കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും
text_fields
ഇന്ത്യൻ നാഷനൽ കോൺഗ്രസിനോട് പുലർത്തേണ്ട സമീപനത്തെച്ചൊല്ലി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉടലെടുത്ത ഭിന്നതകൾ പാർട്ടിയെ പിളർക്കുന്നതിലേക്കും അതേ തുടർന്ന് ഒരു വിഭാഗം കോൺഗ്രസിനോടൊപ്പം നിൽക്കുന്നതിലേക്കും മറുവിഭാഗം മുഖ്യശത്രുവായി കാണുന്നതിലേക്കും നയിച്ചിട്ട് പതിറ്റാണ്ടുകളായി. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ സോവിയറ്റ് പക്ഷത്തോട് ആഭിമുഖ്യം പുലർത്തിയപ്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഔദ്യോഗിക വിഭാഗം ചെയർമാൻ എസ്.എ. ഡാങ്കേയുടെ സാരഥ്യത്തിൽ അവരോടൊപ്പമാണ് നിലയുറപ്പിച്ചത്. ഈ 'വലതുപക്ഷ വ്യതിയാന'ത്തെ ശക്തമായി എതിർത്ത പി. സുന്ദരയ്യ, ബി.ടി. രണദിവെ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ, ജ്യോതിബസു മുതൽ പേർ പാർട്ടി പിളർത്തി രാഷ്ട്രാന്തരീയ കമ്യൂണിസത്തിലെ പിളർപ്പിൽ ചൈനയോടൊപ്പം നിന്ന് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയവുമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ചത് അനന്തര സംഭവമാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏറ്റവും സ്വാധീനമുള്ള പശ്ചിമബംഗാളിലും കേരളത്തിലും സി.പി.എമ്മും മറ്റിടങ്ങളിൽ സി.പി.ഐയും പിടിമുറുക്കിയെങ്കിലും തൊണ്ണൂറുകളിലെ രാഷ്ട്രാന്തരീയ കമ്യൂണിസത്തിന്റെ പതനവും സോവിയറ്റ് യൂനിയന്റെ തിരോധാനവും കമ്യൂണിസ്റ്റ് പാർട്ടികളെ മൊത്തം തളർത്തുകയാണുണ്ടായത്. തുടർന്നിങ്ങോട്ടുള്ള ദേശീയ സാഹചര്യങ്ങളിൽ രണ്ടു പാർട്ടികളും ഇടതുമുന്നണിയിൽ ഘടകങ്ങളാവുകയും ബംഗാളിലും കേരളത്തിലും ഭരണം പങ്കിടുകയും ചെയ്തു. അപ്പോഴും ചില പ്രശ്നങ്ങളിലും സമസ്യകളിലും വ്യത്യസ്ത സമീപനങ്ങൾ സ്വീകരിച്ചു. കോൺഗ്രസിന്റെ ഭരണക്കുത്തക അവസാനിപ്പിക്കുക എന്ന നിലപാടിന്റെ ഭാഗമായി വി.പി. സിങ് സർക്കാറിനെ ഇടതുമുന്നണി പിന്താങ്ങിയപ്പോഴും സി.പി.എം മന്ത്രിസഭയിൽ ചേർന്നില്ല; സി.പി.ഐ കിട്ടിയ അവസരം പാഴാക്കിയതുമില്ല. പരോക്ഷമായി ഈ കോൺഗ്രസ് വിരുദ്ധ സമീപനം ബി.ജെ.പിയെ ശക്തിപ്പെടുത്താനാണ് ഉതകിയതെന്ന് പിൽക്കാല സംഭവഗതികൾ തെളിയിച്ചു.
വാജ്പേയിയുടെ നേതൃത്വത്തിലെ എൻ.ഡി.എ സർക്കാറിന്റെ ഭരണത്തുടർച്ച തടഞ്ഞ് 2004ൽ നിലവിൽ വന്ന കോൺഗ്രസ് നയിച്ച യു.പി.എ സർക്കാറിൽ രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളും ഉൾപ്പെട്ടിരുന്നു. ഒന്നാം മൻമോഹൻ സർക്കാറിന്റെ ഗുണകാംക്ഷികളും ക്രിയാത്മക വിമർശകരുമായി നിലകൊണ്ട ഇരു പാർട്ടികളും ഇന്ത്യ-അമേരിക്ക ആണവ കരാറിൽ പ്രതിഷേധിച്ച് 2008ൽ പിന്തുണ പിൻവലിച്ചു. യു.പി.എക്ക് ഒരു ഊഴം കൂടി ലഭിച്ചെങ്കിലും ആ കാലയളവിൽ നടന്ന സമരപരമ്പരകൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ തീവ്ര ഹിന്ദുത്വ സർക്കാറിന് നിലമൊരുക്കുന്നതിലേക്കാണ് നയിച്ചത്. അതായത്, കോൺഗ്രസിനെ അധികാരഭ്രഷ്ടമാക്കാനുള്ള ഏതു പടയൊരുക്കവും കാവിപ്പടക്ക് ഗുണകരമാവുന്ന ദുരനുഭവങ്ങളിലാണ് കലാശിച്ചത്.
