കാലാവസ്ഥ: ഇനിയും സർക്കാറുകളെ വിശ്വസിക്കാമോ?
text_fieldsഭൂമിക്കുവേണ്ടി ഒരുമിച്ചുനിൽക്കാൻ കഴിയില്ലെന്നു മാത്രമല്ല, തീരെ വിവരമില്ലാത്തവരെക്കാൾ നിരുത്തരവാദപരമായി പെരുമാറാൻ ലോകനേതാക്കൾക്ക് കഴിയുമെന്നും ഇപ്പോൾ മഡ്രിഡിൽ സമാപിച്ച യു.എൻ കാലാവസ്ഥ ഉച്ചകോടി തെളിയിച്ചിരിക്കുന്നു. അവസാന ദിവസങ്ങളിൽ ചിലിയിൽനിന്ന് സ്പെയിനിലേക്ക് മാറ്റേണ്ടി വന്ന 25ാം ചട്ടക്കൂട് നിർണയ യോഗം (സി.ഒ.പി 25) , ചെറുതായെങ്കിലും പരിഹാരദിശയിലേക്കുള്ള ചുവടുവെപ്പ് നടത്തുന്നതിന് കാതോർത്ത ലോകത്തിന് പരാജയത്തെക്കാൾ മോശം ഫലമാണ് നൽകിയിരിക്കുന്നത്. അഞ്ച് പ്രധാനലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാനാവാതെപോയ ഈ ഉച്ചകോടിയിൽ, പാരിസ് ഉടമ്പടിയിൽനിന്നുള്ള യു.എസിെൻറ വിട്ടുപോകലും കണ്ടു. അന്താരാഷ്ട്ര കാർബൺ വിപണി പുനരാരംഭിക്കുക, കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടായിക്കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ നേരിടാനുള്ള പണം കണ്ടെത്തുക, മലിനീകരണം സൃഷ്ടിക്കുന്ന വികസിതരാഷ്ട്രങ്ങൾ അതിെൻറ ദോഷങ്ങൾക്കിരയാകുന്ന വികസ്വരരാജ്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ നൽകേണ്ട ധനസഹായത്തിന് രൂപരേഖ കാണുക, നിർണായകമായ ‘കാലാവസ്ഥദശക’ത്തിെൻറ തുടക്കമായ 2020നു മുമ്പ് ചെയ്തുതീർക്കാമെന്നേറ്റിരുന്ന കാര്യങ്ങൾ വികസിതരാQജ്യങ്ങൾ പൂർത്തിയാക്കിയോ എന്ന് പരിശോധിക്കുക -ഈ നാലിലും മഡ്രിഡ് ഉച്ചകോടി വട്ടപ്പൂജ്യമായി. കാലാവസ്ഥ കർമപദ്ധതിയിൽ ലിംഗനീതി, മനുഷ്യാവകാശങ്ങൾ, ആദിവാസികളുടെ അവകാശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുകയെന്ന അഞ്ചാംലക്ഷ്യത്തിൽ ഭാഗികമായി മാത്രമാണ് വിജയിച്ചത്. വളരെ പ്രധാനപ്പെട്ട കാർബൺ വിപണിയുെട കാര്യത്തിലാണ് ഏറ്റവും കൂടുതൽ ശണ്ഠ നടന്നത്. കാലാവസ്ഥവ്യതിയാനത്തിന് ഏറ്റവും കൂടുതൽ ഉത്തരവാദികൾ സമ്പന്നരാജ്യങ്ങളാണ്; അതിെൻറ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് ദരിദ്ര്യരാജ്യങ്ങളും. അതുകൊണ്ടുതന്നെ, ദരിദ്രരാജ്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള ധനസഹായം നൽകുക പാരിസ് ഉടമ്പടിപ്രകാരം സമ്പന്നരാജ്യങ്ങൾ ബാധ്യതയായി ഏറ്റിരുന്നു. 2020 മുതൽ ഓരോ വർഷവും 10,000 കോടി ഡോളർ വീതം വികസിതരാജ്യങ്ങൾ വികസ്വരരാജ്യങ്ങൾക്ക് നൽകുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഹിലരി ക്ലിൻറൻ 2009ൽ വാക്കുപറഞ്ഞിരുന്നതാണ്. പാരിസ് ഉടമ്പടിയിൽനിന്ന് വിട്ടുപോകാൻ നോട്ടീസ് നൽകിയ ഇന്നത്തെ ട്രംപ് ഭരണകൂടമാകട്ടെ ഇൗ നഷ്ടപരിഹാരം നൽകുന്നതിൽനിന്നുകൂടി ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തുടങ്ങിവെച്ചത്.
