പിന്നെയും ചൈന
text_fieldsരണ്ടു മാസം മുമ്പ് ഗൽവാനിൽ നടത്തിയ അക്രമാസക്തമായ കടന്നുകയറ്റത്തിനുശേഷം ഉഭയകക്ഷി ധാരണയിൽ ഇന്ത്യൻ മണ്ണിൽനിന്ന് പിൻവാങ്ങിയെന്നു കരുതിയ ചൈന പ്രകോപനങ്ങൾ വിടാതെ തുടരുകയാണ്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി ലഡാക്ക് അതിർത്തിപ്രദേശത്തെ പങോ
ങ് സു തടാകത്തിെൻറ തെക്കേ കരയിൽ വൻതോതിലുള്ള സൈനികനീക്കത്തിനു മുതിർന്ന ചൈനക്ക് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. യഥാർഥനിയന്ത്രണ രേഖ (എൽ.എ.സി)യുടെ തൽസ്ഥിതി മാറ്റം വരുത്താൻ ചൈന പ്രകോപനപരമായ കരുനീക്കങ്ങൾ നടത്തിയതായും ഇന്ത്യൻ സേന ഉചിതമായ തിരിച്ചടി നൽകിയതായും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറയുന്നു.
തിങ്കളാഴ്ച ഇരുസേനകളുടെയും നിലയ കമാൻഡർമാർ തമ്മിൽ നിരാക്രമണ ചർച്ചകൾ നടന്നുവരുന്നതിനിടെയും ചൈന കടന്നുകയറ്റ ശ്രമങ്ങൾ തുടർന്നതായും കൃത്യസമയത്തെ പ്രതിരോധനീക്കത്തിലൂടെ തൽസ്ഥിതി താറുമാറാക്കാനുള്ള നീക്കം തടഞ്ഞതായും അദ്ദേഹം അറിയിച്ചു. അതേസമയം, ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ലഡാക്കിലെ സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സിൽ പെട്ട ഒരു തിബത്തൻ സൈനികൻ വീരമൃത്യു വരിച്ചതായി തിബത്തൻ പ്രവാസ പാർലമെൻറ് അംഗം നംഗ്യാൽ ദോൽകർ ലഗ്യാരിയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഇരുപക്ഷവും ആളപായത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും നൽകിയിട്ടില്ല.
20 ഇന്ത്യൻസൈനികരുടെ വീരമൃത്യുവിനിടയാക്കിയ ജൂണിലെ ചൈനീസ് ആക്രമണത്തിനുശേഷം വീണ്ടും നടത്തുന്ന ആക്രമണം അതിർത്തിയിൽ സംഘർഷമേഘങ്ങൾ ഉരുണ്ടുകൂടാനിടയാക്കിയിരിക്കുന്നു. പേങാങ്സുവിെൻറ വടക്കേ കരയിൽ ഇന്ത്യൻ നിയന്ത്രണത്തിലുള്ള പർവതശൃംഗം ഫിംഗർ എട്ടിെൻറ പടിഞ്ഞാറ് എട്ടു കിലോമീറ്ററോളം അകത്തുകടന്ന ചൈനപ്പട അവിടെനിന്ന് ഇനിയും പിൻവാങ്ങിക്കഴിഞ്ഞിട്ടില്ല. അതിനിടെയാണ് തെക്കേ കരയിൽക്കൂടി കടന്നുകയറാനുള്ള പുതിയ നീക്കം.
പ്രശ്നപരിഹാരാർഥം ബ്രിഗേഡ് കമാൻഡർ തലത്തിലുള്ള ഫ്ലാഗ് മീറ്റിങ് അതിർത്തിയിൽ ചുഷൂലിൽ നടന്നുകഴിഞ്ഞു. ന്യൂഡൽഹിയിൽ പ്രതിരോധമന്ത്രാലയത്തിൽ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കരസേന മേധാവി ജനറൽ എം.എം നരവനെ എന്നിവർ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രി സിങ് ഇന്നലെ ഷാങ്ഹായ് കോഒാപറേഷൻ ഒാർഗനൈസേഷൻ യോഗത്തിൽ സംബന്ധിക്കുന്നതിന് മോസ്കോയിലേക്ക് തിരിച്ചിട്ടുണ്ട്. ചൈനീസ് പ്രതിരോധമന്ത്രി കൂടി യോഗത്തിനെത്തുന്നതിനാൽ ഇക്കാര്യത്തിൽ സംഭാഷണം നടക്കുമോ എന്നു വ്യക്തമല്ല.