ഇപ്പോൾ പാർട്ടി കോൺഗ്രസുകൾ നടക്കാൻ പോകുന്ന ഘട്ടത്തിൽ സി.പി.ഐയും സി.പി.എമ്മും ഒരിക്കൽകൂടി കോൺഗ്രസിനോടുള്ള സമീപനത്തെച്ചൊല്ലി കൊമ്പുകോർക്കുകയാണ്. മുൻകാലങ്ങളിൽനിന്നുള്ള വ്യത്യാസം ബംഗാൾ കമ്യൂണിസ്റ്റ് പാർട്ടികളെ ഏറക്കുറെ പൂർണമായി നിരാകരിക്കുകയും കേരളം മാത്രം പിടിച്ചുനിൽക്കാൻ അവസരമൊരുക്കുകയും ചെയ്തിരിക്കുന്ന സാഹചര്യമാണ്. കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫാണ് അധികാരത്തിന്റെ കാര്യത്തിൽ മുഖ്യശത്രു എന്നതുകൊണ്ട് ഇവിടെ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഇടത്-വലത് കമ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ ഭിന്നതയില്ല.
എന്നാൽ, ദേശീയതലത്തിൽ കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി തുറന്നുപറഞ്ഞത് വിവാദ വിധേയമായിരിക്കുകയാണ്. 'ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പി-ആർ.എസ്.എസ് സംഘടനകൾ ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാലുണ്ടാകാൻ പോകുന്ന ശൂന്യതയെപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ. അതുകൊണ്ട് പറയുകയാണ്; കേരളത്തിലെ തർക്കങ്ങളെല്ലാം ഇരിക്കെത്തന്നെ ഞാൻ പറയുന്നു, കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താനുള്ള കെൽപ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. അതിനാൽ നെഹ്റുവിനെ ഓർത്തുകൊണ്ട് കോൺഗ്രസ് തകരാതിരിക്കാൻ ശ്രമിക്കണമെന്നാണ് ഞാൻ ചിന്തിക്കുന്നത്' -ഇതാണ് ബിനോയ് വിശ്വത്തിന്റെ വാക്കുകൾ.
പിറ്റേദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ദേഹത്തെ പൂർണമായി പിന്താങ്ങുകയും ചെയ്തു. എന്നാൽ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതോട് വ്യക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഹിന്ദുത്വ വർഗീയതയെ നേരിടാൻ കോൺഗ്രസിനാവില്ലെന്ന വിലയിരുത്തലാണ് 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടുരേഖയിൽ. പിന്നീടെന്ത് വേണമെന്നതിനെക്കുറിച്ച് സി.പി.എമ്മിന് വ്യക്തതയില്ല. ഇടതുമുന്നണിയെ ശക്തിപ്പെടുത്തണമെന്ന് നൂറ്റൊന്നാവർത്തിച്ചതുകൊണ്ട് ഒന്നും നേടാനാവില്ല. ബംഗാളിലാവട്ടെ കോൺഗ്രസിനോടുള്ള ധാരണപോലും ഫലംചെയ്യാത്ത അനുഭവമാണുള്ളത്.
കേരളത്തിൽതന്നെയും കോൺഗ്രസിനെ തീർത്തും അപ്രസക്തമാക്കിക്കൊണ്ടുള്ള നീക്കങ്ങൾ അന്തിമമായി ബി.ജെ.പിക്കാവും ഗുണം ചെയ്യുക എന്ന തിരിച്ചറിവ് ഇടതുമുന്നണിക്കുണ്ടായില്ലെങ്കിൽ ഭവിഷ്യത്ത് ശുഭകരമാവില്ല. കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും രാഷ്ട്രീയ ചിത്രത്തിലെങ്ങുമില്ലാത്ത ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിക്കെട്ടി സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം സംഘ്പരിവാറിനാണ് അന്തിമമായി ഗുണംചെയ്യുക എന്ന് അധികാരലഹരിയിൽ പാർട്ടി മറക്കുകയാണ്. ലഹരിയിൽനിന്ന് മുക്തമാവുമ്പോഴേക്ക് കാര്യം കൈവിട്ടിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.