെ കുടുംബങ്ങളിൽപെട്ടവർക്കും ജോലി നൽകില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നു. തീവ്രവാദികളെന്ന് മുദ്രകുത്തപ്പെട്ടവർക്ക് മാത്രമല്ല അവരോട് അകന്ന ബന്ധുത്വമെങ്കിലുമുള്ളവർക്കും സുരക്ഷാസേനക്കു നേരെ കല്ലെറിഞ്ഞവർക്കും നേരെ സർക്കാർ ഉദ്യോഗങ്ങളുടെ കവാടം കൊട്ടിയടക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് അമിത്ഷായുടെ വിളംബരം. പൊലീസും പട്ടാളവും വെടിവെച്ചുകൊന്ന പതിനായിരങ്ങൾ മുഴുവൻ തീവ്രവാദികളായിരുന്നുവെന്ന് ഒരു കോടതിയും ശരിവെച്ചിട്ടുള്ളതല്ല.
അതേപോലെ കല്ലേറ് സമരം നടത്തിയവരെന്ന് ആരോപിക്കപ്പെട്ടവരുടെ കാര്യത്തിലും വിചാരണയോ കോടതിവിധികളോ വന്നിട്ടുമില്ല. എന്നിരിക്കെ അമ്പതിനായിരം കുടുംബങ്ങൾക്കെങ്കിലും സർക്കാർ ജോലികളുടെ കവാടം തുറക്കില്ലെന്നുറപ്പായ ഈ കടുത്ത നീതിനിഷേധത്തിനെതിരെ പി.ഡി.പിയും മറ്റു കശ്മീരി സംഘടനകളും പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും ഒരു പുനഃപരിശോധന പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകാൻ സുപ്രീംകോടതി നൽകിയ കാലാവധി അവസാനിക്കുന്നതിനു മുമ്പ് വേണം ഇത്തരം ഏകപക്ഷീയ നടപടികളെന്ന് കേന്ദ്ര സർക്കാർ കരുതുന്നുണ്ടാകണം. 2019 ഒക്ടോബർ 31ന് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ-ലഡാക് എന്നീ മേഖലകളെ കേന്ദ്രഭരണ പ്രദേശങ്ങളായി മോദി സർക്കാർ പ്രഖ്യാപിച്ച ശേഷവും ഭീകരപ്രവർത്തനങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ലെന്നിരിക്കെയാണ് പൂർവാധികം കടുത്ത നടപടികളിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതെന്ന വൈരുധ്യവും കാണാതെ പോകരുത്.
പുതിയ തലമുറയുടെ വിദ്യാഭ്യാസത്തെ സത്യവിരുദ്ധവും അബദ്ധജഡിലവുമായ പ്രതിപാദനങ്ങൾകൊണ്ട് മലീമസമാക്കുന്ന പ്രക്രിയയും മറ്റൊരുവശത്ത് മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും പുതിയ ഉദാഹരണമാണ് എൻ.സി.ഇ.ആർ.ടി 12ാം ക്ലാസിലേക്ക് നിശ്ചയിച്ച പൊളിറ്റിക്സ് പാഠപുസ്തകം. കർസേവകർ തകർത്ത ഫൈസാബാദിലെ ബാബരി മസ്ജിദ് 16ാം നൂറ്റാണ്ടിൽ ബാബർ ചക്രവർത്തിയുടെ ജനറലായ മീർബാഖി നിർമിച്ചതാണെന്ന ഭാഗം മാറ്റി ശ്രീരാമന്റെ ജന്മസ്ഥലത്ത് നിർമിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്ന് എഴുതിപ്പിടിപ്പിച്ച വ്യാജോക്തിയാണ് ഇനിമുതൽ വിദ്യാർഥികൾ പഠിക്കേണ്ടത്. ബാബരി മസ്ജിദ് സ്ഥിതിചെയ്ത സ്ഥലത്ത് ഒരുകാലത്തും ക്ഷേത്രമേ ഉണ്ടായിരുന്നില്ലെന്നും ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും ബാബരി മസ്ജിദ് കേസ് വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
ദേശീയ പുരാവസ്തു ഗവേഷണ സമിതിക്കും അത് തെളിയിക്കാനായിട്ടില്ല. ഹിന്ദുക്കൾ അങ്ങനെ വിശ്വസിക്കുന്നു എന്നതുകൊണ്ടു മാത്രമാണ് പരമോന്നത കോടതി ബാബരി മസ്ജിദ് ഭൂമി ഹിന്ദുത്വ സംഘടനകൾക്ക് രാമക്ഷേത്രം പണിയാൻ വിട്ടുകൊടുത്തത്. എന്നിട്ടാണ് ചരിത്രസത്യങ്ങളും കോടതിവിധിയും പാടെ തമസ്കരിച്ച് വി.എച്ച്.പിയുടെ വിതണ്ഡവാദങ്ങൾ ചരിത്രസത്യങ്ങളായി ഇളംതലമുറയുടെ തലച്ചോറിലേക്ക് കടത്തിവിടുന്നത്! ഇത്തരം ഫാഷിസ്റ്റ് നടപടികളും അട്ടിമറികളും മാറ്റമില്ലാതെ തുടരുമെന്നും ന്യൂനപക്ഷ മോദി സർക്കാറിന് ഭൂരിപക്ഷം ഉറപ്പാക്കാൻ കൂടെ കൂട്ടിയ മതേതര പാർട്ടികൾ അതിന്റെ നേരെ കണ്ണുചിമ്മിക്കൊള്ളും എന്നുമുള്ള ഉറച്ച വിശ്വാസമാണ് മോദി-അമിത്ഷാ ടീമിനെ നയിക്കുന്നതെന്ന് കരുതുന്നതാണ് ശരി. ആ ധാരണ തെറ്റാണെന്ന് തെളിയിക്കേണ്ടത് ജെ.ഡി.യുവിന്റെ നിതീഷ് കുമാറും ടി.ഡി.പിയുടെ ചന്ദ്രബാബുവും തന്നെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.