Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൂർവാധികം വാശിയിൽ...

പൂർവാധികം വാശിയിൽ വർഗീയ ​​​പ്രചാരണം

text_fields
bookmark_border
Communal propaganda, election, editorial Podcast
cancel


ഈ വർഷം ഏപ്രിൽ-ജൂൺ മാസങ്ങളിലായി നടന്ന പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശവ്യാപകമായ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിസഭയിലെ രണ്ടാമൻ ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മൊത്തം സംഘ്പരിവാർ നേതാക്കളും വക്താക്കളും ഒന്നാമതായി ഉപയോഗിച്ചത് ഇസ്‍ലാമോഫോബിയയും ന്യൂനപക്ഷ വിദ്വേഷവുമായിരുന്നെന്ന് തെളിവുകളുദ്ധരിച്ച് സ്ഥാപിക്കേണ്ടതായിട്ടില്ല. കൂടുതൽ സന്താനങ്ങളെ ഉൽപാദിപ്പിക്കുന്ന ‘നുഴഞ്ഞുകയറ്റക്കാർ’ക്ക് ഹിന്ദുസ്ത്രീകളുടെ കെട്ടുതാലിവരെ പറിച്ചുകൊടുക്കും കോൺഗ്രസുകാരും ഇൻഡ്യ മുന്നണിക്കാരും എന്നുവരെ ആക്രോശിച്ചത് സെക്യുലർ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് വന്നാൽ കൂടുതലൊന്നും പറയേണ്ടതായിട്ടില്ല. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പഠനറിപ്പോർട്ട് പ്രകാരം നരേന്ദ്ര മോദി ചെയ്ത 173 തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ 110ഉം ഇസ്‍ലാമോഫോബിക് ആയിരുന്നു.

അസമിലും ബംഗാളിലും ബിഹാറിലും അമിത് ഷാ ഉൾപ്പെടെയുള്ള ഹിന്ദുത്വ നേതാക്കൾ, ബംഗ്ലാദേശിൽനിന്ന് അതിർത്തി കടന്നെത്തിയവരും ‘ഇപ്പോഴും എത്തുന്നവരുമായ’ മുസ്‍ലിം നുഴഞ്ഞുകയറ്റക്കാർ രാജ്യസുരക്ഷക്കേൽപിക്കുന്ന വൻ വിപത്തിനെക്കുറിച്ചാണ് വാചാലരായത്. ഹിജാബും ഏക സിവിൽകോഡും ലവ് ജിഹാദുമൊക്കെ പ്രചാരണരംഗം കൈയടക്കി. രാജ്യമാകെ നേരിടുന്ന യുവജന കോടികളുടെ തൊഴിലില്ലായ്മയോ ലോക​ത്തേറ്റവും പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യ തുടരുന്ന അപമാനകരമായ സ്ഥിതിവിശേഷമോ മണിപ്പൂരിലെ ഭീകര വംശീയാക്രമണങ്ങളോ സമ്പദ്‍വ്യവസ്ഥയെതന്നെ അട്ടിമറിക്കുന്ന കള്ളപ്പണ പ്രവാഹമോ ഒന്നും പ്രചാരണത്തിൽ മുഖ്യപരിഗണന നേടിയില്ല. എന്നാൽ, 400ൽ അധികം സീറ്റുകൾ ഉറപ്പിച്ച ബി.ജെ.പിക്ക് കേവല ഭൂരിപക്ഷംപോലും നേടാൻ കഴിയാത്ത ദുരനുഭവത്തിൽനിന്ന് പാഠം പഠിക്കാനോ തീവ്ര വംശീയത ലഘൂകരിക്കാനോ ഹിന്ദുത്വർ തയാറില്ലെന്ന് മാത്രമല്ല വെറുപ്പിന്റെ അജണ്ട പൂർവാധികം വാശിയോടെ തുടരാനുള്ള തീരുമാനമാണ് എന്നാണ് മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭകളിലേക്കും മറ്റിടങ്ങളിൽ ഒഴിവുവന്ന സീറ്റുകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ പൂർവാധികം വാശിയോടെ വിദ്വേഷപ്രചാരണം തുടരുന്നതിൽനിന്ന് മനസ്സിലാക്കേണ്ടത്.

മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന മോദി-അമിത് ഷാ ടീമിന്റെ ആക്രോശങ്ങൾ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന്റെ മാനദണ്ഡമെന്ന ഭരണഘടനയുടെ ഖണ്ഡിതമായ നിലപാടിനോടുള്ള പ്രത്യക്ഷ വെല്ലുവിളിയാണ്. മുസ്‍ലിം പേരുള്ളതുകൊണ്ടുമാത്രം, ബി.ജെ.പി സ്വയം പ്രഖ്യാപിച്ച പസ്മാന്ദ മുസ്‍ലിംകൾക്കുപോലും സംവരണം അനുവദിക്കില്ലെന്നതാണ് ഇതിന്റെ സ്വാഭാവികഫലം. ഝാർഖണ്ഡിൽ ആദിവാസികളാണ് നിർണായക വോട്ടുബാങ്ക്. ബിഹാർ വിഭജിച്ച് ഝാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ച 2000ൽ 26.3 ശതമാനവും 2011ലെ സെൻസസിൽ 26.21 ശതമാനവുമായിരുന്നു ആദിവാസി ജനസംഖ്യ.

