ഇറാൻ പ്രസിഡൻറിന് മുന്നിലെ വെല്ലുവിളികൾ
text_fieldsഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി 53.3 ശതമാനം വോട്ട് നേടിയ മസ്ഊദ് പെസശ്കിയാൻ തെരഞ്ഞെടുക്കപ്പെട്ടു. ജൂൺ 28 ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടിൽ ഇറാൻ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 40 ശതമാനം മാത്രം വോട്ട് ചെയ്തതിൽ പെസശ്കിയാന് ലഭിച്ചത് 42.5 ഉം മുഖ്യ എതിരാളി സഈദ് ജലീലിക്ക് ലഭിച്ചത് 38.8 ഉം ശതമാനമായിരുന്നു. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ നടന്ന രണ്ടാം റൗണ്ടിൽ 69 കാരനും ഹൃദ്രോഗവിദഗ്ധനുമായ പെസശ്കിയാന് 53.3 ശതമാനം വോട്ടും സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിക്ക് 44.3 ശതമാനം വോട്ടും ലഭിച്ചു പെസശ്കിയാൻ ഇറാന്റെ ഒമ്പതാമത്തെ പ്രസിഡന്റായി. യാഥാസ്ഥിതിക പക്ഷക്കാരനും ഇറാന്റെ പരമോന്നത നേതാവ്...
ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി 53.3 ശതമാനം വോട്ട് നേടിയ മസ്ഊദ് പെസശ്കിയാൻ തെരഞ്ഞെടുക്കപ്പെട്ടു. ജൂൺ 28 ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടിൽ ഇറാൻ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 40 ശതമാനം മാത്രം വോട്ട് ചെയ്തതിൽ പെസശ്കിയാന് ലഭിച്ചത് 42.5 ഉം മുഖ്യ എതിരാളി സഈദ് ജലീലിക്ക് ലഭിച്ചത് 38.8 ഉം ശതമാനമായിരുന്നു. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ നടന്ന രണ്ടാം റൗണ്ടിൽ 69 കാരനും ഹൃദ്രോഗവിദഗ്ധനുമായ പെസശ്കിയാന് 53.3 ശതമാനം വോട്ടും സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിക്ക് 44.3 ശതമാനം വോട്ടും ലഭിച്ചു പെസശ്കിയാൻ ഇറാന്റെ ഒമ്പതാമത്തെ പ്രസിഡന്റായി. യാഥാസ്ഥിതിക പക്ഷക്കാരനും ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയുടെ അടുപ്പക്കാരനുമെന്ന് കരുതപ്പെടുന്ന ജലീലിയെ പരാജയപ്പെടുത്തിയതിലൂടെ ഒരു പക്ഷേ, ഇറാന്റെ ജനാധിപത്യ മാതൃകയെക്കുറിച്ച് നടക്കാറുള്ള, എല്ലാം പരമോന്നത നേതാവിന്റെ ഇച്ഛയനുസരിച്ചാണ് എന്ന വിമർശനത്തിന് ചെറിയ മറുപടി കൂടിയായി തെരഞ്ഞെടുപ്പ് ഫലം.
ഇറാൻ പ്രസിഡന്റിന്റെ നാല് വർഷ കാലാവധിയനുസരിച്ച് 2025 ൽ മാത്രമേ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ടായിരുന്നുള്ളൂ. എന്നാൽ, പ്രസിഡന്റ് ഇബ്രാഹിം റഈസി ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മത-നിയമപണ്ഡിതനും തീവ്രപക്ഷക്കാരനെന്നു കരുത്തപ്പെട്ടിരുന്നതുമായ റഈസി പാണ്ഡിത്യവും അലി ഖാംനഈയുമായുള്ള അടുപ്പവും കാരണം, 85 കഴിഞ്ഞ ഖാംനഈയുടെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെട്ടിരുന്നു. കോപ്ടർ അപകടത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. അത് കൊണ്ടുതന്നെ റഈസിയുടെ നിലപാടുകളിൽനിന്ന് ഭിന്നമായ പരിഷ്കരണ നിലപാടുകളുള്ള മസ്ഊദ് പെസശ്കിയാൻ തെരഞ്ഞെടുക്കപ്പെട്ടു എന്നത് പ്രധാനമാണെന്ന് ചില നിരീക്ഷകരെങ്കിലും കരുതുന്നു.
