കുതിച്ചുയരാൻ ഒരു പിറകോട്ടടി
text_fieldsസാേങ്കതികത്തകരാറുകാരണം അവസാന നിമിഷങ്ങളിൽ വിക്ഷേപണം മാറ്റിവെച്ചെങ്കിലും ഇന ്ത്യയുടെ ചന്ദ്രയാൻ-2 വൈകാതെ തന്നെ നമ്മുടെ ബഹിരാകാശനേട്ടങ്ങളിൽ ഉജ്വലമായ മറ്റൊരധ് യായം രചിക്കാനിരിക്കുകയാണ്. െഎ.എസ്.ആർ.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ഇൗ ദൗത്യം അങ്ങേയറ്റത്തെ സൂക്ഷ്മതയോടെയാണ് നമ്മുടെ ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് നേരിയപ്രശ്നം കണ്ടപ്പോൾ കരുതലെന്ന നിലക്ക് വിക്ഷേപണം മാറ്റിവെച്ചത്. ബഹിരാകാശ മേഖലയിൽ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കഴിവും വൈദഗ്ധ്യവും സർവാംഗീകൃതമാണിന്ന്. ഒരു പതിറ്റാണ്ടു മുമ്പ് ചന്ദ്രയാൻ-1 വിജയകരമായി ദൗത്യം പൂർത്തീകരിക്കുക മാത്രമല്ല, ചന്ദ്രനിൽ ആദ്യമായി ജലസാന്നിധ്യം കണ്ടെത്തി വിസ്മയിപ്പിക്കുക കൂടി ചെയ്തു. പുതിയ ദൗത്യത്തിൽ ലക്ഷ്യം കൂടുതൽ വിശാലവും വൈവിധ്യപൂർണവുമാണ്.
ചന്ദ്രനിലെ രണ്ടു ഗർത്തങ്ങൾക്കിടയിലെ നിർണിതസ്ഥലത്ത് ‘വിക്രം’ എന്ന ലാൻഡറും ചേന്ദ്രാപരിതലത്തിൽ സഞ്ചരിക്കേണ്ട ‘പ്രജ്ഞാൻ’ എന്ന റോവറും പതുക്കെ ഇറങ്ങും. ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസങ്ങൾ) ചന്ദ്രെൻറ രാസഘടനയിലും ധാതുക്കളും ജലകണങ്ങളും അന്വേഷിക്കാനായി റോവർ ചെലവഴിക്കും. ചന്ദ്രെൻറ നിലത്ത് മന്ദമായി ഇറങ്ങാൻ (സോഫ്റ്റ്ലാൻഡിങ്) കഴിഞ്ഞാൽ അത് സാധിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ-ഇതിനുമുമ്പ് യു.എസ്.എസ്.ആറും യു.എസും ചൈനയുമാണ് അത് സാധിച്ചിട്ടുള്ളത്. ഇതോടൊപ്പം, ചൈനക്കുശേഷം ചന്ദ്രെൻറ ദക്ഷിണധ്രുവത്തിനടുത്ത് എത്തുന്ന രണ്ടാമത്തെ രാജ്യവുമാകും നമ്മൾ. ഇതിലെ റോവറും ലാൻഡറും ഭ്രമണപേടകവും (ഒാർബിറ്റർ) എല്ലാം ഇന്ത്യയിൽ തന്നെ നിർമിച്ചതാണ്. വിക്ഷേപണം മുതൽ ലാൻഡിങ് വരെ കൃത്യമായി നടക്കാൻ റോക്കറ്റിെൻറ വേഗം അതിസൂക്ഷ്മമായി നിയന്ത്രിക്കേണ്ടതുണ്ട്. ഇതിന് സിഗ്നലുകളെ മാത്രം ആശ്രയിക്കേണ്ടതുമുണ്ട്. ഒരു നിമിഷാർധത്തിെൻറ പിഴവുപോലും മൊത്തം ദൗത്യത്തെ പരാജയപ്പെടുത്തിയേക്കും എന്നതിനാലാണ് 978 കോടി ചെലവുവരുന്ന ചന്ദ്രയാൻ-2െൻറ വിക്ഷേപണം നേരിയ തകരാറിെൻറ പേരിൽ നീട്ടിവെച്ചത്. ഇത് തിരിച്ചടിയല്ല, വിജയം ഉറപ്പിക്കാനുള്ള കരുതൽ മാത്രമാണ്.
