സംവരണ സമരത്തെ സി.പി.എം വർഗീയവത്കരിക്കരുത്
text_fields20 ശതമാനം മാത്രം വരുന്ന സംസ്ഥാനത്തെ സവർണ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഇടതുപക്ഷ സർക്കാറിെൻറ നടപടി പുതിയ വിവാദങ്ങളിലേക്കു കടന്നിരിക്കുകയാണ്. ഇപ്പോൾ അത് വിവാദമായി കത്തിപ്പടരാൻ രണ്ടു കാരണങ്ങളുണ്ട്. വിദ്യാഭ്യാസരംഗത്ത് അത് പ്രയോഗത്തിൽ വരുത്തിയപ്പോൾ യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്നതുമായി ബന്ധപ്പെട്ട ശരിയായ കണക്കുകൾ ഇപ്പോഴാണ് പുറത്തുവന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സംവരണീയവിഭാഗമായി സവർണ സമൂഹം മാറി എന്നാണ് കണക്കുകൾ കാണിക്കുന്നത്.
പ്ലസ് വൺ, എം.ബി.ബി.എസ്, മെഡിക്കൽ പി.ജി, എൽഎൽ.ബി എൻട്രൻസ്, എൻജി. എൻട്രൻസ് തുടങ്ങിയ വിവിധ മേഖലകളിൽ സവർണ സംവരണം നടപ്പാക്കിയപ്പോൾ പിന്നാക്ക വിഭാഗങ്ങളെക്കാൾ സീറ്റുകൾ മുന്നാക്ക വിഭാഗം നേടി എന്നതാണ് പുറത്തുവരുന്ന കണക്കുകൾ. മെഡിക്കൽ പി.ജിയിൽ ഈഴവ, മുസ്ലിം വിഭാഗങ്ങൾക്ക് യഥാക്രമം 13, ഒമ്പത് സീറ്റുകൾ സംവരണമായി കിട്ടിയപ്പോൾ 30 സീറ്റുകളാണ് മുന്നാക്കവിഭാഗത്തിന് കിട്ടിയത്. എം.ബി.ബി.എസിനാകട്ടെ ഈഴവ, മുസ്ലിം വിഭാഗങ്ങൾക്ക് യഥാക്രമം 94, 84 സീറ്റുകൾ സംവരണമായി കിട്ടിയപ്പോൾ 130 സീറ്റുകളാണ് മുന്നാക്ക വിഭാഗത്തിന് കിട്ടിയത്.
മറ്റു മേഖലകളിലും ഇതുതന്നെ അവസ്ഥ. രണ്ടാഴ്ച മുമ്പാണ് ഈ കണക്കുകൾ പൊതുജനശ്രദ്ധയിൽ വരുന്നത്. അങ്ങേയറ്റം നീതിരഹിതമായി സംവരണം എന്ന തത്ത്വത്തെതന്നെ അട്ടിമറിക്കുന്ന സർക്കാർ സമീപനത്തിനെതിരെ പിന്നാക്ക സമൂഹങ്ങളിൽ അമർഷം പുകയുന്നതിനിടെയാണ് പി.എസ്.സിയിലും സംവരണം നടപ്പാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം വരുന്നത്. വിവാദം വലിയതോതിൽ ചൂടുപിടിക്കാനുള്ള രണ്ടാമത്തെ കാരണം ഇതാണ്. വിദ്യാഭ്യാസരംഗത്ത് ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ സംവരണീയവിഭാഗമായി 20 ശതമാനം മാത്രം വരുന്ന സവർണ വിഭാഗങ്ങൾ മാറിയിരിക്കുകയാണ്. തൊഴിൽമേഖലയിലും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് അവർ ന്യായമായും ആശങ്കിക്കുന്നു.
മുന്നാക്ക സംവരണം തങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലുള്ള കാര്യമാണ്, ആ മാനിഫെസ്റ്റോ മുന്നിൽവെച്ചാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതും ജയിച്ചുവന്നതും, അതിനാൽ മുന്നാക്ക സംവരണം നടപ്പാക്കാനുള്ള മാൻഡേറ്റ് തങ്ങൾക്കുണ്ട് എന്ന് ഇടതുപക്ഷത്തിന് വാദിക്കാം. തീർച്ചയായും അതിൽ ന്യായവുമുണ്ട്. അതേസമയം, ഇത് കോടതിയിൽ ചോദ്യംചെയ്യപ്പെട്ട കാര്യമാണെന്നതും വിഷയത്തിൽ കോടതി തീർപ്പുകൽപിക്കുന്നതുവരെ കാത്തുനിൽക്കാവുന്നതേയുള്ളൂ എന്ന മറുവശവുമുണ്ട്. ഇനി, കോടതി അംഗീകരിച്ചാൽതന്നെ, എല്ലാവിധ മാനദണ്ഡങ്ങളും നീതിയും മറികടന്ന് പിന്നാക്കവിഭാഗങ്ങളെ കടത്തിവെട്ടിക്കൊണ്ടുള്ള സംവരണമാണ് പ്രയോഗത്തിൽ നടപ്പാക്കപ്പെട്ടത് എന്നതാണ് ഗൗരവപ്പെട്ട പ്രശ്നം. എന്നാൽ, ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോൾ അത് പരിഗണിക്കാൻപോലും സന്നദ്ധമാവാതെ ധാർഷ്ട്യം നിറഞ്ഞ സമീപനമാണ് മുഖ്യമന്ത്രിയും പാർട്ടിയും സ്വീകരിക്കുന്നത്.
