ഹൃദയം വീണ്ടെടുക്കാം; ബുദ്ധിയും
text_fields
ഒരാൾപോലും ഇൗ നാട്ടിൽ പട്ടിണി കിടക്കരുത് എന്ന ഉദാത്തചിന്തയോ ടെ കേന്ദ്ര ധനമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുേമ്പാൾ വാരാണസി യിൽ കൊച്ചു കുട്ടികൾ വിശപ്പടക്കാനാകാതെ പുല്ലുതിന്നുന്ന വിവരം പുറത ്തുവന്നുതുടങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ ജനത കർഫ്യൂ പ്രഖ്യാപ നത്തിെൻറ പിറ്റേന്ന്, വിശപ്പു കാരണം പുറത്തിറങ്ങിയ കുട്ടികൾ, ഒരു മരണാനന്തരച്ചടങ്ങിൽ ബാക്കിയായ ഇത്തിരി ആഹാരം കഴിച്ചു. പിറ്റേന്ന് അടുത്തുള്ള പറമ്പിൽനിന്ന് ഉരുളക്കിഴങ്ങ് പറിച്ച് വേവിച്ചു. അതിനും പിറ്റേന്ന് വേറെ വഴി ഇല്ലാതായപ്പോഴാണ് പശുക്കൾക്കായി കരുതിയ പുല്ല് ഉപ്പുചേർത്ത് തിന്നത്. കർഫ്യൂവും ലോക്ഡൗണും ഉണ്ടാക്കിയ പ്രയാസങ്ങളുടെ ചിത്രം മാത്രമല്ല ഇത്തരം അനേകം കുട്ടികളും കുടുംബങ്ങളും നമുക്ക് തരുന്നത്. ലോക്ഡൗണും അതിനു നാന്ദിയായി വന്ന ജനത കർഫ്യൂവും ഒരു നിർണായക ഘട്ടത്തിൽ ഭരണകൂടം നടത്തിയ പിന്മാറ്റത്തിെൻറ ചിത്രം കൂടിയായി. അടച്ചുപൂട്ടൽ അനിവാര്യമാകാം- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ. അടച്ചുപൂട്ടലില്ലാതെതന്നെ കോവിഡിനെ ചെറുത്ത ദക്ഷിണകൊറിയയെയും തായ്വാനെയും നാം മാതൃകയാക്കേണ്ടതില്ലായിരിക്കാം. എന്നാൽ, ഏറ്റവും താഴെതട്ടിലുള്ളവരെ മുന്നിൽ കണ്ടുള്ള നടപടി സ്വീകരിക്കാൻ കഴിയേണ്ടതായിരുന്നു.
അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണവും വെള്ളവും താമസവും വരുമാനവും ഉറപ്പുവരുത്താതുള്ള ഏത് അടച്ചുപൂട്ടൽ കൽപനയും ഭരണത്തകർച്ചയാണ്. രാജ്യത്ത് ആദ്യ കോവിഡ് ബാധയുടെ വാർത്ത വന്ന് 50 ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി കർഫ്യൂ വിളംബരവുമായി ആദ്യപ്രസംഗം ചെയ്യുന്നത്. അടച്ചുപൂട്ടൽ മുന്നിൽ കണ്ട് വിപുലമായ മുന്നൊരുക്കങ്ങൾക്ക് ആ 50 നാൾ മതിയായിരുന്നു. ട്രംപിന് സ്വീകരണമൊരുക്കുന്നതിന് നൽകിയ ശ്രദ്ധ അതിനും നൽകാമായിരുന്നു. ലോക്ഡൗൺ പ്രഖ്യാപനത്തിലും ഭരണപരമായ ശേഷിയല്ല കണ്ടത്. സാമ്പത്തിക പാക്കേജ് വരാൻ പോകുന്നു എന്ന സൂചന അതിലുണ്ടായിരുന്നു. പക്ഷേ, അത് ധനമന്ത്രി പ്രഖ്യാപിക്കാൻ പിന്നെയും മൂന്നുദിവസമെടുത്തു. ആ പാക്കേജ് തന്നെയും മുമ്പ് പ്രഖ്യാപിച്ച ചിലതടക്കമുള്ള, അപര്യാപ്തമായ ഒന്നാവുകയും ചെയ്തു. ഈ അമാന്തം ഇവിടെ മാത്രമല്ലതാനും. പരിഭ്രാന്തി അരുതെന്ന് സ്വന്തം ജനതകളെ ഉപദേശിക്കുന്ന സർക്കാറുകൾ പ്രതികരിച്ച രീതികൾ കരുതലിെൻറയല്ല, പരിഭ്രാന്തിയുടേതായിരുന്നു. പറഞ്ഞുണ്ടാക്കിയ വ്യാജഭീതിയെന്ന് യു.എസ് പ്രസിഡൻറും വെറും മറ്റൊരു ഫ്ലൂ എന്ന് പറഞ്ഞ് പുച്ഛിച്ച ബ്രസീൽ പ്രസിഡൻറും പ്രശ്നം തൊട്ടുമുന്നിലെത്തിയപ്പോഴാണ് പരിഭ്രാന്തിയോടെ പ്രതികരിക്കാൻ തുടങ്ങിയത്. സാമാന്യജനങ്ങളുടെ പ്രശ്നങ്ങൾ കണക്കിലെടുക്കാത്ത ആധുനിക ഭരണസംവിധാനങ്ങളുടെ പൊള്ളത്തരമാണ് കോവിഡ് തുറന്നുകാട്ടുന്നതെന്ന് ചുരുക്കം.
