Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപണ്ഡിതനും വിവരദോഷിയും

പണ്ഡിതനും വിവരദോഷിയും

text_fields
bookmark_border
പണ്ഡിതനും വിവരദോഷിയും
cancel

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കപ്പെട്ട ശേഷം പുറത്തുവന്ന ഏറ്റവും ശ്രദ്ധേയമായ പ്രസ്താവനകളിലൊന്ന് കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റേതായിരുന്നു. ‘‘ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും’’ എന്നായിരുന്നു എൽ.ഡി.എഫിന് സംഭവിച്ച കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം. ഇടതുപക്ഷ പ്രവർത്തകർ മുതൽ ‘പിണറായിയുടെ ചോരക്കുവേണ്ടി ദാഹിക്കുന്നവർ’ എന്ന ദുഷ് പേര് ചാർത്തപ്പെട്ട മാധ്യമങ്ങൾ വരെ ഈ നിലപാടിനെ സ്വാഗതം ചെയ്തു മുന്നോട്ടുവന്നു.

ഇടതുപക്ഷത്തിന്റെ തോൽവി എതിർപാർട്ടികളെ സന്തോഷിപ്പിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഫലം പലരെയും നിരാശപ്പെടുത്തിയിരുന്നു, രണ്ടുകൂട്ടരും അതു തുറന്നുപറഞ്ഞു. ഈ തോൽവിക്ക് വഴിവെച്ചതായി അവർ മനസ്സിലാക്കിയ കാരണങ്ങൾ മറ്റു ചിലർ എണ്ണിപ്പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നതും അഭിപ്രായം പറയുന്നതും ജനാധിപത്യ സംവിധാനത്തിലെ സാധാരണമായ, സ്വാഭാവികമായ പ്രക്രിയയാണല്ലോ. കഴിഞ്ഞ ഒരുദശകം രാജ്യം ഭരിച്ച ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാർ ഞെരിച്ചമർത്തിയതും ഇനിയുമൊരൂഴം കിട്ടിയാൽ പൂർണമായി അട്ടിമറിക്കാൻ വ്യാമോഹിച്ചതുമായ, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം വിനിയോഗിച്ചു​കൊണ്ട് ആദരണീയനായ ഡോ. ഗീവർഗീസ് മാർ കൂറിലോസ് ചില ശക്തമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയുണ്ടായി. ഇടതു മുന്നണിയെ തോൽവിയിലേക്ക് നയിച്ച ഘടകങ്ങളിൽ എഴുപതു ശതമാനം കാര്യങ്ങളും തന്റെ സമൂഹമാധ്യമ പേജിൽ എഴുതിയ കാര്യമാത്ര പ്രസക്തമായ ചെറുകുറിപ്പിൽ അദ്ദേഹം എണ്ണിപ്പറയുന്നുണ്ട്. ജനം അനുഭവിച്ചുപോരുന്ന സങ്കടങ്ങളെ നേരിട്ടുകണ്ടുള്ള ബോധ്യമാണ് അരമനയും സഭാപദവികളും ത്യജിച്ച്, സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഡോ. കൂറിലോസിനെ അവ്വിധമെഴുതാൻ പ്രേരിപ്പിച്ചത്. ‘തിരുത്തുമെന്ന് പറയുന്നത് സ്വാഗതാർഹമാണെന്നും അതുപക്ഷേ തൊലിപ്പുറത്തുള്ള തിരുത്തൽ ആവരുതെ’ന്നുമുള്ള ആ ഉണർത്തൽ തെറ്റുതിരുത്താൻ തീരുമാനിച്ച ഒരു സംവിധാനത്തെ ഒരുനിലക്കും പ്രകോപിതമാ​ക്കുന്നതല്ല. എന്നാൽ, തിരുത്തൽ വരുത്തുമെന്ന് ​പ്രഖ്യാപിച്ച് മണിക്കൂറുകൾ മാത്രം പിന്നിടവേ ‘പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും’ എന്ന തികഞ്ഞ അസഹിഷ്ണുത മുറ്റിയ മറുപടിയുമായി മുഖ്യമ​ന്ത്രി രംഗത്തെത്തുന്നതാണ് നാം കണ്ടത്. പിന്നാലെ പാർട്ടി അണികളുടെ നേതൃത്വത്തിൽ ശക്തമായ സൈബർ ആക്രമണങ്ങളുമാരംഭിച്ചു.

ഭരണകൂടത്തിന്റെ ധൂർത്തിനെതിരെ പറയാൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളേക്കാൾ എന്തുകൊണ്ടും അർഹനാണ്, ദേവാലയങ്ങളിലെ പൊൻ-വെള്ളിക്കുരിശുകളും സ്വർണസമ്പാദ്യങ്ങളുമെല്ലാം നാട്ടിലെ ദാരിദ്ര്യം ഇല്ലാതാക്കാൻ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുപോരുന്ന ഈ ആത്മീയ നേതാവ്. ഏതൊരു സാമൂഹിക-രാഷ്ട്രീയ വിഷയത്തിലും അഭിമാനപൂർവം എടുത്തുപറയാവുന്ന വിവേകപൂർണമായ നിലപാട് പുലർത്തുന്ന, ഇടതുപക്ഷക്കാരനെന്നതിൽ അഭിമാനിക്കുന്ന തിരുത്തലുകൾക്കും ശുദ്ധീകരണത്തിനും എന്നും മുന്നിൽ നിന്നിട്ടുള്ള ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം അമാന്യവും അപലപനീയവുമാണ്.

