അഭ്യൂഹങ്ങൾ അരുത്; വേണ്ടത് സുതാര്യത
text_fieldsകോവിഡ് മഹാമാരിയെക്കുറിച്ചുള്ള കേട്ടുകേൾവികൾക്ക് ചെവികൊടുക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അസ്ഥാനത്തല്ല. മാസാന്ത 'മൻകീബാത്ത്' പ്രക്ഷേപണത്തിൽ അദ്ദേഹം മഹാമാരിയെക്കുറിച്ചാണ് പറഞ്ഞതെങ്കിലും ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഓക്സിജൻ-വാക്സിൻ ദൗർലഭ്യത്തെപ്പറ്റി ഒന്നും പരാമർശിച്ചില്ല. എങ്കിൽപ്പോലും, അഭ്യൂഹങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നത് ഒരു വസ്തുതയാണ്. ശാസ്ത്രവിരുദ്ധമായ അവകാശവാദങ്ങളുമായി തെറ്റിദ്ധാരണ പരത്തുന്ന ഭരണപക്ഷക്കാർക്കു കൂടി- മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഉദ്ബോധിപ്പിച്ചവർ വരെ അക്കൂട്ടത്തിലുണ്ട്- അത് ബോധ്യപ്പെടുമെന്ന് ആശിക്കുക. ഭീതിപ്പെടുത്തുന്ന ഊഹങ്ങൾ പരത്തി പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കേണ്ടതുതന്നെ. അതിെൻറ മറുവശമാണ്, യഥാർഥ വസ്തുതകൾ ആധികാരികമായി ലഭ്യമാക്കുക എന്നത്.
ഇക്കാര്യത്തിൽ സർക്കാറിെൻറ പ്രകടനം അത്ര കേമമല്ല എന്നു മനസ്സിലാക്കേണ്ടതുണ്ട്. പരിഭ്രാന്തിപോലെത്തന്നെ ആപൽക്കരമാണ് അമിതമായ ആത്മവിശ്വാസവും അതു മൂലമുണ്ടാകുന്ന നിസ്സംഗതയും. കോവിഡിെൻറ രണ്ടാം വരവ് ഇന്ത്യക്ക് ഇത്ര വലിയ ആഘാതമാകാനുള്ള കാരണം, രോഗബാധ കുറഞ്ഞ ഇടവേളയിൽ വാക്സിനും ഓക്സിജനും അടിസ്ഥാന സൗകര്യങ്ങളും ശ്രദ്ധിച്ച് വേണ്ട ഒരുക്കങ്ങൾ ചെയ്യുന്നതിനുപകരം പൊള്ളയായ അവകാശവാദങ്ങൾ വഴി നിഷ്ക്രിയത്വം പ്രോത്സാഹിപ്പിച്ചതാണ്. ഇന്ത്യ കോവിഡിനെ മോദിയുടെ നേതൃത്വത്തിൽ തോൽപിച്ചു കഴിഞ്ഞു എന്നായിരുന്നു ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗീകരിച്ച പ്രമേയം. യൂറോപ്പിലും മറ്റും കോവിഡ് വീണ്ടും വരുന്ന വാർത്തകൾക്കിടയിൽ ഇതു മുന്നൊരുക്കങ്ങളെ അപ്രസക്തമാക്കിക്കളഞ്ഞു.
പ്രധാനമന്ത്രി തന്നെ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ചെയ്ത പ്രസംഗം ഇന്നു വായിക്കുേമ്പാൾ പരിഹാസ്യമായിത്തോന്നും. ''ഞങ്ങളുടെ രാജ്യം കൊറോണയെ ഫലപ്രദമായി പിടിച്ചുകെട്ടിക്കൊണ്ട് മനുഷ്യരാശിയെ രക്ഷിച്ചിരിക്കുന്നു. തുടക്കത്തിൽ മാസ്കും പി.പി.ഇ കിറ്റും ടെസ്റ്റ് കിറ്റുമൊക്കെ ഇറക്കുമതി ചെയ്യുകയായിരുന്ന ഞങ്ങൾ ഇന്ന് ഞങ്ങളുടെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അവ കയറ്റുമതി ചെയ്തുകൊണ്ട് മറ്റു രാജ്യങ്ങളിലെ പൗരന്മാരെക്കൂടി സേവിച്ചു കൊണ്ടിരിക്കുകയാണ്''-മോദി ഇതു പറഞ്ഞ ജനുവരിയിൽ വൈറസ് വകഭേദങ്ങൾ പലേടത്തും ഇരകളെതേടി ഇറങ്ങിയിരുന്നു. നമ്മുടെ വസ്തുതാവിരുദ്ധ നിലപാടും നിസ്സംഗതയും അവക്ക് വാതിൽ തുറന്നുകൊടുക്കുകയായിരുന്നു.
