മാധ്യമങ്ങൾക്ക് കോടതി വിലക്കോ?
text_fieldsസൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണയുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന മുംബൈ പ്രത്യേക സി.ബി.െഎ കോടതി നിർദേശം ജനാധിപത്യത്തെയും നീതിന്യായസംവിധാനത്തെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. കോടതി നടപടികളുടെ വാർത്തകൾ പ്രസിദ്ധപ്പെടുത്തുന്നത് സാക്ഷികളുടെയും പ്രതികളുടെയും സുരക്ഷക്ക് ഭീഷണിയാണെന്ന പ്രതിഭാഗത്തിെൻറ വാദം അംഗീകരിച്ചുകൊണ്ടാണ് പ്രത്യേക സി.ബി.െഎ ജഡ്ജി എസ്.ജെ. ശർമ അച്ചടി, ദൃശ്യ, സമൂഹമാധ്യമങ്ങൾക്കുമേൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടത് പൊതുതാൽപര്യമാണെന്നും അറിയാനുള്ള ജനങ്ങളുടെ അവകാശം അംഗീകരിക്കേണ്ടതുണ്ടെന്നും അേപ്പാൾ സന്നിഹിതരായിരുന്ന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചെങ്കിലും ജഡ്ജി വഴങ്ങിയില്ല. ഒരു ഇളവെന്നോണം അദ്ദേഹം, മാധ്യമപ്രവർത്തകർക്ക് വിചാരണ വീക്ഷിക്കാമെന്നറിയിച്ചിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ എപ്രകാരമാണ് സുരക്ഷക്ക് ഭീഷണിയാവുക എന്ന് വ്യക്തമല്ല. സാക്ഷികളെയും മറ്റും അപായപ്പെടുത്താൻ താൽപര്യമുള്ള സമൂഹദ്രോഹികൾക്ക് അവരെപ്പറ്റിയുള്ള വിവരം മാധ്യമങ്ങളിൽനിന്നേ ലഭ്യമാകൂ എന്നാകുമോ, ഇതിനു പിന്നിലെ അനുമാനം? കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷ പ്രധാനം തന്നെയാണ്. അതിന് നിയമപാലകരുടെ സഹായം ആവശ്യപ്പെടാം; കോടതി മുറിയിൽ ജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടാക്കാം. ഇതിനുപകരം നടപടികളുടെ റിപ്പോർട്ട് വിലക്കുേമ്പാൾ നഷ്ടപ്പെടുക ജുഡീഷ്യറിയുടെ സുതാര്യതയും വിശ്വാസ്യതയും കൂടിയാണ്. നീതി നടന്നാൽ പോരാ, അത് നടക്കുന്നുവെന്ന് ബോധ്യപ്പെടുകകൂടി വേണമെന്നത് സർവാംഗീകൃതമായ തത്ത്വമാണല്ലോ.
കോടതി ചില പ്രത്യേക കേസുകളിൽ രഹസ്യവിചാരണ തീരുമാനിക്കാറുണ്ട്. ദേശസുരക്ഷയുമായോ വ്യക്തി സ്വകാര്യതയുമായോ ബന്ധപ്പെട്ട ചുരുക്കം കേസുകളിലാണിങ്ങനെ പൊതുജനങ്ങളെയും മാധ്യമങ്ങളെയും നിയന്ത്രിക്കാറ്. എന്നാൽ, ഇൗ കേസിൽ അങ്ങനെ ഒന്നുമില്ല.
