സിവിൽ സർവിസിലെ മലയാളിത്തിളക്കം
text_fieldsരാജ്യത്തെ ഭരണയന്ത്രം തിരിക്കുന്നതിൽ, നയപരിപാടികൾ തീരുമാനിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിർണായകമായ സിവിൽ സർവിസ് പരീക്ഷയിൽ സമീപകാലത്തെങ്ങുമില്ലാത്ത വിധം പ്രശംസനീയ മുന്നേറ്റം നടത്തിയിരിക്കുന്നു മലയാളക്കരയിലെ കുട്ടികൾ. ആദ്യ നൂറിൽ ഇത്തവണ 13 മലയാളികൾ ഉൾപ്പെട്ടു. അടുത്ത കാലത്തൊന്നും സാധ്യമാവാതിരുന്ന നേട്ടമാണത്. ആദ്യ ആയിരം റാങ്കിൽ 60ൽ അധികം മലയാളികളുടെ പേര് കാണാം. എല്ലാ പരീക്ഷാർഥികൾക്കും വിജയികൾക്കും ഹാർദമായ അഭിനന്ദനങ്ങൾ.
സിവിൽ സർവിസിൽ മലയാളികൾക്ക് മികച്ച വിജയങ്ങൾ ആദ്യത്തേതല്ല. വലിയ വിജയങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. രാജു നാരായണ സ്വാമിയും ഹരിത വി. കുമാറും അടക്കമുള്ളവർ ഒന്നാം റാങ്കു നേടിയതും ആദ്യമായി നഴ്സിങ് വിഭാഗത്തിൽനിന്ന് ആനീസ് കൺമണി വിജയം നേടിയതും ആദിവാസി കുറിച്യ വിഭാഗത്തിൽനിന്ന് ആദ്യമായി ശ്രീധന്യ ചരിത്രമെഴുതിയതും ടെറസിൽനിന്ന് വീണ് വാരിയെല്ല് പൊട്ടി തളർന്ന് വീൽ ചെയറിൽ ഇരുന്ന് പരീക്ഷയെഴുതിയ ഷെറിൻ ഷഹാനയും അപകടത്തിൽ കൈ നഷ്ടമായ അഖില ബുഖാരിയും തളരാതെ പോരാടി വിജയം കൈവരിച്ചതുമെല്ലാം നമുക്ക് മുന്നിലുള്ള രജതരേഖകളാണ്. ഈ വർഷത്തെ വിജയികളിലുമുണ്ട് അത്തരം തിളക്കമേറെയുള്ള നക്ഷത്രങ്ങൾ. സെറിബ്രൽ പാൾസിയെ അതിജയിച്ച ശാരികയും അപകടങ്ങളിൽ ഇടതുകൈ തളർന്ന ഗോകുലും കൈനഷ്ടമായ പാർവതിയും സ്വന്തമാക്കിയ വിജയങ്ങൾ മത്സര പരീക്ഷാ ചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളായി എണ്ണപ്പെടുമെന്നുറപ്പ്.
സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ യു.പി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ, തമിഴ്നാട്, ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളെക്കാൾ ഏറെ പിറകിലായി എണ്ണപ്പെട്ടിരുന്ന കേരളത്തിൽ സിവിൽ സർവിസ് തൽപരരായ ഉദ്യോഗാർഥികളുടെ എണ്ണത്തിൽ കുറച്ചുകാലമായി വർധനയുണ്ട്. സംസ്ഥാന സർക്കാറിന്റെയും സന്നദ്ധസംഘടനകളുടെയും സ്വകാര്യ സംരംഭകരുടെയും മുൻകൈയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന സിവിൽ സർവിസ് പരിശീലന കേന്ദ്രങ്ങൾക്ക് ഈ താൽപര്യ വളർച്ചയിലും വിജയത്തിലും വലിയ പങ്കുണ്ട് എന്നത് വസ്തുതയാണ്. യു.പിയിലെ ജോൺപൂർപോലെ സിവിൽ സർവിസ് ഗ്രാമങ്ങളൊന്നും രൂപപ്പെട്ടിട്ടില്ലെങ്കിലും സ്കൂൾതലം മുതൽക്കുതന്നെ അവബോധവും പ്രാരംഭ പരിശീലനവും നൽകുന്ന കേന്ദ്രങ്ങളും കേരളത്തിലുയർന്നുവരുന്നുണ്ട്. കഴിഞ്ഞവർഷം കേരള സിവിൽ സർവിസ് അക്കാദമി വഴി ഇന്റർവ്യൂവിന് ഹാജരായ 37 പേർക്കാണ് വിജയത്തിലെത്താനായതെങ്കിൽ ഇത്തവണയത് 54 ആയി ഉയർന്നു. മുൻനിര റാങ്കുകാരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. ഇതിൽ 40 ഓളം പേർ പ്രഫഷനൽ ബിരുദധാരികളാണ്. സംസ്ഥാനത്തുനിന്ന് യോഗ്യത നേടിയവർ കൂടുതലും എൻജിനീയറിങ് പഠിച്ചവരാണ്. എം.