പ്രധാനമന്ത്രി തന്നെ ചൂണ്ടിക്കാട്ടിയതുപോലെ കോവിഡിനോടുള്ള പോരാട്ടം രാജ്യത്തിെൻറ മൊത്തം പോരാട്ടമാണ്. പരിഭ്രാന്തിയും തെറ്റിദ്ധാരണയും പരത്തുന്ന വാർത്തകളെപ്പോലെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും പൊള്ളയായ ആത്മസ്തുതികളും ഒഴിവാക്കേണ്ടതുണ്ട്. വസ്തുനിഷ്ഠമായ വിവരങ്ങളും കണക്കുകളും രോഗപ്രതിരോധത്തിന് അനിവാര്യമാണ്. വ്യാജവിവരങ്ങൾ പരക്കുന്നതു തടയാൻ ശരിയായ വിവരങ്ങളും വിശകലനങ്ങളും ലഭ്യമാക്കുകയും വേണം.
സ്വന്തം ബ്രാൻഡിങ്ങിനപ്പുറം രാജ്യവാസികളുടെ ജീവനാണ് സർക്കാറിന് പ്രധാനമെങ്കിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടാനും വിമർശിക്കാനുമുള്ള അവസരംകൂടി ഉണ്ടാവണം. ഊഹങ്ങൾ തടയണമെന്ന് മോദി ആഹ്വാനം ചെയ്യുേമ്പാൾതന്നെയാണ് കുറെ ട്വീറ്റുകൾ നിരോധിച്ചത്. അവ പരിഭ്രാന്തിയും അഭ്യൂഹവും പരത്തുന്നവയല്ല- മറിച്ച് സർക്കാറിെൻറ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നവയാണ്.
'മോദി നിർമിത അത്യാഹിതം' തുടങ്ങിയ ഹാഷ്ടാഗുകളാകണം സർക്കാറിനെ പ്രകോപിപ്പിച്ചത്. അത്, പക്ഷേ വ്യാജമോ അഭ്യൂഹമോ അല്ല; വിമർശനമാണ്. അതിനെ നേരിടേണ്ടത് വസ്തുതകൾ കാണിച്ച് ഖണ്ഡിക്കാൻ കഴിയുമെങ്കിൽ അങ്ങനെയാണ്. വിമർശനത്തെ തടയുന്നത് അതിനെ ശരിവെക്കൽ കൂടിയാണ്.
സർക്കാറിെൻറ നിലപാടിെൻറ മറ്റൊരു നിദർശനമാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രധാനമന്ത്രിക്കയച്ച കത്തിനോടുള്ള സമീപനം. മോദി കത്ത് കിട്ടിയതായിപ്പോലും ഭാവിച്ചില്ല. ഒരു മന്ത്രി അതിനെ അപക്വമായ ശൈലിയിൽ അധിക്ഷേപിക്കുകയും ചെയ്തു. സുതാര്യതയില്ലായ്മയാണ് അഭ്യൂഹങ്ങൾ പരക്കാനിടവരുത്തുന്നത്. സർക്കാറാകട്ടെ സുതാര്യതയില്ലായ്മ ഒരു കലയായി വളർത്തിയെടുത്തിരിക്കുന്നു.
ഏതെല്ലാം വാക്സിൻ, ഏതെല്ലാം സംസ്ഥാനങ്ങൾക്ക് എത്രയൊക്കെ, 45നു മുകളിലുള്ളവർക്ക് സൗജന്യമെങ്കിൽ മറ്റുള്ളവരുടെ കാര്യമെന്ത്, വില എത്ര, വില തീരുമാനിക്കുന്നത് സർക്കാറോ കമ്പനികളോ, ഓക്സിജൻ അടക്കമുള്ളവയുടെ ലഭ്യത എന്നിത്യാദി ഒരുവിധം കാര്യങ്ങളിലൊന്നും വ്യക്തതയില്ലാത്തത് അഭ്യൂഹം പരത്തുന്നതുകൊണ്ടല്ല. മറിച്ചാണ് സ്ഥിതി. കേട്ടുകേൾവി പരക്കുന്നത് വ്യക്തത ഇല്ലാത്തതിനാലാണ്.
ഗ്രീക്ക് ദുരന്ത നാടകങ്ങളുമായി ബന്ധപ്പെട്ട ഒരു വാക്ക് ഇന്ത്യയിലെ കോവിഡ് ദുരന്തത്തോടനുബന്ധിച്ച് പരക്കുന്നതും സർക്കാർ കാണണം.'അഹങ്കാരം' എന്ന് അർഥമുള്ള 'ഹ്യൂബ്രിസ്' ആണത്. ദുരന്തകാലത്തുപോലും താഴ്മയും വിനയവും ആത്മപരിശോധനയും പരിചയാക്കുന്നതിനുപകരം അടിച്ചൊതുക്കിയും നിരോധിച്ചും പരിഹാരം കാണാമെന്നു കരുതുന്നതു വെറുതെ. നേര് നേരായി കാണാൻ തുടങ്ങിയാൽ അഭ്യൂഹങ്ങൾ മാത്രമല്ല, വൈറസും ഇല്ലാതാകുമെന്ന് കരുതുന്നതാണ് ന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.