കോവിഡ് തൊഴിലാളി ചൂഷണത്തിന് മറയാവരുത്
text_fieldsകോവിഡ് മഹാമാരി ലോകരാഷ്ട്രങ്ങളെ ആസകലം എന്നപോലെ ഇന്ത്യയെയും സാമ്പത്തികമായി പിടിച്ചുലച്ചിരിക്കെ പ്രത്യക്ഷത്തിൽ സ്വാഗതാർഹമായ 20 ലക്ഷം കോടി രൂപയുടെ മോഹന പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതെല്ലാം തുറകളിൽ എത്രത്തോളം ഉത്തേജകമായിരിക്കും അതെന്ന് വ്യക്തമാകാനിരിക്കുന്നേയുള്ളൂ. കോവിഡ്^19 എന്ന മഹാവിപത്ത്, ഇടിത്തീപോലെ രാജ്യത്തിെൻറ മേൽ പതിക്കുന്നതിനുമുേമ്പതന്നെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു ഇന്ത്യയെന്നത് അനിേഷധ്യസത്യമാണ്. വാഗ്ദാനം ചെയ്ത കോടികളുടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാറിന് കഴിഞ്ഞില്ലെന്നുമാത്രമല്ല, തൊഴിലില്ലായ്മ പൂർവാധികം രൂക്ഷമാകുന്നതാണ് രണ്ടാമൂഴത്തിൽ പ്രകടമായ പ്രതിഭാസം. കോവിഡ് അനിവാര്യമാക്കിത്തീർത്ത ലോക്ഡൗണോടെ സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു.
2012-2018 കാലഘട്ടത്തിൽ 6.1 ദശലക്ഷം തൊഴിലുകളാണ് നഷ്ടപ്പെട്ടതെന്ന് കണക്കുകൾ പറയുേമ്പാൾ, ഇക്കഴിഞ്ഞ മാർച്ച് 29വരെ തൊഴിലില്ലായ്മയുടെ നിരക്ക് 8.4 ശതമാനത്തിൽനിന്ന് 23.8 ആയി കുത്തനെ വർധിച്ചുവെന്ന് സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി ചൂണ്ടിക്കാട്ടുന്നു. തൊഴിൽരഹിതരുടെ സംഖ്യ മൂന്നുകോടി 20 ലക്ഷത്തിൽനിന്ന് മൂന്നുകോടി 80 ലക്ഷമായി ഉയർന്നു. കൊറോണക്കാലത്തെ മാത്രം കണക്കിലെടുത്താൽ 2020 മാർച്ചിൽ 29.9 ശതമാനം തൊഴിൽ നഷ്ടമുണ്ടായപ്പോൾ ഏപ്രിലിൽ വീണ്ടും 27 ശതമാനത്തിെൻറ കൂടി കുറവുണ്ടായി. അസംഘടിത തൊഴിൽമേഖലയിൽ അധ്വാനിച്ചുജീവിക്കുന്ന 40 കോടി ഇന്ത്യക്കാർ സർവസ്വം നഷ്ടപ്പെട്ട് കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്താൻ പോവുകയാണെന്ന് ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ നേരത്തേ മുന്നറിയിപ്പ് നൽകിയതാണ്.
2017-18ലെ സർവേപ്രകാരം ഇന്ത്യൻ തൊഴിലാളികളിൽ 90 ശതമാനത്തിലധികം അനൗപചാരിക തൊഴിൽരംഗത്താണ് പണിയെടുക്കുന്നത്. അവരെയാണ് ഏറ്റവും മോശമായി ലോക്ഡൗൺ ബാധിച്ചിരിക്കുന്നതും. കൃത്യമായ കണക്കുകളില്ലെങ്കിലും 40-50 ദശലക്ഷം വരുന്ന അന്തർസംസ്ഥാന തൊഴിലാളികളിൽ ഗണ്യമായ ഭാഗം ആഹാരവും താമസവും നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് കാൽനടയായി നടന്നുപോകെ മരിച്ചുവീഴുന്ന ദയനീയ ദൃശ്യങ്ങൾക്കും ലോകം സാക്ഷ്യംവഹിച്ചു. അതിരൂക്ഷമായ ഈ പ്രശ്നത്തിന് എന്തു പരിഹാരമാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നതെന്ന് കണ്ടറിയുകതന്നെവേണം.