ആ ‘പുരോഗമന’ നിലപാടുകളിൽ ഇറാന്റെ ആഭ്യന്തരവും ബാഹ്യവുമായ വിഷയങ്ങളിലെ ഭിന്നസമീപനങ്ങളും പെടും. എന്നാൽ, നിരീക്ഷക വൃത്തങ്ങളുടെ കറുപ്പും വെളുപ്പും വിശകലനങ്ങൾക്ക് വഴങ്ങാത്ത തരം സമാനതകൾ രണ്ടു സ്ഥാനാർഥികളിലും കാണാനും കഴിയും. അതിൽ പ്രധാനം അമേരിക്കയോടുള്ള നയതന്ത്ര സമീപനം, ആണവ പദ്ധതികളോടുള്ള പ്രതിബദ്ധത, സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലിനോടുള്ള നിലപാടുകൾ, സയണിസ്റ്റ് വിരുദ്ധ ചെറുത്ത് നിൽപ് കക്ഷികളായ ഹമാസ്, ഹിസ്ബുല്ല എന്നിവരോടുള്ള ഐക്യദാർഢ്യം എന്നിവതന്നെ. മാത്രമല്ല, പെസശ്കിയാന്റെ പൂർവചരിത്രത്തിലും കാണാം തീവ്ര ഇറാൻ വിപ്ലവവീര്യം അതേപടി നിലനിർത്തിയതായി. 1979 ൽ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവത്തിനുശേഷം ഇറാഖ് തുടങ്ങിയ യുദ്ധത്തിൽ ഇറാൻ പക്ഷത്ത് ഒരു പോരാളിയായും ഭിഷഗ്വരനായും പെസശ്കിയാൻ പങ്കെടുത്തത് ജീവചരിത്രകാരന്മാർ അനുസ്മരിക്കുന്നുണ്ട്.
കർക്കശക്കാരനായി അറിയപ്പെടുന്ന അഹ് മദി നെജാദ് 2005ൽ അധികാരത്തിൽ വന്നപ്പോൾ പെസശ്കിയാനെ മന്ത്രിയാക്കിയിരുന്നില്ല. പിന്നീട് പാർലമെന്റിൽ അംഗമായ അദ്ദേഹം 2009 ൽ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ നടത്തിയ പ്രക്ഷോഭകരെ കൈകാര്യം ചെയ്ത രീതിയിൽ അഭിപ്രായഭിന്നത രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രദ്ധിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്: 2014 ൽ ഹസൻ റൂഹാനി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും വീണ്ടും ഒരു കാലാവധികൂടി നേടുകയും ചെയ്തശേഷം 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ പെസശ്കിയാൻ സ്ഥാനാർഥിയാവാൻ രജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ, പരമോന്നത നേതാവ് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു. അന്ന് വിജയിച്ച ഇബ്രാഹിം റഈസിയുടെ നിര്യാണത്തെതുടർന്ന് ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കപ്പെട്ടു എന്നതാണ് ഇറാൻ ജനാധിപത്യത്തെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യം. അന്ന് പരമോന്നത നേതാവിന് അസ്വീകാര്യമായ ‘പരിഷ്കരണവാദി’ പെസശ്കിയാൻ ഇന്ന് സ്വീകാര്യനായിരിക്കുന്നു. മൗലിക നിലപാടുകളിൽ എന്തെങ്കിലും മാറ്റംവരുത്തിയത് കൊണ്ടല്ല അത്. പരിഷ്‌കൃത രാജ്യങ്ങളിൽ നാമനിർദേശം തള്ളാൻ എടുത്തുകാട്ടപ്പെടുന്ന കാരണങ്ങൾക്ക് പകരം ‘ആത്മീയ നേതൃത്വം’ മറ്റു ചില കാരണങ്ങളാൽ ചിലരെ രംഗത്തുനിന്ന് മാറ്റിനിർത്തുന്നു. അവർക്ക് പിന്നീട് അവസരം കിട്ടുകയും ചെയ്യുന്നു എന്നാണ് ഇതിൽനിന്ന് തെളിയുന്നത്.
