വെച്ചുവിളമ്പണം, കോവിഡ് കഴിഞ്ഞും
text_fieldsകോവിഡ് പ്രതിസന്ധി അറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്നുമാസമായി നൽകിവരുന്ന സൗജന്യ റേഷൻ അടുത്ത നവംബർ വരെ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വറുതിയെ തുറിച്ചുനോക്കുന്ന ജനകോടികൾക്ക് ഏറെ ആശ്വാസദായകമാണ്. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് അഞ്ചു കിലോ അരി അല്ലെങ്കിൽ ഗോതമ്പും, കുടുംബം ഒന്നിന് ഒരു കിലോ പയറും നൽകുന്ന പദ്ധതിക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപനത്തിനു തൊട്ടുടനെ കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്രം തുടക്കം കുറിച്ചത്. ജൂലൈ മാസത്തോടെ രാജ്യമെമ്പാടും ഉത്സവസീസൺ ആരംഭിക്കുന്നതിനാൽ നവംബറിൽ അവസാനിക്കുന്ന അടുത്ത അഞ്ചുമാസത്തേക്കു കൂടി 90,000 കോടി രൂപ അധികച്ചെലവു വരുന്ന പദ്ധതി നീട്ടാനാണ് ഗവൺമെൻറ് തീരുമാനം. ലോക്ഡൗൺ കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്നത് രാജ്യത്തിെൻറ മൊത്തം പ്രഥമബാധ്യതയാണെന്നു പ്രധാനമന്ത്രി ഒാർമിപ്പിച്ചു.
കഴിഞ്ഞ മാർച്ച് 25ന് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനു പിറകെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനക്കു കീഴിൽ ഒന്നേ മുക്കാൽ ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് മോദി സർക്കാർ വിളംബരം ചെയ്തത്. ദേശീയ ഭക്ഷ്യഭദ്രത നിയമത്തിെൻറ വരുതിയിൽവരുന്ന എല്ലാവരും ഇതിെൻറ ഗുണഭോക്താക്കളായി. എന്നാൽ, അന്തർസംസ്ഥാന തൊഴിലാളികളടക്കം പിന്നെയും പല കോടികൾ ഇൗ പട്ടികക്കും പുറത്താണെന്ന് ആക്ഷേപമുയർന്നു. തുടർന്ന്, ലോക്ഡൗണിനു രണ്ടു മാസം കഴിഞ്ഞ് എട്ടുകോടി പേരെ കൂടി ആത്മനിർഭർ പദ്ധതിക്കു കീഴിൽ ഉൾപ്പെടുത്തി ഇൗ ആനുകൂല്യം കൂടുതലാളുകൾക്കു ലഭ്യമാക്കി. ഇതുവഴി 10 ശതമാനം അധികധാന്യങ്ങൾ കൂടി സംസ്ഥാനങ്ങൾക്കു ലഭിച്ചു. കേന്ദ്രസഹായം കൊണ്ടു മതിയാകാത്ത സംസ്ഥാനങ്ങൾ അന്നാട്ടുകാരുടെ പ്രശ്നം തീർക്കാൻ നേരത്തേ തന്നെ മറുവഴികൾ തേടിയിരുന്നു. അങ്ങനെ തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്നതിനിടയിലാണ് ലോക്ഡൗണിൽനിന്നു രണ്ടാം ഘട്ട മോചനത്തിലേക്കു തുറക്കുേമ്പാൾ റേഷൻ ആനുകൂല്യങ്ങൾ അഞ്ചുമാസത്തേക്ക് തുടരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ പദ്ധതി വൈകാതെ രാജ്യത്ത് സമ്പൂർണമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത സെപ്റ്റംബർ വരെ, ഇനിെയാരു മൂന്നു മാസം കൂടി, സൗജന്യ ഭക്ഷ്യധാന്യവിതരണം തുടരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിക്ക് എഴുതിയിരുന്നു. ഇക്കഴിഞ്ഞ മാസം 18ന് കേന്ദ്ര ഭക്ഷ്യ വിതരണമന്ത്രി രാംവിലാസ് പാസ്വാൻ നടത്തിയ വിഡിയോ കോൺഫറൻസിൽ പത്തു സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു. അവരെയൊക്കെ ഒരു പടി പിന്നിലാക്കിയാണ് അഞ്ചുമാസത്തേക്കു കൂടി പ്രധാനമന്ത്രി സൗജന്യം നീട്ടിനൽകിയത്. മോദിയുടെ ഇൗ നീക്കം ബിഹാറിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നുണ്ട്. ജൂലൈ മുതൽ രാജ്യത്ത് അടുത്ത അഞ്ചുമാസത്തേക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വന്നുപോകുന്ന ഉത്സവങ്ങളെ മുഴുവൻ മോദി പേരെടുത്തു പറഞ്ഞതും അതിൽ മുസ്ലിം ആഘോഷവേളകൾ വിട്ടുകളഞ്ഞതും ബിഹാറിെൻറ ഛാത് പൂജ പരാമർശിച്ചതുമൊക്കെ ഇൗ രാഷ്ട്രീയനോട്ടത്തിനു തെളിവായി അവർ ഉന്നയിക്കുന്നു. അതെന്തായാലും രാജ്യത്തെ 80 കോടി ജനത്തിന് അടുത്ത അഞ്ചുമാസത്തേക്ക് റേഷൻ ലഭ്യമാകുമെന്നത് വലിയ മെച്ചം തന്നെ. കേരളത്തിലെ 5.92 ലക്ഷം മഞ്ഞകാർഡ് ഉള്ളവർക്കും 31.5 ലക്ഷം പിങ്ക് കാർഡുകാർക്കും ഇൗ ആനുകൂല്യം ലഭിക്കും.
കോവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. സാധാരണ റേഷൻ ഉപഭോഗത്തിൽനിന്ന് പിന്തിരിഞ്ഞുനിൽക്കാറുള്ള ഉപരി മധ്യവർഗമടക്കം ഇത്തവണ സർക്കാർ സൗജന്യങ്ങളുടെ ഉപഭോക്താക്കളായിട്ടുണ്ട്. 85 ശതമാനത്തോളം ആളുകൾ രാജ്യത്താകമാനം ഇൗ ആനുകൂല്യം ഉപയോഗപ്പെടുത്തിയെന്നാണ് കണക്ക്. കേരളത്തിൽ കഴിഞ്ഞ മൂന്നുമാസവും 90 ശതമാനത്തിലേറെപ്പേർ ഉപഭോക്താക്കളായി. മറ്റു വഴികളടയുന്നതു മാത്രമല്ല, ഉൽപന്നത്തിലും സേവനത്തിലും മികവു പുലർത്തണമെന്ന ഭരണകൂടങ്ങളുടെ നിർബന്ധവും റേഷൻ വിതരണം വൻ വിജയമാക്കിത്തീർത്തിട്ടുണ്ട്. ഇതര രാജ്യങ്ങളിൽനിന്നു ഭിന്നമായി ഭക്ഷ്യവിഷയത്തിൽ ഇന്ത്യ ഇപ്പോഴും പൊതുവിതരണസമ്പ്രദായത്തെ ആശ്രയമായി കാണുന്നു. യൂറോപ്യൻ യൂനിയനേക്കാൾ ഒന്നും അമേരിക്കയേക്കാൾ രണ്ടരയും ബ്രിട്ടനേക്കാൾ പന്ത്രണ്ടും ഇരട്ടി ജനസംഖ്യയുള്ള രാജ്യമാണെന്ന ഇന്ത്യയുടെ വലുപ്പം ചൂണ്ടിക്കാട്ടി സൗജന്യറേഷൻ വിതരണം വൻ സംഭവമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സന്തോഷത്തിനു വകനൽകുന്നുണ്ട്. അമേരിക്കയുടെയും ഇറ്റലിയുടെയുമൊക്കെ ദുരിതം കൺമുന്നിലിരിക്കെ, സർക്കാർസേവനങ്ങളുടെയും പൊതുമേഖല സംവിധാനങ്ങളുടെയും പ്രാധാന്യം ഇൗ കോവിഡ് കാലം ലോകത്തെ പഠിപ്പിച്ചതാണ്. എന്നിട്ടും കോവിഡ് ആശ്വാസപാക്കേജിൽ പോലും അവശേഷിക്കുന്ന പൊതുമേഖലസ്ഥാപനങ്ങളും സേവനസംവിധാനങ്ങളും സ്വകാര്യകുത്തകകൾക്കു തീറെഴുതുകയാണ് ബി.ജെ.പി ഭരണകൂടം. ഇൗ റേഷൻ ആനുകൂല്യത്തിനു ലഭിച്ച വൻ സ്വീകാര്യത അവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. രാജ്യത്ത് ഇത്രയേറെ ജനം ആശ്രയിക്കുന്ന ഒരു സേവനമേഖലയെ കോവിഡാനന്തര കാലത്തും ആവശ്യാനുസൃതം നിലനിർത്താനുള്ള യാഥാർഥ്യബോധം അവർ കാണിക്കേണ്ടതാണ്. ഭക്ഷ്യഭദ്രത നിയമവും ഒരൊറ്റ റേഷൻകാർഡ് പദ്ധതിയുമൊക്കെ കൊണ്ടുവന്നാലും അതിനിടയിലും ചോർന്നുപോകുന്ന ജനകോടികളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിലെ ബി.പി.എൽ വിഭാഗത്തിൽപെടുന്ന കാൽ കോടിയിലേറെ നീല കാർഡ് ഉടമകൾ കേന്ദ്രനിയമത്തിെൻറ പരിധിയിൽ വരാത്തതിനാൽ ഇൗ ആനുകൂല്യത്തിന്അർഹരല്ല. അതുേപാലെ, ഒറ്റ റേഷൻകാർഡിെൻറ ഡിജിറ്റൽ പരിസരത്തോട് അന്യംനിൽക്കുന്ന ജനലക്ഷങ്ങളുമുണ്ട്. നിറഞ്ഞു തൂവുന്ന നമ്മുടെ ധാന്യപ്പുരകളിൽനിന്ന് ഇൗ പട്ടിണിപ്പാവങ്ങൾക്കെല്ലാം വയറുനിറച്ചു വിളമ്പുന്ന ഒരു പൊതുവിതരണ സമ്പ്രദായത്തിന് പഴുതടച്ച വഴിയൊരുക്കാൻ ഇൗ കോവിഡ് അനുഭവം കേന്ദ്ര ഭരണകൂടത്തെ പഠിപ്പിക്കുമോ? എങ്കിൽ അവർ മാത്രമല്ല, രാജ്യവും രക്ഷപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.