ഇത് ഒരുവശത്ത് സത്വര പ്രതിവിധി കാണേണ്ട സങ്കീർണ സമസ്യയായി അവശേഷിക്കുേമ്പാഴാണ് സംഘടിത തൊഴിൽ മേഖലയാകെ അസ്വാസ്ഥ്യവും അങ്കലാപ്പും സൃഷ്ടിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തൊഴിൽനിയമഭേദഗതികൾ കൊണ്ടുവരുന്നതും നടപ്പാക്കുന്നതും. കോർപറേറ്റുകളുടെയും തൊഴിലുടമകളുടെയും സമ്മർദത്തിനും ഭീഷണിക്കും വഴങ്ങി സാർവദേശീയ തൊഴിൽനിയമങ്ങളെ അട്ടിമറിക്കുന്ന അതിക്രൂരവും തൊഴിലാളിവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ മാറ്റങ്ങളാണ് മോദിസർക്കാറും യു.പി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ ബി.ജെ.പി സംസ്ഥാന സർക്കാറുകളും വരുത്തിയിരിക്കുന്നതെന്ന് ഏതാണ്ടെല്ലാ തൊഴിലാളി സംഘടനകളും കുറ്റപ്പെടുത്തുന്നു. ബി.ജെ.പി ഇതരർ ഭരിക്കുന്ന രാജസ്ഥാൻ, മഹാരാഷ്ട്ര സർക്കാറുകളും ഈ ദിശയിൽതന്നെയാണ് നീങ്ങുന്നതത്രെ. ജോലി സമയം എട്ടു മണിക്കൂറിൽനിന്ന് 12 മണിക്കൂറാക്കി ഉയർത്തിയും എപ്പോൾ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് അവകാശം നൽകിയും ബോണസ്, പി.എഫ് മുതലായ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും മറ്റും വ്യാപകമായ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ടെന്നാണ് അവർ വ്യക്തമാക്കുന്നത്.
കോവിഡ്മൂലം വൻനഷ്ടത്തിലായ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വീണ്ടെടുപ്പിന് മറ്റു വഴികളില്ലെന്നാണ് ഉടമകൾ ശഠിക്കുന്നത്. അതാകട്ടെ, സർക്കാറുകൾ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ, തൊഴിൽനിയമങ്ങൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാറുകളുടെ തീരുമാനത്തെ ശക്തമായെതിർക്കുന്നവരിൽ ആർ.എസ്.എസിെൻറ തൊഴിലാളി സംഘടനയായ ബി.എം.എസും ഉൾപ്പെടുമെന്നതാണ് ശ്രദ്ധേയം. ഈ നീക്കത്തിൽനിന്ന് പിന്മാറണമെന്നും തൊഴിൽരംഗത്തെ ഏതു പ്രശ്നവും തൊഴിലാളി യൂനിയനുകളുമായി ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാർക്ക് എഴുതാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഘടകങ്ങളോട് ബി.എം.എസ് ജനറൽ സെക്രട്ടറി വീർജേഷ് ഉപാധ്യായ നിർദേശിച്ചിരിക്കുകയാണ്. മാത്രമല്ല, ബി.എം.എസ്, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ എല്ലാ തൊഴിലാളി യൂനിയനുകളും ചേർന്ന് ഐ.എൽ.ഒവിന് പരാതി ബോധിപ്പിക്കാനുള്ള നീക്കത്തിലാണ്. കാരണം, ഇന്ത്യകൂടി അംഗീകരിച്ച അന്താരാഷ്ട്രീയ തൊഴിൽനിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്നതിന് കോവിഡിനെ അവസരമാക്കരുതെന്ന് കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ഉയർത്തിയ ഗൗരവതരമായ പ്രശ്നങ്ങളിൽ നടേ സൂചിപ്പിച്ച തൊഴിൽനഷ്ടങ്ങളും തൊഴിൽസ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യവും തീർച്ചയായും ഉണ്ട്. അത് അവഗണിക്കാനോ കണ്ടില്ലെന്നുവെക്കാനോ ഒരു ഭരണകൂടത്തിനും സാധ്യമല്ല. അവസരോചിതവും വിവേകപൂർണവും ദീർഘദൃഷ്ടി പ്രതിഫലിപ്പിക്കുന്നതുമായ പദ്ധതികളിലൂടെയും മാറ്റങ്ങളിലൂടെയും ഈ പ്രതിസന്ധിയെ മറികടക്കാൻ വഴികൾ തേടുകയും വേണം. എന്നാൽ, രാഷ്ട്രനിർമാണത്തിെൻറയും വികസനത്തിെൻറയും നട്ടെല്ലായ തൊഴിലാളികളെ പാടെ അവഗണിച്ചുകൊണ്ടാകരുത് ഒരു നീക്കവും. അതേസമയം, സന്ദർഭത്തിെൻറ സന്ദിഗ്ധത മനസ്സിലാക്കി വിട്ടുവീഴ്ചകൾക്ക് തൊഴിലാളിവർഗ കൂട്ടായ്മകളും സന്നദ്ധരായേ മതിയാകൂ. ഇരുപക്ഷവും യുക്തിസഹമല്ലാത്ത ശാഠ്യങ്ങളിൽ ഉറച്ചുനിന്നാൽ ഒരിക്കലും വീണ്ടെടുപ്പ് സംവിധാനമേ സാധ്യമാവില്ല. ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും വേണം പൊതുസ്വീകാര്യമായ പരിഹാര നടപടികൾ കണ്ടെത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.