പ്രശ്നത്തിെൻറ സങ്കീർണത ബോധ്യപ്പെട്ടപ്പോൾ അടച്ചുപൂട്ടലും സാമ്പത്തികപാക്കേജുമായി ഇറങ്ങിയ ബ്രിട്ടൻ, യു.എസ്, ഇന്ത്യ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, നെതർലൻഡ്സ് തുടങ്ങി അനേകം രാജ്യങ്ങൾക്ക് ഈ ഘട്ടത്തിലെങ്കിലും സന്നദ്ധ സംഘടനകളുടെയും ജനകീയ കൂട്ടായ്മകളുടെയും വില തിരിച്ചറിയാൻ കഴിയുന്നുണ്ടാകണം. ബജറ്റിലും പാക്കേജുകളിലും എഴുതിവെക്കുന്ന അക്കങ്ങൾകൊണ്ട് ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറുകയില്ല. ഇന്ത്യയിൽ ‘നവലിബറൽ’ രഥയോട്ടത്തിനിടയിലും എങ്ങനെയോ പിടിച്ചുനിന്ന പൊതുവിതരണ സംവിധാനം (പി.ഡി.എസ്) ആയിരിക്കും വരുംദിവസങ്ങളിൽ സാധാരണക്കാർക്ക് ജീവിതംപകരുന്ന രക്തധമനികൾ. കേരളത്തിന് പ്രതിസന്ധി നേരിടാൻ കൂടുതൽ കരുത്തുപകർന്നത് പൊതുജനാരോഗ്യം ഇപ്പോഴും സർക്കാറുകളുടെ മുൻഗണനകളിൽ നിലനിൽക്കുന്നു എന്നതാണ്. സ്പെയിൻ അവിടത്തെ സ്വകാര്യ ആശുപത്രികൾ ദേശവത്കരിച്ചതും നവലിബറൽ ക്രമത്തിെൻറ അപര്യാപ്തതകൾ ബോധ്യപ്പെട്ടതിനാലാവണം. അടച്ചുപൂട്ടൽ സർക്കാർ പക്ഷത്തുനിന്ന് ഭദ്രമാക്കാൻ കർണാടക അവിടത്തെ ചെലവു കുറഞ്ഞ ഇന്ദിര കാൻറീനുകൾ അടച്ചുപൂട്ടിയപ്പോൾ, അതേ അടച്ചുപൂട്ടൽ ജനപക്ഷത്തുനിന്ന് ഭദ്രമാക്കാനായി കേരളം സമൂഹ അടുക്കളകൾ നാടെങ്ങും സ്ഥാപിക്കുകയാണല്ലോ ചെയ്തത്. മുകളിൽനിന്ന് താഴോട്ടും താഴെനിന്ന് മുകളിലേക്കും ചിന്തിക്കുന്നതിലെ അന്തരമാണിത്. മറ്റുരാജ്യങ്ങളിൽ കുടുങ്ങിയവരെ പ്രത്യേകം ചാർട്ടർ ചെയ്ത വിമാനങ്ങളിൽ കൊണ്ടുവരുന്ന സർക്കാർ തന്നെ നാട്ടിന്നുള്ളിലെ അന്തർസംസ്ഥാന തൊഴിലാളികളെ പൊതുനിരത്തിൽ നടന്ന് തളരാൻ വിടുന്നതിലെ അന്തരം. ഏതു തീരുമാനമെടുക്കുേമ്പാഴും ഏറ്റവും പാവപ്പെട്ടവെൻറ മുഖം ഓർത്താൽ മതിയെന്നു പറഞ്ഞ ഗാന്ധിജിയും സഹായപദ്ധതികൾക്കുപോലും ജനപ്രതിനിധി മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ പേര് വേണമെന്ന് ശഠിക്കുന്ന ഭരണകർത്താക്കളും തമ്മിലുള്ള അന്തരം. ആധുനിക ഭരണകൂടങ്ങൾക്ക് ഹൃദയമില്ലെന്ന് മുേമ്പ പലരും പറഞ്ഞിട്ടുള്ളതാണ്. അവക്ക് തലച്ചോറുമില്ലെന്ന് ബോധ്യപ്പെടുത്തുന്നു കോവിഡ് പ്രതിസന്ധി. അല്ലെങ്കിലും ഹൃദയംകൊണ്ട് അറിയലാണല്ലോ ഭരണസാമർഥ്യം.
