കോവിഡിനെതിരെ ഒരു പതഞ്ജലി 'സൂത്രം'
text_fieldsകോവിഡിനെതിരെ വ്യാജമരുന്ന് ഇറക്കിയതിന് യോഗാ ഗുരുവും സംഘ്പരിവാർ സഹയാത്രികനുമായ ബാബാ രാംദേവ് അടക്കം, പതഞ്ജലിയുടെ നാല് അണിയറ പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുത്തിരിക്കുകയാണ് രാജസ്ഥാൻ പൊലീസ്. കമ്പനി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ, പതഞ്ജലിയിെല 'ശാസ്ത്രജ്ഞൻ' അനുരാഗ് വാർഷിണി, മരുന്നുപരീക്ഷണം നടത്തിയെന്ന് പറയപ്പെടുന്ന രാജസ്ഥാനിലെ നിംസ് സർവകലാശാലയുടെ മേലധികാരി എന്നിവർക്കെതിരെയാണ് ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ടിലെ വിവിധ വകുപ്പുകളും വഞ്ചനക്കുറ്റവും ചുമത്തി ജയ്പൂർ ജ്യോതി നഗർ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞയാഴ്ച ഹരിദ്വാറിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് രാംദേവും സംഘവും കോവിഡ് പ്രതിരോധത്തിനുള്ള ആയുർവേദ മരുന്ന് വിപണിയിലിറക്കുന്നതായി പ്രഖ്യാപിച്ചത്. കൊറോണിൽ, സ്വസരി എന്നീ മരുന്നുകളടങ്ങിയ 'കൊറോണ കിറ്റ്' 545 രൂപ നിരക്കിൽ വിൽപനക്കൊരുക്കുകയായിരുന്നു. ഡൽഹി, അഹ്മദാബാദ്, മീറത്ത് എന്നിവിടങ്ങളിൽ നിയന്ത്രിതമായും പിന്നീട് നിംസ് സർവകലാശാലയിലുമായി മരുന്നു പരീക്ഷണം നടത്തിയെന്നും മരുന്ന് നൂറു ശതമാനം ഫലം ഉറപ്പുതരുന്നുവെന്നുമായിരുന്നു ഇവരുടെ അവകാശവാദം. എന്നാൽ, മരുന്നു പരീക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനുമതിയില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയുഷ് മന്ത്രാലയം രംഗത്തെത്തിയതോടെ, കിറ്റ് പിൻവലിക്കേണ്ടിവന്നു. അപ്പോഴും മരുന്നിന്മേലുള്ള അവകാശവാദങ്ങൾ പതഞ്ജലി തുടർന്നു. ലോകത്ത് കോവിഡിനെതിരെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളേക്കാൾ ഫലപ്രദം എന്ന അവകാശവാദം ഉന്നയിക്കാൻ വരെ ഇക്കൂട്ടർ ഇറങ്ങിപ്പുറപ്പെട്ട സാഹചര്യത്തിൽകൂടിയാണ് ഇൗ കേസ്.
പതഞ്ജലി ഇതിനുമുമ്പും പല മരുന്നുകളും ഇതുപോലെ വിപണിയിലെത്തിച്ചിട്ടുണ്ട്. അതിൽ പലതിനും പിന്നീട് 'ആയുഷ് മന്ത്രാലയ'ത്തിേൻറതടക്കം അനുമതി കിട്ടിയിട്ടുമുണ്ട്. എന്തുകൊണ്ടോ കൊറോണിൽ മരുന്നിെൻറ കാര്യത്തിൽ മന്ത്രാലയത്തിന് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വന്നു. ഒരുപക്ഷേ, െകാറോണ വൈറസിനെ ഇനിയും നിയന്ത്രിക്കാൻ കഴിയാത്തതുകൊണ്ടും ഫലപ്രദമായൊരു കോവിഡ് മരുന്നിന് ഇപ്പോഴും വൈദ്യശാസ്ത്രലോകം കാത്തിരിക്കുന്നതുകൊണ്ടുമാകാം, തൽക്കാലം 'ആർഷ ഭാരത സംസ്കാരത്തി'െൻറ പേരിലൊരു തീക്കളി വേെണ്ടന്ന് കേന്ദ്രം തീരുമാനിച്ചത്. ഇതിനർഥം, രാംദേവിെൻറ കോവിഡ് കിറ്റ് ഇനി വെളിച്ചം കാണില്ല എന്നല്ല. വിപണിയിലിറക്കേണ്ട സാഹചര്യം ഇപ്പോഴല്ല എന്ന 'തിരുത്ത്' മാത്രമാണ് മന്ത്രാലയത്തിെൻറ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. അതല്ലെങ്കിൽ, രാം ദേവിനും പതഞ്ജലിക്കുമെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേന്ദ്രസർക്കാറിന് കേസെടുക്കാമായിരുന്നു.
