കസ്റ്റഡി മരണങ്ങൾ അനന്തമായ തുടർക്കഥ
text_fieldsവായ്പ വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസിൽ നെടുങ്കണ്ടം ഹരിത ഫിനാൻസ് ഉടമ വാഗമൺ സ്വദേശി രാജ്കുമാർ പൊലീസ് കസ്റ്റഡിയിലിരിക്കെ അതിക്രൂരമാ യ മർദനത്തെ തുടർന്ന് മരണപ്പെട്ട സംഭവം സംസ്ഥാന പൊലീസിനെയും സർക്കാറിനെയും പ് രതിക്കൂട്ടിലാക്കിയത് യാദൃച്ഛികമല്ല. ജൂൺ 12ന് നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടു ത്ത രാജ്കുമാറിെൻറ അറസ്റ്റ് രേഖപ്പെടുത്തിയത് 15ന് രാത്രിയും കോടതിയിൽ ഹാജരാക്കുന്നത് 16ന് രാത്രി 9.30നുമായിരുന്നെന്നും റിമാൻഡിലായ കുറ്റാരോപിതനെ പീരുമേട് സബ് ജയിലിലേക്ക് മാറ്റിയ ശേഷം ആേരാഗ്യനില മോശമായപ്പോൾ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 21നുതന്നെ അയാൾ മരിക്കുകയും ചെയ്തുവെന്ന വിവരമാണ് പുറത്തുവന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മൂർച്ചയില്ലാത്ത ആയുധമുപയോഗിച്ചുള്ള പീഡനം മൂലം 30 ലധികം പരിക്കുകൾ കാലുകളിൽ മാത്രമുണ്ടായിരുന്നു. 2016ൽ സംസ്ഥാനത്ത് ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന കേരള പൊലീസിനെതിരെ ഉന്നയിക്കപ്പെടുന്ന അഞ്ചാമത്തെ കസ്റ്റഡി മരണമാണിത്. രാജ്കുമാർ മരിച്ചതിൽ സംശയകരമായ സാഹചര്യമുണ്ടെന്ന് നിയമസഭയിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി എസ്.പി ഉൾപ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കുമെന്നും പ്രത്യേക സംഘത്തെ ഉപയോഗിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ഉറപ്പുനൽകുകയുണ്ടായി.
പൊലീസുദ്യോഗസ്ഥരിൽ ചിലരെ സസ്പെൻഡ് ചെയ്യുകയും ചിലരെ സ്ഥലംമാറ്റുകയും ചെയ്തതിനുപുറെമ രണ്ടാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, െപാലീസിെൻറ ഭാഗത്തുനിന്നുണ്ടാവുന്ന അത്യാചാരങ്ങളെക്കുറിച്ച് പൊലീസ് അേന്വഷിക്കുന്നതുകൊണ്ട് നീതി പ്രതീക്ഷിക്കാനാവില്ലെന്ന നിലപാടിൽ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽപോലും സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് വിട്ടുനൽകാൻ ഹൈകോടതി തയാറായ അനുഭവം അടുത്തകാലത്തൊന്നും ഇല്ലെന്നിരിക്കെ ഏതെങ്കിലും റിട്ട. ജഡ്ജിയാണ് അന്വേഷണ ചുമതലയേൽക്കേണ്ടിവരുക. നിരവധി തവണ നീട്ടിക്കിട്ടിയ അവധിക്കുശേഷം സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനോ അതിന്മേൽ നടപടി സ്വീകരിക്കാനോ ഒരു സർക്കാറും ബാധ്യസ്ഥമല്ലതാനും. അപ്പോഴേക്കും സംഭവത്തിെൻറ ചൂരും ചൂടും കെട്ടടങ്ങിയിരിക്കുമെന്നതാണ് ഇതിെൻറ സ്വാഭാവികഫലം. വേണ്ടത് സമഗ്രവും സത്വരവുമായ അന്വേഷണവും തുടർ നടപടികളുമാണ്. പക്ഷേ, നമ്മുടെ പൊലീസിൽനിന്ന് അത് പ്രതീക്ഷിക്കാമോ എന്നതാണ് കാതലായ സംശയം.
