ബംഗളൂരുവിലെ സംഘർഷം
text_fieldsപ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിെൻറ പേരിൽ ബംഗളൂരുവിൽ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘർഷം പൊലീസ് വെടിവെപ്പിനും മൂന്നുപേരുടെ മരണത്തിനും വൻതോതിലുള്ള സ്വത്തുനഷ്ടത്തിനുമിടയാക്കിയിരിക്കുന്നു.
ബംഗളൂരുവിലെ പുലികേശി നഗർ പട്ടികജാതി സംവരണമണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ ബന്ധുവായ പി. നവീൻ എന്നയാൾ പ്രവാചകെനതിരെ അപകീർത്തികരമായി ഫേസ്ബുക്കിലിട്ട കുറിപ്പിനെതിരെ പരാതി ബോധിപ്പിക്കാൻ ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷനിലെത്തിയ ജനക്കൂട്ടം കേസന്വേഷണത്തിന് പൊലീസ് താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് അക്രമാസക്തരാവുകയായിരുന്നു.
പൊലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ തകർത്തും അഗ്നിക്കിരയാക്കിയും തുടങ്ങിയ സംഘർഷം തെരുവുകളിലേക്കു വ്യാപിച്ചതോടെ പൊലീസ് ജനത്തെ പിരിച്ചുവിടാൻ നടത്തിയ വെടിെവപ്പിലാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. തെരുവുകളിൽ ഷോപ്പുകളിലെ സി.സി.ടി.വികൾ തകർത്ത് അഴിഞ്ഞാടിയ ആക്രമികൾ എം.എൽ.എ ശ്രീനിവാസമൂർത്തിയുടെ വീടും കൈയേറി വൻ നാശനഷ്ടങ്ങൾ വരുത്തി.
എൺപതോളം പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. പുലർച്ചെ അതിക്രമം അടിച്ചമർത്തിയതിൽ പിന്നെ ആക്രമികളെ തേടിയിറങ്ങിയ പൊലീസ് പ്രദേശത്തെ വീടുകളിൽ കയറിയിറങ്ങി വ്യാപകമായി യുവാക്കളെ പിടിച്ചുകൊണ്ടുപോയി. ബാനസ്വാഡി പൊലീസ് സബ്ഡിവിഷനിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.
സംഘർഷത്തിെൻറ പേരിൽ എസ്.ഡി.പി.െഎ പ്രാദേശികനേതാവിനെ ബുധനാഴ്ച അറസ്റ്റു ചെയ്തിട്ടുണ്ട്. കലാപമിളക്കിവിട്ടതിന് സംഘടനയെ ഉന്നമിട്ട് സംസ്ഥാനം ഭരിക്കുന്ന ബി. ജെ.പിയുടെ മന്ത്രിമാരും നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.
പ്രവാചകനിന്ദയുടെ പേരിൽ ബംഗളൂരു മുമ്പും കലുഷിതമായിട്ടുണ്ട്. 1986ൽ പ്രവാചകെൻറയും കുടുംബാംഗങ്ങളുടെയും പേരുകൾ പരാമർശിച്ചുള്ള പ്രകോപനപരമായൊരു കഥ 'ഡെക്കാൻ ഹെറാൾഡ്' പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ കലാപത്തിലും വെടിവെപ്പിലും 17 പേരുടെ ജീവനാണ് പൊലിഞ്ഞത്. പത്തുവർഷം മുമ്പ് 2000ലെ പുതുവർഷത്തിൽ 'ഇന്ത്യൻ എക്സ്പ്രസ്' ദിനപത്രത്തിൽ വന്ന ഒരു പ്രവാചക പരാമർശവും സംഘർഷത്തിലേക്ക് വഴിതുറന്നെങ്കിലും
പൊലീസിെൻറ അവസരോചിതമായ ഇടപെടലിലൂടെ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായി. വാർത്താമാധ്യമങ്ങളല്ല, ഇത്തവണ സമൂഹമാധ്യമത്തിൽ ഒരു അവിവേകി നടത്തിയ ആഭാസകരമായ അപവാദപ്രചാരണമാണ് ആൾക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചത്. ഒരു ക്ഷുദ്രമനസ്കെൻറ അവിവേകത്തെ അതിലും കടുത്ത അവിവേകം കൊണ്ടു നേരിട്ടതിെൻറ ദുരന്തമാണ് ബംഗളൂരു നഗരത്തിൽ കഴിഞ്ഞ രാത്രി കണ്ടത്.