ചന്ദ്രയാൻ-1െൻറ പത്താം വാർഷികം മാത്രമല്ല ഇത്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിെൻറ അമ്പതാം വാർഷികം കൂടിയാണ്. ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹത്തിലെ മനുഷ്യസാന്നിധ്യം അരനൂറ്റാണ്ട് തികക്കുേമ്പാൾ നാം ഭൂനിവാസികൾ മുെമ്പാരിക്കലും കണ്ടിട്ടില്ലാത്ത സ്വയംകൃതാനർഥങ്ങൾ ഇൗ ഭൂമിയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. യുദ്ധങ്ങളും ഭരണകൂടങ്ങൾ ഉണ്ടാക്കുന്ന കെടുതികളുമെല്ലാം മറുലോകങ്ങളിലേക്കുള്ള അന്വേഷണങ്ങളെ സംശയാസ്പദമാക്കിയിട്ടുണ്ട്. ഭൂമിയിൽ രക്തമൊഴുക്കുന്നവർ ചന്ദ്രനെയും ചൊവ്വയെയും ലാക്കാക്കുന്നത് അവിടങ്ങളിലും നാശമുണ്ടാക്കാനോ എന്ന സന്ദേഹവാദികളുടെ ചോദ്യം അപ്രസക്തമല്ല. അമിതചൂഷണം കൊണ്ട് ഭൂമിയെ നശിപ്പിക്കുന്ന മനുഷ്യെൻറ ആർത്തിക്ക് ഇതര ഗോളങ്ങളും ഇരയാകണോ എന്ന ചോദ്യവുമുണ്ട്. ഇൗ ചോദ്യങ്ങൾക്കുള്ള മറുപടി, ബഹിരാകാശരംഗത്ത് രാജ്യങ്ങൾ മിക്കപ്പോഴും പുലർത്തിവന്നിട്ടുള്ള പരസ്പര സഹകരണമാണ്. നമ്മുടെ ശാസ്ത്ര പരിശ്രമങ്ങളെ നയിക്കേണ്ടത് തൽക്കാലനേട്ടങ്ങൾക്കപ്പുറം ശാശ്വതമായ പൊതുതാൽപര്യങ്ങളാകണം. അനന്തമായ അറിവിലേക്ക് വികസിക്കാൻ ശേഷിയുള്ള മനുഷ്യൻ ആ അറിവിനെ മൂല്യവിചാരവുമായി കണ്ണിചേർക്കേണ്ടതുണ്ട്. അത് ചെയ്യാതിരിക്കുേമ്പാഴാണ് അറിവ് അജ്ഞാനത്തേക്കാൾ ആപത്കരമാകുന്നത്. ബഹിരാകാശ രംഗത്തെ അറിവും അനുഭവവും പുതിയ കോളനിവത്കരണത്തിലേക്കും ‘നക്ഷത്രയുദ്ധ’ങ്ങളിലേക്കുമല്ല നയിക്കേണ്ടത്. അതുകൊണ്ടാണ് ആകാശയാത്രകളിലെ ഏറ്റവും അവശ്യമായ ‘പേലോഡ്’ സഹകരണവും ഗുണകാംക്ഷയുമാണെന്ന് പറയുന്നത്. മറ്റു ചില രാഷ്ട്രങ്ങൾ സംഹാര ചിന്തയോടെ ഇൗ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ പാരമ്പര്യം രചനാത്മകമാണ്.
ചന്ദ്രനിലെ രാസഘടന, ധാതുക്കൾ, ജലസാന്നിധ്യം എന്നിവ പഠിക്കുന്നതിനു പുറമെ മറ്റൊരു പ്രയോജനം കൂടി ചന്ദ്രയാൻ- 2 വഴി ലക്ഷ്യമിടുന്നുണ്ട്്. ആയുസ്സ് തീരാറായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ബദലായി ചന്ദ്രനിൽ ഒരു നിലയം സ്ഥാപിക്കാമെന്ന ചിന്തയുണ്ട്. അത് സജ്ജീകരിക്കാനാവശ്യമായ പ്രാഥമിക വിവരങ്ങൾ ചന്ദ്രയാൻ- 2ലൂടെ സിദ്ധിച്ചുകൂടായ്കയില്ല. ബഹിരാകാശത്തെ മാത്സര്യം ദോഷം ചെയ്യുമെന്ന പോലെത്തന്നെ, ചന്ദ്രയാൻ പോലുള്ള ദൗത്യങ്ങൾ സാധ്യമാക്കാവുന്ന അന്താരാഷ്ട്ര സഹകരണം വലിയ ഗുണവും ചെയ്യും. നമ്മുടെ അഭിമാനമായ െഎ.എസ്.ആർ.ഒക്ക് ചന്ദ്രയാൻ-2 കാര്യക്ഷമമായും വൈകാതെയും ലക്ഷ്യത്തിലെത്തിക്കാൻ കഴിയുമെന്നുതന്നെ വിശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.