കശ്മീരിൽ ഭരണമുറപ്പിക്കാൻ മണ്ഡല പുനർനിർണയം
text_fieldsജമ്മു-കശ്മീരിൽ മണ്ഡല പുനർനിർണയ കമീഷൻ സമർപ്പിച്ച മണ്ഡല അട്ടിമറി ശിപാർശ കശ്മീരിൽ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത് അപ്രതീക്ഷിതമോ ആശ്ചര്യമോ അല്ല. ഇന്ത്യൻ ഭരണഘടനയുടെ 370ാം വകുപ്പ് മരവിപ്പിച്ച് സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുക മാത്രമല്ല ജമ്മു-കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുക കൂടി ചെയ്ത മോദി സർക്കാർ ജനതയുടെ ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ തനിമ തീർത്തും നശിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് തിരുതകൃതിയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഭരണഘടനാദത്തമായ പദവി ലഭ്യമായിരിക്കെ ഏറെക്കാലം ഈ അനീതി തുടരാനാവില്ലെന്ന് നന്നായറിയുന്ന സർക്കാർ ഒടുവിൽ സംസ്ഥാനപദവി ജമ്മു-കശ്മീരിന് അനുവദിക്കപ്പെടുമ്പോൾ ഭരണം ബി.ജെ.പിക്ക് തരപ്പെടുമെന്നുറപ്പിക്കാനാണ് ഇവ്വിധമൊരു മണ്ഡല പുനർനിർണയം നടത്തുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. 2011ലെ ജനസംഖ്യാനുപാതത്തെ അടിസ്ഥാനമാക്കിയാണ് പുനർനിർണയമെന്ന് പുനർനിർണയ കമീഷൻ അവകാശപ്പെടുന്നുണ്ടെങ്കിലും അത് തീർത്തും തെറ്റാണെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൈഫുദ്ദീൻ സോസ് ചൂണ്ടിക്കാട്ടുന്നു.
2011ലെ സെൻസസ് പ്രകാരം കശ്മീർ ജനസംഖ്യ 69,07,623 ആയിരുന്നെങ്കിൽ ജമ്മുവിലേത് 53,50,811ഉം ലഡാക്കിലേത് 2,90,492ഉം ആയിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കശ്മീരിൽ 16 ലക്ഷം പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ജമ്മുവിലേത് 69,07,623 ആയി ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. മണ്ഡല അട്ടിമറിക്ക് വഴിയൊരുക്കാനാണിപ്പണിപറ്റിച്ചിരിക്കുന്നത്. അപ്രകാരം പുനർനിർണയ സമിതി കശ്മീരിൽ നിലവിലെ 46 സീറ്റുകളിൽ ഒന്ന് മാത്രം കൂട്ടിച്ചേർത്തപ്പോൾ ജമ്മുവിലേത് 37ൽനിന്ന് 43 ആയി വർധിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ജമ്മുവിൽ 1,25,082 പേർക്ക് ഒരു മണ്ഡലം വീതം വരുമ്പോൾ കശ്മീരിൽ 1,46,543 പേരുകളുണ്ടാവും ഒരു മണ്ഡലത്തിൽ.
