വൈകരുത്, തിരിച്ചറിയാനും തിരുത്താനും
text_fieldsരാഷ്ട്രീയാധികാരം സിവിൽ സമൂഹത്തിൽ കൃത്യമായും പകയുടെ ഔദ്യോഗിക പ്രകടനമാകുമെന്ന് കാൾ മാർക്സ് 1847ൽ പറഞ്ഞുവെച്ചിട്ടുണ്ട്. തൊഴിലാളിവർഗം അതിന്റെ വികാസത്തിനിടയിൽ വർഗങ്ങളിലെ വൈരുധ്യങ്ങളും അവ തമ്മിലുള്ള ശത്രുതകളും ഒഴിവാക്കുന്ന സംഘമായി പരിവർത്തിക്കപ്പെടുമെന്ന പ്രത്യാശ മാർക്സ് പങ്കുവെക്കുന്നത് അധികാരത്തിന്റെ ഈ ദുഷ്പ്രവണത കമ്യൂണിസ്റ്റ് സമൂഹത്തിലുണ്ടാവുകയില്ലെന്ന ഉറപ്പിലാണ്.
എന്നാൽ, അധികാരം മറ്റേതൊരു സംഘത്തെയുംപോലെ കമ്യൂണിസ്റ്റുകളെയും ദുഷിപ്പിക്കുന്നു എന്നത് മറ്റൊരു പരമാർഥം. എന്തുകൊണ്ട് സോവിയറ്റ് യൂനിയനിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരനിഷ്കാസിതമായി എന്നതിന് ധാരാളം കാരണങ്ങൾ ഗോർബച്ചേവ് വ്യക്തമാക്കുമ്പോഴും പ്രധാനമായി എണ്ണിയത് അഴിമതിയും ഹിംസാത്മകമായ അധികാര പ്രയോഗങ്ങളുമായിരുന്നു. കേരളത്തിൽ തുടർച്ചയായി അധികാരത്തിലിരിക്കുന്ന ഇടതുപക്ഷത്തെയും ആർത്തിയും ഏകാധിപത്യപ്രവണതകളും നന്നായി സ്വാധീനിക്കുന്നുണ്ടെന്ന യാഥാർഥ്യത്തിലേക്കാണ് മുഖ്യമന്ത്രിയുടെ സംസ്ഥാന സഹകരണ ഉദ്ഘാടന പ്രഭാഷണവും സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്റെ വയനാട് മേപ്പാടിയിലെ പ്രസംഗവും വെളിച്ചമടിക്കുന്നത്.
സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണെന്നും മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിക്കുന്നത് സഹകരണ സ്ഥാപനങ്ങൾ അഴിമതിയുടെ കറപുരണ്ട് നിൽക്കുന്ന സന്ദർഭത്തിലാണ്. ഉള്ളത് പോരാ, കൂടുതൽ വരുമാനം വേണമെന്നാഗ്രഹിക്കുന്ന ഉദ്യോഗസ്ഥരറിയാതെ ക്രമക്കേടുകൾ നടക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തീർച്ചയായും അഴിമതിയുടെ കാരണത്തെക്കുറിച്ച് ഏറ്റവും ശരിയായ പ്രസ്താവമാണത്. ഉദ്യോഗസ്ഥർ മാത്രമല്ല അഴിമതിയെ ധനസമ്പാദനത്തിന്റെ എളുപ്പവഴിയായി കണ്ടെത്തുന്നത് രാഷ്ട്രീയ നേതൃത്വങ്ങളുമുണ്ട് എന്നുകൂടി ചേർത്തുപറയാനാകുമ്പോഴാണ് ആർത്തിക്കെതിരായ പോരാട്ടം വിജയകരമാകുക.
അഴിമതിയാരോപണങ്ങളെ ഗൗരവമായി എടുക്കുന്നതിലും കുറ്റക്കാർക്കെതിരെ സുതാര്യമായ അന്വേഷണം ഉറപ്പുവരുത്തുന്നതിലും സംഭവിക്കുന്ന നിരന്തര പരാജയങ്ങളാണ് ജനങ്ങൾക്ക് ഭരണകൂടത്തോട് അവിശ്വാസമുണ്ടാക്കുന്നത്. ധനാർത്തിപൂണ്ട രാഷ്ട്രീയ നേതൃത്വം ഒരുക്കുന്ന രക്ഷാകവചങ്ങളിലിരുന്നാണ് ഉദ്യോഗസ്ഥർ അഴിമതിയുടെ വാണിഭം നിർബാധം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്. ഓരോ സമ്മേളനങ്ങൾക്കും പിരിവെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ടാർഗറ്റ് നിശ്ചയിക്കുന്ന നാടുകൂടിയാണ് നമ്മുടേത്. അതിന് സന്നദ്ധമല്ലാത്തവരെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ജനപ്രതിനിധികളും പാർട്ടി നേതാക്കളും. അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും ഗർത്തങ്ങൾ ഒളിത്താവളങ്ങളാക്കിയ നേതാക്കളെ ദയാരഹിതമായി വിചാരണക്ക് വിധേയമാക്കാതെ നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതിച്ഛായ ഇടതുപക്ഷത്തിന് തിരിച്ചുപിടിക്കാനാകില്ല.
