ദലിത് ഉയിർത്തെഴുന്നേൽപ് അടിച്ചമർത്താനുള്ളതല്ല
text_fieldsപുതുവർഷാരംഭത്തിൽ മഹാരാഷ്ട്രയിലെ പുണെക്കടുത്ത് ദലിതരായ മഹർ സമുദായം സംഘടിപ്പിച്ച കൂറ്റൻ പരിപാടിക്കുനേരെ സവർണ തീവ്രവിഭാഗം നടത്തിയ അക്രമങ്ങളും തുടർന്നുണ്ടായ പ്രതിഷേധവും ഹർത്താലുമെല്ലാം ദേശീയതലത്തിൽ ചർച്ചാവിഷയമായത് ഈ സംഭവങ്ങൾക്കു രാഷ്ട്രീയവും സാമൂഹികവുമായ നിരവധി മാനങ്ങളുള്ളതുകൊണ്ടാണ്. വിഷയം പാർലമെൻറിലും ബുധനാഴ്ച പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കുകയുണ്ടായി.
ജനുവരി ഒന്നിന് ഭീമ–കൊരെഗാവ് യുദ്ധത്തിെൻറ 200ാം വാർഷികം ദലിത് വിഭാഗം 10 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയപ്പോൾ സവർണ, ഹിന്ദുത്വശക്തികൾ പരിപാടിക്കുനേരെ അക്രമങ്ങൾ അഴിച്ചുവിട്ടതാണ് സംസ്ഥാന വ്യാപകമായ പ്രതിഷേധ പ്രക്ഷോഭങ്ങൾക്ക് വഴിമരുന്നിട്ടത്. ഇതിനകം രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ദലിത് നേതാവും അംബേദ്കറുടെ പേരമകനുമായ പ്രകാശ് അംബേദ്കർ ബുധനാഴ്ച ആഹ്വാനംചെയ്ത ബന്ദ് മുംബൈ മഹാനഗരത്തിലടക്കം ജനജീവിതം സ്തംഭിപ്പിച്ചു. മെേട്രാ അടക്കമുള്ള ട്രെയിൻ ഗതാഗതം മാത്രമല്ല, വ്യോമഗതാഗതംപോലും താളംതെറ്റി എന്നതിൽനിന്നുതന്നെ പ്രതിഷേധജ്വാല അത്യപൂർവമായിരുന്നുവെന്ന് മനസ്സിലാക്കാം. സ്ഥിതിഗതികൾ വഷളാവുമെന്ന് മുൻകൂട്ടി കണ്ടാവണം 24 മണിക്കൂർ ബന്ദ്, ബുധനാഴ്ച വൈകീട്ടോടെ പിൻവലിച്ചത്. എങ്കിലും ദലിതരുടെ രോഷം രാജ്യമെങ്ങും നീറിപ്പുകയുന്നുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു പിന്നിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ ദലിതരുടെ ശാക്തീകരണ ചരിത്രവുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കുമ്പോഴാണ് ദേശീയതലത്തിൽ സമീപകാലത്തായി കാണപ്പെട്ട അധ$സ്ഥിതരുടെ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപിെൻറ അനുരണനങ്ങൾ അവ ഉൾവഹിക്കുന്നുണ്ടെന്ന് തിരിച്ചറിയാനാവുന്നത്.
പുണെക്കടുത്തുള്ള ഭീമ കൊറഗോൺ എന്ന കുഗ്രാമം ചരിത്രത്തിൽ ഇടംനേടുന്നത് ബാജിറാവു രണ്ടാമെൻറ നേതൃത്വത്തിലുള്ള പേഷ്വാ സൈന്യത്തെ1818 ജനുവരി ഒന്നിന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളം കീഴ്പ്പെടുത്തിയതോടെയാണ്. അന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 200 സൈനികർ കൊല്ലപ്പെട്ടപ്പോൾ പേഷ്വാചേരിക്ക് 500 പേരെ ബലികൊടുക്കേണ്ടിവന്നു. കമ്പനിയുടെ ഭാഗത്ത് കൊല്ലപ്പെട്ടവരിൽ 22 മഹർ ജാതിക്കാരുമുണ്ടായിരുന്നു. തങ്ങളെ സാമൂഹികമായി അടിച്ചമർത്തുകയും അസ്തിത്വം നിഷേധിക്കുകയും ചെയ്യുന്ന ബ്രാഹ്മണ പേഷ്വാമാർക്കെതിരെ പോരാടുന്നത് സാമൂഹിക അംഗീകാരമായി കണ്ടാണ് മഹർ ജാതിക്കാർ ബ്രിട്ടീഷ് പക്ഷത്ത് ചേർന്നത്. കൊരെഗാവിലെ വിജയം ബ്രാഹ്മണമേധാവിത്വത്തിെനതിരെ തങ്ങൾ കൈവരിച്ച അഭിമാനകരമായ വിജയമായി ഉദ്ഘോഷിച്ച്, ബ്രിട്ടീഷുകാർ ഗ്രാമത്തിൽ സ്ഥാപിച്ച വിജയസ്തൂപത്തിനു സമീപം എല്ലാ വർഷവും ജനുവരി ഒന്നിന് മഹർ ജനത സംഗമിക്കുകയും ബലിദാനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദലിത് സ്വത്വത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നത് പതിവാണ്. 1927ൽ അംബേദ്കർ അത്തരമൊരു പരിപാടിയിൽ പങ്കെടുത്തത് അധ$സ്ഥിതവിഭാഗത്തിെൻറ ആത്മവീര്യം ജ്വലിപ്പിച്ചു.