ആന്തരികമായും ബാഹ്യമായും ഇറാൻ വെല്ലുവിളികൾ നേരിടുന്ന ഒരു ഘട്ടത്തിലാണ് പെസശ്കിയാൻ ഭരണത്തിലെത്തുന്നത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ക്രൂരകൃത്യങ്ങൾക്കെതിരെ സൈനികമായി പ്രതികരിക്കുന്ന ഹമാസും ഹിസ്ബുല്ലയുള്ള ബന്ധം നിലനിർത്തുന്നതാണ് ഒരു വെല്ലുവിളി. മാത്രമല്ല തങ്ങൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ സൈനിക ജാഗ്രത ആവശ്യപ്പെടുന്ന ഒന്നാണ്. രണ്ടാമതായി 2015ൽ യു.എൻ നേതൃത്വത്തിൽതന്നെ അമേരിക്കയുമായുണ്ടാക്കിയ ആണവ കരാർ 2018 ൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി റദ്ദാക്കി. അതോടുകൂടി ഇറാനെതിരെ നടത്തിയ ഉപരോധത്തിന്റെ പേരിൽ സംജാതമായ സാമ്പത്തിക മാന്ദ്യം കാരണം ജനജീവിതം ഏറെ പ്രായസത്തിലാണ്. ഇപ്പോൾ മിതവാദി പദവി ലഭിച്ച പെസശ്കിയാന് ആണവചർച്ചകൾ പുനരാരംഭിക്കാനും അതുവഴി പുതിയ ഒരു കരാറിലെത്താനും കഴിഞ്ഞെങ്കിൽ അത് രാജ്യത്തിന് നേട്ടമാവുമെന്നാണ് ഭൂരിപക്ഷം ജനങ്ങളും കരുതുന്നത്.
എന്നാൽ, ഇസ്രായേലിന്റെ കാര്യത്തിൽ നിലപാടുകളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് തന്നെയാണ് പെസശ്കിയാൻ കഴിഞ്ഞ തിങ്കളാഴ്ച ഫലസ്തീൻ പോരാട്ട സൈന്യങ്ങൾക്ക് പിന്തുണ തുടരുമെന്ന ഹിസ്ബുല്ല നേതാവ് നസ്‌റുല്ലക്ക് നൽകിയ സന്ദേശത്തിലൂടെ സൂചിപ്പിച്ചത്. അതുവഴി അമേരിക്കക്ക് അനഭിമതനാകാൻ വേണ്ടത്ര ‘യോഗ്യത’യും അദ്ദേഹത്തിനുണ്ട്. ഇതിനു പുറമെ അത്തരം നിർണായക വിഷയങ്ങളിൽ ഇറാന്റെ ഭരണസംവിധാനമനുസരിച്ച് പ്രസിഡന്റിനു മാത്രം ഒരു തീരുമാനമെടുക്കാൻ കഴിയില്ല. മർമപ്രധാനമായ വിഷയങ്ങളിൽ പരമോന്നത നേതാവിന്റെ തലത്തിൽതന്നെ എടുക്കുന്ന തീരുമാനങ്ങളേ സാധുവാകൂ. ആ തലത്തിൽ ബാഹ്യലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെങ്കിൽ മറുപക്ഷത്തുള്ള രാജ്യങ്ങളും ഇറാന് ഒരു രാഷ്ട്രമെന്ന നിലക്കുള്ള അസ്തിത്വവും അവകാശങ്ങളും അനുവദിച്ചു കൊടുക്കുന്ന സമീപനം സ്വീകരിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.