പി.എസ്.സിയുടേത് പരിഷ്കരണമോ പൊടിക്കൈയോ?
text_fieldsകൂടുതൽ സുതാര്യവും സുരക്ഷിതവുമായ പരീക്ഷനടത്തിപ്പും ഫലപ്രഖ്യാപനവും സാധ്യമാക്കുന്നതിനായി കേരള പി.എസ്.സി പരീക്ഷഘടനയിൽ മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുന്നു. ഡിസംബർ മുതൽ രണ്ടു ഘട്ടമായിട്ടായിരിക്കും പരീക്ഷ. അടിസ്ഥാന യോഗ്യത മുൻനിർത്തി എല്ലാ ഉദ്യോഗാർഥികൾക്കുമായി പ്രാഥമിക പരീക്ഷയും (സ്ക്രീനിങ് ടെസ്റ്റ്) അതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തസ്തികയുടെ സ്വഭാവമനുസരിച്ചുള്ള വിഷയാധിഷ്ഠിത പരീക്ഷയുമാണ് നടക്കുക. പതിനായിരക്കണക്കിനാളുകൾ ഫലം കാത്തിരിക്കുന്നത് ഒഴിവാക്കാനും റാങ്ക് ലിസ്റ്റുകൾ എളുപ്പത്തിൽ പ്രസിദ്ധീകരിക്കുന്നതിനുമാണ് ഇത്തരത്തിലൊരു മാറ്റമെന്നാണ് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ അറിയിച്ചത്. സംസ്ഥാന സർക്കാറിെൻറ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്കും സംവിധാനങ്ങളിലേക്കുമുള്ള റിക്രൂട്ടിങ് ഏജൻസി എന്ന നിലയിൽ പി.എസ്.സിയുടെ പ്രവർത്തനം കാലോചിതമാക്കേണ്ടത് അത്യാവശ്യം തന്നെയാണ്. പരമ്പരാഗത രീതിയിൽനിന്ന് മാറി, തസ്തികക്ക് അനുസൃതമായി വിഷയാധിഷ്ഠിതമായി പരീക്ഷ നടത്തുന്നത് ഗുണപരമായ മാറ്റങ്ങൾകൊണ്ടുവരുമെന്ന കാര്യത്തിലും സംശയമില്ല. ആ അർഥത്തിൽ പി.എസ്.സിയുടെ നടപടി സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. എന്നാൽ, ഇൗ പരിഷ്കാരങ്ങളിലൂടെ മാത്രമായി മാറ്റിയെടുക്കാവുന്നതാണോ ഇപ്പോൾ പി.എസ്.സി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെന്നുകൂടി ഇൗയവസരത്തിൽ ചോദിക്കേണ്ടിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ പോലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഭരണഘടനസ്ഥാപനമാണ് ഒാരോ സംസ്ഥാനത്തെയും പി.എസ്.സികൾ. എക്സിക്യൂട്ടീവിെൻറയും ബ്യൂറോക്രസിയുടെയും ചുവപ്പുനാടകളിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന, രാഷ്ട്രത്തിെൻറ ഭാഗധേയം നിർണയിക്കാൻ പര്യാപ്തമായ സ്ഥാപനമായിട്ടാണ് അതിനെ കണക്കാക്കിയിട്ടുള്ളത്. ഇൗ 'വിശുദ്ധ'സങ്കൽപത്തിന് കളങ്കമേൽപിക്കുന്ന തരത്തിലാണ് രാജ്യത്തെ ഏതാണ്ടെല്ലാ പി.എസ്.സികളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കേരള പി.എസ്.സിയും രണ്ട് പതിറ്റാണ്ടെങ്കിലുമായി ഇതേ വഴിയിലാണ്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിെൻറയും ചീഞ്ഞുനാറിയ കഥകൾ അവിടെനിന്നു പലപ്പോഴായി വന്നിട്ടുണ്ട്. 2003ൽ കോട്ടയത്ത് എൽ.ഡി ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി 36 പേർ നിയമനം നേടിയതു മുതൽ കഴിഞ്ഞവർഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ കത്തിക്കുത്ത് കേസിൽ പ്രതികളായ എസ്.എഫ്.െഎ പ്രവർത്തകർ പരീക്ഷ ഹാളിൽ നടത്തിയ ക്രമക്കേടുകൾവരെയുള്ള എത്രയോ സംഭവങ്ങൾ പി.എസ്.സിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിച്ചു. ഇൗ സംഭവങ്ങളിലൊന്നും കാര്യമായ അന്വേഷണങ്ങൾപോലുമുണ്ടായില്ല. കോട്ടയം സംഭവത്തിൽ, െക്രെംബ്രാഞ്ചിന് മുന്നിൽ എട്ട് ഉദ്യോഗാർഥികൾ കുറ്റസമ്മതം നടത്തിയിട്ടും കോടതി ഉത്തരവ് വഴി സർക്കാർ അന്വേഷണം മരവിപ്പിക്കുകയായിരുന്നു. അന്വേഷണം പി.എസ്.സിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നായിരുന്നു അന്നത്തെ യു.ഡി.എഫ് സർക്കാറിെൻറ ന്യായം. വർഷങ്ങൾക്കിപ്പുറം യൂനിവേഴ്സിറ്റി കോളജ് വിഷയത്തിൽ പിണറായി സർക്കാറും ഇതേ നിലപാട് സ്വീകരിച്ചു. അധികാരികളുടെ തെറ്റായ ഇത്തരം സമീപനങ്ങൾമൂലം പെരുവഴിയിലാകുന്നത് നൂറുകണക്കിന് അഭ്യസ്തവിദ്യരായ തൊഴിൽരഹിതരാണ്. എസ്.എഫ്.െഎ പ്രവർത്തകർ പിടിക്കപ്പെട്ട സിവിൽ െപാലീസ് ഓഫിസർ തസ്തികയിലേക്കുള്ള പരീക്ഷ വിവാദത്തിലായതോടെ ഏഴ് ബറ്റാലിയനുകളിലേക്ക് നടക്കേണ്ടിയിരുന്ന നിയമനങ്ങളാണ് തൽക്കാലത്തേക്കെങ്കിലും റദ്ദാക്കപ്പെട്ടത്. പിന്നീടത് പുനഃസ്ഥാപിച്ച് കുറച്ചുകഴിഞ്ഞപ്പോഴേക്കും റാങ്ക് ലിസ്റ്റിെൻറ കാലാവധി തീരുകയും ചെയ്തു. അതോടെ, പട്ടികയിലുണ്ടായിരുന്ന 65 ശതമാനം പേരും പുറത്തായി.
