സാർവത്രിക ഭീഷണിക്ക് വെവ്വേറെയല്ല പരിഹാരം
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകൈയിൽ ‘സാർക്’ നേതാക്കൾ കോവിഡ് ബാധ നേരിടുന്നതിനെപ്പറ്റി വെർച്വൽ യോഗം ചേരാമെന്ന് വെച്ചത് ഉചിതമായി. വിഡിയോ കോൺഫറൻസിൽ അഫ്ഗാനിസ്താൻ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, മാലദ്വീപ് എന്നിവയാണ് ഇന്ത്യക്കുപുറമെ പങ്കെടുക്കുന്നെന്ന് അറിയിച്ചത്. പൊതുനന്മക്കായി ഒത്തുചേരുക എന്നതാണ് ഇതിനു പിന്നിലെ താൽപര്യം. ഇതിനുമുമ്പുതന്നെ ചൈനയും ഇന്ത്യയും തമ്മിൽ രോഗനിയന്ത്രണത്തെക്കുറിച്ച് ആശയങ്ങൾ കൈമാറിവന്നിരുന്നു. സാർക് യോഗത്തിനു പിന്നാലെ ജി-7 രാജ്യങ്ങളുടെ ഒരു വെർച്വൽ യോഗം ഫ്രാൻസ് ഇന്നത്തേക്ക് വിളിച്ചിട്ടുമുണ്ട്. സ്വാഗതാർഹമാണ് ഈ സംരംഭങ്ങൾ.
കോവിഡ്-19 മിക്ക ലോകരാജ്യങ്ങളിലും പടർന്നുകഴിഞ്ഞിരിക്കെ, രാജ്യങ്ങൾ ഓരോന്നും ഒറ്റക്കൊറ്റക്ക് നേരിടുന്നതിനെക്കാൾ ഫലപ്രദമാവുക അന്താരാഷ്ട്ര കൂട്ടായ്മകളുടെ യോജിച്ച ശ്രമങ്ങളാണ്. സാംക്രമികരോഗങ്ങൾക്ക് അതിരുകൾ ബാധകമല്ല. സഞ്ചാരവും വ്യാപാര ആഗോളീകരണവും പ്രവാസവുമെല്ലാം ലോകത്തെ ഒന്നാക്കിത്തീർത്തിരിക്കുന്നു. ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ഒരു വ്യാധിയെ ചെറുക്കുന്നതിൽ രാജ്യാന്തര കൂട്ടായ്മകൾക്ക് പ്രസക്തിയുണ്ട്. അതാകട്ടെ, സാർക്, ജി-7 എന്നീ ചെറുകൂട്ടായ്മകളിൽ ഒതുങ്ങിനിൽക്കേണ്ടതുമല്ല. ആഗോള വ്യാധിക്കെതിരെ കൂട്ടായ്മ രൂപപ്പെടേണ്ടത് ആഗോളതലത്തിൽതന്നെയാണ്. ലോകാരോഗ്യ സംഘടനക്ക് അതിെൻറ പരിമിതമായ അധികാരംകൊണ്ട് ഇപ്പോൾ ചെയ്യാവുന്നത് രോഗത്തിന് പേരിടലും അതിനെ മഹാമാരിയായി നാമകരണം ചെയ്യലും പരിചരണ രീതികളെപ്പറ്റി ഉപദേശ നിർദേങ്ങൾ കൈമാറലും മറ്റുമാണ്. വിവിധ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻപോലും അതിന് കഴിയുന്നില്ല. പുതിയ ആഗോള വെല്ലുവിളികൾക്കു മുന്നിൽ പ്രതിരോധം തീർക്കാൻ ഇന്നുള്ള ആഗോള സംവിധാനങ്ങൾക്ക് കെൽപില്ല.
ഭൂമിയെ മുഴുവൻ ബാധിച്ച മഹാമാരിയെ ചെറുക്കാൻ വിവിധ രാജ്യങ്ങൾ വേറിട്ടോ ചെറുകൂട്ടായ്മകളായോ നടത്തുന്ന ശ്രമങ്ങൾ പരമാവധി എത്രത്തോളം ഫലംചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പ്രതിരോധ മരുന്നുകൾക്കായുള്ള ഗവേഷണം, ഏകോപിച്ചുള്ള പ്രതിരോധയത്നങ്ങൾ, ആവശ്യമായ വിഭവങ്ങൾ കാര്യക്ഷമമായി വിന്യസിക്കൽ എന്നിവ ലോകത്തിെൻറ മൊത്തം പദ്ധതിയാകണം. സാമ്പത്തികമായ അസമത്വങ്ങളും ആരോഗ്യ സംവിധാനങ്ങളുടെ ഏറ്റക്കുറച്ചിലും രാജ്യങ്ങൾ തമ്മിലുണ്ട്. സാമ്പത്തിക ഞെരുക്കമുള്ള രാജ്യങ്ങൾക്ക് -ഉപരോധത്തിലുള്ള ഇറാനെപ്പോലെ -കാര്യക്ഷമമായി രോഗപ്പകർച്ചയെ തടയാനാവില്ല. സാമ്പത്തിക സുസ്ഥിതിയുണ്ടെങ്കിലും വൈദ്യശാസ്ത്ര മേഖലയിലെ പോരായ്മകൾ മൂലവും രോഗം പടരുന്നത് തടയാനാകാതെ വരാം^ ഇറ്റലിയിൽ സംഭവിച്ചതുപോലെ. എന്തുകാരണം കൊണ്ടായാലും ഏതെങ്കിലുമൊരു പ്രദേശത്തെ വീഴ്ച മറ്റു പ്രദേശങ്ങൾക്കും രാജ്യങ്ങൾക്കും കൂടി ഭീഷണിയാണ്. അറിവും വിഭവങ്ങളും പങ്കുവെച്ചുകൊണ്ടു മാത്രമേ ഏത് ആഗോള മഹാമാരിയെയും ഇനിയങ്ങോട്ട് പിടിച്ചുകെട്ടാനാവൂ. അക്കാര്യത്തിൽ വലിയ തടസ്സമാണ് രാജ്യാതിർത്തികൾ. രാജ്യങ്ങൾ തമ്മിലുള്ള പിടിവാശികൾ മുൻഗണനാക്രമത്തെ അട്ടിമറിക്കുന്നത് എത്രത്തോളമെന്നു കാണാൻ വിവിധ രാജ്യങ്ങളുടെ ബജറ്റുകൾ പരിശോധിച്ചാൽ മതി -സൈനികച്ചെലവിെൻറ ചെറിയൊരംശം മാത്രമാണ് പലരും ആരോഗ്യച്ചെലവിനായി മുടക്കുന്നത്. ഇന്ത്യയുടെ സൈനിക ബജറ്റിെൻറ അഞ്ചിലൊന്നു മാത്രമാണ് ആരോഗ്യബജറ്റ്.
