ന്യായാലയ പ്രതിസന്ധി: അടിയന്തര പോംവഴി അനിവാര്യം
text_fieldsപരമോന്നത നീതിപീഠത്തിെൻറ വിശ്വാസ്യതക്കുമേൽ കനത്ത പ്രഹരമേൽപിച്ചുകൊണ്ട് മുതിർന്ന നാല് ന്യായാധിപന്മാർ മാധ്യമങ്ങളിലൂടെ രാജ്യത്തെ അഭിമുഖീകരിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ അസാധാരണവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ്. പരമോന്നത കോടതിയിലെ മുഖ്യ ന്യായാധിപെൻറ ഭരണനിർവഹണ ശൈലിയും അധികാര നടപടിക്രമങ്ങളും തെറ്റാണെന്നാണ് മുതിർന്ന നാല് ജഡ്ജിമാരുടെ ആരോപണം. കോടതി വ്യവഹാരത്തിലെ ചട്ടപ്രശ്നമെന്ന രീതിയിൽ ന്യായാധിപന്മാർ ഇരുന്ന് തീർപ്പാക്കാവുന്ന ആഭ്യന്തരപ്രശ്നമായി ലഘൂകരിക്കാവുന്നതല്ല വെള്ളിയാഴ്ച വാർത്തസമ്മേളനത്തിലൂടെ ഏറ്റവും മുതിർന്ന, കൊളീജിയം അംഗങ്ങൾകൂടിയായ ജെ. ചെലമേശ്വർ, മദൻ ലോകുർ, കുര്യൻ ജോസഫ്, രഞ്ജൻ ഗൊഗോയ് എന്നിവർ നടത്തിയ ഏറ്റുപറച്ചിലിൽ ഉന്നയിച്ച പ്രശ്നങ്ങൾ.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ആണ്ടുകിടക്കുന്ന ജനാധിപത്യവിരുദ്ധതയുടെയും ജുഡീഷ്യറിയുടെ ആദരവ്, പവിത്രത, നിഷ്പക്ഷത തുടങ്ങിയ പ്രയോഗങ്ങളിൽ ഒളിച്ചുവെച്ചിരിക്കുന്ന അധികാര ദുർവിനിയോഗങ്ങളുടെയും മേൽമൂടിയാണവർ പൊതുജനമധ്യത്തിൽ തുറന്നുവെച്ചിരിക്കുന്നത്. ഇന്ത്യൻ നിയമസംവിധാനത്തെക്കുറിച്ച് ആഴമേറിയ പുനരാലോചന ആവശ്യപ്പെടുന്ന അടിയന്തരപ്രാധാന്യമുള്ള വസ്തുതകളിലേക്കാണവ വിരൽചൂണ്ടുന്നത്.
‘‘സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിപീഠം ജനാധിപത്യത്തിെൻറ നിലനിൽപിന് അനിവാര്യമാണ്. പരിഹാരനടപടിക്ക് ചീഫ് ജസ്റ്റിസിനെ പ്രേരിപ്പിച്ചതാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, ഞങ്ങൾ പരാജയപ്പെട്ടു. സുപ്രീംകോടതിയുടെ അന്തസ്സ് കാത്തുസൂക്ഷിച്ചില്ലെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല.’’ ‘‘ഞങ്ങൾ നിശ്ശബ്ദരായിരുന്നുവെന്നും ഭരണഘടനയനുസരിച്ചുള്ള ശരി ചെയ്തില്ലെന്നും നാളെ പറയരുത്.’’ ചീഫ് ജസ്റ്റിസ് കീഴ്വഴക്കങ്ങളും പാരമ്പര്യങ്ങളും ലംഘിച്ച് ഇഷ്ടമുള്ള ബെഞ്ചിന് കേസുകൾ കൈമാറുന്നത് കൃത്യമായ അധികാര ദുർവിനിയോഗവും നീതിഹത്യക്കുവേണ്ടിയുമാെണന്ന് ജഡ്ജിമാരുടെ മേൽപ്രസ്താവനകൾ സൂചിപ്പിക്കുന്നു. ജസ്റ്റിസ് കർണനെ അയോഗ്യനാക്കിയ കേസ്, ജഡ്ജി ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് തുടങ്ങിയവയിലെല്ലാം സ്വതാൽപര്യങ്ങളെയും ബാഹ്യസമ്മർദങ്ങളെയും സംരക്ഷിക്കാനാണ് ഈ വഴിവിട്ട നീക്കങ്ങളെന്നാണ് ഉന്നതസ്ഥാനീയരായ നാലു ന്യായാധിപന്മാരുടെ പ്രയോഗങ്ങൾ പരോക്ഷമായി പറയുന്നത്. അവയുടെ പ്രായോജകർ കേന്ദ്രഭരണത്തിലിരിക്കുന്നവരും.