രാജ്യത്തെ മൂന്നു നഗരങ്ങളിലായി 280 രോഗികളിൽ മരുന്നു പരീക്ഷിച്ചുവെന്നു പറഞ്ഞത് ആചാര്യ ബാലകൃഷ്ണ തന്നെയാണ്. അതിനുശേഷമാണ് നിംസിൽ ക്ലിനിക്കൽ ട്രയൽ നടത്തിയത്. മൂന്നു ദിവസത്തെ മരുന്നുസേവെകാണ്ട് 69 ശതമാനം പേരും നാലു ദിവസം കൂടി കഴിഞ്ഞപ്പോൾ ബാക്കിയുള്ളവരും രോഗമുക്തി നേടിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. കൂടാതെ, എലികളിൽ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നത്രെ. ഇതൊക്കെയും കേവല അവകാശവാദങ്ങൾക്കപ്പുറം, ശാസ്ത്രീയമായ മരുന്നുപരീക്ഷണത്തിൽ അവലംബിക്കേണ്ട ഒരു മാനദണ്ഡവും പാലിച്ചില്ലെന്ന് എളുപ്പത്തിൽ മനസ്സിലാകും. ആദ്യഘട്ട പരീക്ഷണം നടത്തിയത് ക്വാറൻറീൻ കേന്ദ്രത്തിലെത്തിയ രോഗികളിലാണെന്നാണ് പറയുന്നത്. മീറത്തിൽ പരീക്ഷണത്തിന് വിധേയമായവരിൽ ഒരൊറ്റയാൾക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ ആളുകൾ കഴിഞ്ഞിരുന്ന ക്വാറൻറീൻ കേന്ദ്രമായിരുന്നു അത്. 'നിംസി'ലെ പരീക്ഷണത്തിെൻറ കാര്യവും ഇതുപോലെ തന്നെയാണ്. അവിടെ അഡ്മിറ്റായിരുന്ന ഒരാൾപോലും ഗുരുതരാവസ്ഥയിലുള്ളവരല്ല; രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരായിരുന്നു അതിൽ ഭൂരിഭാഗവും. അവർക്ക് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ആയുർവേദമരുന്ന് എന്നു പറഞ്ഞാണ് കൊറോണിലും സ്വസരിയും നൽകിയത്. അതിെൻറ രോഗമുക്തി നിരക്കാകെട്ട, 35 ശതമാനവുമായിരുന്നു. സാധാരണ രോഗമുക്തി നിരക്കിനേക്കാളും കുറവാണിത്.
ഇൗ മരുന്ന് വിപണിയിലിറങ്ങിയിരുന്നുവെങ്കിൽ, അത് രോഗവ്യാപനത്തിന് കാരണമാകുമായിരുന്നുവെന്നുകൂടി ഇതിനർഥമുണ്ട്. 'ഭാരതീയ ൈപതൃക'ങ്ങളുടെ പേരിൽ ഭരണകൂടത്തിെൻറ അരികുപറ്റി കഴിയുന്നയാളാണ് ഇൗ മരണവ്യാപാരത്തിന് വഴിയൊരുക്കുന്നതെന്നോർക്കണം. ഇൗ മഹാമാരിക്കാലത്തും അങ്ങനെയൊരു സ്ഥാപനത്തോട് നിസ്സംഗത പുലർത്തുന്ന ഭരണകൂടത്തിെൻറ പ്രതിബദ്ധത ആരോടാണെന്നും വ്യക്തം.
ഒരർഥത്തിൽ, ഇൗ കുറ്റകൃത്യത്തിൽ ഒന്നാം പ്രതി ആയുഷ് മന്ത്രാലയമാണ്. ആയുർേവദം പോലുള്ള സമാന്തര വൈദ്യശാഖകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇൗ മന്ത്രാലയം ആ ദൗത്യത്തിൽനിന്നൊക്കെ എന്നോ വഴുതിപ്പോയിട്ടുണ്ട്. പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും അടിസ്ഥാനത്തിൽ ഹിന്ദുത്വരാഷ്ട്രീയം അടുത്തകാലത്തായി രൂപപ്പെടുത്തിയ 'ഭാരതീയ ശാസ്ത്ര'ത്തിെൻറ വളർച്ച മാത്രമാണിപ്പോൾ അവരുടെ പ്രധാന അജണ്ട. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യഥാർഥ ശാസ്ത്ര പാരമ്പര്യത്തെ നാണിപ്പിക്കുംവിധം അർബുദത്തിനുള്ള ഗോമൂത്ര ചികിത്സയിലും 'മൃതസഞ്ജീവനി വേട്ട'യിലും അഭിരമിക്കുകയാണവർ. ഒരു പഠനത്തിെൻറയും പിൻബലമില്ലാതെ പുറത്തിറങ്ങുന്ന മരുന്നുകൾക്ക് ഇൗയൊരൊറ്റ മാനദണ്ഡത്തിെൻറ പേരിൽമാത്രം അംഗീകാരം നൽകപ്പെടുന്നു. മാർച്ച് ആദ്യവാരം കോവിഡ് പ്രതിരോധത്തിനായി ആയുഷ് മന്ത്രാലയം പുറത്തുവിട്ട മാർഗനിർദേശങ്ങളും ഇതേവഴിയിൽ തന്നെയായിരുന്നു. ഒരു ശാസ്ത്രീയാടിത്തറയുമില്ലാത്ത കാര്യങ്ങൾ ജനങ്ങളുടെ മേൽ കെട്ടിവെച്ചു. ഇതുവഴി എത്രയോ പേർക്ക് യഥാർഥചികിത്സ നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഇൗ സാഹചര്യത്തെ മുതലെടുക്കുകയാണ് രാം ദേവിനെേപാലുള്ളവർ; അതിന് വിപണിയുടെ വലിയ പിൻബലവുമുണ്ട്. അതിനാൽ, മനുഷ്യെൻറ ജീവൻവെച്ചുള്ള ഇൗ 'മരുന്നു പരീക്ഷണം' അവസാനിക്കണമെങ്കിൽ ആദ്യ ചികിത്സ 'ആയുഷ്' തന്നെ സ്വീകരിക്കണം. സമാന്തര വൈദ്യമേഖലയിലെ ഗവേഷണമാണ് അവരുടെ പണി; ഹിന്ദുത്വയുടെ പ്രചാരണമല്ല.Coronil Drug Pathanjali
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.