കോടതി തത്തയെ പിടിച്ച് കൂട്ടിലടച്ചോ?
text_fields‘കൂട്ടിലെ തത്ത’യെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ച സി.ബി.െഎക്ക് അതിെൻറ സ്വതന്ത്ര സ്വഭാവം തിരിച്ചുപി ടിക്കാൻ കിട്ടിയ അവസരം അതേ കോടതിതന്നെ പാഴാക്കിക്കളഞ്ഞു എന്നതാണ് ഒടുവിൽ ബാക്കിയായ വസ്തുത. ലളിതമായ ഒരു നിയമപ ്രശ്നത്തിന്മേൽ രണ്ടരമാസവും ആറു തവണത്തെ വിചാരണയും കഴിഞ്ഞപ്പോൾ പുറത്തുവന്നത് അവ്യക്തതകളും വൈരുധ്യങ്ങളുമു ള്ള വിധിയായിപ്പോയി. ഡയറക്ടർ അലോക് വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിൽ തുടങ്ങിയ തർക്കം ചില അ ഴിമതിക്കഥകൾ പുറത്തുവരുന്നതിലേക്ക് നയിച്ചു; സി.ബി.െഎ x സി.ബി.െഎ പോര് മൂർച്ഛിച്ചപ്പോൾ രണ്ടുപേെരക്കൊണ്ടും അവധിയെടുപ്പിക്കുകയാണ് കേന്ദ്രം ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 28ന് പാതിരാക്ക് ഇറക്കിയ പുറത്തുനിർത്തൽ ഉത്തരവിെൻറ നിയമസാധുതയാണ് അലോക് വർമ കോടതിയിൽ ചോദ്യംചെയ്തത്. പുറത്താക്കിയതിലെ നടപടിക്രമം നിയമാനുസൃതമല്ല എന്ന വിധിയോടെ ഇതിൽ തീർപ്പാകേണ്ടതായിരുന്നു. പക്ഷേ, വർമക്കെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയെപ്പറ്റി കേന്ദ്ര വിജിലൻസ് കമീഷെൻറ (സി.വി.സി) കണ്ടെത്തലറിയാൻ കുറച്ച് കാത്തുനിന്നു- അത് കോടതിക്കു മുമ്പാകെയുള്ള നിയമപ്രശ്നത്തിൽനിന്ന് വേറിട്ട വിഷയമായിരുന്നിട്ടും. മാത്രമല്ല, അലോക് വർമയെ തിരിച്ചെടുക്കാനുള്ള വിധിയിലെ നയപരമായ തീരുമാനമെടുക്കരുതെന്ന ഉപാധി നിയമപരമായ അവ്യക്തത വർധിപ്പിച്ചു. വർമക്ക് ഏതാനും ദിവസം മാത്രം ബാക്കിയിരിക്കെ അദ്ദേഹത്തെ തിരിച്ചെടുത്ത വിധിയിൽതന്നെ, അദ്ദേഹത്തെ ശരിക്കും പുറത്താക്കേണ്ടതെങ്ങനെ എന്ന് കോടതി ചൂണ്ടിക്കാട്ടുകകൂടി ചെയ്തു. സർക്കാർ ഒട്ടും അമാന്തിക്കാതെ ആ മാർഗം സ്വീകരിച്ചു.
പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസിെൻറ പ്രതിനിധിയും പ്രതിപക്ഷനേതാവും ഉൾപ്പെട്ട സമിതി അടിയന്തരമായി കേന്ദ്രം വിളിച്ചുേചർത്തു. പ്രതിപക്ഷനേതാവ് ഖാർഗെയുടെ വിയോജനക്കുറിപ്പ് വകവെക്കാതെ നരേന്ദ്ര മോദിയും ജസ്റ്റിസ് സിക്രിയും ഭൂരിപക്ഷാഭിപ്രായെമന്ന നിലക്ക് അലോക് വർമയെ നീക്കംചെയ്യാൻ തീരുമാനിച്ചു. താൻ പുറത്തായിരിക്കെ താൽക്കാലിക ഡയറക്ടർ നാഗേശ്വര റാവു നടപ്പാക്കിയ സ്ഥലംമാറ്റങ്ങൾ വർമ തിരിച്ചുവന്ന ഉടനെ റദ്ദാക്കിയിരുന്നു. റാവുവാകെട്ട, അതേ വേഗത്തിൽ സ്ഥാനത്ത് തിരിച്ചെത്തി വീണ്ടും സ്ഥലംമാറ്റ ഉത്തരവിറക്കി. സി.ബി.െഎയും സി.വി.സിയും കേന്ദ്ര സർക്കാറും സുപ്രീംകോടതിയും ഉൾപ്പെട്ട ഇൗ സംഭവങ്ങൾ രാജ്യത്തിെൻറ യശസ്സ് ഒട്ടും കൂട്ടിയില്ലെന്നു മാത്രം മിതമായി പറയാം.
ഫലത്തിൽ, ജനുവരി 31നു വിരമിക്കേണ്ടിയിരുന്ന അലോക് വർമയെ അവസാന ദിവസങ്ങളിൽ പുറത്തുനിർത്തിയതിലെയും കോടതി അദ്ദേഹത്തെ തിരിെച്ചടുത്തതിനു പിന്നാലെ വീണ്ടും ‘നിയമാനുസൃതം’ പുറത്താക്കിയതിലെയും തിടുക്കവും പരിഭ്രമവും വെറും കാഴ്ചക്കാരിൽപോലും സംശയമുയർത്താൻ പോന്നതാണ്. വർമക്കെതിരായ ആരോപണങ്ങളെപ്പറ്റി അദ്ദേഹത്തിനു പറയാനുള്ളത് കേൾക്കാൻപോലും സുപ്രീംകോടതി ജഡ്ജി ഉൾപ്പെട്ട സമിതി തയാറായില്ല. 10 ആരോപണങ്ങളിൽ ആറെണ്ണം അടിസ്ഥാനമില്ലാത്തതാണെന്നും ബാക്കി നാലെണ്ണത്തിലും സാഹചര്യത്തെളിവുകൾ മാത്രമേ ചൂണ്ടിക്കാട്ടെപ്പട്ടിട്ടുള്ളൂ എന്നും ഖാർഗെ വാദിച്ചുനോക്കി. മാത്രമല്ല, ‘കുറ്റാരോപിത’നായ വർമയെ ഫയർ സർവിസ്, സിവിൽ ഡിഫൻസ്, ഹോംഗാർഡ്സ് വകുപ്പുകളുടെ ഡയറക്ടർ ജനറലാക്കിയതിലൂടെ പുറത്തുവരുന്ന സന്ദേശം, വർമക്കെതിരായ അഴിമതിയാരോപണങ്ങൾക്ക്, അദ്ദേഹം സി.ബി.െഎ തലവനാകുന്നിടത്തോളം മാത്രമാണ് പ്രസക്തി എന്നാണ്; അദ്ദേഹം അവിടെ ഇരിക്കുന്നതിനെ ആരോ അത്രമേൽ ഭയക്കുന്നു എന്ന്. സി.ബി.െഎയിലും സി.വി.സിയിലുമുള്ള ചിലർക്കെതിരെ അന്വേഷണത്തിനൊരുങ്ങുന്നുവെന്നും, റഫാൽ ഇടപാട് സംബന്ധിച്ച് പ്രഥമവിവരറിപ്പോർട്ട് തയാറാക്കാൻ പോകുന്നു എന്നുമൊക്കെ വാർത്തകൾ പുറത്തുവന്നിരുന്നു. ഏതുനിലക്കും വർമയെ സി.ബി.െഎ തലപ്പത്തുനിന്ന് എത്രയും വേഗം പുറത്താക്കാനുള്ള ശാഠ്യം വല്ലാതെ പ്രകടമായെന്ന് പറയാതെവയ്യ. ആ തിടുക്കം മാത്രം മതി ഇതിനു പിന്നിൽ കള്ളക്കളിയുണ്ടെന്ന് വിചാരിക്കാൻ. അസ്താനക്കെതിരായ കേസുകളിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടെപടുന്നതായി സി.ബി.െഎ ഡി.െഎ.ജി എം.കെ. സിൻഹ പരാതിപ്പെട്ടിരുന്നു എന്നുകൂടി ഒാർക്കുക. സിൻഹ അടക്കം, സ്ഥലംമാറ്റപ്പെട്ട പലരും അസ്താനക്കെതിരായ അഴിമതിയാരോപണങ്ങളുടെ അന്വേഷണത്തിലായിരുന്നത്രെ.
