വൈകിയുദിച്ച വിവേകം ശ്ലാഘനീയം
text_fieldsവരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ, കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി സഹകരിക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചചെയ്ത കേന്ദ്ര കമ്മിറ്റി, കേരളമൊഴികെയുള്ളയിടങ്ങളിൽ കോൺഗ്രസുമായി നേരിട്ടുള്ള സഹകരണമാകാമെന്നും വ്യക്തമാക്കിയിരിക്കുന്നു. ഭരണഘടനയിലധിഷ്ഠിതമായ ഇന്ത്യൻ റിപ്പബ്ലിക്കിനുതന്നെ ഭീഷണിയായ പാർട്ടിയെന്നാണ് യോഗതീരുമാനങ്ങൾ വിശദീകരിക്കവെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബി.ജെ.പിയെ വിശേഷിപ്പിച്ചത്. ബി.ജെ.പിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിലിരിക്കുന്ന സംഘ്പരിവാർ ഭരണകൂടമിപ്പോൾ ഇൗ വിശേഷണത്തിനും അപ്പുറത്താണ്. ഇന്ത്യയെന്ന മഹത്തായ ആശയത്തിെൻറ ആത്മാവിനെ തന്നെയും ഉന്മൂലനം ചെയ്യാൻ പണിയെടുക്കുന്നൊരു സവിശേഷ സഖ്യമാണത്. ആ സഖ്യത്തിനെതിരായി ജനാധിപത്യ, മതനിരപേക്ഷ കക്ഷികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു നീക്കവും ശ്ലാഘിക്കപ്പെടേണ്ടതുതന്നെയാണ്. അൽപം വൈകിപ്പോയെങ്കിലും ഇൗയൊരു തിരിച്ചറിവിലേക്ക് രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയും എത്തിപ്പെട്ടത് ജനാധിപത്യ ചേരിയെ ആഹ്ലാദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ മതനിരപേക്ഷ കക്ഷികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെടണമെന്ന ആവശ്യം സി.പി.എമ്മിൽ പല നേതാക്കളും മുേമ്പ ഉന്നയിച്ചിട്ടുള്ളതാണ്. രണ്ടര വർഷം മുമ്പ്, ഹൈദരാബാദിൽ നടന്ന 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കേന്ദ്ര കമ്മിറ്റി അവതരിപ്പിച്ച കരട് പ്രമേയം കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. ബി.ജെ.പി മുഖ്യ എതിരാളിയാണെങ്കിലും അവരെ പരാജയപ്പെടുത്താൻ കോൺഗ്രസടക്കമുള്ള കക്ഷികളുമായി കൂട്ടുവേണ്ട എന്നതായിരുന്നു കേരളഘടകത്തിെൻറ പിന്തുണയോടെ പ്രകാശ് കാരാട്ടും സംഘവും വാദിച്ചത്. മുന്നണിയോ സഖ്യമോ ഇല്ലെങ്കിലും യോജിച്ച തെരഞ്ഞെടുപ്പ് അടവുനയമാകുന്നതിൽ തെറ്റില്ല എന്ന് യെച്ചൂരിയും വി.എസുമടങ്ങുന്ന നേതാക്കളും വാദിച്ചു. പ്രമേയം പാർട്ടിേകാൺഗ്രസിൽ ചർച്ചയായപ്പോൾ യെച്ചൂരിയുടെ വാദം അൽപം ഭേദഗതികളോടെ അംഗീകരിക്കപ്പെടുകയായിരുന്നു. ഏതായാലും, ഇൗ മാറ്റം പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും നേരിട്ടല്ലെങ്കിലും പ്രകടമായി. കർണാടകയിൽ ബി.ജെ.പിയെ മാറ്റിനിർത്തി എച്ച്.ഡി കുമാരസ്വാമി അധികാരത്തിലേറിയപ്പോൾ, സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ 'മഹാസഖ്യത്തി'െൻറ മുൻനിര നേതാക്കളിൽ യെച്ചൂരിയുമുണ്ടായിരുന്നു. സോണിയയും രാഹുലും അഖിലേഷ് യാദവും മായാവതിയും മമത ബാനർജിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം അണിനിരന്ന മഹാസഖ്യവേദി തൊട്ടടുത്ത വർഷം നടക്കാനിരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി സർക്കാറിനെ മറിച്ചിടുമെന്ന പ്രതീതി സൃഷ്ടിച്ചു; മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ട സാഹചര്യവും ഇൗ സഖ്യത്തിെൻറ പരോക്ഷ സ്വാധീനത്താലാണ്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുന്തോറും സഖ്യം ശിഥിലമായി. സി.പി.എം അടക്കമുള്ള പാർട്ടികൾ 'അവനവൻ തുരുത്തു'കളിൽ അഭിരമിക്കുന്നതിലാണ് ആനന്ദം കണ്ടെത്തിയത്. മഹാസഖ്യത്തെ തള്ളിപ്പറഞ്ഞും യെച്ചൂരിയെ നിരുത്സാഹപ്പെടുത്തിയും സി.പി.എം മുഖപത്രം എഡിറ്റോറിയൽ എഴുതി. ആ ശൈഥില്യത്തിെൻറകൂടി ഫലമായാണ് മൃഗീയഭൂരിപക്ഷത്തിൽ മോദിക്ക് രണ്ടാമൂഴം സാധ്യമായത്.
