Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആരോഗ്യരംഗത്തെ അനാരോഗ്യം
cancel

1990ൽ ആഗോളതലത്തിൽ 20 കോടിയായിരുന്ന പ്രമേഹരോഗികളുടെ എണ്ണം 2022ൽ 80 കോടിയായി ഉയർന്നതായി ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ലാൻസെറ്റ് ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകളിൽ കാണുന്നു. 21 കോടി​ 20 ലക്ഷവുമായി ഇന്ത്യയാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. 14 കോടി 80 ലക്ഷം പ്രമേഹബാധിതരുമായി ചൈന രണ്ടാംസ്ഥാനത്തും. 30 വയസ്സിൽ കൂടുതലുള്ള രോഗികളുടെ സംഖ്യയിലും ഇന്ത്യതന്നെ മുൻപന്തിയിൽ; 13 കോടി 30 ലക്ഷം രോഗബാധിതർ. കാർബോഹൈഡ്രേറ്റ് ഉയർന്നതോതിൽ അടങ്ങിയ ഭക്ഷണംതന്നെ പ്രധാന വില്ലൻ. ഒപ്പം അനാരോഗ്യകരമായ ജീവിതശൈലിയും.

പ്രമേഹം വർധിപ്പിക്കുന്നതിൽ 30 മുതൽ 40 വരെ ശതമാനം പുകവലിയും പങ്കുവഹിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. രാജ്യത്തെ ആരോഗ്യരംഗത്ത് പ്രഥമനിരയിൽ സ്ഥാനം പിടിച്ച സംസ്ഥാനമാണ് കേരളമെന്ന് നാം അഭിമാനിക്കാറുണ്ട്. എന്നാൽ, കൂടിയ ആയുർദൈർഘ്യവും പ്രസവത്തിലെ മരണനിരക്കിലും ശിശുമരണങ്ങളുടെ എണ്ണത്തിലുമുള്ള കുറവുമാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്തുന്നതിലെ മുഖ്യ മാനദണ്ഡങ്ങളെന്ന് മറക്കരുത്.

ജീവിതശൈലി രോഗങ്ങളുടെ വൻ വർധനയും ചികിത്സച്ചെലവിലെ ആധിക്യവും കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന വൻ ഭീഷണികളാണ്. അർബുദം, പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയാണ് ജീവിതശൈലി രോഗികളുടെ പട്ടികയിൽ എണ്ണപ്പെടുന്നത്. സംസ്ഥാന സർക്കാറിന്റെ പഠന റിപ്പോർട്ടിൽ ജനസംഖ്യയുടെ 46.7 ശതമാനം ശൈലീരോഗങ്ങളുടെ പിടിയിലോ സാധ്യതപട്ടികയിലോ ഇടംപിടിച്ചിട്ടുണ്ട്. 30-59 പ്രായപരിധിയിലുള്ളവരുടെ മരണത്തിൽ 52 ശതമാനവും ഈ രോഗങ്ങളുടെ ഫലമായാണെന്നത് ഞെട്ടലുളവാക്കുന്നു.

വ്യായാമത്തിന്റെ അഭാവം, രുചിവൈവിധ്യങ്ങളോടുള്ള ആസക്തി, ഭക്ഷ്യവസ്തുക്കളിലെ വ്യാപകമാവുന്ന മായം തുടങ്ങി പല ഘടകങ്ങളുണ്ട് മലയാളികളുടെ അനാരോഗ്യകരമായ ജീവിതശൈലിയിൽ. മൂന്നുമുതൽ അഞ്ചുവരെ നേരം ഭക്ഷണം കഴിക്കുന്നവരായി ലോകത്ത് വേറെ ജനസമൂഹങ്ങളുണ്ടോ എന്ന് കണ്ടെത്തിയിട്ട് വേണം. തന്മൂലം അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, യുനാനി, നേച്ചറോപതി, അക്യുപങ്ചർ തുടങ്ങി വൈദ്യശാസ്ത്രം അംഗീകരിച്ചതും അംഗീകരിക്കാത്തതുമായ പലവിധ ചികിത്സരീതികളും കേന്ദ്രങ്ങളും സുലഭമാണിപ്പോൾ കേരളത്തിൽ.