ഇത്തവണ, 200ാം വാർഷികമായതുകൊണ്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദലിത് കൂട്ടായ്മകൾ പുണെയിലേക്ക് ഒഴുകിയെന്ന് മാത്രമല്ല, ഭീം ആർമി പ്രസിഡൻറ് വിനയ് രതൻ സിങ്, പ്രകാശ് അംബേദ്കർ, ഗുജറാത്തിലെ പുതിയ ദലിത് മുഖമായ ജിഗ്നേഷ് മേവാനി തുടങ്ങിയവർ പരിപാടിക്കെത്തുകയുമുണ്ടായി. ദലിത് സമൂഹത്തിൽ പ്രകടമായ പുത്തൻ ഉണർവും രാഷ്ട്രീയ ഏകീകരണശ്രമവും തീവ്ര വലതുപക്ഷ കൂട്ടായ്മകളെയും ഹിന്ദുത്വശക്തികളെയും സംഭ്രാന്തരാക്കിയത് സ്വാഭാവികം. ദലിതർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടാൻ അതാണ് േപ്രരണയായതെന്നു വേണം വിലയിരുത്താൻ.
മഹാരാഷ്ട്രയിലെ പുതിയ സംഭവവികാസങ്ങൾ ദേശീയതലത്തിൽ സമീപകാലത്തായി ദലിത്, അധ$സ്ഥിത, ദുർബല വിഭാഗങ്ങൾക്കിടയിൽ വളർന്നുവരുന്ന രാഷ്ട്രീയ ഉണർവിെൻറയും തിരിച്ചറിവുകളുടെയും പ്രതിഫലനമായും ശാക്തീകരണ വഴിയിലെ ചുവടുവെപ്പുകളായുമാണ് വിലയിരുത്തപ്പെടുന്നത്. ഗുജറാത്തിലെ ഉനയിൽ ചത്ത ഗോക്കളുടെ തോലുരിഞ്ഞുവെന്ന കുറ്റം ചാർത്തി ദലിത് യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തോടുള്ള പ്രതികരണമെന്നോണം ഉയർന്നുവന്ന ജിഗ്നേഷ് മേവാനി, സഹസ്രാബ്ദങ്ങളായി അനുഭവിച്ചുപോരുന്ന ജാതീകൃത ഉച്ചനീചത്വങ്ങളിൽനിന്നുള്ള മോചനത്തിൻറ പ്രതീകമായി മാറുമ്പോൾ രാജ്യത്തിെൻറ ഏതു മൂലയിലും ജിഗ്നേഷുമാർ പിറക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഇതുവരെ തങ്ങളുടെ നുകത്തിനു കീഴിൽ ദുരിതജീവിതം നയിച്ചുപോന്ന ദുർബലവിഭാഗങ്ങൾ അവരുടെ സ്വത്വം തിരിച്ചുപിടിക്കുന്നതും രാഷ്ട്രീയ അസ്തിത്വം വീണ്ടെടുക്കുന്നതും ഏകോപിത ഹിന്ദുവോട്ട് ബാങ്കിൽ തങ്ങളുടെ രാഷ്ട്രീയ ഭാവി സ്വപ്നംകാണുന്ന ഹിന്ദുത്വശക്തികളെ അലോസരപ്പെടുത്തുന്നുണ്ടാവാം.
അതിന് അവർ അവലംബിച്ച ഫാഷിസ്റ്റ് ശൈലി, ദലിത് ഏകീകരണം എളുപ്പമാക്കാനും സാമൂഹികപ്രതിയോഗികൾക്കെതിരായ പോരാട്ടത്തിന് ആക്കംകൂട്ടാനും വഴിതെളിച്ചുവെന്നത് അക്രമത്തിന് ഇറങ്ങിപ്പുറപ്പെട്ട ദുശ്ശക്തികളുടെ കണ്ണാണ് തുറപ്പിക്കേണ്ടത്. മഹർ ജനത സാമൂഹികമായ അംഗീകാരത്തിനുവേണ്ടി എക്കാലത്തും അതിജീവനതന്ത്രങ്ങൾ മെനഞ്ഞവരാണെന്ന സത്യം സംഘ്പരിവാർ നേതൃത്വം ഓർക്കണമായിരുന്നു. ഛത്രപതി ശിവജിക്കു കീഴിൽ സൈനികമായ ഉയർന്ന പദവികൾ അലങ്കരിക്കാൻ ഇവർക്ക് ഭാഗ്യം ലഭിച്ചിരുന്നു. എന്നാൽ, പേഷ്വാഭരണത്തിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇവരുടെ ജീവിതം ദുരിതപൂർണമാക്കി. തങ്ങൾ നടന്നുപോയ കാലടിപ്പാടുകൾ മായ്ക്കുന്നതിന് അരക്കു ചൂല് കെട്ടി നടക്കേണ്ടിവന്ന അപമാനാനുഭവങ്ങളുടെ ഓർമകൾ ചിന്തിച്ചുതുടങ്ങിയ പുതിയ തലമുറയിൽ രോഷാഗ്നി ആളിക്കത്തിക്കുന്നുണ്ടാവണം. അധികാരദണ്ഡ് ഉപയോഗിച്ച് ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ് തടയാമെന്ന് വിചാരിക്കുന്നത് ശുദ്ധ ഭോഷ്ക്കാണ്. വലിയ മാറ്റത്തിെൻറ ലക്ഷണങ്ങളാണ് ഇക്കാണുന്നതൊക്കെ. സാമൂഹികാസ്തിത്വം വീണ്ടെടുക്കുന്ന ഇവരായിരിക്കും നാളത്തെ ഇന്ത്യയുടെ ഭാഗധേയം നിർണയിക്കാൻ പോകുന്നതെന്ന് മറക്കേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.