കോൺഗ്രസിലെ പ്രതിസന്ധി
text_fieldsലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വൻ പ്രതിസന്ധിയിലേക്കാണ് ഇന്ത്യൻ നാഷനൽ ക ോൺഗ്രസിനെ എടുെത്തറിഞ്ഞിരിക്കുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ പ്രസിഡൻറ് പദവിയിൽനിന്ന് രാജിവെക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ ശാഠ്യത്തിൽ നിന് ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതിൽ അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, മു തിർന്ന നേതാക്കളായ അഹ്മദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ് തുടങ്ങിയ വരൊന്നും നടത്തിയ തീവ്രശ്രമങ്ങൾ ഇതെഴുതുന്നതുവരെ സഫലമായിട്ടില്ല. കോൺഗ്രസ് നെഹ ്റു കുടുംബത്തിെൻറ സ്വത്താണെന്ന ധാരണ മാറ്റാനാണ് താൻ സാരഥ്യമൊഴിയുന്നതെന്നും സാ ധാരണ പ്രവർത്തകൻ മാത്രമായി തുടരാനാണുദ്ദേശിക്കുന്നതെന്നും രാഹുൽ തീർത്തു പറയുന്ന ു.
ഇത്തരമൊരു കർക്കശ നിലപാടെടുക്കാൻ രാഹുലിനെ പ്രേരിപ്പിച്ചത് കുടുംബവാഴ്ച സംസ്കാരം പാർട്ടിയുടെ ഭീമമായ പരാജയത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാടാകെ ഓടിയും പാറിയും നടന്ന് റഫാൽ വിമാന ഇടപാടിലെ വൻ അഴിമതിക്കെതിരെ താൻ ആഞ്ഞടിക്കുേമ്പാൾ അതേറ്റുപറയാൻ പോലും കോൺഗ്രസ് നേതാക്കളിൽ ആരുമുണ്ടായില്ലെന്നത് രാഹുലിനെ രോഷാകുലനാക്കിയിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും യു.പി.എ സർക്കാറിൽ ധനമന്ത്രിയായിരുന്ന ചിദംബരവും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് െഗഹ്ലോട്ടും അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുമെല്ലാം പാർട്ടിക്ക് പരമാവധി സീറ്റുകൾ നേടിയെടുക്കുന്നതിനല്ല, സ്ഥാനാർഥികളായ സ്വന്തം മക്കളെ ജയിപ്പിക്കാനാണ് സമയം മുഴുവൻ വിനിയോഗിച്ചതെന്ന വസ്തുത പാർട്ടി നേതൃയോഗത്തിൽ രാഹുൽ തുറന്നടിച്ചിട്ടുണ്ട്.
കുടുംബവാഴ്ച മനസ്സ് േകാൺഗ്രസിനെ തകർച്ചയിലേക്ക് നയിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമെല്ലാം മക്കൾ രാഷ്ട്രീയം കോൺഗ്രസിെൻറ എക്കാലത്തെയും ദൗർബല്യമായിരുന്നിട്ടുണ്ട്. മോത്തിലാൽ നെഹ്റു കോൺഗ്രസ് അധ്യക്ഷൻ, മകൻ ജവഹർലാൽ നെഹ്റു പാർട്ടി പ്രസിഡൻറും രാജ്യത്തിെൻറ പ്രധാനമന്ത്രിയും, മകൾ ഇന്ദിര ഗാന്ധി കോൺഗ്രസ് പ്രസിഡൻറും പ്രധാനമന്ത്രിയും, മകൻ രാജീവ് ഗാന്ധി പ്രധാനമന്ത്രി, പത്നി സോണിയ പാർട്ടി അധ്യക്ഷ, മകൻ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷൻ എന്നപരമ്പര വീക്ഷിച്ചാൽ നെഹ്റു കുടുംബമാണ് ഈ സ്ഥിതിവിശേഷത്തിെൻറ ഉത്തരവാദികളെന്ന് കരുതാവുന്നതേയുള്ളൂ.
പക്ഷേ, എല്ലാവരും അത്തരമൊരു മേനാഭാവത്താൽ സ്ഥാനം നേടിയവരല്ലെന്നും നെഹ്റു കുടുംബത്തിന് പുറത്തുള്ള ഒരാളെ പാർട്ടിയുടെ തലപ്പത്തോ ഭരണസാരഥ്യത്തിലോ കൊണ്ടുവരാനാവില്ലെന്ന് തീരുമാനിച്ചത് കോൺഗ്രസ് ഉന്നത നേതൃത്വങ്ങൾ തന്നെയാണെന്നും ഒട്ടൊക്കെ ശരിയായിത്തന്നെ ചൂണ്ടിക്കാട്ടാവുന്നതാണ്. ഇന്ദിര ഗാന്ധിയെക്കുറിച്ച് ചരിത്രകാരന്മാർ വിവാദ വിധേയമായ ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിലും രാജീവ്, സോണിയ, രാഹുൽ ഗാന്ധി ടീമിനെ കുറിച്ച്, അവരുടെ താൽപര്യപ്രകാരമാണ് പാർട്ടിയുടെ തലപ്പത്ത് അവരോധിക്കപ്പെട്ടതെന്ന് വാദിക്കുന്നതിൽ ശരിയില്ല.