മതസംഘടനകളും നേതാക്കളും നമ്മുടെ നാടിന്റെ സാമൂഹിക-വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിൽ അവഗണിക്കാനാവാത്ത പങ്കുവഹിക്കുന്നുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ പരിരക്ഷാ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളിൽ അത് പ്രകടവുമാണ്. ഭരണകൂടത്തോട് ചേർന്നുനിന്ന്, പറയുന്നതെല്ലാം തലകുലുക്കി അംഗീകരിക്കുകയും, പാളിച്ചകൾക്കുനേരെ കണ്ണടക്കുകയും ചെയ്യുന്നത് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വിശ്വാസസംഹിതക്ക് കടകവിരുദ്ധവും ആത്മവഞ്ചനയുമായതുകൊണ്ടാണ് ജനപക്ഷത്തുനിന്നു സംസാരിക്കാനും അവർക്കുവേണ്ടി ശബ്ദമുയർത്തി തെരുവിലിറങ്ങാൻപോലും മതനേതാക്കളിൽ പലരും നിർബന്ധിതരാവുന്നത്.

അതിനെ തീവ്രവാദ ചാപ്പ ചുമത്തിയും ഭീകരവത്കരിച്ചും പ്രതിരോധിക്കാൻ കേരളത്തിലുൾപ്പെടെ പലവുരു ശ്രമിച്ചിട്ടുണ്ട് ഭരണകൂടങ്ങൾ. വികസന പദ്ധതികളുടെ മറവിൽ പാവ​പ്പെട്ട മനുഷ്യരെ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നൽകാതെ കുടിയിറക്കുന്ന അനീതിക്കെതിരെ ശബ്ദിച്ചവരിൽ മുസ്‍ലിം സംഘടനകളോ അവയുടെ നേതാക്കളോ ഉണ്ടെന്ന ഒറ്റക്കാരണത്താൽ സമരങ്ങൾക്കുമേൽ തീവ്രവാദമാരോപിച്ച നിരവധി സംഭവങ്ങൾ ഇടതു സർക്കാറുകളുടെ ഭരണകാലത്ത് എമ്പാടുമുണ്ടായിട്ടുണ്ട്. ആദിവാസി ജനതക്കെതിരായ അന്യായങ്ങൾക്കെതിരെ പൊരുതാനിറങ്ങിയതിന്റെ പേരിലാണ് സ്റ്റാൻ സ്വാമി എന്ന വയോധികനായ വൈദികനുമേൽ ഭീകരവാദിപ്പട്ടവും ഭീകരവിരുദ്ധ നിയമവും ചുമത്തി ജയിലിലിട്ട് ചികിത്സ നിഷേധിച്ച് കൊലപ്പെടുത്തിയത്. കല്ലേറും കുരിശേറ്റലുമുണ്ടായില്ലെങ്കിലും സമാനമായ മനോഗതി തന്നെയാണ് ഈ വിവരദോഷി വിളിക്ക് പിന്നിലും.

ഏതാനും മാസങ്ങൾക്കുമുമ്പ് കേരളത്തിലെ ജനങ്ങളെ സാമുദായികമായി ധ്രുവീകരിപ്പിക്കും വിധത്തിൽ ഒരു വൈദിക പ്രമുഖൻ അസത്യങ്ങൾ നിറഞ്ഞൊരു വിദ്വേഷ പ്രസംഗം നടത്തിയതോർക്കുന്നു. ക്രൈസ്തവ സമൂഹത്തിലെ ഒട്ടനവധി ആത്മീയ നേതാക്കളും വൈദികരും സാംസ്കാരിക പ്രവർത്തകരുമെല്ലാം ആ വിദ്വേഷ അജണ്ടക്കെതിരെ നിലപാടെടുത്തപ്പോൾ വിവാദ പ്രാസംഗികനരികിലേക്ക് മന്ത്രിസഭാ പ്രതിനിധിയെ അയച്ച് ഐക്യദാർഢ്യമറിയിക്കുകയും പണ്ഡിതനെന്നു വാഴ്ത്തുകയും ചെയ്തൊരു സർക്കാറാണ് കേരളം ഭരിക്കുന്നത്. നാളിതുവരെയായിട്ടും വിദ്വേഷമേത്, വിമർശനമേത് എന്ന് തിരിച്ചറിയാൻ മന്ത്രിസഭയുടെ തലവന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നുവേണം മനസ്സിലാക്കാൻ. അത് വൈകുന്നത് സർക്കാറിനെയോ പാർട്ടിയെയോ മാത്രമല്ല കേരള സമൂഹത്തെത്തന്നെ അപകടത്തിൽ കൊണ്ടെത്തിക്കും എന്നതാണ് ദുഃഖകരമായ വസ്തുത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi vijayanGeevarghese Mar Kourilos
News Summary - Chief Minister against Geevarghese Mar Kourilos
Next Story