‘സെൻസേഷനൽ’ കേസായതിനാലും പുതിയ മാധ്യമ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലും പ്രതികളുടെയും സാക്ഷികളുടെയും സുരക്ഷ അപകടത്തിലാണെന്ന് കോടതി കരുതുകയാണുണ്ടായത്. കേസ് എന്തു കാരണത്താൽ ‘സെൻസേഷനലാ’യോ അതേ കാരണത്താൽതന്നെ അതിനെപ്പറ്റി സുതാര്യത ഉറപ്പുവരുത്തേണ്ടതും ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് അനിവാര്യമാണ്. ഇതിലെ പ്രതികൾ ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉന്നത പൊലീസുേദ്യാഗസ്ഥരാണ്. സുപ്രീംകോടതി അതിെൻറ വിചാരണ ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് മാറ്റിയതും ഇത്ര ഉന്നതർ ഉൾപ്പെട്ടിരിക്കെ കേസ് വിചാരണയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനാണ്. ഇപ്പോൾ കേസ് പ്രത്യേകം ശ്രദ്ധയാകർഷിക്കാനുള്ള പശ്ചാത്തലവും കൂടുതൽ സുതാര്യത ആവശ്യപ്പെടുന്നുണ്ട്. സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, സുഹൃത്ത് തുൾസിറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലിൽ കൊന്നു എന്ന കേസിൽ അമിത് ഷാ അടക്കമുള്ള ഉന്നതർ കുറ്റാരോപിതരായിരുന്നു. അത് വിചാരണ ചെയ്തിരുന്ന ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻേലായ പെെട്ടന്ന് മരണപ്പെട്ടു. തുടർന്നു വന്ന ജഡ്ജി അമിത് ഷാ അടക്കം പലരെയും കുറ്റമുക്തരാക്കി. ഇപ്പോൾ ‘കാരവൻ’ മാഗസിൻ പുറത്തുകൊണ്ടുവന്ന വാർത്ത ശരിയാെണങ്കിൽ ലോയ കൊല്ലപ്പെടുകയായിരുന്നു; അതും അമിത് ഷാക്കനുകൂലമായി വിധി നൽകാൻ സമ്മർദങ്ങൾക്ക് വിേധയനായശേഷം. മറ്റൊരു ജഡ്ജി അദ്ദേഹത്തിന് കോഴവരെ വാഗ്ദാനം ചെയ്തിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. ഇത്തരമൊരു കേസിൽ മാധ്യമങ്ങളെ വിലക്കുന്നത് നീതിന്യായസംവിധാനത്തിെൻറ വിശ്വാസ്യതയെ സഹായിക്കുകയല്ല ചെയ്യുക. ഏതാനും ദിവസംമുമ്പാണ് സുപ്രീംകോടതിയിൽ ജഡ്ജിമാർ തമ്മിലുള്ള പ്രശ്നത്തിെൻറ വിചാരണ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ തള്ളിയത്. ഭരണഘടന ഉറപ്പുനൽകുന്ന ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും മാനിക്കേണ്ടതുണ്ട് എന്ന അദ്ദേഹത്തിെൻറ അന്നത്തെ നിരീക്ഷണം മുംെബെ പ്രത്യേക കോടതിക്ക് പാഠമാകേണ്ടതായിരുന്നു.
അലോസരമുണ്ടാക്കുന്ന കാര്യങ്ങളിൽ മാധ്യമങ്ങളെ തടയുന്ന വഴക്കം വർധിച്ചുവരുന്നത് ആശങ്കജനകമാണ്. ജനാധിപത്യത്തിെൻറ മറ്റു മൂന്നു തൂണുകളുടെയും പ്രവർത്തനപരമായ പ്രത്യേകാവകാശങ്ങൾ ഭരണഘടനയിൽ നിശ്ചയിച്ചിട്ടുണ്ടെങ്കിലും മാധ്യമങ്ങളുടേത് മറ്റുള്ളവരുടെ ഒൗദാര്യത്തിന് വിധേയമാണ്. മാധ്യമസ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുന്ന വിപത്താണിത്. അറിയാനുള്ള ജനങ്ങളുടെ അവകാശവും ന്യായമായ വിചാരണക്കുള്ള പ്രതികളുടെ അവകാശവും തമ്മിൽ ഏറ്റുമുട്ടുേമ്പാൾ മാധ്യമസ്വാതന്ത്ര്യത്തെ കുരുതികൊടുത്ത് ജനങ്ങളുടെ അവകാശം ഹനിക്കുകതെന്നയായിരിക്കുന്നു നടപ്പുരീതി. ഇത് രണ്ടും സന്തുലിതമായി കൊണ്ടുപോകാൻ വേണ്ട അറിവും പരിശീലനവും കിട്ടിയവരാകണം ന്യായാധിപർ. പക്ഷേ, നടക്കുന്നത് അതല്ല. ഉന്നതരെന്ന് കരുതപ്പെടുന്നവർക്ക് പ്രത്യേക പരിഗണന നൽകുന്നതും വിരളമല്ല. ജസ്റ്റിസ് കർണെൻറ കാര്യത്തിൽ സുപ്രീംകോടതിതന്നെ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും നല്ല മാതൃകയായിരുന്നില്ല. മാധ്യമസ്വാതന്ത്ര്യത്തിനുമേൽ അധികാരം ചങ്ങല തീർത്ത അടിയന്തരാവസ്ഥ കഴിഞ്ഞ് നാലുപതിറ്റാണ്ടായിട്ടും മാധ്യമങ്ങൾക്ക് പരമാവധി കോടതിയിൽചെന്ന് വിചാരണ കേൾക്കാനല്ലാതെ റിപ്പോർട്ട് ചെയ്യാൻ അനുമതിയില്ലെന്ന് പറയുന്നത് ഭൂഷണമോ എന്ന് ജുഡീഷ്യറിതന്നെ വിലയിരുത്തെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.