സയണിസ്റ്റ് രാഷ്ട്രത്തിന്റെ പ്രതിസന്ധി
text_fieldsഫലസ്തീൻ വിമോചന പ്രതിരോധ പ്രസ്ഥാനമായ ഹമാസിനെ ഉന്മൂലനം ചെയ്യാനും ഗസ്സയെ മനുഷ്യമുക്തമാക്കാനും ലക്ഷ്യമിട്ട് ഏതാണ്ട് ഒമ്പതുമാസം മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരംഭിച്ച യുദ്ധം, ലോക ജനാഭിപ്രായവും ഐക്യരാഷ്ട്ര സഭ പ്രമേയങ്ങളുമെല്ലാം കാറ്റിൽപറത്തി അവിരാമമായി തുടരുമ്പോൾ സയണിസ്റ്റ് ഭരണകൂടവും സ്റ്റേറ്റും ഒരുപോലെ അഭൂതപൂർവമായ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് മാധ്യമങ്ങളും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
ഇതിനകം ഗസ്സയിലെ 37,000 മനുഷ്യജീവനുകളെ കൊന്നുതള്ളുകയും 86,000 പേരെ ഗുരുതരമായ പരിക്കേൽപിക്കുകയും ചെയ്തിട്ടും ഹമാസോ ഫലസ്തീൻ ജനതയോ പിന്മാറാൻ തയാറല്ല. 240 ബന്ദികളിൽ വിട്ടയക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമൊഴികെയുള്ളവരെ മോചിപ്പിക്കാൻ ഇസ്രായേൽ പടക്ക് സാധിക്കുന്നുമില്ല. ആഭ്യന്തര രംഗത്താകട്ടെ കടുത്ത ജനകീയ പ്രതിഷേധങ്ങളും സർക്കാർ വിരുദ്ധ പ്രകടനങ്ങളും അനുദിനം ശക്തിപ്രാപിക്കുകയാണ്.
അതിനിടയിലാണ് നേരത്തേ നിർബന്ധ സൈനിക സേവനത്തിൽനിന്ന് 26 വയസ്സ് വരെ വിടുതൽ നൽകിയിരുന്ന തീവ്ര യാഥാസ്ഥിതിക ജൂതവിഭാഗമായ യെശിവ വിദ്യാർഥികളിൽ 21 വയസ്സ് തികഞ്ഞവരെയെല്ലാം സൈനികസേവനത്തിന് വിളിച്ചതിനെതിരായ പ്രതിഷേധം അക്രമാസക്തമായി കനത്ത സുരക്ഷ ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. 60,000 മതവിദ്യാർഥികളെ പട്ടാളപ്പണിക്ക് നിർബന്ധിക്കുന്നതിനെതിരെ അതിതീവ്ര ജൂതസമൂഹത്തിനിടയിൽ പതഞ്ഞുപൊങ്ങുന്ന രോഷം, നെതന്യാഹു ഗവൺമെന്റിനെ താങ്ങിനിർത്തുന്ന തീവ്ര വലതുപക്ഷ പാർട്ടിക്കാരെ എരിപൊരി കൊള്ളിക്കുന്നു. 1,70,000 സൈനികരും നാലുലക്ഷത്തിലധികം റിസർവ് പട്ടാളക്കാരുമുള്ള ഇസ്രായേലിന് ഇത്തരമൊരു പ്രതിസന്ധി വന്നുപെട്ടതിന്റെ സാഹചര്യം വ്യക്തമാണ്.
മണിക്കൂർതോറും ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയുടെ സാമ്പത്തിക-സൈനിക സഹായങ്ങൾ ഒഴുകിയെത്തുമ്പോഴും സയണിസ്റ്റ് പടക്ക് പിടിച്ചുനിൽക്കാനാവുന്നില്ല. അമേരിക്കൻ മാരകായുധങ്ങളുടെ മുന്നിൽ വെറും വട്ടപ്പൂജ്യമെന്ന് വിശേഷിപ്പിക്കേണ്ട പിച്ചാങ്കത്തിയും കവണയും മാത്രമുള്ള ഹമാസിന്റെ മുന്നിലാണ് ഈ കിതപ്പും നിസ്സഹായതയുമെന്ന് ഓർക്കുമ്പോഴാണ് അവരുടെ അഹന്ത ഉരുകി ഒലിച്ചുപോകുന്നത്.