ഇന്ത്യയിൽ കസ്റ്റഡി മരണങ്ങൾ ഭീതിദമായ തോതിൽ വർധിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. 2015-16ൽ മാത്രം രാജ്യത്ത് 4000 കസ്റ്റഡി മരണങ്ങളുണ്ടായെന്നാണ് ദേശീയ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട്. രണ്ടു കാരണങ്ങളാണ് മുഖ്യമായും ഈ ദുരവസ്ഥക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്ന്, പൊലീസിെൻറ നിലവാരത്തകർച്ചയും കെടുകാര്യസ്ഥതയും അലംഭാവവും. രണ്ട്, കസ്റ്റഡി പീഡനങ്ങൾക്കെതിരെ ശക്തമായ നിയമനിർമാണത്തിെൻറ അഭാവം. കസ്റ്റഡി പീഡനങ്ങൾക്കെതിരായ 1975ലെ യു.എൻ കൺവെൻഷനിൽ 1997ൽ ഒപ്പിട്ട രാജ്യമാണ് ഇന്ത്യ. പീഡനത്തിനെതിരായ സുരക്ഷ മാനദണ്ഡങ്ങൾ പലേപ്പാഴായി സുപ്രീംേകാടതി നിർണയിച്ചിട്ടുമുണ്ട്. പക്ഷേ, തദനുസൃതമായ നിയമനിർമാണത്തിന് ഇന്നേവരെ രാജ്യം ഭരിച്ചവർ തയാറായിട്ടില്ലെന്നുമാത്രം. പൊലീസാകട്ടെ, തദ്വിഷയകമായ വിമർശനങ്ങൾക്ക് പുല്ലുവില കൽപിക്കുന്ന പതിവ് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. നെഞ്ചളവും ശാരീരിക യോഗ്യതയും മിനിമം വിദ്യാഭ്യാസവും മാത്രം കണക്കിലെടുത്ത് പൊലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവർ ഹ്രസ്വകാലത്തെ അപര്യാപ്തമായ പരിശീലനത്തിനുശേഷം നിയമവാഴ്ച നടപ്പാക്കുന്നതിനും ക്രമസമാധാനം പാലിക്കുന്നതിനും നിയോഗിക്കപ്പെടുന്നതാണ് സാമാന്യമായ രീതി. അവരിൽ കുറ്റവാളികളും രാഷ്ട്രീയ പക്ഷപാതിത്വവും വർഗീയതയും വേണ്ടതിലധികമുള്ളവരും കൈക്കൂലിക്കാരും സുലഭമാവുക സ്വാഭാവികം മാത്രമാണ്. അധികാരത്തിലിരിക്കുന്ന പാർട്ടിയോ മുന്നണിയോ ഏതാണെങ്കിലും അവരുടെ ഭരണകാലത്ത് പൊലീസിനെ ന്യായീകരിക്കുന്നതും പ്രതിപക്ഷത്താവുേമ്പാൾ അതേ പൊലീസിനെതിരെ ഒച്ചവെക്കുന്നതുമാണ് എല്ലായ്പോഴും സംഭവിക്കുന്നത്. അതിനാൽതെന്ന വിമർശനങ്ങളോ പ്രതിഷേധങ്ങളോ ഒന്നും പൊലീസിൽ ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല.
കേരള പൊലീസ് സേനയിലെ 1129 ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികളാണെന്ന വിവരാവകാശ രേഖ പുറത്തുവന്നിട്ട് നാളുകൾ കുറച്ചായി. ഇവരിൽ 10 പേർ ഡി.എസ്.പി റാങ്കിലും 46 പേർ സി.ഐ റാങ്കിലും 230 പേർ എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ളവരാണെന്നും രേഖയിലുണ്ട്. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തുമാത്രം ഇവരിൽ 250 പേർ ജോലിചെയ്യുന്നുണ്ടത്രേ. 2018 നവംബറിൽ ഈ വിവരം പുറത്തുവന്നപ്പോൾ സർക്കാർ ഡി.ജി.പി അധ്യക്ഷനായി അഞ്ചംഗസമിതി രൂപവത്കരിച്ചു. പക്ഷേ, സമിതി പരിശോധിച്ചപ്പോൾ പൊലീസുകാർ പ്രതികളായ 350 കേസുകളേ കണ്ടെത്തിയുള്ളൂ. പൊലീസ് ഓഫിസർ ക്രിമിനൽ കേസ് പ്രതിയായാൽ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും നിരപരാധിത്വം തെളിയിക്കാനായില്ലെങ്കിൽ പിരിച്ചുവിടണമെന്നുമാണ് പൊലീസ് നിയമത്തിലെ 86ാം വകുപ്പിലെ വ്യവസ്ഥ. അതു ബാധകമാക്കാവുന്ന 59 കേസുകളേ അഞ്ചംഗസമിതിയുടെ കണ്ണിൽപെട്ടുള്ളൂ. മല എലിയെ പ്രസവിച്ച പ്രതീതി. ഇതാണ് രാജ്യത്ത് സാമാന്യം ഭേദപ്പെട്ടതെന്ന ഖ്യാതിയുള്ള കേരള പൊലീസിെൻറപോലും സ്ഥിതിയെങ്കിൽ മൂന്നാംമുറയെക്കുറിച്ചും തന്മൂലമുള്ള മരണങ്ങളെക്കുറിച്ചും ആരോട് പരാതിപ്പെടാൻ, പരാതിപ്പെട്ടിട്ട് എന്തു കാര്യം?
നീതിപൂർവമായ നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും അക്ഷരാർഥത്തിൽ ജനമൈത്രി പൊലീസായിരിക്കണമെന്നും പൊലീസിനെ ബോധ്യെപ്പടുത്തണമെങ്കിൽ അങ്ങനെയൊരു ശാഠ്യവും ആവശ്യവും ഭരിക്കുന്നവർക്കുണ്ടാവണം. അതവർക്കുണ്ടാവണമെങ്കിൽ രാഷ്ട്രീയവും വിഭാഗീയവുമായ താൽപര്യങ്ങളിൽനിന്ന് അവർ സ്വയം മുക്തരാവണം. യഥാർഥ കൊലപാതകികളെ ഒളിപ്പിച്ച് വ്യാജപ്രതികളെ ഹാജരാക്കാൻ പൊലീസിനെ നിർബന്ധിക്കുന്നത് മുതൽ ജയിലുകളിൽ കൊടും ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം സൃഷ്ടിക്കുന്നതുവരെയുള്ളവരാൽ നിയന്ത്രിക്കപ്പെടുന്ന സർക്കാറുകൾക്ക് ആർജവവും സത്യസന്ധതയും മനുഷ്യത്വവുമുള്ള പൊലീസ് സേനയെ വളർത്തിയെടുക്കാനോ നിലനിർത്താനോ കഴിഞ്ഞാൽ അത് മഹാത്ഭുതമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.