കോവിഡ് പ്രതിരോധം പൊലീസിന് വിട്ടുകൊടുക്കുകയോ?
text_fieldsകോവിഡ് പ്രതിരോധ ചുമതല പൊലീസിനെ ഏൽപിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് മൂന്നിന് പ്രഖ്യാപിച്ചപ്പോൾ തന്നെ അത് അമ്പരപ്പുളവാക്കിയിരുന്നു. സർക്കാറിനെ അഹമഹമികയാ പിന്തുണച്ചവരുടെപോലും നെറ്റി ചുളിപ്പിച്ചു മുഖ്യമന്ത്രിയുെട നിലപാട്. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവോടെ കണ്ടെയ്ൻമെൻറ് സോണുകൾ നിശ്ചയിക്കുക, അവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കുക, ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കുക, രോഗികളുെട സമ്പർക്കപ്പട്ടിക തയാറാക്കുക, പൊതുസ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങി ധാരാളം അധികചുമതലകൾ പൊലീസിെൻറ ചുമലിലായി. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ നിർവഹിച്ചിരുന്ന സമ്പർക്കപ്പട്ടിക തയാറാക്കൽ അതോടെ എസ്.ഐ മാരുടെ നേതൃത്വത്തിലുള്ള ടീമിെൻറ ബാധ്യതയായി. രോഗിയുടെ സമ്പർക്കത്തിെൻറ നിജസ്ഥിതി 24 മണിക്കൂറിനുള്ളിൽ ശേഖരിക്കാൻ പൊലീസിെൻറ തനത് രീതികളുപയോഗിച്ച് ഫോൺഡാറ്റ തേടി ടെലികോം ദാതാക്കൾക്ക് കത്തയച്ചു. വ്യക്തികളുടെ സ്വകാര്യത ലംഘനമായതിനാൽ വിവരം നൽകാൻ പല ടെലികോം ദാതാക്കളും വിസമ്മതിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗത്തിൽ രോഗികളുടെ സി.ഡി.ആർ ശേഖരിക്കാൻ കർശന ഉത്തരവിറക്കിയിരിക്കുകയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ. രേഖകൾ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പുവരുത്താൻ ഇൻറലിജൻസ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സ്വകാര്യവിവരങ്ങൾ പൊലീസ് പരിശോധിക്കുന്നതിന് സമ്പൂർണപിന്തുണയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. മാസങ്ങളായി സംസ്ഥാനത്ത് ഇത് നടക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
ആരോഗ്യപ്രവർത്തകരെപ്പോലെ കോവിഡ് പ്രതിരോധത്തിൽ ബിഗ് സല്യൂട്ടിന് അർഹരാണ് പൊലീസുകാരും. സാമൂഹികസുരക്ഷ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾക്കിടയിൽ രോഗബാധയും ജനങ്ങളുടെ വെറുപ്പും ഒരുപോലെ അവർക്ക് സമ്പാദിക്കേണ്ടി വരുന്നുണ്ട്. പുതിയ ചുമതലകൾ സൃഷ്ടിക്കുന്ന സമ്മർദങ്ങൾ ഇതിനുപുറമെയാണ്. എന്നിരുന്നാലും, രോഗികളുടെ സ്വകാര്യത ലംഘനം നടത്തുന്നിടത്തോളം പൊലീസിലേക്ക് എല്ലാ അധികാരവും ചുരുക്കാൻ മാത്രം കോവിഡ് പ്രതിരോധം സങ്കീർണമായിട്ടുണ്ടോ? ആരോഗ്യപ്രവർത്തകരും സാമൂഹികസ്ഥാപനങ്ങളും സർക്കാറും കോവിഡിനെ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ടോ? രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു എന്നതും ജനങ്ങൾക്കിടയിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ കുറ്റകരമായ അലംഭാവങ്ങൾ സംഭവിക്കുന്നുണ്ട് എന്നതും ശരിയായിരിക്കെത്തന്നെ പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ അധികാരം പൊലീസ് രാജിന് കീഴിലാക്കാനും രോഗികളുടെ രോഗവ്യാപന പ്രദേശങ്ങളോട് കുറ്റവാളി സമീപനം സ്വീകരിക്കാനും മാത്രം വഷളായിട്ടില്ല കേരളത്തിലെ ഒരു ചെറിയപ്രദേശം പോലും. നീണ്ടകാലത്തെ ജാഗ്രത നിർണായകഘട്ടത്തിൽ കൈവിടാൻ ഒരു കാരണവശാലും അനുവദിച്ചുകൂടാ. ഇത്തരം സങ്കീർണ സന്ദർഭങ്ങളിൽ സർക്കാർ പുലർത്തേണ്ട നിയമപരമായ ജാഗ്രതകൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അതുപോലെ തന്നെ പ്രധാനമാണ്.
