രാഷ്ട്രീയ ചതുരംഗപ്പലകയിലെ സമുദായങ്ങൾ
text_fieldsയു.ഡി.എഫിന് വിജയസാധ്യതയുള്ള രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് -എമ്മിന് നൽകിയ തീരുമാനം കേരളത്തിലെ കോൺഗ്രസിനകത്ത് വലിയ കൊടുങ്കാറ്റ് ഉയർത്തിയത് തികച്ചും സ്വാഭാവികം. കോൺഗ്രസ് പാർട്ടിയുടെ ചരിത്രം പരിശോധിക്കുന്ന ആർക്കും ഇതിൽ വലിയ ആശ്ചര്യമൊന്നും തോന്നാനുമിടയില്ല. ഇപ്പോൾ നടക്കുന്ന ബഹളങ്ങൾ ആ പാർട്ടിയെ തകർക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതും അസ്ഥാനത്താണ്. കാരണം, ഇത്തരം ആഭ്യന്തര സംഘർഷങ്ങളിലൂടെയാണ് ആ പാർട്ടി അതിെൻറ സജീവത നിലനിർത്തുന്നതുതന്നെ. ആ തർക്കങ്ങളിൽ നാട്ടുകാർക്ക് വലിയ താൽപര്യമുണ്ടാകാനുമിടയില്ല. സംസ്ഥാനത്തെയോ ജനങ്ങളെയോ ഗൗരവത്തിൽ ബാധിക്കുന്ന എന്തെങ്കിലും ഘടകങ്ങൾ അതിൽ അടങ്ങിയിട്ടുമില്ല. അതേസമയം, പ്രസ്തുത വിവാദത്തിൽ ഇടപെട്ട് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ നടത്തിയ ഒരു പ്രസ്താവന പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജൂൺ എട്ടിന് കെ.പി.സി.സി യോഗത്തിൽനിന്ന് പാതിവഴിക്ക് ഇറങ്ങിപ്പോന്ന് പത്രക്കാരെ അഭിമുഖീകരിച്ച് സുധീരൻ പറഞ്ഞത് ഈ തീരുമാനം ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതാണ് എന്നാണ്. തുടർന്ന് സമാന അഭിപ്രായം വേറെയും കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവെച്ചു. ഭൂരിപക്ഷ സമുദായം കോൺഗ്രസിൽനിന്ന് അകലാൻ ഈ തീരുമാനം കാരണമാവുമെന്നാണ് മറ്റുചില കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. മാണി ഗ്രൂപ്പിന് സീറ്റ് നൽകിയതിനെ എതിർക്കുന്ന പക്ഷം മൊത്തത്തിൽ അന്തരീക്ഷത്തിൽ ഉയർത്താൻ ശ്രമിച്ച ആശയം ഇതാണ്: കേരളത്തിലെ സമുദായ ബന്ധങ്ങളിൽ വിള്ളലുണ്ടാകാൻ പോവുകയാണ്. സംഘടിത ന്യൂനപക്ഷത്തിന് മുന്നിൽ ഭൂരിപക്ഷ സമുദായത്തിന് നഷ്ടങ്ങൾ സംഭവിക്കുകയാണ്.
ജൂൺ അഞ്ചിന് ആലുവ എടത്തലയിൽ ഉസ്മാൻ എന്ന യുവാവ് പൊലീസ് മർദനത്തിനിരയായ സംഭവം പിറ്റേദിവസം നിയമസഭയിൽ വലിയ ഒച്ചപ്പാടിന് കാരണമായി. അനുസ്യൂതം തുടരുന്ന പൊലീസ് അതിക്രമങ്ങളുടെ ഭാഗമായി അതിനെ കണ്ട പ്രതിപക്ഷം സഭയിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ ശക്തമായ വിമർശനങ്ങളുന്നയിച്ചു. കോൺഗ്രസുകാരനായ ആലുവ എം.എൽ.എ അൻവർ സാദത്ത് വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രമേയാവതരണത്തിന് മറുപടി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഭാഷണം അപകടകരമായ സൂചനകൾ ഉൾക്കൊള്ളുന്നതായിരുന്നു. വാഹനങ്ങൾ തമ്മിൽ ഉരസിയ നിസ്സാര പ്രശ്നത്തിെൻറ പേരിൽ ഒരു ചെറുപ്പക്കാരനെ തല്ലി താടിയെല്ല് പൊട്ടിച്ച പൊലീസ് നടപടിയെ നിർദാക്ഷിണ്യം തള്ളിക്കളയേണ്ടതിനു പകരം സംഭവത്തിന് തീവ്രവാദ നിറം നൽകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചവരിൽ കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതിയുണ്ടായിരുന്നുവെന്നതിെൻറ പേരിലാണ് സംഭവത്തെ ആകപ്പാടെ തീവ്രവാദി ആക്രമണമെന്ന നിലക്ക് ചിത്രീകരിക്കാൻ മുഖ്യമന്ത്രി സന്നദ്ധമായത് (ഈ പ്രതിയാവട്ടെ, മർദനമേറ്റ ഉസ്മാെൻറ അടുത്ത ബന്ധുവുമാണ്). അതായത്, ശേഷം നടക്കുന്ന പ്രതിഷേധത്തിൽ തീവ്രവാദി പങ്കെടുക്കാനിടയുണ്ട് എന്ന് മുൻകൂട്ടി കണ്ടതിെൻറ പേരിലാണ് പൊലീസ് മർദനം നടപ്പാക്കിയത് എന്നുതോന്നും മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടാൽ. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന വിവാദ പ്രസ്താവനയും പ്രസംഗമധ്യേ മുഖ്യമന്ത്രി നടത്തുകയുണ്ടായി.