ഒരുപക്ഷേ, പാർട്ടി കോൺഗ്രസിൽ അംഗീകരിക്കപ്പെട്ട പ്രമേയത്തിനനുസൃതമായി കോൺഗ്രസുമായൊരു തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നുവെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഇത്രയും കനത്ത ആഘാതമേൽക്കില്ലായിരുന്നു. കേരളത്തിൽ സി.പി.എമ്മിനെ പൂർണമായും തഴഞ്ഞ് ന്യൂനപക്ഷ വിഭാഗങ്ങൾ യു.ഡി.എഫിനെ പിന്തുണച്ചതും ഇടതുപാർട്ടികളുടെ ഇൗ സമീപനം മൂലമാണ്. കോൺഗ്രസുമായി ധാരണയുണ്ടാക്കിയ തമിഴ്നാട്ടിൽമാത്രമാണ് അവർക്ക് പിടിച്ചുനിൽക്കാനായത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കാണിച്ച അബദ്ധമാണ് പുതിയ തീരുമാനത്തിലൂടെ സി.പി.എം തിരുത്താനൊരുങ്ങുന്നത്. തീർച്ചയായും പശ്ചിമ ബംഗാളിലും മറ്റും അത് പ്രതിഫലിക്കും.
എന്തുകൊണ്ട് ഇൗ തീരുമാനം ഇത്രയും വൈകി എന്നുകൂടി ഇൗയവസരത്തിൽ ആലോചിക്കാവുന്നതാണ്. കേന്ദ്രത്തിലിരിക്കുന്ന എൻ.ഡി.എ സർക്കാർ ഒരു ഫാഷിസ്റ്റ് ഭരണകൂടമാണോ എന്ന ആശയക്കുഴപ്പം ഇനിയും പാർട്ടിയെ വിട്ടുമാറാത്തതുതന്നെയാണ് ഇൗ അലസ സഞ്ചാരത്തിെൻറ പ്രധാന കാരണം. വംശീയ ഉന്മൂലനത്തിെൻറ നേരിട്ടുള്ള ഉപകരണങ്ങൾ പലരൂപത്തിൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഇൗ ഭരണകൂടത്തെ 'ഫാഷിസ്റ്റ്' എന്നു വിശേഷിപ്പിക്കാൻ പ്രകാശ് കാരാട്ടിനെപ്പോലുള്ള നേതാക്കൾ ഇനിയും തയാറായിട്ടില്ല. ഇൗ ആശയപ്രതിസന്ധി സ്വാഭാവികമായും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെയും ബാധിക്കും. അവശേഷിക്കുന്ന തുരുത്തുകൾകൂടി നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ മാത്രമാണിേപ്പാൾ മതനിരപേക്ഷ കക്ഷികളുമായി ലിറ്റ്മസ് ടെസ്റ്റ് കൂടാെതതന്നെ കൂട്ടുചേരാമെന്ന് തീരുമാനിച്ചിരിക്കുന്നത്. പക്ഷേ, അേപ്പാഴുമത് തെരഞ്ഞെടുപ്പ് ധാരണ മാത്രമേ ആകുന്നുള്ളൂ; ഫാഷിസത്തിനെതിരായ വിശാല രാഷ്ട്രീയസഖ്യത്തിലേക്ക് വളരു
േമ്പാഴേ അതിന് പൂർണത ലഭിക്കൂ. ഫാഷിസത്തിനെതിരായ സമരമുഖത്ത് അതിെൻറ ഇരകൾതന്നെ നിലയുറപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. വർഗവിശകലനത്തിെൻറ പരമ്പരാഗത കമ്യൂണിസ്റ്റ് യുക്തിക്കും അപ്പുറത്താണ് ശാഹീൻ ബാഗിൽനിന്നും മറ്റും ഉയർന്നുകേട്ട മുദ്രാവാക്യങ്ങൾ. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മകൾ നടത്തുന്ന ഇത്തരം പ്രക്ഷോഭങ്ങളെ അതിെൻറ കർതൃത്വം വകവെച്ചു അംഗീകരിക്കുന്നതടക്കമുള്ള നവജനാധിപത്യത്തിെൻറ രാഷ്ട്രീയ മാതൃകകൾ പിൻപറ്റാൻകൂടി സി.പി.എമ്മിന് ബാധ്യതയുണ്ട്. അപ്പോൾ മാത്രമേ, ഇൗ തീരുമാനത്തിന് ജനസാമാന്യത്തിെൻറ പിന്തുണയുണ്ടാകൂ. അല്ലാത്തപക്ഷം, പരാജയപ്പെടാനുള്ള മറ്റൊരു തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമായി അത് പരിണമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.