ബി.ബി.എസ് നേടിയവരുമുണ്ട്. അതോടൊപ്പം ബിരുദധാരികൾ, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ലൈബ്രറി സയൻസ് ബിരുദധാരികൾ തുടങ്ങിയവരുമുണ്ട്. ഇത്തരം പ്രാതിനിധ്യങ്ങൾ പൊതുവേ അപൂർവമാണ് താനും. കഴിഞ്ഞ വർഷം 933 പേരുടെ പട്ടികയിൽ ഒ.ബി.സി പ്രാതിനിധ്യം 263 ആയിരുന്നത് ഇക്കുറി 303 ആയി ഉയർന്നു. എസ്.സി പ്രാതിനിധ്യം 154 ആയിരുന്നത് 165 ഉം എസ്.ടി 72ൽ നിന്ന് 86 ആയും ഉയർന്നു. പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങൾക്ക് കൈവന്ന പ്രാതിനിധ്യം വളർന്നുവരുന്ന തലമുറക്ക് പ്രോത്സാഹനം പകരുന്നതാണ്. അനുകൂല സാഹചര്യവും മികച്ച പരിശീലനവും ഉറപ്പാക്കിയാൽ ഏതു വിദ്യാഭ്യാസ ശ്രേണിയിൽപെടുന്നവർക്കും എത്തിപ്പിടിക്കാവുന്ന ഒന്നാണ് സിവിൽ സർവിസ് എന്നുകൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ വിജയങ്ങൾ.
പൊതുവേ സംസ്ഥാന പാഠ്യപദ്ധതിയിൽ പഠിക്കുന്നവർ നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ പരീക്ഷകളിൽ പിന്നാക്കം പോവുന്നെന്ന ആക്ഷേപം കുറച്ചുകാലമായി കേൾക്കുന്നതാണ്, കഴിഞ്ഞ മൂന്നു നാലു വർഷത്തെ കണക്കെടുത്താൽ അതിൽ വസ്തുതയുണ്ട് താനും. ഹയർസെക്കൻഡറി പഠനത്തിലും മൂല്യനിർണയത്തിലുമുള്ള അയഞ്ഞ സമീപനം കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ദേശീയ മത്സരപരീക്ഷകളിൽ തിരിച്ചടിയാകുന്നുണ്ടെന്നത് യാഥാർഥ്യമാണ്. ഭാഷാ പഠനത്തിൽ പൊതുവേ മലയാളികൾ പിന്നാക്കമാണെന്ന പരാതിയും കാലങ്ങളായുണ്ട്. അത്തരം പരാതികൾക്കും പരാധീനതകൾക്കുമിടയിലാണ് ഈ വിജയമെന്നത് തിളക്കം വർധിപ്പിക്കുന്നു.
ബിരുദ പഠനത്തിനുശേഷം മെച്ചപ്പെട്ട പരിശീലനത്തിലൂടെ സിവിൽ സർവിസ് പരീക്ഷക്ക് മലയാളി വിദ്യാർഥികൾ കൂടുതൽ താൽപര്യത്തോടെ പങ്കെടുക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ഇതിന്റെ പ്രതിഫലനം തന്നെയാണ് ഇത്തവണത്തെ ഫലത്തിലും കാണുന്നത്. മെഡിക്കൽ, എൻജിനീയറിങ് പഠനത്തിനപ്പുറം സിവിൽ സർവിസും മലയാളി വിദ്യാർഥികളുടെ ഇഷ്ടമേഖലയായി രൂപപ്പെടേണ്ടിയിരിക്കുന്നു.
നമ്മുടെ മുഖ്യമന്ത്രി ഏഴുവർഷം മുമ്പ് അധികാരമേറ്റപ്പോൾ പറഞ്ഞ ഏറെ ശ്രദ്ധേയമായ ഒരു വാചകമുണ്ട് ‘ഓരോ ഫയലും ഓരോ ജീവിതമാണ്, അത് മനസ്സിലാക്കി പെരുമാറണ’മെന്ന്. ഈ നിർദേശം ശരിയാംവിധം നടപ്പിലാവാത്തതിന് രാഷ്ട്രീയ ഭരണ നേതൃത്വത്തെക്കാൾ ഉത്തരവാദികൾ ഉദ്യോഗസ്ഥർ തന്നെയാണ്. പുതിയ ഉത്തരവാദിത്തത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്റെ മുമ്പിൽ വരുന്ന ഓരോ വിഷയത്തിനും ഒരു ജീവന്റെ വിലയുണ്ടെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ അവർക്കാവട്ടെ എന്ന് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.