ചികിത്സക്കുവേണ്ടി കേരളീയർ ചെലവഴിക്കുന്ന തുകയോ? ചികിത്സ ചെലവിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കുന്ന കേരളം ദേശീയ ശരാശരിയുടെ രണ്ടിരട്ടിയിൽ കൂടുതലാണ് ചെലവഴിക്കുന്നതെന്ന് സർവേ ഫലം കാണിക്കുന്നു. 2021-22 വർഷത്തിൽ മലയാളിയുടെ പ്രതിശീർഷ വാർഷിക ചികിത്സച്ചെലവ് 13,343 രൂപയാണെങ്കിൽ അതിന്റെ നാലിലൊന്ന് മാത്രമാണ് ദേശീയ ശരാശരി. ഇതര സംസ്ഥാനങ്ങളിലെ ആരോഗ്യമേഖല കേരളത്തെ അപേക്ഷിച്ച് പിന്നിലാണെന്നത് ശരിതന്നെ. പക്ഷേ, അതുമൂലം ആയുർദൈർഘ്യം കൂടുമെങ്കിലും രോഗാതുരമായ ശരീരം ഏറെക്കാലം നിലനിർത്തുന്നത് കടുത്ത പരീക്ഷണമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമവും അനുപേക്ഷ്യമായ വ്യായാമവും ശീലിക്കുകതന്നെയാണ് പ്രശ്നപരിഹാരമെങ്കിലും സമൂഹത്തിലെ സമ്പന്നർക്ക് മാത്രം താങ്ങാൻ കഴിയുന്നവിധമാണ് നമ്മുടെ ആതുരാലയങ്ങളുടെ നിലവാരമുയരുന്നത് എന്നതും ഗൗരവമായ പരിഗണന ആവശ്യപ്പെടുന്നുണ്ട്. സമീപകാലത്തായി സംസ്ഥാനത്ത് ചെറുകിട ആശുപത്രികൾ പലതും അടച്ചുപൂട്ടേണ്ടിവരികയും പകരം നക്ഷത്ര ആശുപത്രികൾ രംഗം കൈയടക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത. അവയെല്ലാം സ്വകാര്യ ആശുപത്രികളായതുകൊണ്ട് സാധാരണക്കാർക്കും പരിമിത വരുമാനക്കാർക്കും സർക്കാർ ആശുപത്രികളെ ശരണം പ്രാപിച്ചുകൂടേ എന്ന് ചോദിക്കാം. പക്ഷേ, സർക്കാർ ആശുപത്രികളുടെ ഗുരുതരമായ രോഗാവസ്ഥ കാണാതിരുന്നിട്ട് കാര്യമില്ല.

പ്രധാന നഗരങ്ങളിലെ മെഡിക്കൽ കോളജ് ആശുപത്രികളിൽപോലും വിദഗ്ധ ഡോക്ടർമാരുടെയും സ്പെഷലിസ്റ്റുകളുടെയും എണ്ണം ആശങ്കാജനകമാംവിധം കുറവാണ്. പുതിയ കെട്ടിടങ്ങളും സംവിധാനങ്ങളും ഉദ്ഘാടനം ചെയ്യപ്പെടുന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾതന്നെ അവയിലൊന്നും ആവശ്യനിർവഹണത്തിന്റെ അടുത്തൊന്നുമെത്തുന്നില്ല ഭിഷഗ്വരന്മാരുടെ സംഖ്യ. ഡോക്ടർമാർ മാത്രമല്ല നഴ്സുമാർ, സാ​ങ്കേതിക വിദഗ്ധർ, മറ്റു ജീവനക്കാർ എന്നിവരുടെയും അപര്യാപ്തതമൂലം പൊറുതിമുട്ടുകയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയും മറ്റു പ്രധാന മെഡിക്കൽ കോളജുകളും. മഞ്ചേരിയിലും മാനന്തവാടിയിലും ഇടുക്കിയിലുമൊക്കെ മെഡിക്കൽ കോളജ് ആശുപത്രികൾ പേരിനുണ്ട്. പക്ഷേ, അവശ്യ സ്റ്റാഫിന്റെപോലും ഗുരുതര കമ്മി നേരിടുകയാണവ.

ജില്ല ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി എല്ലായിടത്തും മതിയായ സ്റ്റാഫോ സാ​ങ്കേതിക വിദഗ്ധരോ മരുന്നോ ഇല്ലെന്ന പരാതി വ്യാപകമായി ഉയരുന്നു. തന്മൂലം വീടും കിടപ്പാടവും വിറ്റോ പണയപ്പെടുത്തിയോ ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സതേടേണ്ടിവരുന്ന പതനത്തിലാണ് പരിമിത വരുമാനക്കാരും ദരിദ്ര ജനങ്ങളും. സന്നദ്ധ സംഘടനകളുടെ മാനുഷിക ഇടപെടൽ കൂടിയില്ലെങ്കിൽ കാണാമായിരുന്നു കേരള ആരോഗ്യമികവിന്റെ പേരിലെ മേനിപറച്ചിൽ. സംസ്ഥാന സർക്കാറിന്റെ സത്വര ശ്രദ്ധപതിയേണ്ട പതനത്തിലാണ് നമ്മുടെ ആരോഗ്യരംഗമെന്നാണ് പറഞ്ഞുവരുന്നതിന്റെ ചുരുക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Concern of Increasing Lifestyle Diseases in Kerala
Next Story