ഉന്നത നീതിപീഠങ്ങളിലെ മൂല്യച്യുതി നേരിടാനായി സുപ്രീം കോടതി കൊണ്ടുവന്ന പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതിൽ ഭൂരിഭാഗം ന്യായാധിപന്മാർ മാത്രമല്ല, മുഖ്യന്യായാധിപനും പരാജയമാെണന്നത് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടുന്നതുപോലെ അത്ര ‘ചെറുത’ല്ലാത്ത കാര്യങ്ങളാണ്. അതുകൊണ്ടാണ് ഉന്നത നീതിപീഠത്തിെൻറ യശസ്സിനെ കളങ്കപ്പെടുത്തുന്ന സ്ഫോടനാത്മകമായ വാർത്തസമ്മേളനത്തെ നീതിന്യായ ചരിത്രത്തിലെ രജതരേഖയായി നിയമമേഖലയിലെ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവർ ഏകസ്വരത്തിൽ വ്യക്തമാക്കുന്നത്.
വിമർശനം ഉന്നയിച്ച ന്യായാധിപന്മാർ വിധിന്യായത്തിലെ സൂക്ഷ്മതയിലും സത്യസന്ധതയിലും പേരുകേട്ടവരും കൊളീജിയത്തിൽ അംഗത്വമുള്ളവരുമാണ്. അവരുന്നയിച്ച വിമർശനങ്ങളെ ഗൗരവപൂർവം ഉൾക്കൊള്ളാനും ഇന്ത്യൻ നീതിന്യായ സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താനും പാർലമെൻറ് സന്നദ്ധമാകേണ്ടതുണ്ട്. ജനാധിപത്യവത്കരണം, സുതാര്യത ഉറപ്പുവരുത്തൽ, നീതിയോടുള്ള പ്രതിബദ്ധത, ബാഹ്യപരമായ സ്വാധീനത്തിൽനിന്നുള്ള വിമുക്തി തുടങ്ങിയവ ലക്ഷ്യംവെച്ചായിരിക്കണം ഈ മാറ്റങ്ങൾ. ന്യായാധിപരും കോടതിവിധികളും വിമർശനാതീതരാെണന്ന സങ്കൽപനംതന്നെ എടുത്തുമാറ്റേണ്ടിയിരിക്കുന്നു. ന്യായാധിപരുടെ രാഷ്ട്രീയം വിധികളെ സ്വാധീനിക്കുന്നുണ്ടെന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് ദേശീയഗാനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികൾ. അതുകൊണ്ടുതന്നെ ന്യായാധിപന്മാരും അവരുടെ വിധിന്യായങ്ങളും ചേർത്തുനിർത്തിയുള്ള വിശകലനങ്ങൾക്കു കൂടി തുറന്ന അവസരമുണ്ടാകുമ്പോഴേ നീതിപീഠങ്ങളുടെ ജനാധിപത്യം സാക്ഷാത്കൃതമാകൂ.
കോടതികളെ അപവിത്രീകരിക്കുകയും നിയമപരമായി അംഗീകരിച്ച് വിധികൾ നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയ ബോധം സൃഷ്ടിക്കപ്പെേടണ്ടതുണ്ട്. കോടതിയലക്ഷ്യമെന്ന പരികൽപനക്കുള്ളിൽ സാമൂഹിക വിചാരണയിൽനിന്ന് രക്ഷതേടുന്നതിലൂെടയാണ് കോടതിമുറികളിൽ ജീർണത പെരുകിപ്പരക്കുന്നത്. ഇന്ത്യയിലെ നീതിന്യായ നിർവഹണത്തെക്കുറിച്ച് വിവിധ മേഖലകളിൽനിന്ന് മുൻകാലത്തുതന്നെ ഉയർന്നുവന്ന വിമർശനങ്ങളുടെ കാതലായ നീതിപീഠത്തിെൻറ ജനാധിപത്യവത്കരണത്തിന് പാർലമെൻറ് സമഗ്രമായ നിയമനിർമാണം നടത്തണമെന്നതാണ് പുതിയ വിവാദ പശ്ചാത്തലത്തിൽ ശക്തമായി ഉന്നയിക്കേണ്ട ആവശ്യം. ദൗർഭാഗ്യവശാൽ സുപ്രീംകോടതിലെ മുതിർന്ന ന്യായാധിപന്മാരുന്നയിച്ച വ്യതിചലനപ്രശ്നത്തിലെ പ്രധാന പ്രതി കേന്ദ്രം ഭരിക്കുന്ന പാർട്ടികൂടിയാണ്. അവർക്ക് സ്വാധീനമുള്ള പാർലമെൻറ് ഇത്തരമൊരു നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെടുന്നതിലെ ദുരവസ്ഥയാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന മൗലിക പ്രതിസന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.