കോവിഡ് പ്രതിരോധത്തിന് കൂടുതൽ മികച്ചതും ജനജീവിതത്തിനുണ്ടാക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്ന മാതൃകകൾക്കാണ് ഇപ്പോൾ കൂടുതൽ സ്വീകാര്യത. വാക്സിനുകൾ കണ്ടെത്തുകയും ജനങ്ങൾക്കിടയിൽ സുലഭമാകുകയും ചെയ്യുന്നതുവരെ കോവിഡിനോടൊത്തുള്ള ജീവിതം നയിക്കാൻ ജനങ്ങളെ സജ്ജമാക്കുക എന്ന ദൗത്യമാണ് യഥാർഥത്തിൽ ഇനി സർക്കാറിനു മുന്നിലുള്ളത്. ജീവിത പ്രാരബ്ധങ്ങളിൽ വീർപ്പുമുട്ടുന്ന സാധാരണക്കാരെ പൊലീസ്ദണ്ഡു കൊണ്ട് അധികനാൾ മെരുക്കി നിർത്താനാകില്ല. ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധസംഘങ്ങളുടെയും സാന്ത്വനസ്പർശം കൊണ്ടേ മഹാമാരിക്കാലത്തെ ജീവിതത്തിന് അവരെ പ്രാപ്തരാക്കാൻ കഴിയൂ. ധാരാവി നൽകുന്ന അനുഭവപാഠം അതാണ്. ആരോഗ്യപ്രവർത്തകരും സന്നദ്ധസംഘങ്ങളും പൊലീസും ഏകോപിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളിലേക്കാണ് സർക്കാർ പ്രവേശിക്കേണ്ടത്. ദൗർഭാഗ്യവശാൽ കോവിഡ് പ്രതിരോധത്തിന് സർവാത്മനാ സന്നദ്ധരായി രംഗത്തുവന്ന സർക്കാറേതര സംഘങ്ങളെ മാറ്റിനിർത്തി ദൗത്യം മുഴുവൻ സർക്കാർ നിയന്ത്രണത്തിലാക്കിയതിൽ വന്ന വീഴ്ചകളുടെ തുടർച്ചയാണ് ഇപ്പോൾ പൊലീസിന് കൊടുക്കുന്ന അമിതാധികാരവും.
ഭരണപക്ഷവും പ്രതിപക്ഷവും വരുന്ന തെരഞ്ഞെടുപ്പിലെ പ്രചാരണ സാധ്യതകളിൽ കണക്കുകൂട്ടി തയാറാക്കുന്ന അജണ്ടകളും ചക്കളത്തിപ്പോരുമാണ് കോവിഡ് പ്രതിരോധത്തെ പലപ്പോഴും ദുർബലപ്പെടുത്തുന്നത്. രാഷ്ട്രീയമായി പാർട്ടികൾക്ക് താൽക്കാലിക ഗുണമുണ്ടായാലും ജനങ്ങളുടെ സാമൂഹിക ജീവിതത്തിനും സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനും അവ അരക്കഴഞ്ച് ഗുണം ചെയ്യുകയില്ലെന്നത് നിസ്തർക്കമാണ്. കോവിഡ് പ്രതിരോധത്തിന് കേരളത്തിനിപ്പോൾ ആവശ്യം സന്നദ്ധപ്രസ്ഥാനങ്ങളും എല്ലാ രാഷ്ട്രീയ, സാമൂഹികകക്ഷികളും സിവിൽ സമൂഹവും ഒക്കെ ചേർന്നു വിവിധ തലങ്ങളിൽ രൂപപ്പെടുത്തുന്ന യോജിച്ച പ്രവർത്തനങ്ങളാണ്. കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ പൊലീസിെൻറ സഹായം അനിവാര്യമാണ് എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവുകയില്ല. എന്നാൽ നാം ഇപ്പോഴും ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലായതുകൊണ്ട് പ്രതിരോധപ്രവർത്തനത്തിൽ രോഗിയായ പൗരെൻറ പോലും മൗലികാവകാശങ്ങൾ റദ്ദാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാറിനും പൊതുസമൂഹത്തിനും ഒരുപോലെ ബാധ്യതയുണ്ട്. കോവിഡ് പ്രതിരോധത്തിനുവേണ്ടി പൊലീസിനെ ഏൽപിച്ച അമിതാധികാരം പിൻവലിക്കാൻ സർക്കാർ അതുകൊണ്ടുതന്നെ തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.