പി.എസ്.സി ചെയർമാൻതന്നെ പറഞ്ഞതുപോലെ, പൊതുജനങ്ങൾ കൂടുതലായി പി.എസ്.സിയെ ആശ്രയിക്കുന്ന കാലമാണിത്. അപേക്ഷകരുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. പത്തു വർഷം മുമ്പ് 20 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷക്ക് അപേക്ഷിച്ചിരുന്നതെങ്കിൽ ഇപ്പോഴത് ഒന്നേകാൽ കോടിയിലെത്തിയിരിക്കുന്നു. എന്നാൽ, അപേക്ഷകരുടെ ഇൗ വർധനവിനനുസരിച്ച് ആനുപാതികമായി അധിക നിയമനങ്ങൾ നടക്കുന്നില്ല. 2008ൽ, 17 ലക്ഷം അപേക്ഷകരിൽ 25,000ലധികം പേർക്ക് നിയമനം ലഭിച്ചപ്പോൾ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ശരാശരി 40,000ൽ താഴെയാണ് അഡ്വൈസ് മെമ്മോ കൈപ്പറ്റിയവരുടെ എണ്ണം. കഴിഞ്ഞ നാലുവർഷത്തിനിടെ 1.3 ലക്ഷം പേർക്കുമാത്രമാണ് നിയമനം ലഭിച്ചിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം പരിഗണിക്കുേമ്പാൾ ഇത് നന്നേ കുറവാണ്. ഒഴിവുകളില്ലാത്തതുകൊണ്ടല്ല ഇൗ കുറവ് സംഭവിക്കുന്നത്. മറിച്ച്, നിയമനങ്ങളിൽ ഗുരുതരമായ അഴിമതി നടക്കുന്നതുകൊണ്ടാണ്. അതിെൻറ എത്രയോ കഥകൾ ഇതിനകം വന്നുകഴിഞ്ഞു. നിയമനങ്ങൾക്ക് കോഴവാങ്ങുന്നതും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ഇഷ്ടക്കാരെ താൽക്കാലിക ജീവനക്കാരി നിയമിച്ച് പിന്നീടവരെ സ്ഥിരപ്പെടുത്തുന്നതുമെല്ലാം സംസ്ഥാനത്ത് നിത്യസംഭവമായിരിക്കുകയാണ്. ഇതിനിടയിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും പി.എസ്.സി പ്രഖ്യാപിച്ചിരിക്കുന്നു. ലിസ്റ്റിലുണ്ടായിരുന്ന മുഴുവൻ പേർക്കും നിയമനം കിട്ടാതിരിക്കെയാണ് ഇൗ അനീതിയെന്നോർക്കണം. വിശാലമായ ലിസ്റ്റ് ഇറക്കിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന പി.എസ്.സിയുടെ വിശദീകരണം വസ്തുതാവിരുദ്ധമാണെന്നു പറയാതെ വയ്യ. എൽ.ഡി ക്ലാർക്ക് തസ്തികയിലേക്കടക്കം മുൻലിസ്റ്റിൽനിന്ന് നിയമനം ലഭിച്ചവരേക്കാൾ കുറവാണ് ഇപ്പോഴത്തെ റാങ്ക് പട്ടികയിൽനിന്ന് ജോലിനേടിയവർ. അപ്പോൾ, ഇൗ നീക്കത്തിലൂടെ അപ്രഖ്യാപിതമായ നിയമനനിരോധം തന്നെയാണ് പി.എസ്.സിയും സർക്കാറും ലക്ഷ്യമിടുന്നതെന്ന് കരുതേണ്ടിവരും. ഇതിനൊക്കെ പുറമെ, സംവരണവിരുദ്ധത പോലുള്ള പിന്തിരിപ്പൻ നിലപാടുകളും പി.എസ്.സിയുടെ മുഖമുദ്രയായി മാറിയിട്ടുണ്ട്. കെ.എ.എസിൽ സംവരണ അട്ടിമറി ഇല്ലാതായത് വലിയ പ്രതിഷേധത്തെ തുടർന്നായിരുന്നല്ലൊ. ചുരുക്കത്തിൽ, സമഗ്രമായൊരു അഴിച്ചുപണി ഇൗ ഭരണഘടനസ്ഥാപനത്തിൽ അനിവാര്യമാണ്. അതിനുള്ള ആദ്യ ചുവടുവെപ്പാണ് ഇപ്പോഴത്തെ പരിഷ്കരണമെങ്കിൽ നല്ലത്; അതല്ല, പൊടിക്കൈ പ്രയോഗമാണെങ്കിൽ അത് ആ സംവിധാനത്തിെൻറ തകർച്ചക്കു മാത്രമേ ഉപകരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.