ഇന്ത്യ അതല്ലാതാവുന്ന ദിവസം
text_fields105നെതിരെ 125 വോട്ടുകൾക്ക് രാജ്യസഭയിലും പാസായതോടെ പൗരത്വ ഭേദഗതി ബിൽ യാഥാർഥ്യമായിരിക്കുകയാണ്. നമ്മുടെ ഭരണഘടന വിഭാവനചെയ്ത മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തിെൻറ നെഞ്ചിൽ കുത്തിയിറക്കിയ മൂർച്ചയേറിയ കഠാരയാണ് ഈ ബിൽ. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിംകളല്ലാത്ത അഭയാർഥികൾക്ക് പൗരത്വം നൽകാൻ നിയമപരമായ സാധുത നൽകുന്നുവെന്നതാണ് ബില്ലിെൻറ രത്നച്ചുരുക്കം. ഇത് ഇന്ത്യയിലെ മുസ്ലിംകൾക്ക് ഒരു ഉപദ്രവവും ഉണ്ടാക്കുന്നതല്ലെന്നും മുസ്ലിംകളെ മറ്റുള്ളവർ വെറുതെ പേടിപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ബില്ലിൽ എടുത്തുപറഞ്ഞ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായി മുസ്ലിംകൾ ഇന്ത്യയിൽ വരാൻ സാധ്യതയില്ലാത്തതിനാൽ മുസ്ലിംകൾ ഇതേക്കുറിച്ച് എന്തിന് ആകുലപ്പെടണം എന്നു ചോദിക്കുന്ന നിഷ്കളങ്കരുമുണ്ട്.
യഥാർഥത്തിൽ, ഏതാനും ലക്ഷം അഭയാർഥികൾക്ക്/കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇത്. രാജ്യത്തെ ഒരു നിയമനിർമാണത്തിന് ആധാരമായി ‘മുസ്ലിം അല്ലാതിരിക്കുക’ എന്നത് മാനദണ്ഡമായി വെക്കുന്നുവെന്നതാണ് ഈ ബില്ലിെൻറ അടിസ്ഥാനപ്രശ്നം. മുസ്ലിംകളെ രണ്ടാംകിട പൗരന്മാരായി പ്രഖ്യാപിക്കുന്ന ഔദ്യോഗികരേഖയാണ് ഈ ബിൽ. മുസ്ലിംകൾ ഇന്ത്യയിൽ ജീവിക്കുന്നുവെങ്കിൽ രണ്ടാംകിട പൗരന്മാരായി ജീവിക്കണം എന്നത് ആർ.എസ്.എസിെൻറ അടിസ്ഥാന ‘വിചാരധാര’യിൽപ്പെട്ട കാര്യമാണ്. നമ്മുടെ ഭരണഘടന ആർ.എസ്.എസിെൻറ വിധ്വംസക സിദ്ധാന്തത്തിന് വഴിമാറിയ ദിവസം എന്ന നിലക്കായിരിക്കും 2019 ഡിസംബർ 11ന് ഓർമിക്കപ്പെടുക.
നാട്ടുരാജാക്കന്മാരും നാടുവാഴികളും പങ്കിട്ടെടുത്തിരുന്ന നമ്മുടെ നാട് എങ്ങനെ ഇന്ത്യയായി മാറി എന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. പല വഴികളായി ചിതറിത്തെറിച്ചുകഴിഞ്ഞിരുന്ന ഈ ജനതയെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണി സുഭദ്രവും പുരോഗമനമൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ ഭരണഘടനയാണ്. ബഹുസ്വരതയെ ആഘോഷിക്കുന്നതും എല്ലാവരെയും തുല്യരായി കാണുന്നതുമായ ലോകത്തെതന്നെ മനോഹരമായ ഭരണഘടനകളിലൊന്നാണത്. ആ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കുമാണ് മോദി-അമിത് ഷാ സംഘം ചരമക്കുറി എഴുതിയിരിക്കുന്നത്.
ഇത് നമ്മുടെ രാഷ്ട്രത്തെ ശിഥിലീകരിക്കാൻ മാത്രമേ ഉപകരിക്കൂ. ഹിന്ദുത്വ ഭരണകൂടത്തിെൻറ വിധ്വംസക നിലപാടുകൾ നമ്മുടെ സമ്പദ് വ്യവസ്ഥക്കുമേൽ ഏൽപിച്ച പരിക്കുകൾ നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വരുംനാളുകളിൽ ആ ആഘാതങ്ങൾ വർധിക്കുകയേ ഉള്ളൂ. സാമ്പത്തികമായി ദുർബലമായ രാജ്യത്തെ രാഷ്ട്രീയമായും സാമൂഹികമായും ദുർബലപ്പെടുത്താനേ പൗരത്വ ഭേദഗതി ബിൽ ഉപകാരപ്പെടുകയുള്ളൂ. അതിനാൽ ഈ ബിൽ ഒരു രാജ്യേദ്രാഹ പ്രവർത്തനം കൂടിയാണ്.