സംവരണം അട്ടിമറിക്കുന്ന സർക്കാർ സമീപനത്തിനെതിരെ പിന്നാക്ക ജനവിഭാഗങ്ങളിൽനിന്നുയരുന്ന അമർഷത്തെ വർഗീയവത്കരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത് എന്നതും അപകടകരമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ ഒക്ടോബർ 30ന് എഴുതിയ ലേഖനം, എന്തുമാത്രം വിഷലിപ്തമായ മനസ്സോടെയാണ് സി.പി.എം വിഷയത്തെ സമീപിക്കുന്നത് എന്നതിെൻറ നിദർശനമാണ്. '
'ജമാഅത്തെ ഇസ്ലാമിയാണ് സംവരണത്തിെൻറ പേരിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാൻപിടിക്കുന്നത്'' എന്നതാണ് കോടിയേരിയുടെ ഒരു കണ്ടെത്തൽ. രാജ്യത്ത് അഹിതകരമായ എന്തു സംഭവിച്ചാലും പാകിസ്താനെ ചീത്തപറയുന്ന ശീലം ഉത്തരേന്ത്യയിലെ സംഘ്പരിവാറുകാർക്കുണ്ട്. അതിന് സമാനമായ രീതിതന്നെയാണ് അടുത്ത കാലത്തായി ഏതു വിഷയത്തിലും കേരളത്തിലെ സി.പി.എമ്മും സ്വീകരിക്കുന്നത്. പാകിസ്താനു പകരം ചീത്ത പറയുന്നത് ജമാഅത്തെ ഇസ്ലാമിയെയാണ് എന്നു മാത്രം. ഗെയിൽ സമരം, നാഷനൽ ഹൈവേ സമരം, കരിമണൽ സമരം എന്നിങ്ങനെ സർക്കാറിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നടന്നപ്പോഴെല്ലാം ജമാഅത്തെ ഇസ്ലാമിയെ ചീത്ത പറയുകയായിരുന്നു സി.പി.എം.
യഥാർഥത്തിൽ പട്ടികജാതി-പട്ടികവർഗ, ഈഴവ, ലത്തീൻ കത്തോലിക്ക, ധീവര അടക്കമുള്ള പിന്നാക്ക സമുദായ സംഘടനകളെല്ലാംതന്നെ സർക്കാർ നടപടിയിൽ അമർഷമുള്ളവരും സമരപാതയിലുമാണ്. അത് ജമാഅത്തെ ഇസ്ലാമിയിലേക്ക് ചുരുക്കിക്കെട്ടി ഒറ്റപ്പെടുത്താനുള്ള വർഗീയ നീക്കമാണ് സി.പി.എം നടത്തുന്നത്. 'ഇപ്പോൾ സാമ്പത്തിക സംവരണത്തിനെതിരെ ജിഹാദ് മുഴക്കുന്ന മുസ്ലിം ലീഗ്' എന്നൊരു പരാമർശവും കോടിയേരിയുടെ ലേഖനത്തിലുണ്ട്. നമ്മുടെ നാട്ടിൽ ജനാധിപത്യ പ്രക്രിയയിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു പാർട്ടി നടത്തുന്ന രാഷ്ട്രീയ ഇടപെടലിനെ ജിഹാദ് ആയി വ്യാഖ്യാനിക്കുന്നത് തികഞ്ഞ വർഗീയതയല്ലാതെ മറ്റെന്താണ്?
സംവരണ സമുദായങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളെന്തെന്ന് കേൾക്കാനും അവരോട് മാന്യമായി സംവദിക്കാനുമാണ് ഭരണകൂടവും അതിനെ നയിക്കുന്ന പാർട്ടിയും സന്നദ്ധമാവേണ്ടത്. സർക്കാറിന് ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം മുസ്ലിംവിരുദ്ധ പൊതുബോധം പടർത്തുന്ന സമീപനം സി.പി.എം അവസാനിപ്പിക്കണം. വർഗീയതകൊണ്ട് രാഷ്ട്രീയം കളിക്കാനാണ് പദ്ധതിയെങ്കിൽ അത് സി.പി.എമ്മിനേക്കാൾ ഭംഗിയായി ചെയ്യാൻ അറിയുന്നവരാണ് ബി.ജെ.പിക്കാർ. വർഗീയ കലപ്പകൊണ്ട് തങ്ങൾ ഉഴുതുമറിച്ച മണ്ണിൽ വിത്തെറിഞ്ഞ് അധ്വാനിക്കാതെ വിളകൊയ്യാൻ അവർക്ക് അവസരം നൽകുകയാണ് സി.പി.എം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.