എന്നാൽ, 2011ലെ സെൻസസ് പ്രകാരം ഝാർഖണ്ഡിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് 17.61 ലക്ഷം പേർ കുടിയേറിപ്പോയിട്ടുണ്ടെന്നും പോയവരിൽ 18.66 ശതമാനം പേർ മടങ്ങിവന്നിട്ടില്ലെന്നും കണക്കുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ വസ്തുതകളൊന്നും പരിഗണിക്കാതെ ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാർ സംസ്ഥാനം കൈയടക്കാൻ പോവുകയാണെന്ന പച്ചക്കള്ളം നിരന്തരം ആവർത്തിക്കുകയാണ് കേന്ദ്ര ആഭ്യന്തരമ​ന്ത്രി. ബി.ജെ.പി അധികാരത്തിലേറിയാൽ അവരെയൊക്കെ പുറംതള്ളുമെന്ന് പാവപ്പെട്ട ആദിവാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് നിരന്തര ശ്രമം. ബംഗ്ലാദേശ് നിലവിൽവരുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേ വന്ന ബംഗാളി സംസാരിക്കുന്നവരെ മുഴുവൻ തെരഞ്ഞുപിടിച്ച് തടങ്കൽപാളയത്തിലാക്കാനാണ് പരിപാടി. അസമിൽ അത് നേരത്തേ ആരംഭിച്ചല്ലോ.

സാമുദായിക വിദ്വേഷ പ്രചാരണം മതസൗഹാർദ-മതേതര കേരളത്തിലും നടക്കുന്നു; ഹിന്ദു തീവ്രവാദികൾ മാത്രമല്ല ഭരണത്തിലിരിക്കുന്ന മതേതര മുന്നണിയുടെ നേതൃത്വവും വക്താക്കളും അതേദിശയിൽ നീങ്ങുന്നുവെന്നതാണ് ഏറ്റവും ഗൗരവപ്പെട്ട കാര്യം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ നഷ്ടമായ മുസ്‍ലിം വോട്ടിന് പകരം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ സമുദായത്തിന്റെയും ക്രൈസ്തവ ന്യൂനപക്ഷ ത്തിന്റെയും വോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള തന്ത്രമാണെന്ന് തോന്നിക്കും വിധമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം നേതാക്കളുടെയും വായ്ത്താരികൾ. മലപ്പുറം ജില്ലയിലേക്കുള്ള സ്വർണക്കടത്തിന്റെയും ഹവാല പണത്തിന്റെ ഒഴുക്കിനെയും കുറിച്ച വിവാദ അഭിമുഖത്തിൽനിന്ന് മുഖ്യമന്ത്രി സമർഥമായി ഒഴിഞ്ഞുമാറിയത് ഒരുദാഹരണം.

പാർട്ടി കേന്ദ്രസമിതി അംഗം പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്യവെ ഒരു മുസ്‍ലിം സംഘടനയെ പേരെടുത്ത് പറഞ്ഞുകൊണ്ട് ഖലീഫമാരുടെ കാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് ശ്രമമെന്നാരോപിച്ചപ്പോൾ പൂച്ച ശരിക്കും പുറത്തുചാടി. പിന്നീട് വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രണ്ടു മണ്ഡലങ്ങളിലും ചെയ്ത പ്രസംഗങ്ങളിൽ മുഖ്യമന്ത്രി ഈ ആരോപണം ആവർത്തിച്ചപ്പോൾ ഉള്ളിലിരിപ്പ് മറനീക്കി. മുനമ്പത്തെ വിവാദവിധേയമായ വഖഫ് ഭൂമിയിൽ അവിടത്തെ നിവാസികളായ ക്രൈസ്തവ മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരം അനുഭാവപൂർണമായും സമാധാനപരമായും പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരണമെന്നാണ് മുഴുവൻ മുസ്‍ലിം സംഘടനകളും ഏകകണ്ഠമായി ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, പ്രശ്നപരിഹാരത്തിന് സർക്കാർ മടിച്ചുനിൽക്കുമ്പോൾ ഹിന്ദുത്വ ശക്തികൾ അവരുടെ പാർലമെന്റംഗത്തെ മുന്നിൽനിർത്തി രംഗം പരമാവധി കലക്കി മുതലെടുക്കാൻ ശ്രമിക്കുന്നു.

വഖഫിനെ കിരാതമെന്ന് പരസ്യമായി അധിക്ഷേപിച്ച കേന്ദ്രമന്ത്രിയുടെ നടപടിയെപ്പറ്റി മുഖ്യമന്ത്രി അർഥഗർഭമായ മൗനത്തിലാണ്. പകരം ഇൻഡ്യ മുന്നണി നേതാവ് പ്രിയങ്ക ഗാന്ധി ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണ തേടുന്നു എന്ന് ഫേസ്ബുക്കിൽ കുറിച്ചിരിക്കയാണദ്ദേഹം. ഉന്നം വ്യക്തമാണല്ലോ. രണ്ട് ന്യൂനപക്ഷ സമുദായങ്ങളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കാനുള്ള ജംബൂകതന്ത്രം ഇതിൽ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ നിർവാഹമില്ലാത്ത സാഹചര്യമാണ്. ചുരുക്കത്തിൽ അത്യന്തം ജ്വലനശക്തിയുള്ള വർഗീയ വികാരങ്ങൾക്ക് തീകൊളുത്തി ഇലക്ഷൻ ജയിക്കാനുള്ള നീക്കങ്ങൾ തീവ്ര മതേതരത്വം അവകാശപ്പെടുന്നവർക്കുപോലും പഥ്യമാണെന്ന് വരുന്നത് രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ശുഭകരമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionCommunal propagandaeditorial Podcast
News Summary - Communal propaganda in elections
Next Story