ഒരേസമയം ഉൽപന്ന ബഹിഷ്കരണമടക്കമുള്ള കർക്കശമായ നിലപാടുകളിലൂടെയും നയതന്ത്ര സംഭാഷണങ്ങളിലൂടെയും ഇരുരാജ്യങ്ങളും മുന്നോട്ടു നീങ്ങിയെങ്കിലും അതിർത്തിയിലെ സംഘർഷാവസ്ഥയിൽ അയവൊന്നും വന്നിട്ടില്ലെന്നുതന്നെയാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
പ്രകോപനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ബെയ്ജിങ് കൈകഴുകുേമ്പാഴും വസ്തുതകൾ മറിച്ചാണ്. കഴിഞ്ഞ മേയിൽ നിയന്ത്രണരേഖയുടെ പല ഭാഗങ്ങളിലായി ഇരുസൈന്യങ്ങൾ മുഖാമുഖം നിൽക്കുകയും ഒടുവിൽ ചൈനയുടെ ക്രൂരമായ അതിക്രമത്തിന് ഇന്ത്യൻ സൈനികർ ഇരയാകുകയും ചെയ്തശേഷം ഇന്ത്യ സൈനികനീക്കം ശക്തിപ്പെടുത്തുകയും ചൈനയെ സംഭാഷണത്തിനിരുത്തുകയും ചെയ്തിരുന്നു. അതിർത്തിയിൽ തരിമ്പും വിട്ടുവീഴ്ചക്കു തയാറല്ലെന്നു തെളിയിച്ച് ചൈനീസ് ഉൽപന്നങ്ങളുടെ പ്രമുഖ വിപണിയായി രാജ്യത്തെ ഉപയോഗപ്പെടുത്താൻ അനുവദിക്കുകയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 49 ചൈന നിർമിത ആപ്പുകൾ ആദ്യവും 118 എണ്ണം ഇന്നലെയും നിരോധിച്ചും കമ്പനികളുമായുള്ള കരാർ മരവിപ്പിച്ചും കസ്റ്റംസ് പോസ്റ്റുകൾ ഉൽപന്നങ്ങൾ തടഞ്ഞുവെച്ചും അത് നടപ്പാക്കുകയും ചെയ്തു.
രാജ്യത്തിെൻറ പരമാധികാരത്തെ ബാധിക്കുന്ന ഇൗ പ്രശ്നത്തിൽ ഇന്ത്യക്കു വിട്ടുവീഴ്ച ചെയ്യാനാവില്ല. എന്നാൽ, വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇനിയും കേന്ദ്രത്തിലെ മോദിസർക്കാറിനു മുന്നിൽ വഴിെയാന്നും വ്യക്തമായിട്ടില്ലെന്നാണ് തുടർച്ചയായി ലഡാക്കിൽ ഏൽക്കുന്ന പ്രഹരങ്ങൾ തെളിയിക്കുന്നത്. സൈനിക കമാൻഡർമാർ തമ്മിലും ദേശീയ സുരക്ഷ ഉപദേഷ്ടാവ് തലത്തിലുമൊക്കെ പലവട്ടം ചർച്ചകൾ നടന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. രണ്ടുമാസം മുമ്പ് അതിർത്തിയിലുണ്ടാക്കിയ സംഘർഷത്തിനു മുമ്പുള്ള ഭൂഭാഗങ്ങളിലേക്ക് ചൈന പിന്മാറണമെന്ന് ന്യൂഡൽഹി ആവശ്യപ്പെട്ടിട്ടും ചൈന വഴങ്ങിയിട്ടില്ല.
പാകിസ്താനുമായുള്ള അതിർത്തിത്തർക്കത്തിൽ ഒരു നിയന്ത്രണരേഖ സ്ഥാപിച്ചെടുക്കാനും അതിന് അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ നേടിയെടുക്കാനും കഴിഞ്ഞു. എന്നാൽ, യഥാർഥ നിയന്ത്രണരേഖ എന്ന ഇന്ത്യ-ചൈന അതിരടയാളങ്ങൾ ഇപ്പോഴും ഇരുരാജ്യങ്ങളുടെയും അവകാശവാദങ്ങളിൽ സ്ഥാപിക്കപ്പെട്ട അമൂർത്ത രേഖയായി തുടരുകയാണ്. അതുകൊണ്ടാണ് അതിർത്തി ഇനിയും നിർണയിക്കപ്പെടാത്തതിനാൽ കിഴക്കൻ ലഡാക്കിലേതുപോലുള്ള പ്രശ്നങ്ങൾ തുടരുമെന്ന് ചൈനീസ് വിദേശമന്ത്രി വാങ് യീ കഴിഞ്ഞ ദിവസം പാരിസിൽ പറഞ്ഞത്.
ഇൗ തീർപ്പില്ലായ്മ മുതലെടുത്ത് അതിർത്തിയിൽ കടന്നുകയറ്റത്തിെൻറ വ്യാപ്തി വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ചൈന എന്ന് തെളിയിക്കുന്നു പങോങ് സുവിെൻറ തെക്കേ കരയിലെ പുതിയ കടന്നുകയറ്റ ശ്രമം. അതിനാൽ ബെയ്ജിങ്ങുമായി രമ്യമായ രാഷ്ട്രീയ തീർപ്പിലെത്താനുള്ള നയതന്ത്രകൗശലവും ഇച്ഛശക്തിയുമാണ് കേന്ദ്രസർക്കാർ പ്രകടിപ്പിക്കേണ്ടത്. ചതുരുപായങ്ങളും അടവുനയങ്ങളും നെഞ്ചൂക്കുമൊക്കെ അകത്തെ രാഷ്ട്രീയപ്രതിയോഗികൾക്കെതിരെയല്ല, പുറത്തുനിന്നുള്ള ശത്രുവിനെ തുരത്താൻ പ്രയോഗിക്കുന്നതിലാണ് ശരിയായ കേമത്തം. എന്തുവന്നാലും രാജ്യത്തിെൻറ പരമാധികാരവും സുരക്ഷിതത്വവും അപകടപ്പെടുത്തുന്ന തരത്തിലേക്ക് നിലവിലെ കടന്നുകയറ്റത്തെ വികസിപ്പിക്കാൻ ചൈനയെ അനുവദിച്ചുകൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.