വിശിഷ്യ, രാജീവ് ഗാന്ധി വധിക്കപ്പെട്ടശേഷം അദ്ദേഹത്തിെൻറ വിധവ സോണിയയും മക്കളും രാഷ്ട്രീയത്തിൽനിന്ന് തീർത്തും വിട്ടുനിൽക്കാനാണാഗ്രഹിച്ചത്. പകരംവന്ന നരസിംഹറാവു, സീതാറാം കേസരി പ്രഭൃതികൾ കോൺഗ്രസിെൻറ ശവക്കുഴി തോണ്ടുമെന്ന ദിക്കായപ്പോഴാണ് പാർട്ടിയുടെ നിർബന്ധപ്രകാരം സോണിയ ഗാന്ധി അധ്യക്ഷപദവി ഏറ്റെടുത്തത്. യു.പി.എയുടെ ആദ്യമൂഴം വന്നപ്പോൾ പ്രധാനമന്ത്രിയാവാനുള്ള സമ്മർദത്തെയും അവർ പ്രതിരോധിച്ചു, മൻമോഹൻ സിങ്ങിനെ തൽസ്ഥാനത്ത് അവരോധിച്ചതും സംഭവമാണ്.
ചുരുക്കത്തിൽ, കോൺഗ്രസിെൻറ ദൗർബല്യമോ യാഥാർഥ്യബോധമോ ആണ് നെഹ്റു കുടുംബത്തിൽനിന്നുതന്നെ വേണം സാരഥികൾ എന്ന നിർബന്ധം. പ്രത്യയശാസ്ത്രപരമായി ഭദ്രമായ അടിത്തറയോ േകഡർ സ്വഭാവമോ ഇല്ലാത്ത ഒരാൾക്കൂട്ട പാർട്ടിക്ക് ഇങ്ങനെയൊക്കെയേ നിലനിൽക്കാനും മുന്നോട്ടുനീങ്ങാനും സാധിക്കൂ. പക്ഷേ, നെഹ്റു കുടുംബത്തിെൻറ മാതൃകയാണെന്നും പറഞ്ഞ് നേതാക്കളൊക്കെ മക്കളെയും കുടുംബാംഗങ്ങളെയും രാഷ്ട്രീയത്തിലിറക്കി, അവരുടെ സ്ഥാനലബ്ധിക്കും വിജയത്തിനുമായി പാർട്ടി താൽപര്യങ്ങളെ ബലികഴിക്കാനൊരുെമ്പട്ടാൽ ജനങ്ങളുടെ തിരസ്കാരത്തിലാണത് കലാശിക്കുക. ഇപ്പോൾ സംഭവിച്ചതുപോലുള്ള സമ്പൂർണ പരാജയം അനിവാര്യമായിത്തീരുകയും ചെയ്യും.
കുടുംബവാഴ്ച ഭ്രമം മാത്രമല്ല കോൺഗ്രസിെൻറ ബലഹീനത. മിക്ക സംസ്ഥാനങ്ങളിലും തൃണമൂലതലത്തിൽ പാർട്ടിക്ക് അടിത്തറ നഷ്ടപ്പെട്ടിരിക്കുന്ന സത്യം തിരിച്ചറിയുക തന്നെ വേണം. അടിസ്ഥാനാദർശങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവും കൈയൊഴിഞ്ഞ് അവസരവാദവും തത്ത്വദീക്ഷയില്ലായ്മയും അഴിമതിയും മുഖമുദ്രകളായാൽ അനിവാര്യമായ പതനത്തിൽനിന്ന് ഒരുവിധത്തിലും കര കേറാനാവില്ല തന്നെ. സമസ്ത പ്രചാരണോപാധികളും കൈയടക്കിവെച്ച്, കോർപറേറ്റുകളുടെ സമ്പൂർണ സഹകരണത്തോടെ, അതിശക്തമായ ആർ.എസ്.എസിെൻറ സംഘടനശക്തിയുടെ പിൻബലത്തിൽ തികച്ചും ആസൂത്രിതമായി രാജ്യഭരണം കൈയേറ്റിരിക്കുന്ന ബി.ജെ.പിയെ തളക്കാൻ അച്ചടക്കമോ കെട്ടുറപ്പോ ഇല്ലാത്ത ഒരു പാർട്ടിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വെറും വ്യാമോഹമായിരിക്കും.
എന്നിരിക്കെ, കോൺഗ്രസ് പ്രവർത്തക സമിതി ഉടനടി വേണ്ടത്, വ്യക്തിതാൽപര്യങ്ങളും ഗ്രൂപ്പിസവും മക്കൾ സ്നേഹവുമൊക്കെ മാറ്റിനിർത്തി, ആപദ്ഘട്ടത്തിൽ ഒറ്റക്കെട്ടായി പാർട്ടി പിന്നിലുണ്ടാവുമെന്ന വിശ്വാസം രാഹുൽ ഗാന്ധിയിൽ സൃഷ്ടിക്കുകയാണ്. അത്രപോലും സാധ്യമായില്ലെങ്കിൽ അപരിഹാര്യമായ പതനത്തിൽനിന്ന് 134 വർഷത്തെ പാരമ്പര്യമുള്ള ദേശീയ പ്രസ്ഥാനത്തെ കരകയറ്റാൻ ഒരാൾക്കും കഴിയാതെവരും. അതാവട്ടെ, ഇന്നത്തെ സാഹചര്യത്തിൽ ജനാധിപത്യ ഇന്ത്യക്ക് താങ്ങാവുന്നതിലപ്പുറമായിരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.