പൗരത്വ ഭേദഗതി ബില്ലിന് ശേഷം രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുകയാണ് മോദി ഭരണകൂടത്തിെൻറ അടുത്ത ലക്ഷ്യം. അമിത് ഷാ ഇക്കാര്യം പാർലമെൻറിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അന്നന്നത്തെ ആഹാരത്തിനു വേണ്ടി പണിയെടുത്ത് ജീവിതത്തിെൻറ രണ്ടറ്റം മുട്ടിക്കാൻ പെടാപാട് പെടുന്നവരാണ് ഉത്തരേന്ത്യയിലെ മുസ്ലിംകളിൽ നല്ലൊരു ശതമാനവും. സ്വന്തമായി ജനന സർട്ടിഫിക്കറ്റുപോലും അവരിൽ നല്ലൊരു ശതമാനത്തിനുമുണ്ടാവില്ല. അല്ലെങ്കിൽ അതെന്താണ് എന്ന് അറിയാത്തവർപോലും അവരിലുണ്ടാവും.
അത്തരത്തിൽ കോടിക്കണക്കിന് മനുഷ്യർ അധിവസിക്കുന്ന നാട്ടിലാണ് അവരുടെ മുൻതലമുറയുടെവരെ ഔദ്യോഗികരേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്ന എൻ.ആർ.സി നടപ്പാക്കാൻ പോവുന്നത്. ആ പാവങ്ങൾക്ക് അത് ഹാജരാക്കാൻ കഴിയില്ല എന്നുറപ്പ്. അങ്ങനെ കഴിയാത്തവരെ നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തി കോൺസൺേട്രഷൻ ക്യാമ്പുകളിലേക്ക് അയക്കാനായിരിക്കും അമിത് ഷാ പദ്ധതിയിടുന്നത്. രാജ്യമാകെ നടപ്പാക്കാൻപോകുന്ന എൻ.ആർ.സിയുമായി ബന്ധപ്പെടുത്തി കാണുമ്പോഴാണ് പൗരത്വ ഭേദഗതി ബില്ലിെൻറ അപകടങ്ങൾ കൂടുതൽ ബോധ്യപ്പെടുക.
നരേന്ദ്ര മോദി മൃഗീയ ഭൂരിപക്ഷത്തോടെ രണ്ടാമത് അധികാരത്തിൽ വന്നപ്പോൾതന്നെ ഈ മട്ടിലുള്ള നിയമനിർമാണങ്ങൾ പ്രതീക്ഷിച്ചതാണ്. തങ്ങളുടെ കൊട്ടയിലുള്ള വിവാദ വിഷയങ്ങൾ അവർ ഓരോന്നായി എടുത്തിടുകയാണ്. ഏക സിവിൽ കോഡായിരിക്കും അടുത്ത ലക്ഷ്യം. നരേന്ദ്ര മോദിയുടെ രണ്ടാം വരവിനു ശേഷമുണ്ടായ നിയമനിർമാണങ്ങൾ മുസ്ലിം എന്ന അപരനെ മുൻനിർത്തിക്കൊണ്ടുള്ളതാണ്. ആർ.എസ്.എസ് രൂപം കൊണ്ടതും അത് പ്രവർത്തിക്കുന്നതും ആളുകളെ സംഘടിപ്പിക്കുന്നതുമെല്ലാം ഈ മുസ്ലിം അപരനെ മുൻനിർത്തിയാണ്.
അതിന് ഔദ്യോഗിക/ഭരണകൂട സ്വഭാവം കൈവന്നുവെന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിശേഷം. ആർ.എസ്.എസിെൻറ വിഭാഗീയ പദ്ധതികളെ അഭിമുഖീകരിച്ചുകൊണ്ടാണ് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യൻ മുസ്ലിം സമൂഹത്തിെൻറ ഇതുവരെയുള്ള യാത്ര. അത് അവർക്ക് വലിയ അനുഭവ പരിചയം നൽകിയിട്ടുണ്ട്. ആ അനുഭവങ്ങൾ നൽകിയ തിരിച്ചറിവുകൾ ഉപയോഗിച്ച്, ഔദ്യോഗിക വിഭാഗീയപദ്ധതികളെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആ സമൂഹം രൂപപ്പെടുത്തേണ്ടി വരും. പക്ഷേ, ഈ പദ്ധതികൾ മുസ്ലിംകളെമാത്രം ബാധിക്കുന്ന പ്രശ്നമാണ് എന്ന് ആരും വിചാരിക്കരുത്. ഇന്ത്യയെ ഇന്ത്യയല്ലാതാക്കുന്ന ഏർപ്പാടുകളാണ് കേന്ദ്ര ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അത് സൃഷ്ടിക്കുന്ന ദുരന്തങ്ങൾ രാജ്യത്തെ മുഴുവൻ ബാധിക്കുന്നതാണ്. അതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.