സഹകരണ മേഖലയിലേതടക്കം അഴിമതിയുടെ ആരോപണങ്ങളിലും സമഗ്രാധിപത്യ പ്രവണതകളിലും കുരുങ്ങിക്കിടക്കുകയാണ് രണ്ടാം തവണ അധികാരമുറപ്പിച്ച ഇടതുസർക്കാർ എന്നത് നിസ്തർക്കമാണ്. രണ്ടാംതവണ ഭരണത്തിലേറിയപ്പോൾ തെറ്റായ ചില പ്രവണതകൾ മുളപൊട്ടിത്തുടങ്ങിയിട്ടുണ്ട്. മുതലാളിത്ത-ഫ്യൂഡൽ ജീർണതകൾ ബാധിക്കാതിരിക്കാൻ നല്ല രാഷ്ട്രീയബോധത്തോടെ പ്രവർത്തിക്കാനാകണമെന്ന എം.വി. ഗോവിന്ദന്റെ ഉദ്ബോധനവും മുഖ്യമന്ത്രിയുടെ വാക്കുകളെപ്പോലെ, പാർട്ടിയിലും ഭരണത്തിലുമുള്ള അവിശ്വാസം നാൾക്കുനാൾ ശക്തിപ്പെടുന്ന തിരിച്ചറിവിൽ നിന്നുള്ളതാണെന്നാണ് മനസ്സിലാകുന്നത്. കാമ്പസുകളിലെ പകപോക്കൽ സംഘട്ടനങ്ങളിൽമുതൽ വ്യാപാരികളിൽനിന്ന് കൈയിട്ടുവാരുന്നതിൽവരെ ശക്തമായ തിരുത്തലുകൾക്ക് സന്നദ്ധമായാൽ മാത്രമേ ഈ തിരിച്ചറിവ് പാർട്ടിയുടെ സ്വഭാവമാറ്റത്തിന് നിദാനമായെന്ന് വിശ്വസിക്കപ്പെടുകയുള്ളൂ. പൊലീസ് നടത്തിക്കൊണ്ടിരിക്കുന്ന അന്യായങ്ങൾമുതൽ മന്ത്രിമാരുടെ ധാർഷ്ട്യപ്രയോഗങ്ങൾവരെ അവസാനിപ്പിക്കാനാകുമ്പോഴേ ഭരണത്തിന്റെ നിറംമാറിയെന്ന് ബോധ്യമാകൂ.
അമിതാധികാരപ്രവണതകളെപറ്റി കഴിഞ്ഞവാരം എം.ടി. വാസുദേവൻ നായർ തൊടുത്തുവിടുകയും വിഭിന്നമായ സാംസ്കാരിക വ്യക്തിത്വങ്ങൾ ആവർത്തിക്കുകയും ചെയ്ത വിമർശനങ്ങളെ സ്വാംശീകരിക്കാനും തിരുത്തൽ നടപടികൾക്ക് പ്രചോദനമാകാനും പാർട്ടിക്കും ഭരണനേതൃത്വത്തിനും കഴിയേണ്ടതുണ്ട്. എഴുത്തുകാരുടെ എതിരഭിപ്രായങ്ങൾ ജനങ്ങളുടെ ആത്മരോഷത്തെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കാതെ അപസ്വരങ്ങളായി തള്ളിയാൽ ഭാവിയലത് ഇടിനാദങ്ങളായി തിരിച്ചടിച്ചേക്കും. ജനങ്ങളേൽപിക്കുന്ന ആഘാതത്തിന്റെ കേട് തീർക്കാൻ പതിറ്റാണ്ടുകാലം മതിയാകുകയില്ലെന്ന പാഠം ബംഗാളിൽനിന്ന് ഇപ്പോൾതന്നെ സ്വായത്തമാക്കുന്നതായിരിക്കും ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.