ഈ തിരിമറിക്കു പുറമെ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുവേണ്ടി 16 സീറ്റ് നീക്കിവെക്കാനും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ബി.ജെ.പിയുടെ ഭൂരിപക്ഷമുറപ്പിക്കാനും മറ്റു പാർട്ടികളെ ദുർബലമാക്കി ഹിന്ദുത്വ ഭരണം കശ്മീരികളുടെ മേൽ അടിച്ചേൽപിക്കാനുമാണ് ഈ കുതന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തം. അത് തിരിച്ചറിഞ്ഞു തന്നെയാണ് പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന ഗുപ്കർ സഖ്യം പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കമീഷൻ നിർദേശം ആർക്കും സ്വീകാര്യമല്ലെന്ന് പ്രഖ്യാപിച്ച സി.പി.എം നേതാവ് എം.വൈ. തരിഗാമി ജമ്മു-കശ്മീരിനെ കൂടുതൽ വിഭജിക്കാൻ മാത്രമേ ഇതുപകരിക്കൂ എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2019ലെ ജമ്മു-കശ്മീർ പുനഃസംഘടന നിയമം അനുസരിച്ചാണ് മണ്ഡല പുനർനിർണയ നീക്കം നടക്കുന്നത്. എന്നാൽ, പുനഃസംഘടന നിയമം തന്നെ റദ്ദാക്കാനുള്ള നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി മുതൽ മുക്കാൽ നൂറ്റാണ്ടായി അപരിഹാര്യമായി തുടരുന്ന കശ്മീർ പ്രശ്നത്തെ സമാധാനപരമായും കശ്മീർ ജനതക്ക് തൃപ്തികരമായും തീർക്കുന്നതിനുപകരം എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടികളാണ് വൻ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്ന ഹിന്ദുത്വ സർക്കാറിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനുമുമ്പ് ഭരിച്ച കോൺഗ്രസിന്റെയും ഇതര സെക്യുലർ പാർട്ടികളുടെയും തെറ്റായ നയനിലപാടുകളാണ് കശ്മീരികളുടെ വിഘടനവാദത്തിനും തീവ്രവാദപരമായ ചെയ്തികൾക്കും കാരണമെന്നാരോപിച്ച് അധികാരത്തിലേറിയ മോദി-അമിത്ഷാ ടീമിന്റെ സമഗ്രാധിപത്യ ഭരണകാലത്ത് തീവ്രവാദവും ഭീകരതയും പതിന്മടങ്ങ് പെരുകിയതല്ലാതെ സമാധാനപരമായി ജനങ്ങൾക്ക് അന്തിയുറങ്ങാൻ കഴിയുന്ന ഒരു ദിവസവും കശ്മീരിൽ കടന്നുപോയിട്ടില്ല. അനേകലക്ഷം സൈനികരെ ജനസാന്ദ്ര നഗരങ്ങളിലടക്കം വിന്യസിപ്പിച്ച് അമിതാധികാര നിയമങ്ങൾ യഥേഷ്ടം പ്രയോഗിക്കാൻ അവസരം നൽകിയിട്ടും കശ്മീർ ശാന്തമായിട്ടില്ല. അതിർത്തിക്കപ്പുറത്ത് നിന്നുള്ള ഭീഷണികൾ വർധിക്കുകയാണ് ചെയ്തിരിക്കുന്നതും.
ഏത് ജനതയുടെയും മൗലികാവകാശങ്ങൾ കവർന്നെടുത്തുകൊണ്ട് തോക്കിന്റെയും കൊലക്കയറിന്റെയും നിഴലിൽ അവരെ അടക്കിഭരിക്കാമെന്ന സ്വപ്നം ഒരുകാലത്തും പുലരാനുള്ളതല്ല. വിവര സാങ്കേതികവിദ്യ പുരോഗതിയുടെ പാരമ്യതയിലേക്ക് കുതിച്ചുകൊണ്ടിരിക്കെ വർത്തമാനകാലത്ത് ഇന്റർനെറ്റ് സംവിധാനങ്ങളാകെ സ്തംഭിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം എത്രതവണ കശ്മീരിൽ പരീക്ഷിക്കപ്പെട്ടതാണ്! അവരുടെ ന്യായവും നീതിയുക്തവുമായ ആവശ്യങ്ങളുടെ നേരെ അനുഭാവപൂർവമായ സമീപനം സ്വീകരിക്കാതെ എതിർക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളും കൂറില്ലാത്തവരുമായി മുദ്രകുത്തി ബലപ്രയോഗം തുടരുകയാണ് സർക്കാറിന്റെ വിവേകശൂന്യമായ നയം. അതിന്റെ സ്വാഭാവികമായ തുടർച്ചയാണ് മണ്ഡല പുനർനിർണയത്തിലൂടെ കുറുക്കുവഴിക്ക് അധികാരത്തിലേറാനുള്ള നീക്കം. പക്ഷേ ഇത്തരം കുതന്ത്രങ്ങൾക്ക് കശ്മീരിനെ പൂർവാധികം കലുഷമാക്കാനല്ലാതെ കശ്മീർ ജനതയുടെ മനസ്സ് കീഴടക്കാനാവില്ലെന്നതിന് ഇതഃപര്യന്തമുള്ള അനുഭവങ്ങൾ സാക്ഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.