നവീെൻറ അധിക്ഷേപപോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ എം.എൽ.എ ഒാൺലൈൻ വഴി വിശദീകരണവും ക്ഷമാപണവുമായി രംഗത്തുവന്നു. തെൻറ ഫേസ്ബുക്ക് അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടതാണെന്നും പ്രകോപനസന്ദേശം തേൻറതല്ലെന്നുമുള്ള വിശദീകരണം നവീനും നൽകി. എന്നാൽ, അതൊന്നും ഗൗനിക്കപ്പെട്ടില്ലെന്നാണ് അതിക്രമത്തിനിരയായ എം.എൽ.എയുടെ അനുഭവവും നഗരപ്രാന്തങ്ങളിൽ വ്യാപിച്ച കലാപവും വ്യക്തമാക്കുന്നത്.
സ്റ്റേഷനിൽ പരാതിയുമായെത്തിയവരോട് പൊലീസ് സംസാരിച്ചുകൊണ്ടിരിക്കെ, മറ്റൊരു സംഘം എം.എൽ.എയുടെ വീട് വളഞ്ഞ് കല്ലെറിയുകയും വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. പൊലീസുമായി ചർച്ച നടക്കുന്നതിനിടെ ഒരു വിഭാഗമാളുകൾ അക്രമാസക്തമായ പ്രതിഷേധത്തിലേക്കു തിരിയുകയായിരുന്നുവെന്നും കലാപം കൈവിട്ടുപോയതോടെ ജനക്കൂട്ടത്തെ ശാന്തമാക്കാനുള്ള അവരുടെതന്നെ നേതാക്കളുടെ ശ്രമം വിജയിച്ചില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു.
വിവാദ പോസ്റ്റിെൻറ വിവരം പുറത്തുവന്നതോടെ ജനങ്ങളെ സംഘടിപ്പിക്കാനുള്ള സോഷ്യൽ മീഡിയ സേന്ദശങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു ആളെക്കൂട്ടി വൻതോതിലുള്ള അക്രമത്തിന് കോപ്പുകൂട്ടിയെന്നാണ് പൊലീസ് പറയുന്നത്.
നിയമത്തിെൻറ വഴിക്കു നീങ്ങി രമ്യമായ പരിഹാരം കാണേണ്ടിയിരുന്ന ഒരു പ്രശ്നം ഒരു മഹാനഗരത്തിെൻറ മുഖം കെടുത്തി സാമുദായിക സ്പർധയിലേക്കും ശൈഥില്യത്തിലേക്കും വഴിതെറ്റിയ ദുരന്തമാണ് ബംഗളൂരുവിൽ കണ്ടത്. വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും രാഷ്ട്രീയം മേൽക്കൈ നേടിക്കഴിഞ്ഞ ഇന്ത്യൻ അന്തരീക്ഷത്തിൽ വർഗീയാർബുദത്തിെൻറ സമൂഹവ്യാപനം രൂക്ഷത പ്രാപിച്ചിരിക്കുന്നു.
അതിനിരയാകുന്നവരുടെ ക്ഷുദ്രജൽപനങ്ങളെ അവജ്ഞയുടെ അഗണ്യകോടിയിൽ തള്ളുകയും അത്തരം പ്രകോപനങ്ങളിൽനിന്ന് സാമൂഹിക അകലം പാലിക്കുകയുമാണ് ഏറ്റവും സുരക്ഷിതമായ രീതി. അതിനു തക്ക പ്രതിരോധശേഷി വിവേകപൂർവം വിവേചനബുദ്ധിയിലൂടെ ആർജിക്കാനായില്ലെങ്കിൽ അതേ വൈറസിെൻറ തീണ്ടലിൽനിന്നു രക്ഷപ്പെടാനാവില്ല.
അതിനു കനത്ത വിലയൊടുക്കേണ്ടി വരുന്നത് അസഹിഷ്ണുതയുടെയും അക്രമത്തിെൻറയും പ്രണേതാക്കളും അവർക്ക് വശംവദരാകുന്നവരും മാത്രമായിരിക്കുകയില്ലെന്നു സംഘർഷത്തിനു പിറകെ ആരംഭിച്ചുകഴിഞ്ഞ പൊലീസ് ആക്ഷൻ സൂചന നൽകുന്നുണ്ട്.
പ്രകോപനങ്ങളിൽ വെകിളി പിടിക്കുകയല്ല, വെളിവോടെ പിടിച്ചുനിൽക്കാനും പ്രതിയോഗിയെ പ്രിയപ്പെട്ടവനാക്കി മാറ്റാനും പ്രചോദനമാകുകയാണ് വേണ്ടതെന്നാണ് പ്രവാചകതത്ത്വം. അത്തരം പാഠങ്ങൾ വിസ്മരിക്കുന്നതാണ് പ്രവാചകനിന്ദ. അതിെൻറ പ്രത്യാഘാതമാണ് ബംഗളൂരുവിൽ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.