പണമാണെല്ലാം എന്ന് വിശ്വസിച്ച ലോകത്തിന്, പണം ഒന്നുമല്ലെന്ന് കാണിച്ചുകൊടുക്കുന്നു കോവിഡ്. സബ്സിഡികൾ എടുത്തുകളഞ്ഞും റേഷൻ വെട്ടിക്കുറച്ചും ആരോഗ്യ ബജറ്റ് ശോഷിപ്പിച്ചും തൊഴിൽ ഇല്ലാതാക്കിയുമൊക്കെ നഷ്ടപ്പെടുത്തിയ സാമൂഹിക ക്ഷേമം തിരിച്ചുപിടിച്ചുകൊണ്ടേ തുടർപോരാട്ടം സാധ്യമാകൂ. സബ്സിഡി വിരോധം പറഞ്ഞ് സാധാരണക്കാരുടെ അവകാശം നിഷേധിച്ച നമ്മൾ സാമ്പത്തിക തത്ത്വങ്ങൾ നിരത്തി കോർപറേറ്റുകളെ കൊഴുപ്പിച്ചു. സർക്കാറുകൾ കമ്പനി ഭീമന്മാരുടെ ഏജൻറുമാരായി. രാജ്യത്തെ രക്ഷിക്കുമെന്നു പറഞ്ഞ കോർപറേറ്റുകൾക്ക് സാമ്പത്തിക ക്ഷയം പിടിച്ചപ്പോൾ ലക്ഷണക്കിന് കോടി രൂപ രക്ഷാപാക്കേജുകളായി നൽകി. നാട്ടുകാർക്ക് തൊഴിൽ നൽകണമെന്നു പോലും ആവശ്യപ്പെടാതുള്ള നിരുപാധിക സഹായം. ഇന്ന് രാജ്യം പ്രതിസന്ധിയിൽ പെട്ടപ്പോൾ രക്ഷിക്കാൻ നവലിബറൽ വീരന്മാർക്ക് ശേഷിയില്ല. 37 ശതമാനം ദിവസക്കൂലിക്കാരുടെ കുടുംബങ്ങളുള്ള നാട്ടിൽ കോവിഡ് പാവങ്ങളെയും സമ്പന്നരെയും ഒരുമിപ്പിക്കുേമ്പാൾ സർക്കാറിന് നഷ്ടപ്പെട്ട ബുദ്ധിയും ഹൃദയവും തിരിച്ചുകിട്ടുമോ? കശ്മീരിനെ ഞെരുക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റുമോ? അങ്ങ് ഗസ്സയിൽനിന്ന് ഇസ്രായേലിെൻറ മാരകദംഷ്ട്രകൾ പിൻവലിക്കുമോ? ഇറാനെതിരെയുള്ള ട്രംപിെൻറ അന്യായവും മനുഷ്യത്വഹീനവുമായ ഉപരോധം നീക്കം ചെയ്യുമോ? സ്വാർഥത്തിെൻറയും സങ്കുചിതത്വത്തിെൻറയും ജഡസാമ്പത്തിക സിദ്ധാന്തങ്ങൾ കൺമുന്നിൽ തകർന്നുകൊണ്ടിരിക്കെ സാർവത്രിക മാനവികതയുടെ ജീവസ്സുറ്റ പുതുമാതൃകകൾ ഏറ്റുപിടിക്കാൻ ലോകരാജ്യങ്ങൾ ഇനിയെങ്കിലും തയാറാകുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.