കൂനിന്മേൽ കുരുവെന്നവണ്ണം 2006ൽ നേരിട്ടുള്ള യുദ്ധത്തിൽ ജൂതപ്പടയെ വെള്ളം കുടിപ്പിച്ച ലബനാനിലെ ഹിസ്ബുല്ല മിലീഷ്യ ഇസ്രായേൽ ഉത്തരാതിർത്തിയിൽ യുദ്ധസന്നദ്ധരായി നിലയുറപ്പിച്ചിരിക്കുകയാണ്. ലബനാനാകാശത്ത് വട്ടമിട്ട് പറക്കുന്ന ഇസ്രായേലി യുദ്ധവിമാനങ്ങൾക്ക് ഗസ്സയിലേതുപോലെ ബോംബ് വർഷിക്കാൻ തെൽ അവീവിൽനിന്ന് ഉത്തരവ് ലഭിക്കുന്നില്ല. ഏറ്റുമുട്ടിയാൽ വിവരമറിയും എന്ന അനുഭവസത്യംതന്നെ കാരണം. അമേരിക്ക ഉൾപ്പെടെയുള്ള രക്ഷാധികാരികൾ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നത് അപകടകരമാവും എന്ന് മുന്നറിയിപ്പും നൽകുന്നു.
ലബനാൻ അതിർത്തിയിൽനിന്ന് യുദ്ധപശ്ചാത്തലത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട 60,000 ഇസ്രായേൽ പൗരർ അഭയാർഥി ക്യാമ്പുകളിൽ പിടിച്ചുനിൽക്കാനോ വാസസ്ഥലങ്ങളിലേക്ക് തിരിച്ചുപോവാനോ സാധിക്കാതെ നെതന്യാഹു ഭരണകൂടത്തിന്റെ തലവേദന ദ്വിഗുണീഭവിപ്പിക്കുകയും ചെയ്യുന്നു.
അനുദിനം രൂക്ഷമാവുന്ന പ്രതിസന്ധിയിൽനിന്ന് തലയൂരാൻ നെതന്യാഹുവിനുള്ള തടസ്സം സ്വന്തം ഭാവിയെക്കുറിച്ച കടുത്ത ആശങ്ക തന്നെയാണെന്നതാണ് വാസ്തവം. പ്രഖ്യാപിത ലക്ഷ്യം നേടാതെ യുദ്ധവിരാമത്തിന് വഴങ്ങിയാൽ പിന്തുണ പിൻവലിക്കുമെന്ന മന്ത്രിസഭയിലെ തീവ്രവലതുപക്ഷത്തിന്റെ വാശി ഒരുവശത്ത്. ഇനിയൊരിക്കലും തനിക്ക് പ്രധാനമന്ത്രിസ്ഥാനത്ത് തുടരാനാവില്ലെന്ന് മാത്രമല്ല, യുദ്ധക്കുറ്റവാളിയായി മുദ്രകുത്തപ്പെടുമോ എന്ന ഭീതി മറുവശത്തും. അതിനിടെയാണ് ഇസ്രായേലിലെതന്നെ നിരീക്ഷകരും സൈനിക വിദഗ്ധരും ഒരിക്കലും യുദ്ധം വിജയിക്കാൻ പോവുന്നില്ലെന്ന് ഓർമപ്പെടുത്തുന്നത്.
‘ഹമാസ് ഒരാദർശമാണ്, ഒരു പാർട്ടിയാണ്. ജനഹൃദയങ്ങളിലാണ് അത് വേരുറപ്പിച്ചിരിക്കുന്നത്. നമുക്ക് ഹമാസിനെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്നാരെങ്കിലും കരുതുന്നുവെങ്കിൽ അത് തെറ്റാണ്’ എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഇസ്രായേൽ പ്രതിരോധ സേനയുടെ വക്താവായ റിയർ അഡ്മിറൽ ഡാനിയൽ ഹാഗരി തന്നെയാണ്. രക്ഷകർത്താവായ അമേരിക്ക, യുദ്ധവിരാമത്തിനുള്ള എല്ലാ യു.എൻ രക്ഷാസമിതി പ്രമേയങ്ങളും വീറ്റോ ചെയ്തിരിക്കെതന്നെയാണ് ഒടുവിൽ ഘട്ടംഘട്ടങ്ങളായുള്ള യുദ്ധവിരാമം മുന്നോട്ടുവെച്ചത്. അതാകട്ടെ, ഹമാസും മാധ്യസ്ഥരായ ഈജിപ്തും ഖത്തറും അംഗീകരിച്ചു, യു.എൻ രക്ഷാസമിതി പ്രമേയരൂപത്തിൽ എതിരില്ലാതെ ഫോർമുല പാസാക്കുകയും ചെയ്തു.
നെതന്യാഹുവിന്റെയും കൂട്ടാളികളുടെയും ഭാവി നിശ്ചയമായും അനിശ്ചിതത്വത്തിലാണ്. ഇസ്രായേലിന്റെ സുരക്ഷക്കും ഗാരന്റിയൊന്നുമില്ല. അതുപക്ഷേ സംശയാതീതമായി തെളിയുന്നതിന് മുമ്പ് കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന എത്രയേറെ നിരപരാധികളുടെ ജീവഹാനിക്ക് ലോകം സാക്ഷിയാവേണ്ടിവരുമെന്നതാണ് വേദനാജനകമായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.