പ്രധാന ചെലവിനങ്ങളായ 27 മേഖലകളിൽ 14ാം സ്ഥാനമാണ് ആരോഗ്യത്തിനുള്ളത്. ആയുധ നിർമാണവും വ്യാപാരവും മാത്രമല്ല സംഹാരച്ചെലവ്. പുതിയ വൈറസുകളടക്കമുള്ള രോഗഹേതുക്കളിൽ ചിലതെങ്കിലും രാജ്യങ്ങൾ തമ്മിലുള്ള വൈരത്തിെൻറ ഫലമായ ജൈവായുധങ്ങളാണ്. നവ കൊറോണ വൈറസിെൻറ പിന്നിൽ യു.എസ് ആണെന്ന് ചൈന ആരോപിച്ചുകഴിഞ്ഞു. അതിൽ ശരി ഉണ്ടെങ്കിലും ഇല്ലെങ്കിലും ജൈവായുധ പ്രയോഗത്തിന് രാജ്യങ്ങൾക്കിടയിലെ ശത്രുത കാരണമായതിെൻറ ഉദാഹരണങ്ങൾ നിരവധിയാണ് -മഞ്ഞപ്പനിയും വസൂരിയും മറ്റും ബോധപൂർവം അമേരിക്കൻ ആദിവാസികൾക്കെതിരെ യൂറോപ്യരും ബ്രിട്ടീഷുകാരും പ്രയോഗിച്ചതുമുതൽ തുടങ്ങുന്നു ഇതിെൻറ ആധുനിക ചരിത്രം. രണ്ടാം ലോക യുദ്ധകാലത്ത് േപ്ലഗ്, ആന്ത്രാക്സ്, ബോട്ടുലിസം തുടങ്ങി നാലഞ്ച് മാരകരോഗങ്ങളുടെ അണുക്കൾ ആയുധമാക്കപ്പെട്ടതായി ചരിത്രം പറയുന്നു. ഇത്തരം സംഹാരയത്നങ്ങൾക്ക് ചെലവിടുന്നതിെൻറ വളരെ ചെറിയഭാഗം മാത്രം രോഗ പ്രതിരോധത്തിന് നീക്കിവെക്കുന്ന മുൻഗണന പിഴവ് തിരുത്താൻ ആഗോളസംവിധാനം കൊണ്ടല്ലാതെ കഴിയില്ല.
നിർഭാഗ്യവശാൽ, കോവിഡ്^19 ഭീതിപരത്തുേമ്പാൾ ഇത്രത്തോളം വലിയ അളവിൽ വിശാലമനസ്കതക്കായി കാത്തുനിൽക്കുന്നതിൽ അർഥമില്ല. എങ്കിലും സാർകിനും ജി-7നു മപ്പുറം ഐക്യരാഷ്ട്ര സഭയോ ലോകാരോഗ്യ സംഘടനയോ മുന്നിട്ടിറങ്ങി ഒരു ആഗോളതന്ത്രം രൂപപ്പെടുത്താൻ വൈകേണ്ടതില്ല താനും. മുമ്പില്ലാത്ത ഭീഷണിക്ക് മുമ്പില്ലാതിരുന്ന പ്രതിവിധിതന്നെ വേണം. അതിന് ഇനിയും വന്നേക്കാവുന്ന വൈറസുകൾ ലോകത്തെ കീഴടക്കുംവരെ കാത്തിരിക്കേണ്ടതുമില്ല. ഇന്ന് ദേശരാഷ്ട്രങ്ങളുടെ കൈവശമുള്ള ചില അധികാരങ്ങളെങ്കിലും ഒരു സാർവലൗകിക സംവിധാനത്തിന് വിട്ടുകൊടുക്കേണ്ട കാലമാണ് വരുന്നത്. മഹാമാരി മാത്രമല്ല, കാലാവസ്ഥാ മാറ്റവും ആഗോളതലത്തിലുള്ള ഏകോപിത പരിഹാരം ആവശ്യപ്പെടുന്നുണ്ട്. വളർന്നുവരുന്ന സാമ്പത്തിക അസമത്വങ്ങളും അഭയാർഥി പ്രശ്നങ്ങളും അങ്ങനെത്തന്നെ. സങ്കുചിത ദേശചിന്തകളെ അതിജയിക്കാനും വിശ്വക്ഷേമത്തെപ്പറ്റി ചിന്തിക്കാനും ഉതകുമെങ്കിൽ കൊറോണ വൈറസും നല്ലതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.