195 രാജ്യങ്ങൾ രണ്ടാഴ്ചയോളം ചെലവിട്ട് നടത്തിയ കൂടിയാലോചനകൾ അടിയന്തര പ്രാധാന്യമുള്ളവയായിരുന്നു. പുതുവർഷത്തിൽ വർധിതവീര്യത്തോടെ നടപടികൾ സ്വീകരിക്കേണ്ട ആവശ്യമിരിക്കെ തീരുമാനങ്ങൾ നേരത്തേ എടുേക്കണ്ടതുണ്ടായിരുന്നു. ശാസ്ത്രജ്ഞരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ശരിവെച്ചു 2019 വലിയ താപവർധനയാണ് രേഖെപ്പടുത്തിയത്. ഉഷ്ണതരംഗം, കാലംതെറ്റിയുള്ള മഴ, ചുഴലിക്കാറ്റുകൾ, പ്രളയം, വരൾച്ച, കാട്ടുതീ, ഉരുൾപൊട്ടൽ തുടങ്ങിയ ലക്ഷണങ്ങളെല്ലാം പ്രകടമായ വർഷം ലോക ഭരണകൂടങ്ങൾക്കുമേൽ മുമ്പില്ലാത്ത ഉത്തരവാദിത്തം, മുമ്പില്ലാത്ത അടിയന്തരസ്വഭാവത്തോടെ ഏൽപിച്ചിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങളുെട നിസ്സംഗതക്കെതിരെ ലോകമെങ്ങും പ്രക്ഷോഭങ്ങളും രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതൊക്കെയുണ്ടായിട്ടും പരിഹാരദിശയിൽ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ ഉച്ചകോടിക്ക് കഴിയാതെപോയത് ഭരണകൂടങ്ങളുടെ കൊള്ളരുതായ്മ കൊണ്ടു മാത്രമാണ്. ഇനി നിർണായക ദശകം ജനുവരി ഒന്നിന് ആരംഭിക്കുേമ്പാൾ മുൻകൂട്ടി നിശ്ചയിച്ച പ്രവർത്തനങ്ങൾക്ക് പണം ഉണ്ടായിരിക്കില്ല. വികസ്വര, വ്യവസായവത്കൃത രാജ്യങ്ങൾ നൽകേണ്ടിയിരുന്ന സഹായത്തെ യു.എസ് നേതൃത്വത്തിൽ സമ്പന്നരാജ്യങ്ങൾ അട്ടിമറിച്ചു. കാർബൺ വിപണിയും തുടങ്ങാൻ കഴിയില്ല. കുറെ വഴിപാട് പദ്ധതികളും പൊള്ളയായ വാക്കുകളുമാണ് ബാക്കിയായിരിക്കുന്നത്. 2030 ഓടെ നേടിയെടുക്കേണ്ട ലക്ഷ്യങ്ങൾ കൈവിട്ട മട്ടാണ്. 2050ൽ തങ്ങൾ നേടാൻ പോകുന്നതിനെപ്പറ്റി വാചാലരാകുന്ന യൂറോപ്യൻ യൂനിയൻ 2030നെപ്പറ്റി മിണ്ടുന്നില്ല. ബദൽ ഊർജരംഗത്ത് മുേന്നറ്റം നടത്തിയ ഇന്ത്യക്ക് കൽക്കരി പാടേ ഒഴിവാക്കാവുന്ന അവസ്ഥ ഉണ്ടായിട്ടും അതു ചെയ്യാൻ കൽക്കരി ലോബിയുടെ സ്വാധീനം മൂലം കഴിയുന്നില്ല.
പാരിസ് ഉടമ്പടിയോടെ ഉയർന്ന നേർത്ത പ്രതീക്ഷപോലും മഡ്രിഡിൽ അണഞ്ഞുപോയ മട്ടാണ്. ഇതിനു കാരണക്കാർ ആരെന്ന് ഏറെ തിരയേണ്ടതില്ല. ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെയാണ് ഉത്തരവാദികൾ. ഭൂമിയെ നശിപ്പിച്ചിട്ടായാലും അമിതലാഭമെടുക്കുന്ന നിക്ഷിപ്ത താൽപര്യങ്ങളുടെ തടങ്കലിലാണവർ. ജനസമൂഹങ്ങളും ആക്ടിവിസ്റ്റുകളും ശാസ്ത്രലോകവും ഉയർത്തിക്കാട്ടുന്ന യാഥാർഥ്യത്തിൽനിന്ന് എത്രത്തോളം ബന്ധമറ്റവരാണ് സർക്കാറുകളെന്ന് ഒരിക്കൽകൂടി തെളിയുകയാണ്. പ്രകൃതിചൂഷണം മുതൽ യുദ്ധവ്യവസായംവരെ നടത്തിക്കൊണ്ടവർ ഭൂമിയെന്ന എല്ലാവരുടെയും വീടിനെ നശിപ്പിക്കുേമ്പാൾ ബാക്കിയുള്ളവർ ഇനിയും കാഴ്ചക്കാരായി നിൽക്കുന്നതെങ്ങനെ? രാഷ്ട്രീയ ഇച്ഛാശക്തിയോ ശാസ്ത്രജ്ഞാനമോ ഇല്ലാത്ത നേതാക്കൾ ഭൂമിയെ പാടേ തകർക്കുംവരെ കാത്തുനിൽക്കാനാകുമോ? ഇനി കാര്യങ്ങൾ പൊതുസമൂഹങ്ങളും ആക്ടിവിസ്റ്റുകളും ഏറ്റെടുത്തേ പറ്റൂ. പുതുവർഷത്തോടെ തുടങ്ങുന്ന പതിറ്റാണ്ട് ‘കാലാവസ്ഥാദശക’മാണ്. ഈ ദശകം അവസാനിക്കുന്ന 2030 ഓടെ കാർബൺ നിർഗമനം ഇപ്പോഴത്തേതിെൻറ പകുതി കണ്ട് കുറഞ്ഞേ പറ്റൂ. ഏറ്റെടുത്ത ലക്ഷ്യങ്ങൾപോലും നിറവേറ്റാത്ത, ധാർമിക ഉത്തരവാദിത്തത്തിൽനിന്നും നിയമപരമായ ബാധ്യതകളിൽനിന്നും ഒളിച്ചോടുന്ന, നീചന്മാരായ രാഷ്ട്ര നായകന്മാർ ഇതൊക്കെ ചെയ്തുതരുമെന്ന് കരുതാമായിരുന്ന കാലം കഴിഞ്ഞു. ജനസമൂഹങ്ങൾ ഇടപെടണം; മഡ്രിഡിെൻറ സന്ദേശം അതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.