തൊട്ടതിലും പിടിച്ചതിലും ‘തീവ്രവാദി’കളെ കണ്ടെത്തുക എന്നത് കഴിഞ്ഞ കുറച്ചുകാലമായി സി.പി.എമ്മിെൻറ ഒരു രീതിയാണ്. ഗെയിൽ പദ്ധതി, ദേശീയപാത വികസനം എന്നിവയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്നവർ നടത്തിയ സമരത്തെപ്പോലും തീവ്രവാദി ആക്രമണമായി കാണാനാണ് ആ പാർട്ടിയും സർക്കാറും ശ്രമിച്ചത്. മുസ്ലിംകൾ ഏതെങ്കിലും നിലക്ക് ബന്ധപ്പെടുന്ന ഏത് സാമൂഹിക സംഘാടനങ്ങളെയും സമരങ്ങളെയും ‘തീവ്രവാദം’ എന്ന ഒരൊറ്റ പരിേപ്രക്ഷ്യത്തിൽ മാത്രം വ്യാഖ്യാനിക്കുകയെന്നതാണ് ആ പാർട്ടിയുടെ രീതി. രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് നൽകുന്നതിൽ കോൺഗ്രസുകാർക്കുണ്ടാവുന്ന നീരസം മനസ്സിലാക്കാം. തെറ്റായ വികസന നയങ്ങൾക്കെതിരെയുള്ള ജനകീയ സമരങ്ങളും പൊലീസ് അതിക്രമങ്ങൾക്കെതിരെ ഉണ്ടാവുന്ന പ്രതിഷേധങ്ങളും സർക്കാറിനും സി.പി.എമ്മിനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാം. എന്നാൽ, ഈ ബുദ്ധിമുട്ടുകളെ മറികടക്കാൻ സമുദായ ബന്ധങ്ങളെത്തന്നെ തകർക്കുന്നതരത്തിൽ നിലപാടുകളെടുക്കുന്നത് ശരിയല്ല. തീവ്രവാദത്തിെൻറ വിളനിലമാണ് കേരളം എന്നത് സംഘ്പരിവാർ ദേശീയതലത്തിൽ നടത്തുന്ന കാമ്പയിനാണ്. ആ കാമ്പയിന് സാധുത നൽകുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും ഇടപെടൽ.
ന്യൂനപക്ഷങ്ങൾ എല്ലാം കവർന്നെടുക്കുന്നു എന്നതും സംഘ്പരിവാറിെൻറ ധ്രുവീകരണ പ്രചാരണങ്ങളിൽ പ്രധാനപ്പെട്ട ഒരിനമാണ്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത്, മുസ്ലിംലീഗിെൻറ അഞ്ചാം മന്ത്രി ആവശ്യം മുതലാണ് ഈ പ്രചാരണം ശക്തിപ്രാപിച്ചത്. കോൺഗ്രസിലെയും ഇടതുപക്ഷത്തെയും ഒരു വിഭാഗം ഈ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ചില സ്കൂളുകളിൽ പച്ചബോർഡ് ഉപയോഗിക്കുന്നതുപോലും ന്യൂനപക്ഷ ആധിപത്യത്തിെൻറ ഭാഗമായി ചിത്രീകരിക്കപ്പെടുന്ന തരത്തിൽ പ്രചാരണ ഹിസ്റ്റീരിയ വികസിച്ചു. പച്ചബോർഡ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഉപയോഗപ്പെടുത്തുന്നതാണ് എന്നൊന്നും അറിയാഞ്ഞിട്ടല്ല ഇടതുപക്ഷംപോലും ഈ പ്രചാരണം അഴിച്ചുവിട്ടത്. അതത് നേരത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണത്. ഇതു പക്ഷേ, സംസ്ഥാനത്തിെൻറ സാമൂഹിക ഭദ്രതക്കും ആരോഗ്യകരമായ സാമുദായിക ബന്ധങ്ങൾക്കും വലിയ പരിക്കേൽപിക്കുമെന്ന് അവർ ആലോചിക്കുന്നേയില്ല. സങ്കുചിതവും കുടിലവുമായ ലക്ഷ്യങ്ങൾ വെച്ച് നാടിനെ തകർക്കാനുള്ള ശ്രമത്തിൽ പരോക്ഷമായി പങ്കാളികളാവുകയാണ് അവർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.