സി.ബി.െഎയുടെ സ്വതന്ത്ര സ്വഭാവം ഉറപ്പുവരുത്താൻ വേണ്ടിയാണ് ഡയറക്ടറെ കാലാവധി തികക്കുംമുമ്പ് മാറ്റരുതെന്ന് ചട്ടം വെച്ചത്. അത് നിഷ്ഫലമാക്കാൻ ജുഡീഷ്യറിയുടെ ഇടപെടൽ കാരണമായി എന്നത് ദൗർഭാഗ്യകരംതന്നെ. അലോക് വർമ കൃത്യമായ ഒരു കാര്യമാണ് കോടതിക്കു മുമ്പാകെ ഉന്നയിച്ചത്: സി.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് തന്നെ മാറ്റാൻ സി.വി.സിക്കോ കേന്ദ്രത്തിനോ അധികാരമില്ല എന്ന്. ഇൗ വാദം സമ്മതിച്ച കോടതി, വർമക്കെതിരായ ആരോപണങ്ങൾ എന്ന, തങ്ങൾക്കു മുന്നിൽ ഉന്നയിക്കപ്പെടാത്ത വിഷയത്തിൽ തീർപ്പുനൽകാൻ മുതിർന്നതോടെ രണ്ടു കാര്യങ്ങൾ സംഭവിച്ചു: ഒന്ന്, തന്നെ പുറത്താക്കിയതിലെ നിയമസാധുത ചോദ്യംചെയ്ത അദ്ദേഹത്തെ ഒഴിവാക്കാൻ മറ്റു മാർഗം തുറന്നു. രണ്ട്, നിർണായകമായ കുറെ ദിവസങ്ങൾ അദ്ദേഹത്തിന് നിഷേധിച്ചു. സാധ്യമല്ലെന്ന് കോടതിതന്നെ കണ്ടെത്തിയ പുറത്താക്കൽ നടപടിവഴി നഷ്ടപ്പെട്ട ദിവസങ്ങൾ അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്ന് ഖാർഗെ വാദിച്ചത് അതുകൊണ്ടാണല്ലോ. അദ്ദേഹത്തിെൻറ പരാതി തീരുമാനിക്കുന്നതിലെ ജുഡീഷ്യൽ കാലതാമസവും ‘ചട്ടപ്രകാരം’ പുറത്താക്കുന്നതിൽ സർക്കാർ കാണിച്ച ധിറുതിയും ഫലത്തിൽ കേന്ദ്രത്തിന് അനർഹമായ ആനുകൂല്യമായാണ് ഭവിച്ചത്. സി.ബി.െഎയെ കേന്ദ്രത്തിനു വിധേയമാക്കി എന്നത് മൊത്തം സംഭവഗതികളുടെ പരിണതിയും. ഒടുവിൽ, മോദി സർക്കാർ കുറഞ്ഞതോ കൂടിയതോ ആയ അളവിൽ വരുതിയിലാക്കിയ സ്ഥാപനങ്ങളുടെ പട്ടികയിൽ റിസർവ് ബാങ്കിനും വിവരാവകാശ കമീഷനും മറ്റുമൊപ്പം ഇതാ സി.ബി.െഎയും. അതിന് സ്വതന്ത്ര ജുഡീഷ്യറി നിമിത്തമാകരുതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.